•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പുരസ്‌കാരപ്രഭയില്‍ മലയാളസിനിമ

ചലച്ചിത്രപുരസ്‌കാരങ്ങളെ ചൊല്ലി എല്ലാക്കാലത്തും വിവാദങ്ങള്‍ പതിവാണ്. ഇത്തവണയും അത് അങ്ങനെതന്നെ.
മികച്ച നടനും സിനിമയും
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ഇക്കൊല്ലത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി. നട്ടുച്ചനേരത്തെ മയക്കം എന്നാണ് സിനിമയുടെ വാച്യാര്‍ഥം. സിനിമയ്ക്കു പേരിടുന്നത് അവാര്‍ഡിനമായി പരിഗണിച്ചാല്‍ ആ വകയിലും ഒരു അവാര്‍ഡ് നന്‍പകല്‍ നേടുമായിരുന്നു. സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടി ആറാമതും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. മലയാളികള്‍ കണ്ടു പരിചയിച്ച, കഥയുടെ ആദിമധ്യാന്തങ്ങള്‍ ഇണപിരിയാതെ കോര്‍ത്തിണക്കിയ സാമ്പ്രദായികകഥാഖ്യാനമായിരുന്നില്ല സിനിമയുടേത്. കാഴ്ചക്കാരെ സന്ദിഗ്ധതയുടെ കയങ്ങളിലേക്കു തള്ളിവിട്ട് ഒന്നും പറയാതെ ഒരുപാട് പറയുന്ന ആഖ്യാനമാതൃക. ജീവിതയാഥാര്‍ഥ്യങ്ങളുമായി സഞ്ചരിക്കുന്ന ബസ് വഴിയില്‍ നിറുത്തി സ്വപ്‌നത്തിലേക്കു വഴിമുറിച്ചു നടന്ന ജയിംസ്. കുടുംബവും സുഹൃത്തുക്കളും അയല്‍ക്കാരുമായി വേളാങ്കണ്ണിയിലേക്കു യാത്ര പോകുന്ന മധ്യവയസ്‌കനായ ജയിംസ് യാത്രാമധ്യേ ഡ്രൈവറോടു വണ്ടി നിറുത്താന്‍ പറയുന്നു. കൂടെയുള്ളവര്‍ ഉറക്കത്തിലാണെന്നു കണ്ട് ജയിംസ് വെളിയിലിറങ്ങി ആള്‍പ്പൊക്കത്തില്‍ വളര്‍ന്ന കൃഷിയിടത്തിലൂടെ നടന്നുചെല്ലുന്നത് സുന്ദരത്തിന്റെ ഗ്രാമത്തിലേക്കാണ്.
ഭാര്യയ്ക്കും മകള്‍ക്കും ഒപ്പം ഉറങ്ങിയ ജയിംസ് ഉണര്‍ന്നത് സുന്ദരമായിട്ടാണ്. സുന്ദരത്തിന്റെ ഗ്രാമത്തിലെത്തുന്ന ജയിംസ് പിന്നീടുള്ള ചില രാപകലുകള്‍ ജീവിച്ചതും സുന്ദരമായിട്ടാണ്. താനാരെന്ന് സുന്ദരത്തിന്റെ ഉറ്റവര്‍ക്കുപോലും ചോദിക്കാനായില്ല. പക്ഷേ, അവരറിയുന്നു ഇത് സുന്ദരമല്ല ജയിംസാണെന്ന്. അത്രയ്ക്കുണ്ട് സുന്ദരമായി പകര്‍ന്നാടിയ സാക്ഷാല്‍ മമ്മൂട്ടിയുടെ അഭിനയത്തികവ്. കൂടെ ജീവിച്ച ഭാര്യയും ഒപ്പം സഞ്ചരിച്ച സുഹൃത്തുക്കളും ജയിംസിനെ തിരികെക്കൊണ്ടുപോകാന്‍ കാത്തുകിടന്നിട്ടും കെട്ടിയ വേഷം ആടിക്കഴിയാതെ അഴിക്കുവാന്‍ ജയിംസിനു കഴിയുന്നില്ല. സ്വപ്‌നവുമല്ല യാഥാര്‍ഥ്യവുമല്ലാത്ത ഏതാനും ദിനരാത്രങ്ങള്‍ക്കുശേഷം വീണ്ടുമൊരു നട്ടുച്ചനേരത്ത് ഉറക്കമുണരുന്ന സുന്ദരം ഉണര്‍ന്നത് ജയിംസായിട്ടും. പിന്നെ ജയിംസ് ഒട്ടും വൈകിയില്ല ഭാര്യയ്ക്കും മകള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം  തിരികെ വീട്ടിലേക്ക്. ഇങ്ങനെയൊരു ചിത്രത്തെ മികച്ച സിനിമയായി തിരഞ്ഞെടുത്താല്‍ ചലച്ചിത്രപ്രേമികള്‍ക്ക് എതിരു പറയാനാകില്ല. അഭിനയിച്ച മമ്മൂട്ടി മികച്ച നടനായതിലും അത്ഭുതമില്ല.
