പാലാ: സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുളള ഉന്നതമത്സരപരീക്ഷകള്‍ വിജയിക്കുന്നതിന് കഠിനാധ്വാനവും ഈശ്വരവിശ്വാസവും അനിവാര്യമാണെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ്. ഇരുപത്തിയഞ്ചു വര്‍ഷംകൊണ്ട് 347 പേരെ സിവില്‍ സര്‍വീസിലേക്ക് ആനയിച്ച പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തിന്റെ ഭരണനിര്‍വഹണത്തിന് നിര്‍ണായകമായ സംഭാവനയാണു നല്‍കിയിട്ടുളളതെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രജതജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സിവില്‍ സെര്‍വന്റ്‌സ് കാത്തുസൂക്ഷിക്കുന്ന മൂല്യബോധവും ധാര്‍മികതയുമാണ് ജനാധിപത്യഭരണസംവിധാനത്തിന്റെ നന്മകള്‍ ജനങ്ങളില്‍ എത്തിക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു.
മുന്‍ ചീഫ് സെക്രട്ടറി കെ.ജെ. മാത്യു ഐ.എ.എസിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ സ്വര്‍ണ്ണമെഡല്‍ ഈ വര്‍ഷം 36-ാം റാങ്കോടെ ഐ.എ.എസ് നേടിയ ആര്യ വി.എം. ന് ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് സമ്മാനിച്ചു. ആഡ് ഓണ്‍ കോഴ്‌സിലൂടെ സിവില്‍ സര്‍വീസ് കരസ്ഥമാക്കിയ അഞ്ജലി ജോയിയെ യോഗത്തില്‍ അനുമോദിച്ചു.
ജോസ് കെ. മാണി എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ. ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാളും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനുമായ മോണ്‍. ജെയിംസ് പാലയ്ക്കല്‍, മാനേജര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രിന്‍സിപ്പല്‍ ഡോ. വി.വി. ജോര്‍ജ്ജുകുട്ടി ഒട്ടലാങ്കല്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.