•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മിന്നിത്തിളങ്ങി മിന്നുമണി

രങ്ങേറ്റമത്സരത്തിലെ ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ്. പരമ്പരയിലെ മൂന്നു മത്സരങ്ങളിലും ഇന്ത്യന്‍ടീമില്‍ സ്ഥാനം. ആകെ അഞ്ചു വിക്കറ്റ് എന്ന മികച്ച പ്രകടനം. അതിന്റെ അംഗീകാരമായി ചൈനയിലെ ഹാങ്ചൗവില്‍ സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ക്രിക്കറ്റ് ടീമിലും സ്ഥാനം. ഓള്‍റൗണ്ടറായ മിന്നു മണി എന്ന വയനാടുകാരി ഇരുപത്തിനാലാം വയസ്സില്‍ കേരളത്തിന്റെ അഭിമാനമായി.
കേരളത്തില്‍ കളിച്ചുവളര്‍ന്നൊരു മലയാളി വനിത ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കുന്നത് ആദ്യം. ഇന്ത്യയുടെ ട്വന്റി 20 വനിതാ ക്രിക്കറ്റ് ടീമിലെത്തിയ മിന്നുമണി ബംഗ്ലാദേശിനെതിരേ നടന്ന മൂന്നു മത്സരങ്ങളുടെ  പരമ്പരയിലാണ് അരങ്ങേറിയതും തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചതും.
ആദിവാസിവിഭാഗമായ കുറിച്യസമുദായത്തില്‍പെട്ടൊരു പെണ്‍കുട്ടിയിലൂടെ വയനാട് മാനന്തവാടിയിലെ ചോയ്മൂല എന്ന ഗ്രാമം ഇന്ത്യന്‍ കായികഭൂപടത്തില്‍ സ്ഥാനം നേടി. അവിടെനിന്ന്   36 കിലോമീറ്റര്‍ സഞ്ചരിച്ച് ക്രിക്കറ്റ് പരിശീലിച്ച മിന്നുമണി കേരളത്തിലെ പെണ്‍കുട്ടികള്‍ക്കായി ക്രിക്കറ്റ്കളിയില്‍ പ്രതീക്ഷയുടെ കവാടം തുറന്നിരിക്കുകയാണ്.
ടിവിയില്ലാത്ത വീട്ടില്‍ വളര്‍ന്ന പെണ്‍കുട്ടി കൂലിപ്പണിക്കാരായ അച്ഛനെയും അമ്മയെയും  വിമാനത്തില്‍ കയറ്റി തന്റെ കളി കാണാന്‍ കൊണ്ടുപോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മിന്നുമണിയെന്ന താരം വളര്‍ന്ന ചുറ്റുപാടുകള്‍ വ്യക്തമാകുന്നു.
ഇടംകൈ ബാറ്ററും വലം കൈ ഓഫ് സ്പിന്നറുമായ മിന്നുമണിക്ക് ഇതൊരു തുടക്കം മാത്രമാണ്. ഏകദിന, ടെസ്റ്റ്ടീമുകളിലേക്കുള്ള ചുവടുവയ്പാകട്ടെ ഇത്. പ്രതികൂലസാഹചര്യങ്ങളുടെ മുന്നില്‍ പതറാതെ മുന്നേറിയ മിന്നുവിന്റെ കരുത്ത് വര്‍ഷങ്ങളുടെ പോരാട്ടം സമ്മാനിച്ച ആത്മവിശ്വാസംതന്നെ.
വനിതാ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടനവര്‍ഷം തന്നെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമില്‍ സ്ഥാനം നേടിയപ്പോള്‍ ഈ നേട്ടം കൈവരിച്ച ആദ്യമലയാളിവനിതയുമായി മിന്നുമണി. മൂന്നു മത്സരങ്ങളില്‍ കളിച്ചിട്ടും കാര്യമായി തിളങ്ങാനായില്ലെങ്കിലും ഷെഫാലി വര്‍മയ്ക്കും മെഗ് ലാനിങ്ങിനുമൊക്കെയൊപ്പം കളിക്കാനായത് വലിയ അനുഭവമായിരുന്നെന്നു മിന്നു പറയുന്നു. ചാലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ബ്‌ളൂടീമിനും ഇംഗ്ലണ്ടിനെതിരേ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനിലും ഇന്ത്യന്‍ എ ടീമിലുമൊക്കെ കളിച്ച മിന്നുവിന് ഈ സീസണിലെ പ്രകടനത്തിനു ലഭിച്ച അംഗീകാരമായി ഇന്ത്യന്‍ടീമിലെ സ്ഥാനം.
ബെംഗളുരുവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ടാര്‍ഗറ്റഡ് പ്‌ളെയേഴ്‌സ് ക്യാംപിലും പങ്കെടുത്തിരുന്നു.
ഹര്‍മന്‍ പ്രീത് കൗര്‍ നായികയും സ്മൃതി മന്ഥാന ഉപനായികയുമായ 18 അംഗ ഇന്ത്യന്‍ ടീമിലെ നാലു പുതുമുഖങ്ങളില്‍ ഒരാളാണ് മിന്നു.
