ഒരുകാലത്ത് കേരളത്തിലെ ഒട്ടേറെ പ്രമുഖ കായികതാരങ്ങള്‍ തിരുവിതാംകൂര്‍ പോലീസിലും ട്രാന്‍സ്‌പോര്‍ട്ടിലും ജോലി നോക്കിയിരുന്നു. പിന്നീടു കേരളം പിറന്നശേഷം 1970 കളിലാണ് കേരളപ്പോലീസില്‍ ഏതാനും മികച്ച താരങ്ങള്‍ എത്തുന്നത്. 1972 ലാണ് കേരളപ്പോലീസിന് ഒരു വനിതാവോളി ടീം സ്വന്തമാകുന്നത്. അന്ന് ഐ.ജി. ആയിരുന്ന ശിങ്കാരവേലു, വോളിക്കോര്‍ട്ടില്‍ ഇടിമുഴക്കം സൃഷ്ടിച്ച ഏതാനും വനിതകളെ കോട്ടയത്തുവിളിച്ചുവരുത്തി കേരളപ്പോലീസില്‍ ചേര്‍ക്കുകയായിരുന്നു. നാമക്കുഴി സഹോദരിമാര്‍ ആയിരുന്നു അവര്‍. കെ.സി. ഏലമ്മയും ഏലിയാമ്മയും സാറാമ്മയുമൊക്കെ ഉള്‍പ്പെട്ട സംഘം.
പക്ഷേ ഇവര്‍ക്കുശേഷം ഒരു തലമുറയെ, അഥവാ ഇവര്‍ക്കു പിന്‍ഗാമികളെ കണ്ടെത്താന്‍ കേരളപ്പോലീസ് മിനക്കെട്ടില്ല. ഫലം 1982 ആദ്യം തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്ന അഖിലേന്ത്യാ പോലീസ് ഗെയിംസില്‍ ആതിഥേയര്‍ക്ക് മെഡല്‍ ഇല്ലായിരുന്നു. കെ. കരുണാകരന്‍ മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി ആഭ്യന്തരമന്ത്രിയുമായിരുന്ന സമയം. സമാപനച്ചടങ്ങില്‍ സമ്മാനം വിതരണം ചെയ്യാന്‍ എത്തിയ ഉമ്മന്‍ചാണ്ടിയെ കാണികള്‍ കൂവി. കേരളപ്പോലീസിന്റെ ദയനീയപ്രകടനത്തിലെ പ്രതിഷേധമായിരുന്നത്.
അന്നത്തെ കൂവലിനെ സ്‌പോര്‍ട്‌സ്മാന്‍സ്പിരിറ്റോടെയെടുത്ത ഉമ്മന്‍ചാണ്ടി കേരളപ്പോലീസിനെ സ്‌പോര്‍ട്‌സില്‍ ഒരു ശക്തിയായി വളര്‍ത്തുമെന്നു പ്രഖ്യാപിച്ചു. അതിന്റെ തുടര്‍ച്ചയായിരുന്നു 1984 ല്‍ ആദ്യമായി കേരളപ്പോലീസിലേക്ക് കായികതാരങ്ങളെ നേരിട്ടു റിക്രൂട്ടുചെയ്തത്. ആദ്യം താത്കാലികനിയമനം നല്കി പിന്നീട് പി.എസ്.സി. അനുമതിയോടെ സ്ഥിരപ്പെടുത്തുകയായിരുന്നു. വയലാര്‍ രവി ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് നിയമനം നടന്നതെങ്കിലും ആ പദ്ധതി ഉമ്മന്‍ചാണ്ടി തുടക്കമിട്ടതായിരുന്നു. മുഖ്യമന്ത്രി കെ. കരുണാകരന്‍ പൂര്‍ണപിന്തുണ നല്കി. ഡി.ജി.പി. എം. കെ. ജോസഫും ഡി.ഐ.ജി. ടി.പി. ഗോപിനാഥുമാണ് നടപടികള്‍ ഏകോപിപ്പിച്ചത്.
അറുപതിലേറെ കായികതാരങ്ങളെ കണ്ടെത്തി. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ എന്നീ ഇനങ്ങളിലാണു തിരഞ്ഞെടുപ്പു നടന്നത്. ഇതില്‍ നാല്പതിലേറെപ്പേര്‍ 1984 മാര്‍ച്ച് അഞ്ചിന് കേരളപ്പോലീസില്‍ ചേര്‍ന്നു. ശേഷിച്ചവര്‍ അടുത്ത മാസങ്ങളിലും.
ഫുട്‌ബോളില്‍ ഇന്ത്യയിലെ ചാമ്പ്യന്‍ ക്ലബിനെ നിര്‍ണയിച്ചിരുന്ന ഫെഡറേഷന്‍ കപ്പ് രണ്ടു തവണ നേടിയ കേരളപ്പോലീസ്ടീമൊക്കെ അന്നത്തെ പ്രത്യേകറിക്രൂട്ട്‌മെന്റിന്റെ തുടര്‍ച്ചയായിരുന്നു. അത്‌ലറ്റിക്‌സിലും വോളിബോളിലും സമാനനേട്ടങ്ങള്‍ സാധ്യമായി. ഉമ്മന്‍ചാണ്ടി ഒരിക്കലും ഇതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടില്ല. പക്ഷേ, അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാണ് നേട്ടങ്ങള്‍ക്കു കാരണം. പിന്നീട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍, അന്നത്തെ ഡി.ജി.പി. പി.കെ. ഹോര്‍മിസ് തരകന്‍ മുന്‍കൈയെടുത്തു തയ്യാറാക്കിയ വാട്ടര്‍ സ്‌പോര്‍ട്‌സ് പദ്ധതിക്ക് പൂര്‍ണപിന്തുണ നല്കി. ഹോര്‍മിസ് തരകന്‍ പെട്ടെന്ന് 'റോ' മേധാവിയായതിനാല്‍ പദ്ധതി പൂര്‍ണതയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രം.
