പാലാ: പ്രവാസികള്‍ നടത്തുന്നതു നവസുവിശേഷവത്കരണമാണെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത പ്രവാസിസംഗമം ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എഞ്ചിനീയറിങ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. പ്രവാസജീവിതം ദൈവികപദ്ധതിയാണെന്നും ബിഷപ് പറഞ്ഞു.
പാലാ രൂപതാംഗങ്ങളായ പ്രവാസികളും പ്രവാസികളായിരുന്നവരുമടക്കം നൂറുകണക്കിന് കുടുംബങ്ങള്‍ പങ്കെടുത്തതോടെ സംഗമം സംഘശക്തിയുടെയും സംഘാടകമികവിന്റെയും അനുഭവമായി മാറി.
മെത്രാഭിഷേകത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിനെ സംഗമത്തില്‍ ആദരിച്ചു. കുടിയേറ്റമേഖലയില്‍ വിശ്വാസജീവിതം കൂടുതല്‍ ബലപ്പെടുത്തണമെന്ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പറഞ്ഞു. പ്രവാസജീവിതം വളര്‍ച്ചയുടെ അടയാളമാണെന്ന് അനുഗ്രഹപ്രഭാഷണത്തില്‍ ഷംഷാബാദ് രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ പറഞ്ഞു.
പാലാ രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. മണിപ്പൂരില്‍ ദുരിതം നേരിടുന്ന ജനങ്ങള്‍ക്കു പിന്തുണയറിയിച്ചുള്ള പ്രമേയം കുവൈറ്റ് കോര്‍ഡിനേറ്റര്‍ സിവി പോള്‍ അവതരിപ്പിച്ചു. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി.ഡയറക്ടര്‍മാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ഷാജിമോന്‍ മങ്കുഴിക്കരി, മിഡില്‍ ഈസ്റ്റ് കോര്‍ഡിനേറ്റര്‍ ജൂട്ടസ് പോള്‍, റിട്ടേണീസ് പ്രതിനിധി ഡിജേഷ് ജോര്‍ജ് നെടിയാനി, മിഡില്‍ ഈസ്റ്റ് സെക്രട്ടറി രജിത് മാത്യു, മിഡില്‍ ഈസ്റ്റ് ട്രഷറര്‍ സോജിന്‍ കെ. ജോണ്‍, സൗദി കോര്‍ഡിനേറ്റര്‍ ബിനോയി സെബാസ്റ്റ്യന്‍, മീഡിയ കോര്‍ഡിനേറ്റര്‍ ലിസി കെ. ഫെര്‍ണാണ്ടസ്, യു.കെ പ്രതിനിധി റോളിന്‍ തോമസ്, യുഎഇ പ്രതിനിധി മാത്യു ലോന്തിയില്‍, പിഡിഎംഎ സെക്രട്ടറി ഷിനോജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ഫാ. മാണി കൊഴുപ്പന്‍കുറ്റിയുടെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് സംഗമത്തിനു തുടക്കമായത്. വിവാഹത്തിന്റെ ജൂബിലി ആഘോഷിക്കുന്നവര്‍, ആധ്യാത്മികതലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവര്‍, മത്സരപ്പരീക്ഷകളിലെ ഉന്നത വിജയികള്‍, വിവിധ രചനാ, സാഹിത്യമത്സരവിജയികള്‍ എന്നിവരെ സംഗമത്തില്‍ ആദരിച്ചു. പിഡിഎംഎയുടെ സാമൂഹികപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീല്‍ചെയര്‍ വിതരണവും നടത്തി. കലാപരിപാടികള്‍ സംഗമത്തിന് ആവേശമേകി.