ദീപനാളത്തില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചുവന്ന അഗസ്ത്യായനം എന്ന നോവല്‍ ഗംഭീരമായി. തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ എന്ന യേശുവിന്റെ പ്രതിനിധിയെ അനാവരണം ചെയ്യുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഉറച്ചവിശ്വാസവും കഠിനതപസ്സും അദ്ഭുതം പ്രവര്‍ത്തിക്കാനുള്ള കഴിവും എടുത്തുപറയേണ്ടതുതന്നെ. തന്റെ പ്രിയപ്പെട്ട ദളിത് സഹോദരര്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അവരുടെ ചെറ്റക്കുടിലുകള്‍ കയറിയിറങ്ങി നാണയത്തുട്ടുകളും അരിയും കൊടുക്കുവാനുള്ള എളിമയും അദ്ദേഹത്തിനുമാത്രം അവകാശപ്പെട്ടത്. രാമപുരം ഇടവകയെയും പ്രാന്തപ്രദേശങ്ങളെയും, വള്ളംകോട്ടച്ചനെയും കച്ചിറമറ്റത്തിലച്ചനെയും വരെ അവതരിപ്പിക്കുവാന്‍ നോവലിസ്റ്റിനു കഴിഞ്ഞു. ചുരുങ്ങിയകാലം കൊണ്ട് ആറായിരത്തിലധികം ദളിതരെ ഈശ്വരവിശ്വാസികളാക്കുവാന്‍ കുഞ്ഞച്ചന്റെ എളിയമനസ്സും ത്യാഗവും ഉപകരിച്ചു.
അന്നത്തെ അദ്ദേഹത്തിന്റെ എളിമ ലോകം ഇന്ന് അംഗീകരിച്ചിരിക്കുന്നു. ലോകം അദ്ദേഹത്തെ ബഹുമാനിക്കുന്നു. അഗസ്ത്യായനം ഒരു നോവല്‍ എന്നതിലുപരി ഒരു ചരിത്രവും കൂടിയാണ്. ഇത് എത്രയുംവേഗം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കണം. പുതിയ തലമുറയ്ക്കും വളരെ പ്രയോജനകരമായിരിക്കും.
നോവലിസ്റ്റ് ഗിരീഷ് കെ. ശാന്തിപുരത്തിനും ദീപനാളത്തിനും ആശംസകള്‍.