ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായെക്കുറിച്ച് കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച പുതിയ പുസ്തകം പുറത്തിറങ്ങി. 'അദ്ദേഹം നമുക്കു വളരെയേറെ നല്കി' എന്നര്‍ഥം വരുന്ന ശീര്‍ഷകമാണ് ഗ്രന്ഥത്തിനു നല്കിയിരിക്കുന്നത്. പുസ്തകപഠനത്തിന്റെ ഒമ്പതാം ഭാഗം
കര്‍ദിനാള്‍ സറായുടെ പുസ്തകത്തിന്റെ അവസാനഭാഗത്ത് ബനഡിക്ട് പിതാവിന്റെ അധികം അറിയപ്പെടാത്ത പത്തു ടെക്സ്റ്റുകളാണ് നല്കിയിരിക്കുന്നത്. അതില്‍ ആദ്യത്തേത് 2001-ാമാണ്ടില്‍ കാര്‍ഡിനല്‍ റാറ്റ്‌സിംഗര്‍ പാരീസിലെ നോത്ര് ദാം (ീൗൃ ഹമറ്യ) കത്തീഡ്രലില്‍ നടത്തിയ നോമ്പുകാലപ്രഭാഷണമാണ്.
1835 ല്‍ ഹെന്റി ലക്കോര്‍ ദെയര്‍ എന്ന വൈദികനാണ് പാരീസ് അതിരൂപതാധ്യക്ഷന്റെ നിര്‍ദേശപ്രകാരം ആദ്യത്തെ പ്രഭാഷണം നടത്തിയത്. പണ്ഡിതനും വാഗ്മിയുമായ അദ്ദേഹം തന്നെയാണ് തുടര്‍ന്നുള്ള രണ്ടുവര്‍ഷംകൂടി ഈ നോമ്പുകാലപ്രഭാഷണം നടത്തിയത്. അന്നുമുതല്‍ ഇടമുറിയാതെ ഈ പ്രഭാഷണം നോത്ര്ദാമില്‍ നടക്കുന്നുണ്ട്. 2019 ല്‍ നോത്ര്ദാം കത്തീദ്രലിന്റെ ഒരു ഭാഗം അഗ്നിക്കിരയായി. ഇപ്പോഴും പുനരുദ്ധാരണ ജോലികള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഈ നോമ്പുകാല പ്രഭാഷണങ്ങള്‍ പാരീസിലെ മറ്റൊരു ദൈവാലയത്തിലാണ് നടക്കുന്നത്.
2001 ലെ പ്രഭാഷണങ്ങള്‍ നോമ്പിലെ ഓരോ ഞായറാഴ്ചയും ഓരോ പ്രശസ്തസഭാപണ്ഡിതനാണ് നടത്തിയത്. സമാപനഞായറാഴ്ച, വിശ്വാസകാര്യങ്ങള്‍ക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിംഗറായിരുന്നു പ്രഭാഷണം നടത്തിയത്.
ദൈവത്തിന്റെ അഭാവം
കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ ഫ്രഞ്ചുഭാഷയിലുള്ള തന്റെ സുദീര്‍ഘമായ പ്രഭാഷണം ആരംഭിച്ചത് അജ്ഞേയവാദിയായ ഒരു ജര്‍മന്‍ചിന്തകന്റെ പ്രസ്താവനയെ അനുസ്മരിപ്പിച്ചുകൊണ്ടാണ്: ''ദൈവം ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കുവാന്‍ എനിക്കു സാധിക്കുന്നില്ല. പക്ഷേ, നരകമുണ്ടെന്ന കാര്യത്തില്‍ എനിക്കുറപ്പാണ്. തെളിവുവേണമെങ്കില്‍ ടി.വി. ഒന്ന് ഓണാക്കിയാല്‍ മതി.'' ഒരജ്ഞേയവാദി നരകം ഉണ്ടെന്ന കാര്യം ഉറപ്പാണെന്നു പറയുന്നത് ആദ്യകേള്‍വിയില്‍ വിചിത്രവും അഗ്രാഹ്യവുമായി നമുക്കു തോന്നാം. ദൈവം ഇല്ലെങ്കില്‍ എങ്ങനെ നരകം എന്ന് ആശ്ചര്യപ്പെട്ടുപോകും. എന്നാലും, ഈ പ്രസ്താവനയില്‍ ഒരു യുക്തി യുണ്ടെന്ന് കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ നിരീക്ഷിക്കുന്നു. 'ദൈവത്തിന്റെ അഭാവത്തിലുള്ള ജീവിതമാണ് നരകം.' അതാണ് അതിന്റെ നിര്‍വചനം. ദൈവം ഇല്ലാത്തിടത്ത്, അവിടുത്തെ ദിവ്യപ്രകാശത്തിന്റെ ഒരു കിരണംപോലും കടന്നുചെല്ലാത്തിടത്ത് നരകം രംഗപ്രവേശം ചെയ്യുന്നു. നരകത്തിനു തെളിവുതേടി ഓരോ ദിവസവും ടെലിവിഷന്‍ വീക്ഷിക്കണമെന്നില്ലെന്നും, കടന്നുപോയ ഇരുപതാംനൂറ്റാണ്ട് അവശേഷിപ്പിച്ചിട്ടു പോയ ഔഷ്‌വിറ്റ്‌സ്, ഗുലാഗ് ആര്‍ക്കി പെലാഗോ എന്നീ പദങ്ങളോ ഹിറ്റ്‌ലര്‍, സ്റ്റാലിന്‍, പൊള്‍പോട്ട് (കമ്പോഡിയ) എന്നീ പേരുകളോ ഒന്നോര്‍മിപ്പിച്ചാല്‍ മതി എന്നും കര്‍ദിനാള്‍ നിരീക്ഷിക്കുന്നു.
