മാരകവ്യാധികളെ തടഞ്ഞു നിറുത്തി ഭക്ഷ്യൗഷധങ്ങള്‍ നമ്മെ എങ്ങനെ സംരക്ഷിക്കുന്നുവെന്നത് പരീക്ഷണനിരീക്ഷണങ്ങള്‍ വഴി ശാസ്ത്രജ്ഞന്മാര്‍ തെളിയിച്ചിട്ടുണ്ട്.
മഞ്ഞളിലെ കുര്‍ക്കുമീന്‍, ഉള്ളി - വെളുത്തുള്ളികളിലെ പോളിസള്‍ഫൈഡുകള്‍, കാരറ്റ്, പപ്പായ, കോവയ്ക്കാ എന്നിവകളിലെ കാരറ്റിനോയിഡുകള്‍, ഇഞ്ചിയിലെ സിഞ്ചിബറീന്‍, ഇഞ്ചി ചുക്കാക്കിയാല്‍ അതിലുണ്ടാകുന്ന 6 - ഷോഗോവോള്‍, ചുവന്ന മുന്തിരിത്തൊലിയിലുള്ള റിസ്‌വരട്രോള്‍, ചുവന്ന ചീരയിലുള്ള ആന്തോ സയനിന്‍, മാതള നാരങ്ങയിലെ കാംഫെറോള്‍ തുടങ്ങിയവ വിവിധയിനം രോഗാണുക്കളെ നേരിട്ടു നശിപ്പിക്കുന്നവയാണ്. കുരുമുളകിലുള്ള വിഷമില്ലാത്ത ആല്‍ക്കലോയിഡുകള്‍ സബനീന്‍, പിപ്പരീന്‍, പിപ്പരാനീന്‍, പിപ്പരഡീന്‍ എന്നിവയും വെളുത്തുള്ളിയിലുള്ള വിവിധ പോളിസള്‍ഫൈഡുകളും പനി വരുത്തുന്ന രോഗാണുക്കളെ നേരിട്ടു നശിപ്പിക്കുന്നു. അതുപോലെ ചുക്കിലുള്ള ഔഷധങ്ങളും പനി വരുത്തുന്ന രോഗാണുക്കളെ നേരിട്ടു നശിപ്പിക്കും. അതുകൊണ്ടാണ് കുരുമുളക്, ചുക്ക്, വെളുത്തുള്ളി ചേരുവയ്ക്ക് ചിക്കുന്‍ഗുനിയായെന്ന പകര്‍ച്ചപ്പനിയെ തടയാന്‍ കഴിയുന്നത്. തക്കാളിയിലെ ലൈക്കോപ്പിന്‍, ഓറഞ്ചിലുള്ള ഹെസ്‌പെരിഡീന്‍, വൈനിലുള്ള റിസ് വെരട്രോള്‍, വാനിലയിലുള്ള വാനിലീന്‍, ഉലുവയിലൂള്ള ടിഗോണലീന്‍, ഏലക്കായിലുള്ള ലീമോണീന്‍, മാമ്പഴത്തിലുള്ള മാഞ്ചി ഫെറിന്‍, ജാതിക്കായിലുള്ള സഫ്രോള്‍ തുടങ്ങിയവയെല്ലാം ഒന്നാംഗ്രേഡു ഭക്ഷ്യൗഷധങ്ങളാണ്. മദ്യപാനദോഷങ്ങളും ഉള്ളി - വെളുത്തുള്ളിത്തൈലങ്ങള്‍ ലേശമായി ഒരു മാസം കഴിച്ചാല്‍ മാറിക്കിട്ടും. പുകയിലയിലുള്ള കാന്‍സര്‍ജനകമായ നിക്കോട്ടിനെ വെളുത്തുള്ളിത്തൈലത്തിനു നിര്‍വീര്യമാക്കാനാകുമെന്ന് ലേഖകനും സംഘവും 1995 - 2000 കാലത്തെ ഗവേഷണംകൊണ്ടു തെളിയിച്ചിട്ടുണ്ട്.