വീടിനടുത്ത് പാടശേഖരത്ത് ആണ്‍കുട്ടികള്‍ക്കൊപ്പം പ്ലാസ്റ്റിക് പന്തുതട്ടി ക്രിക്കറ്റ് കളിച്ച പെണ്‍കുട്ടി പലപ്പോഴും സ്‌പെഷല്‍ ക്ലാസിന്റെ പേരു പറഞ്ഞാണ് കളിക്കാന്‍ ഇറങ്ങിയത്. മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ കായികാധ്യാപിക കെ.എം. എല്‍സമ്മ അവളിലെ കായികതാരത്തെ തിരിച്ചറിഞ്ഞു. ഷാനവാസ് എന്ന പരിശീലകന്‍ ആദ്യപാഠങ്ങള്‍ അഭ്യസിപ്പിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ തൊടുപുഴ, തിരുവനന്തപുരം, വയനാട് അക്കാദമികളില്‍ പരിശീലനം ലഭിച്ചു. വയനാട് കൃഷ്ണഗിരി സ്റ്റേഡിയം ഹോം ഗ്രൗണ്ടായി. 
സംസ്ഥാന അണ്ടര്‍ 16 വനിതാ ടീമില്‍ സ്ഥാനം കിട്ടിയതോടെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. തുടര്‍ന്ന് വിവിധ പ്രായവിഭാഗങ്ങളില്‍ സംസ്ഥാന ടീമിന്റെ തുറുപ്പുചീട്ട്.  ജൂനിയര്‍, യൂത്ത് തലങ്ങളില്‍  കെ.സി.എയുടെ അംഗീകാരം. അണ്ടര്‍ 23 ടീമില്‍ ടോപ് സ്‌കോറര്‍ ആയി. ദേശീയശ്രദ്ധ നേടാന്‍ അധികം കാത്തിരിക്കേണ്ടിവന്നില്ല.
പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നതിലെ എതിര്‍പ്പും ആദിവാസിക്കുട്ടിക്ക് കളിക്കളത്തില്‍ എന്തു ഭാവി എന്ന ചോദ്യവും അച്ഛന്‍ മണിയെയും അമ്മ വസന്തയെയും മാറ്റി ചിന്തിപ്പിച്ചില്ല. മിന്നുവിന് ഒരു സഹോദരിയുണ്ട്. മിമിത. ക്രിക്കറ്റ് കളി അറിഞ്ഞോ അറിയാതെയോ കുടുംബം ഒപ്പം നിന്നു. മകള്‍ അവരെ നിരാശപ്പെടുത്തിയില്ല.
 പിന്നാക്കവിഭാഗങ്ങളില്‍നിന്ന് കൂടുതല്‍ പ്രതിഭകള്‍ കളിക്കളത്തില്‍ ഇറങ്ങുവാന്‍ മിന്നുവിന്റെ നേട്ടം കാരണമാകട്ടെ.
 കേരളത്തില്‍ ജനിച്ച രണ്ടു വനിതകള്‍ ഇന്ത്യയ്ക്കു ടെസ്റ്റ് കളിച്ചിട്ടുണ്ട്. കണ്ണൂരില്‍ ജനിച്ച സുധ ഷായും നിരണംകാരി സൂസന്‍ ഇട്ടിച്ചെറിയയും. 
സുധ ഇന്ത്യന്‍നായികയും പിന്നീട് ഇന്ത്യന്‍ കോച്ചുമായി. കണ്ണൂര്‍ കുറ്റിക്കണ്ടി കനകമാണ് അമ്മ. അച്ഛന്‍ ജസ്വന്ത്‌ലാല്‍ ബിലാല്‍ ബായ് ഷാ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി.
സൂസന്റെ അച്ഛന്‍ കെ.കെ. ഇട്ടിച്ചെറിയയും അമ്മ ഗ്രേസിയും മലയാളികള്‍.
രണ്ടുപേരും ചെന്നൈയില്‍ വളര്‍ന്ന് ഇന്ത്യന്‍ടീമിലെത്തി; 1976 ല്‍ ആയിരുന്നു ഇരുവരുടെയും അരങ്ങേറ്റം.1978 ലെ ലോകകപ്പില്‍ സൂസനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആക്കിയതാണ്. പക്ഷേ, ഫ്‌ളൈറ്റ് വൈകിയതിനാല്‍ പകരം ഡയാന എഡുള്‍ജി നായികയായി.
 ഇനി അഭിമാനത്തോടെ പറയാം. മറുനാടന്‍ മലയാളിയല്ല, വയനാടന്‍ മലയാളി ഇന്ത്യന്‍ വനിതാക്രിക്കറ്റ് ടീമില്‍ എത്തിയിരിക്കുന്നു. 
ടിനു യോഹന്നാനും ശ്രീശാന്തും സഞ്ജു സാംസനും  പുരുഷന്മാരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥാനം നേടിയ കേരള താരങ്ങളാണ്. ടിനു ഇപ്പോള്‍ പരിശീലകനാണ്. ശ്രീശാന്ത് വിദേശത്ത് ലീഗ് കളിക്കാന്‍ ഒരുങ്ങുന്നു. സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനം വന്നുംപോയുമിരിക്കുന്നു.
മിന്നുവിന്റെ തുടക്കം എന്തായാലും ഗംഭീരമായി.
അധികംവൈകാതെ മിന്നുവിന് ഏകദിനമത്സരങ്ങളും  ടെസ്റ്റ് ക്രിക്കറ്റും  കളിക്കാന്‍ ഭാഗ്യമുണ്ടാകട്ടെ. നമുക്ക് വിജയം നേരാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)