ഒരു ക്രിസ്ത്യാനി എങ്ങനെ യായിരിക്കണമെന്നു ക്രിസ്തു ആഗ്രഹിച്ചുവോ അതു സ്വജീവിതത്തില്‍ പകര്‍ത്തിക്കാണിച്ച ഒരു അമൂല്യവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു, ജനസഹസ്രങ്ങളുടെ ആദരമേറ്റുവാങ്ങി നമ്മെ കടന്നുപോയ ശ്രീ. ഉമ്മന്‍ചാണ്ടി.
ആയിരക്കണക്കിനു പുരോഹിതരുടെ സാന്നിധ്യത്തിലും അതിനേക്കാളുപരി വിവിധ ക്രൈസ്തവസഭാസമൂഹങ്ങളിലെ അത്യുന്നതരായ പുരോഹിതശ്രേഷ്ഠന്മാരുടെ ആശീര്‍വാദത്തോടെയും ആ മൃതശരീരം സംസ്‌കരിക്കപ്പെട്ടു എന്നത് അദ്ദേഹം ചെയ്ത സല്‍പ്രവൃത്തികളില്‍ സംപ്രീതനായ സ്വര്‍ഗപിതാവ് നല്കിയ അനുഗ്രഹമാണ് എന്നു ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.
ആേരാടും പരിഭവമില്ലാതെ ജനക്കൂട്ടത്തെ തനിച്ചാക്കി ഉമ്മന്‍ചാണ്ടി വിടചൊല്ലി. മരണവാര്‍ത്ത പുറത്തുവന്നതുമുതല്‍ കേരളം ഉമ്മന്‍ചാണ്ടിയിലേക്ക് ഒഴുകുകയായിരുന്നു. പലരുടെയും വാക്കുകള്‍ പാതിയില്‍ മുറിഞ്ഞു. വിക്കില്ലാത്തവര്‍പോലും വിക്കിപ്പോയി. തന്നെ സമീപിക്കുന്ന ഓരോ സഹായാര്‍ഥിയുടെയും ആവശ്യം തന്റെതന്നെ ആവശ്യമായിക്കണ്ടാണ് അദ്ദേഹം നിലപാടുകള്‍ സ്വീകരിച്ചിരുന്നത്. ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും മുഖവിലയ്‌ക്കെടുക്കാതെ എല്ലാവരെയും തുല്യമായി കണ്ട അതിശ്രേഷ്ഠനിലപാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സമ്പന്നരുടെ മനസ്സ് ദരിദ്രരിലേക്കും രോഗികളിലേക്കും അംഗവൈകല്യമുള്ളവരിലേക്കും വിധവകളിലേക്കും അശരണരിലേക്കും തിരിച്ചുവിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ പ്രതിനിധിയായിരുന്ന മുന്‍ എം.എല്‍.എ. കെ.സി. കുഞ്ഞിരാമന്റെ മാരകരോഗാവസ്ഥയില്‍ ഏറ്റവും നല്ല ചികിത്സ വെല്ലൂര്‍ ആശുപത്രിയില്‍ ലഭിക്കാന്‍ ഉമ്മന്‍ചാണ്ടിയെടുത്ത പരിശ്രമവും ഒപ്പം അദ്ദേഹത്തിന്റെ രോഗാവസ്ഥ നിരന്തരം അന്വേഷിച്ചുകൊണ്ടിരുന്നതും മാതൃകാപരമാണ്.
കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പക്ഷാഘാതം വന്നപ്പോള്‍ ആ കലാകാരന്റെ ജീവിതം കേരളത്തിന് ഏറ്റവും വിലപ്പെട്ടതാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഉമ്മന്‍ചാണ്ടിയായിരുന്നു. വെല്ലൂരില്‍ ചികിത്സയ്ക്കുവേണ്ട സാമ്പത്തികസഹായം ഉള്‍പ്പെടെ എല്ലാക്കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്തതും മറ്റാരുമായിരുന്നില്ല.
