കാഞ്ഞിരപ്പള്ളി: ജയ്പൂര്‍ രൂപതയുടെ ദ്വിതീയമെത്രാനായി ബിഷപ് ജോസഫ് കല്ലറയ്ക്കല്‍ അഭിഷിക്തനായി. ഔര്‍ ലേഡി ഓഫ് അനന്‍സിയേഷന്‍ കത്തീദ്രലില്‍ നടന്ന മെത്രാഭിഷേകകര്‍മങ്ങള്‍ക്കു ബോംബെ അതിരൂപത ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് മുഖ്യകാര്‍മികത്വം വഹിച്ചു. ആഗ്ര ആര്‍ച്ചു ബിഷപ് ഡോ. റാഫി മഞ്ഞളി, ജയ്പുര്‍ മുന്‍ രൂപതാധ്യക്ഷന്‍ ഡോ. ഓസ്വാള്‍ഡ് ലൂയിസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചു ബിഷപ് ലെയോപോള്‍ഡോ ജിറെല്ലി, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ മെത്രാഭിഷേക കര്‍മങ്ങളില്‍ പങ്കുചേര്‍ന്നു.
ജയ്പൂര്‍ രൂപതയുടെ അജപാലനശുശ്രൂഷയില്‍നിന്ന് ബിഷപ് ഡോ. ഓസ്വാള്‍ഡ് ലൂയിസ് വിരമിച്ചതിനെത്തുടര്‍ന്നാണ് റവ. ഡോ. ജോസഫ് കല്ലറയ്ക്കലിനെ ജയ്പുര്‍ മെത്രാനായി ഏപ്രില്‍ 22 ന് ഫ്രാന്‍സിസ് മാര്‍പാപ്പാ നിയമിച്ചത്.
1964 ഡിസംബര്‍ 10 കാഞ്ഞിരപ്പള്ളി രൂപതയില്‍പ്പെട്ട ആനവിലാസം ഗ്രാമത്തിലാണ് ബിഷപ് ജോസഫ് കല്ലറയ്ക്കലിന്റെ ജനനം. കല്ലറയ്ക്കല്‍ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ നാലാമത്തെ മകനാണ് ബിഷപ്.