ഹൃദ്രോഗവും കാന്‍സറും
മദ്യപാനവും പുകവലിയും ശീലമാക്കിയവര്‍ക്ക് ഹൃദ്രോഗവും കാന്‍സറും പിടിപെടുമെന്ന് ലോകാരോഗ്യസംഘടന അഭിപ്രായപ്പെടുന്നു. ഇത്തരം ശീലമുള്ളവര്‍ എത്രയും വേഗം ഉള്ളി - വെളുത്തുള്ളികളരച്ചുണ്ടാക്കിയ കറികള്‍ 3-4 മാസം തുടരെക്കഴിച്ചാല്‍ അത്തരം ദോഷങ്ങള്‍ തടയാമെന്നും ശരീരാരോഗ്യം വീണ്ടെടുക്കാമെന്നും ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ചുവന്നയിനം ഇറച്ചികളായ കാള, പോത്ത്, പന്നി, ആട് എന്നിവയുടെ മാംസത്തില്‍ കാന്‍സര്‍ജനകമായ ഒരു ചുവന്ന നിറമുള്ള പ്രോട്ടീനുണ്ട്. ഒരു നിയന്ത്രണവുമില്ലാതെ 6-7 കൊല്ലം ഇവയുടെ മാംസം കഴിക്കുന്നവരില്‍ ഭൂരിപക്ഷത്തിനും കുടല്‍ കാന്‍സര്‍ ഉണ്ടാകുന്നു. കാന്‍സര്‍ രോഗമുണ്ടാകാതിരിക്കാന്‍ ആ ഭക്ഷണശൈലി മാറ്റണം. ഉണ്ടായ ദോഷങ്ങള്‍ മാറ്റാന്‍ സസ്യഭക്ഷണങ്ങളും മത്സ്യാഹാരങ്ങളും തുടങ്ങണം.
നാരുകളടങ്ങിയ ഭക്ഷണം
ഭക്ഷ്യനാരുകളടങ്ങിയ വാഴപ്പിണ്ടി, ഇലക്കറികള്‍, പച്ചച്ചക്ക, കപ്പപ്പുഴുക്ക്, തവിടുള്ള പുഴുക്കലരിച്ചോറ്, വാഴക്കുലക്കൂമ്പ്, നാരുസമ്പുഷ്ടമായ ചപ്പാത്തി, ഗോതമ്പ് ബ്രഡ് മുതലായവ കഴിച്ചാല്‍ കൊളസ്‌ട്രോളും പ്രമേഹവും ഭേദമാക്കാനാകും. ഐ.സി.എം.ആര്‍. നിര്‍ദേശിക്കുന്നത് ദിവസം 40 ഗ്രാം ഭക്ഷ്യനാരുകളടങ്ങിയ ഭക്ഷണം നാം കഴിക്കണമെന്നത്രേ. ഏത്തയ്ക്കാ, ആപ്രിക്കോട്ട്, കിഴങ്ങുകള്‍ (ഉദാ. കൂര്‍ക്കക്കിഴങ്ങ്, ചേമ്പ്, ചേന) ചീര (ചുവന്ന ചീര കൂടുതല്‍ ഗുണപ്രദം) എന്നിവ നാം ഭക്ഷണത്തില്‍പ്പെടുത്തണം.
മൂന്നുവിഷങ്ങളായി മുദ്രകുത്തപ്പെട്ടവ
ഉപ്പ്, പഞ്ചസാര, വെണ്ണ ഇവ മിതമല്ലെങ്കില്‍ വെളുത്ത വിഷങ്ങളായി മാറും. ഉപ്പ് അമിതമായാല്‍ രക്തസമ്മര്‍ദം, പഞ്ചസാരയുടെ ആധിക്യം പ്രമേഹം, വെണ്ണ ഭക്ഷണത്തില്‍ കൂടിയാല്‍ അമിതവണ്ണം. ഇവ മൂന്നും ഹൃദ്രോഗജനകമായി മാറും. അവയുടെ ഉപയോഗം കഴിവതും നാം കുറയ്ക്കണം. കഠിനാധ്വാനത്താലും വ്യായാമത്താലും ശരീരഭാരം നാം അഭികാമ്യനിലയിലാക്കണം.