ഭയാനകമായ നരഹത്യയുടെയും ക്രൂരപീഡനങ്ങളുടെയും മൂര്‍ത്തീഭാവങ്ങളാണ് മേല്പറഞ്ഞ വാക്കുകളും പേരുകളും.
ക്രൈസ്തവന്റെ ദൗത്യം
ഇപ്പോഴും ദൈവത്തിന്റെ അഭാവം സൃഷ്ടിക്കുന്ന നരകം നമുക്കുചുറ്റും ഉണ്ട്. ഈ മൂന്നാം സഹസ്രാബ്ദത്തില്‍, ദൈവത്തിന്റെ സാന്നിധ്യത്തിനു സാക്ഷ്യം വഹിക്കുന്നവരാവുക എന്നതാണ് ക്രൈസ്തവന്റെ ദൗത്യം എന്ന് കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ പ്രസ്താവിക്കുന്നു. ദൈവം എവിടുണ്ടോ അവിടെ സ്വര്‍ഗമുണ്ട്. ക്രൈസ്തവവിശ്വാസം എന്നാല്‍ ദൈവത്തിന്റെ സ്പര്‍ശനം സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറിയുകയും അതിനു സാക്ഷ്യം വഹിക്കുകയും ചെയ്യുകയാണ് എന്നും കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ തുടര്‍ന്നു വ്യക്തമാക്കുന്നു.
ഓരോ മനുഷ്യനും ദൈവത്തെ പ്രാപിക്കാന്‍ ആഗ്രഹിക്കുന്നു. അവനത് തനിയെ സാധിക്കുകയില്ല. അവനെ കൈപിടിച്ച് ദൈവത്തിന്റെ സാന്നിധ്യത്തിലേക്ക് ആനയിക്കുക എന്നതാണ് സഭയുടെ കര്‍ത്തവ്യം. ലോകത്തില്‍ നരകത്തിന്റെ കടന്നുകയറ്റം തടയുകയും ദൈവപ്രകാശത്താല്‍ അതിനെ വാസയോഗ്യമാക്കുകയുമാണ് സഭയുടെ നിയോഗം.
'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ഥനയിലെ 'അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ' എന്ന യാചനയുടെ പൊരുള്‍ ദൈവഹിതം ഭൂമിയില്‍ നടപ്പിലാക്കിയാല്‍ അവിടെ സ്വര്‍ഗം സമാഗതമാകും എന്നാണ്. ഇപ്രകാരം പ്രസ്താവിച്ചശേഷം 'സഭ സഭയ്ക്കുവേണ്ടിയല്ല' എന്ന ചിന്ത അദ്ദേഹം വിശദീകരിക്കുന്നു. ഒരു സംഘടന എന്നപോലെ കാര്യക്ഷമതയോടെ സഭയെ വളര്‍ത്തിയതുകൊണ്ട് അതു ഫലപ്രാപ്തിയിലെത്തുന്നില്ല. ദൈവത്തിനു പ്രാമുഖ്യം നല്കിയാലേ സഭ സദ്ഫലങ്ങള്‍ പുറപ്പെടുവിക്കുകയുള്ളൂ.
സഭ അവള്‍ക്കുവേണ്ടിയല്ല, മനുഷ്യവംശത്തിനുവേണ്ടിയാണ്. സഭയുടെ ലക്ഷ്യം ലോകത്തില്‍ ദൈവസാന്നിധ്യത്തിന് ഇടം ഒരുക്കുകയാണ്. ദൈവവും മനുഷ്യനുമായുള്ള ഉടമ്പടിയുടെ ഫലമായി ദൈവം മനുഷ്യന് അവിടുത്തെ സ്‌നേഹം പകര്‍ന്നു നല്കുകയും മനുഷ്യന്‍ തിരികെ നല്കുന്ന സ്‌നേഹം ഏറ്റുവാങ്ങുകയും ചെയ്യുന്നു.