എഴുത്തുകാരിയും സജീവഇടതുപക്ഷസാംസ്‌കാരികപ്രവര്‍ത്തികയുമായ കണ്ണൂര്‍കാരി സുശീലാ വേലായുധന്റെ ഭര്‍ത്താവ് പെട്ടെന്നു മരണപ്പെടുന്നു. മക്കള്‍ക്കു ജോലിയോ വരുമാനമോ ഇല്ല. ഇതിനിടയില്‍ മകന്റെ കേള്‍വി നഷ്ടപ്പെടുന്നു. ഓപ്പറേഷനു കൈയിലുള്ള പണം കൂടാതെ രണ്ടു ലക്ഷം രൂപയുടെ കുറവും. സുശീലയോട് ആരോ പറഞ്ഞു, ഉമ്മന്‍ചാണ്ടിയെ ഒന്നുവിളിച്ചുനോക്കാന്‍. ഒരിക്കല്‍പ്പോലും നേരില്‍ കണ്ടിട്ടില്ലാത്ത അദ്ദേഹത്തെ ഫോണില്‍ വിളിക്കുന്നു. എല്ലാം കേട്ടശേഷം അദ്ദേഹം പറഞ്ഞു: ''ഞാന്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ വേണ്ട ക്രമീകരണം ചെയ്യാം.'' ഓപ്പറേഷന്‍ വിജയകരമായി നടന്നു. അമേരിക്കയിലായിരുന്ന ഉമ്മന്‍ചാണ്ടി സുശീലയെ വിളിച്ച് ഓപ്പറേഷന്റെ പുരോഗതി അന്വേഷിച്ചറിയുന്നു. മകന് കേള്‍വിശക്തി തിരിച്ചുകിട്ടി ആദ്യമായി സംസാരിച്ചത് ഉമ്മന്‍ചാണ്ടിയോടായിരുന്നു. കേള്‍വിയില്ലാത്ത മറ്റു കുട്ടികളെക്കൂടി അങ്ങു സഹായിക്കണമെന്ന സുശീലയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് നൂറു ശതമാനം കേള്‍വിയില്ലാത്ത കുട്ടികളുടെ ചികിത്സാപദ്ധതി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്.
എം.ബി.ബി.എസിനു ചേരാനിരുന്ന കുട്ടിയുടെ വിദ്യാഭ്യാസവായ്പ മുടങ്ങിയപ്പോള്‍ ആ കുട്ടിയുടെ വായ്പ മുഴുവന്‍ അടച്ചത് അദ്ദേഹമായിരുന്നു. സൗത്ത് ത്രിപുരയുടെ ജില്ലാകളക്ടറായ സജു വാഹിദിന് ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ഏറെ പറയാനുണ്ട്. ഐ.എച്ച്.ആര്‍.ഡി. എന്ന ഗവണ്‍മെന്റുസ്ഥാപനത്തില്‍ പഠിക്കുമ്പോള്‍ ഫീസ് നല്കാന്‍ തൊഴിലാളിയുടെ മകനായിരുന്ന അദ്ദേഹത്തിനു കഴിഞ്ഞില്ല. സ്‌കൂളില്‍നിന്നു പുറത്താക്കാന്‍ തുടങ്ങിയ അവസരത്തില്‍ അദ്ദേഹം ഒരു കത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് അയച്ചു. പഠിക്കാനാഗ്രഹമുണ്ടെന്നും ഫീസ് അടയ്ക്കാതിരുന്നാല്‍ സ്‌കൂളില്‍നിന്നു പുറത്താക്കപ്പെടുമെന്നുമായിരുന്നു കത്തിന്റെ സാരാംശം. കത്തുകിട്ടിയ ഉമ്മന്‍ചാണ്ടി സ്‌കൂള്‍പ്രിന്‍സിപ്പലിനെ വിളിച്ച് 'സജു വാഹിദിന്റെ പണം അവിടെ എത്തിക്കും, ആ കുട്ടിയെ പഠിക്കാന്‍ അനുവദിക്കണം' എന്നറിയിച്ചു. ആ തീരുമാനമാണ് വാഹിദിനു സിവില്‍സര്‍വീസില്‍ ഉന്നതവിജയം നേടാന്‍ വഴിയൊരുക്കിയത്.
