•  10 Apr 2025
  •  ദീപം 58
  •  നാളം 6
ലേഖനം

കടന്നുപോയ ഇതിഹാസം

കേരളം കണ്ട ഏറ്റവും പ്രഗല്ഭനായ മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിനുത്തരമായി പല പേരുകള്‍ ഉയര്‍ന്നുവരാം. തിരുവിതാംകൂറിലും പിന്നെ തിരുക്കൊച്ചിയിലും പിന്നീട് കേരളത്തിലും മുഖ്യമന്ത്രിയാകാന്‍ നക്ഷത്രയോഗമുണ്ടായ രാജാവും ദിവാനുമൊഴികെ സര്‍വരും, അനുയായികള്‍ മാത്രമല്ല എതിരാളികള്‍ പോലും, ''താണുപിള്ള സാര്‍'' എന്നുമാത്രം പറയാന്‍ ധൈര്യപ്പെട്ട കേരളത്തിന്റെ രാഷ്ട്രീയഭീഷ്മാചാര്യനെന്നു തന്റെ വിമര്‍ശകരെക്കൊണ്ടു പോലും വിളിപ്പിച്ച സാക്ഷാല്‍ പട്ടം താണുപിള്ളയും, കൊച്ചിയിലും തിരുക്കൊച്ചിയിലും മുഖ്യമന്ത്രിയും പിന്നീട് കേന്ദ്രമന്ത്രിയുമായ, ഗോവിന്ദമേനോന്‍ വക്കീലെന്നു തന്റെ കക്ഷികളെക്കൊണ്ടും പനമ്പള്ളിയെന്നു ജനങ്ങളെക്കൊണ്ടും പറയിച്ച, പത്രമാധ്യമങ്ങള്‍ ബുദ്ധിരാക്ഷസനെന്നു വിശേഷിപ്പിച്ച പനമ്പള്ളി ഗോവിന്ദമേനോനും, കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയെന്നും ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെന്നും ചരിത്രത്തില്‍ ഇടം നേടിയ ഇ.എം.എസ്. നമ്പൂതിരിപ്പാടും, ഏതു പ്രതിസന്ധിയിലും സ്വന്തംനിലയും വിലയും ഒട്ടും വിടാതെ നിന്നു, സമര്‍ഥനായ ധനകാര്യമന്ത്രിയെന്നുകൂടി പേരെടുത്ത്, പാര്‍ട്ടിയിലെ വിമതവിഭാഗം വിപ്പു ലംഘിച്ചു പ്രതിപക്ഷത്തോടു ചേര്‍ന്ന് അവിശ്വാസപ്രമേയത്തിനനുകൂലമായി വോട്ടുചെയ്ത് അധികാരത്തില്‍നിന്നു പുറത്താക്കിയപ്പോള്‍  വളയാത്ത നട്ടെല്ലോടെ ബ്രഹ്‌മാവുതന്നെ സൃഷ്ടിച്ചതുകൊണ്ടു തനിക്കിതല്ലാതെ വേറേ വഴിയില്ലെന്നു പ്രഖ്യാപിച്ചു രാജിവച്ചു പോയ ആര്‍. ശങ്കറും, പ്രൗഢമായ ലാളിത്യവും സത്യസന്ധതയും സാത്വികസ്വഭാവവും ഭരണകാര്യക്ഷമതയും കൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും  സ്‌നേഹാദരവാര്‍ജിച്ച ചേലാട്ട് അച്യുതമേനോനും, പാര്‍ട്ടിയിലെ തന്റെ പ്രതിയോഗികളെക്കൊണ്ടുകൂടിത്തന്നെ 'ലീഡര്‍' എന്നു വിളിപ്പിച്ച, സ്വന്തം ചിരിയും തന്റെ നേര്‍ത്ത ഖദര്‍ജുബ്ബയും സ്വന്തം പൊളിറ്റിക്കല്‍ ബ്രാന്‍ഡാക്കിയ സാക്ഷാല്‍ ലീഡര്‍ കെ. കരുണാകരനും, തന്റെ മുഖവും മുഖഗൗരവവും മാത്രമല്ല നീട്ടിയും കുറുക്കിയുമുള്ള തന്റെ തനി നാടന്‍ പ്രസംഗശൈലിപോലും ശക്തിയേറിയ ആയുധമാക്കിക്കൊണ്ടു സ്വപക്ഷത്തു മാത്രമല്ല തന്റെ എതിര്‍പക്ഷത്തും സ്വന്തം ജനാനുകൂല്യമുറപ്പിച്ച അച്യുതാനന്ദനും, മാസങ്ങള്‍ മാത്രം മുഖ്യമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദുകോയയുമൊക്കെ ആദ്യലിസ്റ്റില്‍ ഇടം നേടാനിടയുള്ളവരാണ്. എന്നാല്‍, കേരളം കണ്ട ഏറ്റവും ജനപ്രിയരായ മുഖ്യമന്ത്രിമാരുടെ കണക്കെടുത്താല്‍ രണ്ടേ രണ്ടു പേരുകള്‍ക്കേ മുന്‍തൂക്കം വരൂ. സാക്ഷാല്‍ ഇ.കെ.നായനാരും പിന്നെ ഉമ്മന്‍ചാണ്ടിയും. ഒരര്‍ഥത്തില്‍പ്പറഞ്ഞാല്‍ ജനങ്ങള്‍ അവരെയല്ല, പ്രത്യുത അവര്‍ ജനങ്ങളെയാണു ആരാധിച്ചിരുന്നത്. അതായിരുന്നു നായനാരുടെയും ഉമ്മന്‍ചാണ്ടിയുടെയും വിജയരഹസ്യവും!