ദോഷകരമായ എണ്ണയില്‍ കൂടുതല്‍ നേരം വറുത്തെടുക്കുന്നവയില്‍ ട്രാന്‍സ്ഫാറ്റുകളുണ്ടാകും. അവ കൊളസ്‌ട്രോളുമായി ചേര്‍ന്നാല്‍ ചീത്തകൊളസ്‌ട്രോള്‍ (എല്‍.ഡി.എല്‍.) ഉണ്ടാകും. എച്ച്.ഡി.എല്‍. കൊളസ്‌ട്രോള്‍ ആണ് ആരോഗ്യകരമായത്. എല്‍.ഡി.എല്‍. കൊളസ്‌ട്രോള്‍ ചയാപചയത്തിനിടകൊടുക്കുകയില്ല. തന്മൂലം പ്ലേറ്റ്‌ലറ്റുകളോടൊത്ത് രക്തക്കുഴലുകള്‍ അടച്ചുകളയും. ഇതുമൂലം ഹൃദ്രോഗസാധ്യത കൂടും. കൂടാതെ, മാംസവും മത്സ്യവും കൂടുതല്‍ സമയം വറുക്കുകയോ ചുട്ടെടുക്കുകയോ ചെയ്താല്‍ അവയിലുള്ള പ്രോട്ടീന്‍ വിഘടിച്ച് ഹൈഡ്രോകാര്‍ണുകളുണ്ടാകും. ഉദാ: ബെന്‍സോ പൈറീന്‍. ഇവ മാംസപേശികളില്‍ കൂടിയാല്‍ കാന്‍സറുണ്ടാകും. ഭക്ഷ്യനാര് കൊളസ്‌ട്രോളും പഞ്ചസാരയും കൊഴുപ്പുകളും കുടലില്‍ അമിതമായി ആഗിരണം ചെയ്യപ്പെടുന്നത് കുറയ്ക്കും. തദ്വാരാ, ഹൃദ്രോഗവും കാന്‍സറും കുറയും. ശരീരം ആരോഗ്യപൂര്‍ണത നേടും. വ്യായാമവും യോഗയും ഭക്ഷ്യൗഷധങ്ങളൂം രോഗപ്രതിരോധഘടകങ്ങളെ ഉത്തേജിപ്പിക്കും. കഠിനാധ്വാനവും വ്യായാമവും രക്തകോശങ്ങളിലെ വിവിധ പ്രതിരോധകോശങ്ങളെ ഉത്തേജിപ്പിക്കും. അവയ്ക്ക് ശരീരത്തില്‍ കയറിപ്പറ്റുന്ന രോഗാണുക്കളെയും സ്വയമുണ്ടാക്കുന്ന കാന്‍സര്‍ കോശങ്ങളെയും വരിഞ്ഞു ചുറ്റി നശിപ്പിക്കാനാകും. നമ്മുടെ ശരീരത്തില്‍ രോഗപ്രതിരോധത്തിനു സഹായിക്കുന്ന അഞ്ചിനം കോശങ്ങളാണുള്ളത്: ബി. ലിംഫോസൈറ്റുകള്‍, കില്ലര്‍ സെല്ലുകള്‍(കെ), നാച്വറല്‍ കില്ലര്‍ സെല്ലുകള്‍ (എന്‍.കെ.), റ്റി സെല്ലുകള്‍, സങ്കീര്‍ണമായ മാക്രോഫേജുകള്‍. ബി ലിംപോ സൈറ്റുകള്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ വഴിയാണ് രോഗാണുക്കളെ നിര്‍വീര്യമാക്കുന്നത്. ബിയൊഴിച്ചുള്ളവയ്ക്ക് ഏതിനം പകര്‍ച്ചരോഗാണുക്കളെയും നേരിട്ടും ഓരോന്നും ഉത്പാദിപ്പിക്കുന്ന സൈറ്റേംകൈനുകള്‍ വഴിയും ചുറ്റിവരിഞ്ഞു