•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മരണപ്പൊഴിയായി മാറിയ മുതലപ്പൊഴി

2004 ഡിസംബര്‍ 26 ലെ സുനാമിയും 2017 നവംബര്‍ 29 ലെ ഓഖിയും കശക്കിയെറിഞ്ഞ ഒരു ജനസമൂഹത്തെ കണ്ണീര്‍ക്കടലില്‍ മുക്കിത്താഴ്ത്തുന്ന  അവഗണനയുടെ പുതിയ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്.
ലോകമെമ്പാടുമുള്ള രാജ്യങ്ങളെ, പ്രത്യേകിച്ച് ഏഷ്യന്‍രാജ്യങ്ങളുടെ തീരപ്രദേശങ്ങളെ  പ്രകമ്പനം കൊള്ളിച്ച സുനാമിത്തിരകള്‍ 2,27,000 പേരുടെ ജീവനാണ് അപഹരിച്ചത്. ഇന്ത്യയില്‍മാത്രം 9,000 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ നമ്മുടെ സംസ്ഥാനത്ത് 155 പേരും മരണപ്പെട്ടു. ഓഖി ചുഴലിക്കാറ്റ് 52 പേരുടെ ജീവനെടുക്കുകയും 92 പേരെ കാണാതാവുകയും ചെയ്തു. രണ്ടു ദുരന്തങ്ങളിലുമായി സര്‍വതും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് ഇപ്പോഴും പരിഹാരമാകാതെയിരിക്കുന്നു. അഞ്ചുവര്‍ഷംമുമ്പ് പ്രഖ്യാപിച്ച 2,000 കോടി രൂപയുടെ ഓഖി പാക്കേജ് ഒരിടത്തും എത്തിയിട്ടില്ലെന്നതും  ഖേദകരമല്ലേ? ഗുജറാത്തിലെ ഒരു പ്രഫഷണല്‍ മാനേജുമെന്റ് സ്ഥാപനം 'കാര്യങ്ങള്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്ന' സര്‍ക്കാര്‍ വെളിപ്പെടുത്തല്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളോടുള്ള അവഗണനയുടെ ആഴം എത്രയെന്നു തുറന്നുകാട്ടുന്നതാണ്.
മരണപ്പൊഴിയായി മാറിയ അഴിമുഖം
ഈ മാസം 10-ാം തീയതി തിങ്കളാഴ്ച നേരം പുലരുംമുമ്പേ മുതലപ്പൊഴി അഴിമുഖത്തുനിന്ന് മത്സ്യബന്ധനത്തിനു പുറപ്പെട്ട ഒരു യന്ത്രവത്കൃതബോട്ട് ശക്തമായ തിരമാലകളിലും ചുഴിയിലും പെട്ട് മറിഞ്ഞാണ് നാലുപേരുടെ ജീവന്‍ പൊലിഞ്ഞത്. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ 2002 ല്‍ നിര്‍മാണം  തുടങ്ങിയ മുതലപ്പൊഴി  ഫിഷിംഗ് ഹാര്‍ബറിന്റെ  കവാടത്തിലായിരുന്നു അപകടം. പുലിമുട്ടുകളുടെ നിര്‍മാണം പൂര്‍ത്തിയായ 2006 നു ശേഷമുണ്ടായ 126 അപകടങ്ങളിലായി 63 പേരുടെ ജീവന്‍ നഷ്ടമാവുകയും 700 ലേറെപ്പേര്‍ പരിക്കേറ്റു ചികിത്സയിലും കഴിയുന്നു. 
പ്രശ്‌നങ്ങള്‍ ഒന്നിലധികം
പുലിമുട്ടുകളുടെ അശാസ്ത്രീയനിര്‍മാണമാണ് ദുരന്തങ്ങള്‍ക്കു കാരണമെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിട്ടും പരിഹാരം കാണാത്ത സര്‍ക്കാര്‍ നടപടിയിലെ അമര്‍ഷമാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിനു കാരണം. 40 മീറ്റര്‍ നീളത്തില്‍ തീര്‍ത്തിട്ടുള്ള പുലിമുട്ടുകളുടെ ദൈര്‍ഘ്യം 90 മീറ്ററായി വര്‍ധിപ്പിക്കണമെന്നും അഴിമുഖത്തിന്റെ വിസ്തൃതി കൂട്ടണമെന്നുമുള്ള വര്‍ഷങ്ങളായുള്ള മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കു നേരേ അധികൃതര്‍ കണ്ണടച്ചതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. പുലിമുട്ടുകളുടെ നീളം കൂട്ടണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ പഠനറിപ്പോര്‍ട്ടുകള്‍ പരിഗണിച്ചശേഷമേ അന്തിമതീരുമാനമെടുക്കൂ എന്ന നിലപാടാണ് തുറമുഖവകുപ്പു സ്വീകരിച്ചത്.