ദേശീയ ഗെയിംസ് 2015 ല്‍ കേരളത്തില്‍ നടന്നപ്പോള്‍ അതു വിജയിപ്പിക്കാന്‍ സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൂര്‍ണപിന്തുണ നല്കി. സംഘാടകരംഗത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യം പലപ്പോഴും പ്രകടമായിരുന്നു. മുന്‍ ഡി.ജി.പി.ജേക്കബ് പുന്നൂസിനെ ദേശീയ ഗെയിംസ് നടത്തിപ്പിന്റെ ചുമതല ഏല്പിച്ചതിലും ഉമ്മന്‍ചാണ്ടിക്കു പങ്കുണ്ട്. ഗെയിംസ് വിജയകരമായി സംഘടിപ്പിക്കപ്പെട്ടു എന്നതു ചരിത്രം.
1984-ല്‍ തുടക്കമിട്ട പദ്ധതിയുടെ ഭാഗമായി കേരളപ്പോലീസില്‍ ചേര്‍ന്ന കായികതാരങ്ങള്‍ 1980 കളിലും 90 കളിലും ഇന്ത്യയുടെ അഭിമാനമായി. ഫുട്‌ബോളില്‍ വി.പി. സത്യനും യു. ഷറഫലിയുമാണ് ആദ്യം പോലീസിലെത്തിയത്. തുടര്‍ന്ന് സി.വി. പാപ്പച്ചന്‍, തോബിയാസ്, കുരികേശ് മാത്യു, കെ.ടി. ചാക്കോ തുടങ്ങി ഐ.എം. വിജയന്‍ വരെ ആ താരനിരയില്‍ വന്നു. ലോയിറ്റ് ജോസഫ്, സുരേഷ്‌രാജ്, സുഭാഷ് ജോര്‍ജ്, കെ.എസ്. ബിജു തുടങ്ങിയ അത്‌ലറ്റുകള്‍, വി.വി. ഹരിലാല്‍, അന്‍വിന്‍ ജെ. ആന്റണി, സിജിമോന്‍ ജോര്‍ജ് കരീത്തറ എന്നിങ്ങനെ ബാസ്‌കറ്റ്‌ബോള്‍താരങ്ങള്‍. മൊയ്തീന്‍ നൈന, അബ്ദുള്‍ റസാക്ക്, ഉദയകുമാര്‍ തുടങ്ങിയ വോളിതാരങ്ങള്‍. ഇവരില്‍ നൈന കസ്റ്റംസിലേക്കും സത്യന്‍ ഇന്ത്യന്‍ ബാങ്കിലേക്കും മാറി.
കേരളപ്പോലീസ് രണ്ടു തവണ ഇന്ത്യയിലെ ചാമ്പ്യന്‍ ഫുട്‌ബോള്‍ ക്ലബിനുള്ള ഫെഡറേഷന്‍ കപ്പ് വിജയിച്ചു. അത്‌ലറ്റിക്‌സിലും വോളിബോളിലും ബാസ്‌കറ്റ് ബോളിലും പോലീസ് ടീം ദേശീയതലത്തില്‍ മികവു കാട്ടി. എം.കെ. ജോസഫ്, ഡിജിപി സ്ഥാനമൊഴിഞ്ഞത് കേരളപ്പോലീസ് കായികരംഗത്ത് ഒരു ശക്തിയായി മാറുന്നതു കണ്ടിട്ടാണ്. പിന്നീട് രാജ്‌ഗോപാല്‍ നാരായണന്‍ സംസ്ഥാനപോലീസ് മേധാവിയായപ്പോള്‍ സ്‌പോര്‍ട്‌സില്‍ ഏറെ താത്പര്യം കാട്ടിയെന്നും താരങ്ങള്‍ പറഞ്ഞു.
2015 ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിലെ പ്രകടനത്തിന്റെ അംഗീകാരമായി ഷൂട്ടിംഗ് താരം എലിസബത്ത് സൂസന്‍ കോശി, നീന്തല്‍താരം സാജന്‍ പ്രകാശ് തുടങ്ങിയവര്‍ ഇന്‍സ്‌പെക്ടര്‍മാരായി ഗസറ്റഡ്‌റാങ്കില്‍ കേരളപ്പോലീസില്‍ ചേര്‍ന്നു. പക്ഷേ, ഇവരൊക്കെ രാജ്യാന്തരതാരങ്ങള്‍ ആയ ശേഷമാണ് കേരളപ്പോലീസില്‍ എത്തിയത്.
കേരളപ്പോലീസിനു വേണ്ടതു വളരുന്ന ഒരു താരനിരയെയാണ്. ഒരു പതിറ്റാണ്ടെങ്കിലും സജീവമായി തുടരാന്‍ കഴിയുന്നവര്‍. അതിനു റിക്രൂട്ട്‌മെന്റ്‌ശൈലി തന്നെ മാറണം. പ്രതീക്ഷയുയര്‍ത്തുന്നവരെ എസ്.ഐ. മാരായിട്ടെങ്കിലും നിയമിക്കണം. ട്രയല്‍സ് നടത്തിയായിരിക്കരുത് റിക്രൂട്ട്‌മെന്റ്. സംസ്ഥാന, ദേശീയ മത്സരങ്ങളിലെ പ്രകടനം നിരീക്ഷിച്ചായിരിക്കണം. ഉമ്മന്‍ചാണ്ടി തുടക്കമിട്ട പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കണം.