നശിപ്പിക്കാനാകും. ഇത്തരം പരീക്ഷണങ്ങള്‍ നടത്തി രോഗാണുനശീകരണവഴികള്‍ തെളിയിച്ചത് അമേരിക്കയിലുള്ള ലോമാ ലിന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഡോ. ബഞ്ചമിന്‍ ലാവുവാണ്. പ്രഫസറായ അദ്ദേഹം അതിനു വേണ്ടത്ര ശക്തിയുള്ള ഔഷധക്കൂട്ടാണ് സുഗന്ധവിളയായ വെളുത്തുള്ളിയിലെ പോളിസള്‍ഫൈഡുകളെന്നു തെളിയിക്കുന്ന ഒരു പുസ്തകം 1988 ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. വെളുത്തുള്ളിയരയ്ക്കുമ്പോഴുണ്ടാകുന്ന തൈലത്തില്‍ കൂടുതല്‍ ശക്തിയുള്ള ഘടകം അലിസിന്‍(അഹശരശി) ആണ്. കാപ്പി കാലത്തെ കിട്ടാത്തപ്പോള്‍ ഞാന്‍ വെളുത്തുള്ളി ചവച്ചരച്ച് വെള്ളം കുടിക്കും. അഞ്ചുമിനിട്ടിനകം ക്ഷീണം തീരും. അതിനു കാരണം മേല്പറഞ്ഞയരപ്പിലുള്ള അലിസിന്‍ രക്തത്തിലുള്ള ഊര്‍ജസ്രോതസ്സായ എ.റ്റി.പി.യെ രക്തത്തിലേക്കു തള്ളി വിടുന്നതിനാലത്രേ. അപ്പോള്‍ നമ്മുടെ മസിലുകള്‍ എറ്റിപി യെ പൊട്ടിച്ച് ഊര്‍ജമെടുത്ത് പ്രവര്‍ത്തനസജ്ജമാകും. ഇതു മനസ്സിലാക്കി ഈജിപ്തില്‍ പിരമിഡ് പണിത ജോലിക്കാര്‍ക്ക് ഭക്ഷണത്തിലും കറികളിലും വെളുത്തുള്ളിയരപ്പ് ചേര്‍ത്തുകൊടുത്തതായും അവര്‍ നന്നായി പണിയെടുത്തതായും പറയുന്നു. ഇതു വായിച്ചറിഞ്ഞ മുഗളന്മാര്‍ ടാജ്മഹല്‍ പണിതവര്‍ക്കും വെളുത്തുള്ളിയരപ്പ് ചേര്‍ത്ത ഭക്ഷണംകൊടുത്തു വെന്നു പറയുന്നു. ഇതിനു പുറമേയറിയേണ്ട കാര്യം അലീസിന് പല്ലുവേദനയുണ്ടാകുന്ന രോഗാണുക്കളെ 3-4 മണിക്കൂറുകൊണ്ട് കൊന്നുകളയാനാകുമെന്നതാണ്. മറ്റൊരു കാര്യം വെളുത്തുള്ളിയരപ്പിന് മുറിവുകളെ വേഗം ഭേദമാക്കാനാകുമെന്നുള്ളതുതന്നെ.
ഒന്നാംലോകമഹായുദ്ധകാലത്ത് യൂറോപ്പില്‍ പെനിസിലില്‍ കിട്ടാതെ വന്നപ്പോള്‍ റഷ്യക്കാര്‍, വെളുത്തുള്ളിയരപ്പ് മുറിവില്‍പുരട്ടി അതു ഭേദമാക്കിയത്രേ. അന്നു യൂറോപ്പുകാര്‍ വെളുത്തുള്ളിയരപ്പിന് റഷ്യന്‍ പെന്‍സിലിന്‍ എന്നു പേരിട്ടു.