മൂവാറ്റുപുഴ: ഇന്നത്തെ കാലഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നല്ല മാര്‍ഗമാണ് കേരള കത്തോലിക്കാ വിദ്യാര്‍ഥി സഖ്യംപോലെയുള്ള പ്രവര്‍ത്തനക്കൂട്ടായ്മകളെന്ന് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കേരള കത്തോലിക്കാ വിദ്യാര്‍ഥിസഖ്യത്തിന്റെ 2023-24 പ്രവര്‍ത്തനവര്‍ഷത്തെ സംസ്ഥാനതല പ്രോജക്ട് ഉദ്ഘാടനം കോതമംഗലം രൂപതയിലെ കദളിക്കാട് വിമല മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യല്‍ മീഡിയയുടെ അതിപ്രസരം കുട്ടികളെ വഴിതെറ്റിക്കുന്ന പ്രവണത ഏറിവരുന്നതായും അതോടൊപ്പം ലഹരി വസ്തുക്കളുടെ കടന്നുവരവ് വിദ്യാലയാന്തരീക്ഷത്തെ മലീമസമാക്കുന്നതായും അദ്ദേഹം ആശങ്കപ്പെട്ടു. ഒത്തൊരുമയോടെ വിശ്വാസത്തില്‍ അധിഷ്ഠിതമായ കെസിഎസ്എല്‍ പ്രവര്‍ത്തനങ്ങളിലൂടെ ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ ശ്രമിക്കണമെന്ന് ബിഷപ് നിര്‍ദേശിച്ചു. ലഹരിക്കെതിരേ പടപൊരുതാം എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന പഠനവിഷയം ഈ വര്‍ഷം കെസിഎസ്എല്‍ ഏറ്റെടുത്തിരിക്കുന്നത് ഏറെ ഉചിതമാണെന്ന് മാര്‍ഗരേഖ പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ചെയര്‍പേഴ്‌സണ്‍ റോസ് ഷിബു അധ്യക്ഷത വഹിച്ച യോഗത്തില്‍ കോതമംഗലം രൂപതയുടെ 'കൂട്ടുകാരന്‍' പദ്ധതിയുടെ ഉദ്ഘാടനം കദളിക്കാട് വിമലമാത പള്ളി വികാരി റവ.ഡോ തോമസ് പോത്തനാമുഴി നിര്‍വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. കദളിക്കാട് വിമലമാതാ എച്ച്എസ്എസ് പ്രഥമാധ്യാപിക സിസ്റ്റര്‍ സിനി പാറപ്പുറം എസ്.എ.ബി.എസ്., കോതമംഗലം രൂപത പ്രസിഡന്റ് ജിജോ മാനുവല്‍, കെ സി എസ് എല്‍ സംസ്ഥാന സമിതിയംഗം ഷാര്‍ജറ്റ് ജോസ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കോതമംഗലം രൂപത ചെയര്‍മാന്‍ ജോര്‍ജ് ഹെന്‍ട്രി പതാക ഉയര്‍ത്തിയ ചടങ്ങില്‍ രൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാറമേല്‍ സ്വാഗതവും സംസ്ഥാന ഓര്‍ഗനൈസര്‍ മനോജ് ചാക്കോ കൃതജ്ഞതയും പറഞ്ഞു.