ചായ തിളപ്പിക്കുമ്പോള്‍ പൊള്ളലേറ്റ മകള്‍ക്കും മൂക്കില്‍ ദശ വളര്‍ന്ന കൊച്ചുമകള്‍ക്കും ഉമ്മന്‍ചാണ്ടിയുടെ സഹായം കിട്ടിക്കഴിഞ്ഞപ്പോഴാണ് വല്യമ്മ ഫാത്തിമാബീവിക്കു സ്‌ട്രോക്ക് വന്നത്. അപ്പോഴും അദ്ദേഹത്തിന്റെ കാരുണ്യസ്പര്‍ശം ഉണ്ടായി.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചന്ദ്രന്റെ പിതാവ് വര്‍ഷങ്ങള്‍ക്കുമുമ്പ് രക്തം ഛര്‍ദിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊബൈല്‍ ഇല്ലാത്ത കാലത്ത് രക്തത്തിനുവേണ്ടി ആളുകള്‍ പരക്കംപാഞ്ഞു. രോഗവിവരം അറിഞ്ഞെത്തിയ ഉമ്മന്‍ചാണ്ടി ഡോക്ടറെ കണ്ട് തന്റെ രക്തമെടുത്തു ചന്ദ്രന്റെ അച്ഛനു കൊടുക്കാനാവശ്യപ്പെട്ടു.
അങ്ങനെ ചന്ദ്രന്റെ പിതാവിന്റെ സിരകളില്‍ക്കൂടി ഉമ്മന്‍ചാണ്ടിയുടെ രക്തവും ഒഴുകി.
കൂടെ പഠിക്കുന്ന സഹപാഠിക്കു വീടില്ലെന്നും അവന്റെ അച്ഛന് അസുഖമാണെന്നും പറയാന്‍, യോഗവേദിയിലേക്കു നടന്നുനീങ്ങിയ മുഖ്യമന്ത്രിയെ പിന്നില്‍നിന്ന് 'ഉമ്മന്‍ചാണ്ടീ'യെന്ന് ഉറക്കെവിളിക്കാന്‍ രണ്ടാംക്ലാസ്സുകാരി ശിവാനി കാണിച്ച ധൈര്യവും കൂട്ടുകാരന് അതുവഴി വീടു ലഭിച്ചതും കേരളം കണ്ടതാണ്.
ആലപ്പുഴ മാമ്പുഴക്കരി പാണ്ടളംചിറ ബിജുവിന്റെ കരള്‍ ഇന്നു പ്രവര്‍ത്തിക്കുന്നതിന്റെ മുഖ്യകാരണം ഉമ്മന്‍ചാണ്ടിയുടെ ഇടപെടലാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ ജയിലിലടയ്ക്കപ്പെട്ടവര്‍ക്ക് 'ബ്ലഡ് മണി' കൊടുത്ത് സഹായിക്കാനും പല സന്ദര്‍ഭങ്ങളിലും ഉമ്മന്‍ചാണ്ടി ഇടപെട്ടിട്ടുണ്ട്.