മികച്ചതിന് ഒപ്പം
എന്നാല്‍, മമ്മൂട്ടിയോട് ഇഞ്ചോടിഞ്ച് അഭിനയിച്ചു മത്സരിച്ച കുന്നുമ്മല്‍ രാജീവനെ (കുഞ്ചാക്കോ ബോബന്‍) ജൂറിമാര്‍ കണ്ടില്ലേയെന്ന് ചിലര്‍ ചോദിച്ചു. അതേ, രതീഷ് ബാലകൃഷ്ണപ്പൊതുവാള്‍ സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്' മികച്ച ചിത്രമാകുമെന്നും കുഞ്ചാക്കോ ബോബന്‍ മികച്ച നടനാകുമെന്നും ചിലരെങ്കിലും കരുതി. ഈ രണ്ടു പുരസ്‌കാരങ്ങളും സിനിമയ്ക്കു കിട്ടിയില്ലെങ്കിലും പകരം ഏഴു പുരസ്‌കാരങ്ങള്‍ നല്കി ചിത്രത്തെ ജൂറിമാര്‍ പുരസ്‌കരിച്ചു! തിരക്കഥയ്ക്കും ജനപ്രീതിക്കും കലാമേന്മയുള്ള ചിത്രത്തിനും ഉള്‍പ്പെടെ ഏഴ് അവാര്‍ഡുകള്‍ നേടിയ ചിത്രത്തില്‍ കുന്നുമ്മല്‍ രാജീവനെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബന്റെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. വാസ്തവത്തില്‍ സിനിമയേക്കാള്‍ വിജയിച്ചത് സിനിമയ്ക്കു മുമ്പിറങ്ങിയ പോസ്റ്ററാണ്. തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ടെങ്കിലും വന്നേക്കണേ' എന്ന അടിക്കുറിപ്പോടെ ഇറക്കിയ പോസ്റ്റര്‍ വിവാദമായി. 
റോഡിലെ കുഴിയില്‍ വീണ വാഹനം ഇടിക്കാന്‍ പാഞ്ഞടുത്തപ്പോള്‍ പ്രാണരക്ഷാര്‍ഥം മതില്‍ ചാടിക്കടന്ന കുന്നുമ്മല്‍ രാജീവിനെ നായ കടിക്കുന്നതും, ഉപജീവനം വഴിമുട്ടിയ രാജീവന്‍ വകുപ്പു മന്ത്രിക്കെതിരേ നിയമപോരാട്ടം നടത്തുന്നതുമാണ് സിനിമയുടെ ഉള്ളടക്കം. ത്രസിപ്പിക്കുന്ന കോടതിരംഗങ്ങളില്‍ ന്യായാധിപന്റെ വേഷം തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിച്ച പി.പി കുഞ്ഞികൃഷ്ണന് മികച്ച സ്വഭാവനടനുള്ള പുരസ്‌കാരവും ലഭിച്ചു. മന്ത്രിക്കു സമന്‍സ് അയച്ച് കോടതിയിലെ പ്രതിക്കൂട്ടില്‍ നിറുത്തിയ മജിസ്‌ട്രേറ്റിന് ആരാധകര്‍ ഏറെയാണ്.