അപകടകരമായ പ്രവണത
കാര്‍ഡിനല്‍ റാറ്റ്‌സിംഗര്‍ തുടര്‍ന്നുനടത്തുന്ന നിരീക്ഷണം വളരെ പ്രസക്തമാണ്: ''സഭ ലോകത്തിനുവേണ്ടി' എന്ന പ്രസ്താവനയെ ആധുനിക മനോഭാവത്തിന് ഇണങ്ങുംവിധം വ്യാഖ്യാനിക്കാനുള്ള ഒരു പ്രവണത കുറച്ചുനാളായി ദൃശ്യമാണ്.'' വിശ്വാസത്തിന്റെ സത്തയെ അപകടത്തിലാക്കുന്ന ഒരു നീക്കമാണിത്. സഭയ്ക്കും മിശിഹായ്ക്കും മതത്തിനും ഉപരിയായി നിരീശ്വരരെ വരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു നവലോകസൃഷ്ടിക്കുവേണ്ടി പ്രയത്‌നിക്കുകയാണ് സഭയുടെ കടമയെന്ന് ഈ ചിന്താഗതിക്കാര്‍ വാദിക്കുന്നു. അവര്‍ ദൈവരാജ്യത്തെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു. ദൈവംതന്നെ അധികപ്പറ്റായി ത്തീരുന്നു. എല്ലാവര്‍ക്കും ഒന്നിക്കാവുന്ന സമാധാനം, നീതി, പരിസ്ഥിതിസംരക്ഷണം എന്നീ മൂല്യങ്ങളാണ് ഇക്കൂട്ടര്‍ മുന്നോട്ടുവയ്ക്കുന്നത്. ഈ ചിന്താഗതിയുടെ അപകടം ചൂണ്ടിക്കാണിച്ചുകൊണ്ട് കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ പറഞ്ഞു: ''മൂല്യങ്ങള്‍ സത്യത്തിനു പകരമാവുകയില്ല. അവയ്ക്ക് ദൈവത്തിനു പകരമാകാനാവില്ല.''
അതുകൊണ്ട്, അപകടകരമായ ഈ പ്രവണതയെ കാര്‍ഡിനാല്‍ റാറ്റ്‌സിംഗര്‍ തള്ളിക്കളയുകയും സഭ വിശുദ്ധ പൗലോസ് അരയോപ്പഗോസില്‍ ചെയ്തതുപോലെ ദൈവത്തെ പ്രസംഗിക്കണം (നടപടി 17: 27-28) എന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്തു.
സൃഷ്ടവസ്തുക്കളില്‍നിന്നു ദൈവത്തിലെത്താനാണ് മനുഷ്യന്‍ തന്റെ ബുദ്ധിശക്തി വിനിയോഗിക്കേണ്ടത്. പ്രപഞ്ചം തനിയെ യാദൃച്ഛികമായി ഉണ്ടായി പരിണാമപ്പെട്ടതാണെന്നു തെളിയിക്കാന്‍ ശ്രമിച്ച ഷാക്‌മോണോ എന്ന ശാസ്ത്രജ്ഞന് ഫ്രന്‍സ്വാ മൊറിയാക് എന്ന ഫ്രഞ്ച് കത്തോലിക്കാ സാഹിത്യകാരന്‍ നല്കിയ മറുപടിയും കാര്‍ഡിനല്‍ ഇത്തരുണത്തില്‍ ഉദ്ധരിക്കുന്നുണ്ട്: ''ഈ പ്രൊഫസര്‍ പറയുന്ന കാര്യങ്ങളെക്കാള്‍ ഞങ്ങള്‍ പാവം ക്രിസ്ത്യാനികള്‍ പറയുന്ന കാര്യങ്ങളാണ് വിശ്വസനീയം.''
വിശ്വാസവും ബുദ്ധിയും
വിശ്വാസം ബുദ്ധിയുടെ ശത്രുവല്ല. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ വിശ്വാസവും ബുദ്ധിശക്തിയും എന്ന ചാക്രികലേഖനത്തില്‍ വ്യക്തമാക്കുന്നതുപോലെ വിശ്വാസത്തിനു ബുദ്ധിശക്തിയും ബുദ്ധിശക്തിക്കു വിശ്വാസവും പരസ്പരം ആവശ്യകമാണ്. വിശ്വാസത്തിന് ബൗദ്ധികമായ പിന്‍ബലം നല്കുക എന്നത് ഇന്നിന്റെ ആവശ്യമാണ്. ഇല്ലെങ്കില്‍, വിശ്വാസം വൈകാരികമായ മതാത്മകത മാത്രമായി മാറുകയും വിശ്വാസം ദുര്‍ബലപ്പെടുകയും ചെയ്യും.