ഏറ്റുമാനൂര്‍ ബസ്റ്റാന്‍ഡിനുള്ളില്‍ ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലികളര്‍പ്പിച്ചുള്ള ബോര്‍ഡ് കണ്ടപ്പോള്‍ കൊച്ചുമകന്‍ അബിനൊപ്പം ലോട്ടറി വില്ക്കാനെത്തിയ നീണ്ടൂര്‍ വിളങ്ങാട്ട് ഫാത്തിമാബീവി ചിത്രത്തെ കെട്ടിപ്പിടിച്ചുകരഞ്ഞത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍പ്പിന്നെ ഉമ്മന്‍ചാണ്ടി കൊടിയുടെ നിറം നോക്കാറില്ലായിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറായി നിയമിക്കാന്‍ സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലന്റെ ഭാര്യ ഡോ. ജമീലയുടെ പേര് യുഡിഎഫ് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയ്ക്കുവന്നപ്പോള്‍ മന്ത്രിമാര്‍ പലരും രാഷ്ട്രീയനിലപാടിന്റെ പേരില്‍ എതിര്‍പ്പുന്നയിച്ചു. എന്നാല്‍, അര്‍ഹതയുള്ളവരെ രാഷ്ട്രീയനിലപാടിന്റെ പേരില്‍ നിയമിക്കാതിരിക്കുന്നതു ശരിയല്ലെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടിനു മുന്നില്‍ മറ്റുള്ളവര്‍ക്ക് എതിര്‍വാക്കില്ലായിരുന്നു.
ദയാലുവാണെങ്കിലും കബളിപ്പിച്ചു കാര്യം നേടാമെന്നു കരുതുന്നവര്‍ക്കു തെറ്റു പറ്റാറുണ്ട്. കടല്‍ക്കൊലക്കേസിലെ പ്രതികളായ നാവികരെ മോചിതരാക്കാന്‍ ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസിഡര്‍ കാണിച്ച കാപട്യം വകവച്ചുകൊടുക്കാന്‍ അദ്ദേഹം തയ്യാറായില്ല.
സോളാര്‍ വിവാദകാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരേ ഉയര്‍ത്തിയ ആരോപണത്തിന് മൗനത്തിലൂടെ നല്കിയ അധാര്‍മികപിന്തുണയില്‍ ലജ്ജിക്കുന്നുവെന്ന് ദേശാഭിമാനിയുടെ മുന്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍. മാധവന്‍കുട്ടി നടത്തിയ കുമ്പസാരം വൈകിപ്പോയെന്ന് കേരളസാഹിത്യ അക്കാദമി ചെയര്‍മാന്‍ കവി. കെ. സച്ചിദാനന്ദന്‍ സമൂഹമാധ്യമത്തില്‍ അഭിപ്രായപ്പെട്ടു. ഉമ്മന്‍ചാണ്ടിയെക്കുറിച്ച് വല്ലാത്തതും കൊള്ളാത്തതും വെറുക്കുന്നതുമായ കഥകള്‍ രചിച്ച് ആരവങ്ങളുണ്ടാക്കാനായി ഞങ്ങള്‍ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പകലെന്നോ രാത്രിയെന്നോ നോക്കാതെ അന്യരുടെ പരാതികള്‍ക്കുത്തരം കണ്ടെത്താനായി ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ഉറക്കമില്ലാതെ അലയുകയായിരുന്നു ഉമ്മന്‍ചാണ്ടിയെന്നാണ് സിപിഐ മുന്‍സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ് പന്ന്യന്‍ കുറിച്ചത്. 2016 ല്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന് തുടര്‍ഭരണം കിട്ടുമെന്ന ഘട്ടത്തിലാണ് ഒരു സ്ത്രീയെ മുന്‍നിറുത്തി മുഖ്യമന്ത്രിക്കെതിരേ സിപിഎം ക്രൂരത കാട്ടിയതെന്നാണ് സിപിഎം നേതാവും മുന്‍ എല്‍ഡിഎഫ് കണ്‍വീനറുമായ എം.എം. ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിന്റെ അഭിപ്രായം. അപമാനിച്ചവരോട് അദ്ദേഹം ക്ഷമിച്ചാലും കാലം മാപ്പു കൊടുക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ആശ.
'പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ്, ആഘോഷങ്ങളില്ല' എന്നായിരുന്നു ആറാം തവണയും സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി മമ്മൂട്ടി നടത്തിയ പ്രതികരണം.
മുന്‍മുഖ്യമന്ത്രി നായനാരുടെ മകന്‍ കൃഷ്ണകുമാറിന്റെ നിരീക്ഷണം ഇങ്ങനെയാണ്: ''ആരും ആളുകളെ നിര്‍ബന്ധിച്ച് ഉമ്മന്‍ചാണ്ടിയുടെ അടുത്ത് അയയ്ക്കുന്നതല്ല; ജനം അദ്ദേഹത്തെ കാണാന്‍ കടലുപോലെ ഒഴുകിവരുന്നതാണ്.''
രാഷ്ട്രീയവൈരികള്‍ അദ്ദേഹത്തെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചതു പോരാഞ്ഞിട്ട്, കുടുംബാംഗങ്ങളെപ്പോലും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയ അധമമനസ്സിന്റെ ഉടമകളെപ്പോലും നിയമസഭയ്ക്കുള്ളില്‍ ചെറുപുഞ്ചിരിയോടെ അഭിമുഖീകരിച്ചു എന്നുമാത്രമല്ല, ഒരു മോശപ്പെട്ട വാക്കുകൊണ്ടുപോലും അതിനെ ഭര്‍ത്സിക്കാനും അദ്ദേഹം തയ്യാറായില്ല എന്നുള്ളതാണ് ആ മനുഷ്യന്റെ വ്യക്തിത്വത്തിന്റെ ഔന്നത്യം.
കേരളം കണ്ട ഏറ്റവും പ്രഗല്ഭരായ രണ്ടു മുഖ്യമന്ത്രിമാര്‍ സി. അച്യുതമേനോനും ഉമ്മന്‍ചാണ്ടിയുമാണെന്ന് അദ്ദേഹത്തിന്റെ മരണത്തിനു വളരെക്കാലം മുമ്പുതന്നെ എഴുത്തുകാരനും വിശിഷ്യാ കേരളത്തിന്റെ മുന്‍ചീഫ് സെക്രട്ടറിയുമായിരുന്ന ബാബു പോള്‍ അഭിപ്രായപ്പെട്ടത് ഇവിടെ സ്മരണീയമാണ്.
ഭരണനേട്ടങ്ങളേക്കാള്‍ കാലം ഉമ്മന്‍ചാണ്ടിയെ അടയാളപ്പെടുത്തുക അദ്ദേഹത്തിന്റെ ജനകീയതയുടെ പേരിലായിരിക്കും. തന്റെ സംസാരംകൊണ്ട് ഒരാള്‍ക്കുപോലും മുറിവേല്ക്കരുതെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ക്ഷമാശീലം ആരെയും അദ്ഭുതപ്പെടുത്തും. ഹോളി ആഘോഷക്കാര്‍ മുഖത്തും വസ്ത്രത്തിലും ചായം പൂശിയപ്പോഴും അദ്ദേഹം ചിരിച്ചുകൊണ്ട് അവരുടെ സന്തോഷത്തില്‍ പങ്കുചേരുകയാണുണ്ടായത്. പാവങ്ങളെയും പണക്കാരെയും ഒരുപോലെ സ്‌നേഹിച്ച അദ്ദേഹം ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രതിരൂപമായിരുന്നു. ഉമ്മന്‍ചാണ്ടിയെ കാണാന്‍വരുന്ന ആളുകള്‍ ശ്രീകൃഷ്ണനെ കണ്ടു മടങ്ങുന്ന കുചേലന്റെ മാനസികാവസ്ഥയിലാണ് തിരിച്ചുപോയിരുന്നത്. എന്റെ പാഠപുസ്തകം ജനങ്ങളാണെന്ന ഉമ്മന്‍ചാണ്ടിയുടെ കാഴ്ചപ്പാടില്‍ എല്ലാം അടങ്ങിയിരുന്നു.