പതിവു വിവാദങ്ങള്‍
എന്നാല്‍, ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള പുസ്‌കാരം കിട്ടാത്തതില്‍ നല്ലൊരു വിഭാഗമാളുകള്‍ അസംതൃപ്തരാണ്. ഭരണകൂടത്തെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിക്കുന്ന സിനിമയെ മികച്ച ചിത്രമായി തിരഞ്ഞെടുക്കാനുള്ള ഹൃദയവിശാലത ജൂറികള്‍ക്കും ചലച്ചിത്ര അക്കാദമിക്കും ഇല്ലെന്നാണ് ദോഷൈകദൃക്കുകളുടെ ഭാഷ്യം. മാളികപ്പുറത്ത് സിനിമയെ ഒന്നു പരാമര്‍ശിക്കാന്‍പോലും മെനക്കെടാത്ത അക്കാദമിയുടെ തീരുമാനത്തെയും ഇക്കൂട്ടര്‍ സര്‍വാത്മനാ എതിര്‍ക്കുന്നു. വര്‍ത്തമാനകാലകേരളത്തില്‍ മറിച്ചൊരു തീരുമാനം ഉണ്ടാകില്ലെന്നാണ് മാളികപ്പുറം സിനിമ ആരാധകുടെ പരിദേവനം. സിനിമയിലെ ബാലതാരം ദേവനന്ദയ്ക്ക് അവാര്‍ഡ് നല്കാത്ത ജൂറി അംഗങ്ങള്‍ കണ്ണുപൊട്ടന്മാരാണോ എന്നു വരെ ചോദിച്ചു ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പ്രമുഖരുടെ പ്രതികരണങ്ങള്‍ ഏറെയായപ്പോള്‍ മാളികപ്പുറംസിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ്പിള്ളയും പ്രതികരിച്ചു. അര്‍ഹതയുള്ളവര്‍ക്കുതന്നെയാണ് അവാര്‍ഡ് ലഭിച്ചതെന്നും ദയവായി വിവാദങ്ങളിലേക്കു വലിച്ചിഴച്ച് കുട്ടികളുടെ സന്തോഷം തല്ലിക്കെടുത്തരുതെന്നുമാണ് അഭിലാഷ് പിള്ള പറഞ്ഞത്. വഴക്ക് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ബാലതാരം തന്മയ സോളാണ് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയത്.
നടനവൈഭവങ്ങള്‍
'രേഖ'യിലെ പ്രകടനത്തിന് നടി വിന്‍സി അലോഷ്യസാണ് മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം നേടിയത്. ആ തീരുമാനത്തിന് ജൂറി അംഗങ്ങള്‍ക്ക് തീരെ ബുദ്ധിമുട്ടേണ്ടി വന്നില്ല. കാരണം, രേഖയിലെ വിന്‍സിയുടെ പ്രകടനത്തെയും മറികടക്കുന്ന കേന്ദ്ര സ്ത്രീകഥാപാത്രങ്ങളുടെ തീവ്രാഭിനയ മുഹൂര്‍ത്തങ്ങളൊന്നും ജൂറിമാരുടെ ശ്രദ്ധയില്‍പെട്ടില്ല. അതില്‍ അതിശയവുമില്ല, കാരണം, അത്ര വേറിട്ടതും മികച്ചതുമായിരുന്നു രേഖ എന്ന യുവതിയുടെ ഭാവപ്പകര്‍ച്ചകളെ ആവാഹിച്ച വിന്‍സി അലോഷ്യസിന്റെ പ്രകടനം. അപ്പനിലെ കരുത്തുറ്റ വേഷത്തിലൂടെ അലന്‍സിയര്‍ ലോപ്പസും കുഞ്ചാക്കോയ്ക്കു പുറമേ മികച്ച പ്രകടനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടി. മികച്ച ചിത്രത്തിനുള്ള മത്സരത്തില്‍  ഇലവീഴാപ്പൂഞ്ചിറ, ന്നാ താന്‍ കേസ് കൊട്, അറിയിപ്പ്, അടിത്തട്ട്, സൗദി വെള്ളക്ക, ആട്ടം, പാല്‍തു ജാന്‍വര്‍ എന്നീ ചിത്രങ്ങള്‍ അവസാന റൗണ്ട് വരെയെത്തി. ഇതില്‍ മികച്ച നടന്‍, ചിത്രം എന്നീ ഇനങ്ങളിലൊഴികെ മറ്റെല്ലാ വിഭാഗങ്ങളിലും ജേതാക്കളെ പ്രഖ്യാപിക്കാന്‍ ജൂറിക്കു വലിയ പ്രയാസമുണ്ടായില്ല. മത്സരത്തിന് എത്തിയ 154 സിനിമകള്‍ 33 ദിവസം തുടര്‍ച്ചയായി കണ്ടാണ് ജൂറികള്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്.