ചെന്നൈ ഐ ഐ ടി യിലെ ഡോ. സുന്ദര്‍ രൂപകല്പന ചെയ്ത മുതലപ്പൊഴി  ഫിഷിംഗ് ഹാര്‍ബറിന് വടക്കുംതെക്കുമായി രണ്ടു പുലിമുട്ടുകളാണു നിര്‍മിച്ചത്. തെക്കുഭാഗത്തെ പുലിമുട്ടിന്റെ നിര്‍മാണം തുടങ്ങിയപ്പോള്‍ത്തന്നെ  അതിന്റെ തെക്കുവശത്ത് മണല്‍ അടിയാന്‍ തുടങ്ങിയിരുന്നു. ശക്തമായ തിരമാലകള്‍ അടിച്ചുകയറാന്‍ തുടങ്ങിയതോടെ രണ്ടു പുലിമുട്ടുകള്‍ക്കിടയിലൂടെ മണല്‍ അകത്തേക്കു പ്രവേശിക്കുകയും ചെയ്തു. മണല്‍ ക്രമാതീതമായി അടിഞ്ഞുകൂടിയതോടെ വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും സുരക്ഷിതമായി പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയാണ് അഴിമുഖത്തുണ്ടായത്.
ചെന്നൈ ഐ ഐ ടി യുടെ പഠനങ്ങളും പ്രതിവിധികളും ഫലപ്രദമല്ലെന്നു തിരിച്ചറിഞ്ഞ സംസ്ഥാന തുറമുഖവകുപ്പിന്റെ ആവശ്യപ്രകാരം പൂനയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച്  സ്റ്റേഷനെ തുടര്‍പഠനത്തിനായി നിയോഗിച്ചു. ഈ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം 2011 ജനുവരിയില്‍ സംസ്ഥാനസര്‍ക്കാരിന് തങ്ങളുടെ റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. അവര്‍ക്കു തിരികെനല്കാനുള്ള ഡേറ്റയും റിപ്പോര്‍ട്ടു തയ്യാറാക്കിയതിന്റെ പ്രതിഫലമായ 54 ലക്ഷം രൂപയും കൈമാറുകയും ചെയ്തു. ഈ വര്‍ഷത്തെ മണ്‍സൂണിനുശേഷമുള്ള സ്ഥലത്തിന്റെ വ്യതിയാനം സംബന്ധിച്ച വിശദാംശങ്ങള്‍കൂടി കൈമാറാനുമുണ്ട്.
മുതലപ്പൊഴിക്കു സമീപമുള്ള കടലിലെ തിരമാലകളുടെ സ്വഭാവവും മണല്‍ നീക്കത്തിന്റെ തോതും പഠനവിധേയമായിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ല. യഥാര്‍ഥത്തില്‍, പുലിമുട്ടുകളുടെ നിര്‍മാണത്തോടെ കടല്‍ത്തീരത്തുണ്ടാകുന്ന സ്വാഭാവികമണലൊഴുക്കു തടസ്സപ്പെട്ടതാണ് പ്രധാന പ്രശ്‌നം. ഡ്രഡ്ജിംഗ് കൃത്യമായി നടന്നിരുന്നെങ്കില്‍ ഒഴുകിയെത്തുന്ന മണല്‍ അടിഞ്ഞുകൂടുന്നതു തടയാമായിരുന്നു. 6 മീറ്റര്‍ വേണ്ടിടത്ത് ആഴം രണ്ടു മീറ്ററായി കുറഞ്ഞപ്പോള്‍ ചുഴികള്‍ രൂപപ്പെടുകയും വള്ളങ്ങളും ബോട്ടുകളും മറിയുകയും ചെയ്തു. വള്ളങ്ങള്‍ പുറത്തേക്കുപോകുന്ന ചാലുകളുടെ ആഴക്കുറവു തിരിച്ചറിയാന്‍ ബോയ്കള്‍ സ്ഥാപിക്കണമെന്ന ആവശ്യവും അധികൃതര്‍ ചെവിക്കൊണ്ടില്ല. അതുപോലെ തന്നെ, തുറമുഖചാനലിനോടു ചേര്‍ത്ത് നിക്ഷേപിച്ചിട്ടുള്ള പാറക്കല്ലുകളും ടെട്രോപാഡുകളും അഴിമുഖത്തു വീണുകിടക്കുന്നതും  തടസ്സം സൃഷ്ടിക്കുന്നുണ്ട്.  അഴിമുഖത്തുള്ള മണലും പാറകളും നീക്കുകയും ആഴം 5 മീറ്ററെങ്കിലുമായി വര്‍ധിപ്പിക്കുകയും വേണം.