സഭയുടെ ദൗത്യം
സഭയുടെ എക്കാലത്തെയും ദൗത്യം ദൈവജനത്തെ മിശിഹായിലേക്കു നയിക്കുക എന്നാണ്; മിശിഹായിലൂടെ ദൈവപിതാവിലേക്കും. മിശിഹാ ദൈവമാണ്. മനുഷ്യനായ ദൈവം. മിശിഹായെ ഒരു മഹാനായി മാത്രം കാണുന്നവന്‍ ശരിക്കും അവിടുത്തെ അറിയുന്നില്ല. വിശുദ്ധമര്‍ക്കോസിന്റെ സുവിശേഷം എത്തിച്ചേരുന്ന പ്രഖ്യാപനത്തില്‍ നമ്മളും എത്തിച്ചേരണം. അവിടെയാണ് സഭയുടെ പ്രസക്തി.
'സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു' എന്ന് കുരിശിന്‍ചുവട്ടില്‍ നിന്നുകൊണ്ട് ശതാധിപന്‍ വിളിച്ചുപറഞ്ഞു (മര്‍ക്കോ 15, 39). 'എന്റെ കര്‍ത്താവേ എന്റെ ദൈവമേ' എന്ന് വി. യോഹന്നാന്റെ സുവിശേഷത്തില്‍ മാര്‍ തോമാശ്ലീഹാ ഏറ്റുപറഞ്ഞു (യോഹ. 20, 28). ദൈവം നമ്മോടുകൂടെ എന്ന് വി. മത്തായിയുടെ സുവിശേഷത്തിന്റെ ആരംഭത്തിലും (മത്താ. 1:23) ലോകാവസാനംവരെ ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുമെന്ന് അവസാനത്തിലും (മത്തായി 28,20) കാണുന്നു. 'അവന്‍ ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും' എന്ന് വി. ലൂക്കായുടെ സുവിശേഷത്തിലും (1:35) അറിയിക്കുന്നു. ഈ വാക്യങ്ങള്‍ ഉദ്ധരിച്ചശേഷം കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ 'മിശിഹായെ അറിയാന്‍ സുവിശേഷങ്ങള്‍ കാണിക്കുന്ന വഴിയേ സഞ്ചരിക്കണ'മെന്നു നിര്‍ദേശിക്കുന്നു.
ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ മൂന്നാം സഹസ്രാബ്ദത്തിലേക്കു ചുവടുവയ്ക്കുന്ന സഭയ്ക്ക് ആവശ്യമെന്ന് എടുത്തുപറയുന്ന മൂന്നു കാര്യങ്ങള്‍കൂടി കര്‍ദിനാള്‍ തന്റെ പ്രഭാഷണത്തില്‍ പ്രാധാന്യം നല്കി വിശദീകരിക്കുന്നുണ്ട്. ഒന്നാമതായി, പ്രാര്‍ഥനയും ആന്തരികജീവിതവും. രണ്ടാമത്, ഞായറാഴ്ച യാചരണവും വിശുദ്ധകുര്‍ബാനയും. മൂന്നാമത്, അനുരഞ്ജനകൂദാശയുടെ ആവശ്യകത. മനഃശാസ്ത്രവും കൗണ്‍സെലിങ്ങും ദൈവകാരുണ്യം ചൊരിയുന്ന 'നിന്റെ പാപങ്ങള്‍ മോചിക്കപ്പെട്ടിരിക്കുന്നു' എന്ന കൂദാശാവചനങ്ങള്‍ക്കു പകരമാവുകയില്ല. അഹങ്കാരം, അത്യാഗ്രഹം തുടങ്ങിയ ഭാരങ്ങള്‍ അനുതാപത്തിന്റെ കൂദാശയിലൂടെ ഇറക്കിവച്ചാലേ ദൈവത്തിങ്കലേക്കുള്ള ആധ്യാത്മികാരോഹണം സുഗമമാവുകയുള്ളൂ. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരോടൊപ്പം ഉത്ഥിതന്‍ നടന്നതുപോലെ സഭ വിശ്വാസികള്‍ക്കൊപ്പം നടക്കണമെന്നുംകൂടി പറഞ്ഞുകൊണ്ടാണ് സ്മരണീയമായ ഈ പ്രഭാഷണം കാര്‍ഡിനല്‍ പര്യവസാനിപ്പിച്ചത്.