മികച്ച സംവിധായകന്‍
അറിയിപ്പ് എന്ന സിനിമയ്ക്ക് സംവിധായകന്‍ മഹേഷ് നാരായണനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയത്. മാലിക്, സീ യു സൂണ്‍, ടേക്ക് ഓഫ് എന്നീ സിനിമകള്‍ സംവിധാനം ചെയ്ത മഹേഷ് നാരായണന് ടേക്ക് ഓഫ് സിനിമയ്ക്ക് 2018ലെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രമായിരുന്ന മാലിക് തീയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ സാധിക്കാതെ പോയത് സിനിമാപ്രേമികളെ നിരാശയിലാക്കിയിരുന്നു. കോവിഡ് കാലത്തെ അതിജീവിക്കാന്‍ മലയാളസിനിമയ്ക്കു പ്രചോദനമായത് മാലിക് സിനിമയുടെ ഒടിടി റിലീസാണ്. ഫഹദ് ഫാസില്‍ എന്ന നടന്റെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടന ങ്ങളില്‍ ഒന്നുകൂടിയാ യിരുന്നു ചിത്രം. നീണ്ട ഇടവേളയ്ക്കുശേഷം കെ. എസ് ചിത്ര മാലിക് സിനിമയ് ക്കുവേണ്ടി ആലപിച്ച തീരമേ... എന്നു തുടങ്ങുന്ന ഗാനവും മലയാളികളെ കുറ ച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത് കമല്‍ഹാസന്‍ അഭിനയിച്ച് തമിഴ് സിനിമാചരിത്രത്തിലെ കള്‍ട്ട് ക്ലാസിക് പദവി നേടിയ നായകന്‍സിനിമയോട് കിടപിടിക്കുന്ന ഉള്ളടക്കവും ആഖ്യാനശൈലിയുമാണ് മാലികിന് എന്നു പറഞ്ഞത് സാക്ഷാല്‍ കമല്‍ഹാസന്‍ തന്നെയാണ്.
കമല്‍ഹാസന്റെ ബ്രഹ്‌മാണ്ഡചിത്രമായ വിശ്വരൂപത്തിന്റെ ചിത്രസംയോജകന്‍ (എഡിറ്റര്‍) കൂടിയായിരുന്നു മഹേഷ് നാരായണന്‍. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച എഡിറ്റര്‍മാരില്‍ ഒരാള്‍കൂടിയാണ് മഹേഷ് നാരായണന്‍ എന്നു പറഞ്ഞത് മാലിക് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ടാണ്. ഐ ഫോണില്‍ ഷൂട്ട് ചെയ്ത് എഡിറ്റിംഗ് നിര്‍വഹിച്ച് ഒടിടികളില്‍ തരംഗമായ സീയു സൂണ്‍ എന്ന സിനിമ ഒരു തവണ കണ്ടാല്‍ അത് മനസ്സിലാകുന്നതേയുള്ളു. എന്നാല്‍ മഹേഷ് നാരായണന് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്ത സിനിമ ഇതൊന്നുമല്ല. കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ അറിയിപ്പ് എന്ന സിനിമ സംവിധാനം ചെയ്തതിനാണ് മഹേഷ് നാരായണന് മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചത്. കോവിഡ് നിയന്ത്രണ ങ്ങളുടെ കാലത്ത് യുപിയിലെ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന മലയാളിദമ്പതി കളുടെ കഥ പറയുന്ന ചിത്രത്തിന്റെ കലാമൂല്യവും സംവിധാന മികവും പരിഗണിച്ചാണ് മഹേഷ് നാരായണന് മികച്ച സംവിധായ കനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)