മുതലപ്പൊഴിവിഷയം 
സഭ ഏറ്റെടുക്കുന്നു.
വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖത്തിന്റെയും മുതലപ്പൊഴി മത്സ്യബന്ധനതുറമുഖത്തിന്റെയും നിര്‍മാണം തുടങ്ങിയതോടെയാണ് അഞ്ചുതെങ്ങുമുതല്‍ വേളി വരെയുള്ള തീരപ്രദേശങ്ങള്‍ അപകടമേഖലകളായി മാറിയത്. മുതലപ്പൊഴി അഴിമുഖത്തെ മാത്രം മരണസംഖ്യ 30 ല്‍ എത്തിനില്ക്കുന്നു. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സത്വരനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ മെത്രാപ്പോലീത്താ മോസ്റ്റ് റവ. ഡോ. തോമസ് നെറ്റോയും വികാരി ജനറാള്‍ മോണ്‍. യൂജിന്‍ പെരേരയും സമരമുഖത്തെത്തിയത് സര്‍ക്കാര്‍ വൃത്തങ്ങളെ ചൊടിപ്പിച്ചു. മുതലപ്പൊഴി സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, ആന്റണി രാജു എന്നിവര്‍ക്കു നേരേ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചത് വികാരി ജനറാളിന്റെ പ്രേരണയാലാണെന്ന് മന്ത്രിമാര്‍  ആരോപിച്ചു. 'അധികം ഷോ കാണിക്കല്ലേ' എന്ന് ആന്റണി രാജു പറഞ്ഞതായി പ്രതിഷേധക്കാര്‍ ആരോപിച്ചതും വന്‍സംഘര്‍ഷത്തിനു കാരണമായി. സംഭവങ്ങളെക്കുറിച്ച് മോണ്‍ യൂജിന്‍ പെരേര മാധ്യമങ്ങളോടു വിവരിച്ചതിങ്ങനെയായിരുന്നു: ''മത്സ്യത്തൊഴിലാളികളടെ വേദന മന്ത്രിമാര്‍ക്കറിയില്ല. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളിലെത്തി ആശ്വാസവാക്കുകള്‍ പറയാനോ, മൃതദേഹങ്ങള്‍ കണ്ടെടുക്കാനുള്ള നടപടികള്‍ക്കോ അവര്‍ മുന്‍കൈയെടുത്തില്ല. കലാപാഹ്വാനത്തിന് മത്സ്യത്തൊഴിലാളികളെ പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തി എനിക്കെതിരേ കേസെടുത്തിരിക്കുകയാണ്. ഇത് എന്റെപേരിലുള്ള 141-ാമത്തെ കേസാണ്. 'അധികം ഷോ കാണിക്കരുതെ'ന്നായിരുന്നു പ്രതിഷേധക്കാരുടെ നേരേ നോക്കി  ഒരു മന്ത്രി ആക്രോശിച്ചത്. 141-ാമത്തെ കേസില്‍ എന്നോടൊപ്പം 50 പേരെക്കൂടി പ്രതിചേര്‍ത്തിരിക്കുകയാണ്. വാസ്തവത്തില്‍, മന്ത്രിമാരുടെ മര്യാദകെട്ട സംസാരവും പെരുമാറ്റവുമാണ് അന്തരീക്ഷം പ്രക്ഷുബ്ധമാക്കിയത്.'' ഭയപ്പെടുത്തി നിശബ്ദരാക്കാന്‍ നോക്കേണ്ടെന്ന് സംഭവങ്ങളെക്കുറിച്ചു പ്രതികരിക്കവേ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്താ മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അഭിപ്രായപ്പെട്ടു. മന്ത്രിമാരുടെ അപക്വമായ പെരുമാറ്റമാണ് സംഘര്‍ഷം ഇരട്ടിപ്പിച്ചതെന്നും ജനങ്ങളുടെ ശബ്ദമാകാനാണ് മോണ്‍. യൂജിന്‍ പെരേര ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കൊപ്പം നിലകൊണ്ട കത്തോലിക്കാസഭ നിലപാടു കടുപ്പിച്ചതോടെ സര്‍ക്കാര്‍തലത്തില്‍ ചില അടിയന്തരതീരുമാനങ്ങള്‍ എടുത്തതായറിയുന്നു. അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് വീടും വരുമാനമാര്‍ഗങ്ങളും ഉറപ്പാക്കുമെന്നതാണ് ഒരു തീരുമാനം. അഴിമുഖത്ത് അടിഞ്ഞുകൂടിയിരിക്കുന്ന മണലും വീണുകിടക്കുന്ന പാറക്കല്ലുകളും നീക്കാനും അഴിമുഖത്തിന്റെ ആഴം വര്‍ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായറിയുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)