ഉമ്മന്‍ചാണ്ടിയുടെ വിയോഗം അപ്രതീക്ഷിതമെന്നു പറയാനാവില്ല. പക്ഷേ, അതു സൃഷ്ടിക്കുന്ന ഒരു നഷ്ടബോധം അപരിഹാര്യമാണ്. ഉമ്മന്‍ചാണ്ടി ചിട്ടയോ ടൈം ടേബിളോ വച്ചു ജീവിച്ച ഒരു നേതാവായിരുന്നില്ല. രാപകല്‍വ്യത്യാസമില്ലാതെ അദ്ദേഹം എന്നും എപ്പോഴും ജനങ്ങള്‍ക്കിടയില്‍ ജീവിച്ച യഥാര്‍ഥജനകീയനുമായിരുന്നു. വിദ്യാര്‍ഥി കാലഘട്ടംമുതല്‍ തമ്മിലറിയാമായിരുന്നെങ്കിലും കൂടുതല്‍ ആഴമായ ഒരു അടുപ്പവും സൗഹൃദവും വന്നത്  കോളജു കാലം കഴിഞ്ഞ് ഒ.സി. കോട്ടയത്തും ഞാന്‍ പാലായിലും അവിഭക്തകോണ്‍ഗ്രസില്‍ സജീവമായതോടെയാണ്. പക്ഷേ, 1969 ല്‍ പാര്‍ട്ടിയില്‍ ദേശീയതലത്തില്‍ പിളര്‍പ്പുണ്ടായ തോടെ ഉമ്മന്‍ചാണ്ടി ഇന്ദിരാവിഭാഗം കോണ്‍ഗ്രസിലും ഞാന്‍ മൊറാര്‍ജി - നിജലിംഗപ്പാ വിഭാഗത്തിന്റെ സംഘടനാകോണ്‍ഗ്രസിലുമായി. ഒ. സി. ഇന്ദിരാ എ.ഐ.സി.യിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഞാന്‍ സംഘടനാ കോണ്‍ഗ്രസ് എ.ഐ.സി.യിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഒരേ പ്രായവും. എനിക്കായിരുന്നു ഏഴു ദിവസത്തെ മൂപ്പ്. 1943 ഒക്ടോബര്‍ 24നു ഞാനും 1943 ഒക്ടോബര്‍ 31 ന് ഉമ്മന്‍ചാണ്ടിയും. പിളര്‍പ്പിനെത്തുടര്‍ന്ന് രണ്ടുപക്ഷത്തായപ്പോഴും സൗഹൃദത്തിനു മാറ്റമൊന്നുമുണ്ടായില്ല! ഏതു മാനദണ്ഡംവച്ച് അളന്നാലും ഉമ്മന്‍ചാണ്ടി ഒരു ഒന്നാംതരം ലീഡര്‍ മെറ്റീരിയലാണെന്ന് അദ്ദേഹത്തിന്റെ എതിരാളികള്‍പോലും സമ്മതിക്കാ തിരിക്കുകയില്ല. ഒ.സി.യ്ക്ക് രാഷ്ട്രീയതന്ത്രങ്ങളുമറിയാം. കേരളം കണ്ട ജനപ്രിയമുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ചാണ്ടി ഏറ്റവും മുന്‍നിരയിലാണെന്നതിലും രണ്ടുപക്ഷമുണ്ടാവുകയില്ല.
മടുപ്പില്ലാതെ ജോലി ചെയ്യാനും യാത്ര ചെയ്യാനും ഒ.സി.യെപ്പോലെ സാധിക്കുന്നവരും അധികമില്ല. ഉപചാരമര്യാദകളുമറിയാം. ഇഷ്ടക്കേട് കാണിക്കേണ്ട വരോട് അതു കാണിക്കാനുമറിയാം. അധികാരമുള്ളപ്പോഴും പക്ഷേ ഒട്ടും അഹങ്കാരമില്ല.
എനിക്ക് അദ്ദേഹത്തെ ഒ.സി. എന്നുവിളിക്കാനുള്ള സ്വാതന്ത്ര്യം അന്നും എന്നും അനുവദിച്ചുതന്നിരുന്നു. എന്നാല്‍, എന്നെ സിറിയക് തോമസ് എന്നു മുഴുവനായേ പറയാറുള്ളൂ. ഞാന്‍ വൈസ് ചാന്‍സിലറായിരുന്നപ്പോള്‍ ചിലപ്പോഴൊക്കെ മാത്രം വി.സി എന്നും. ഞങ്ങളുടെ അമ്മയോട് (മിസ്സിസ് ആര്‍.വി തോമസ്) ഉമ്മന്‍ ചാണ്ടി എന്നും വളരെ സ്‌നേഹവും ആദരവും കാണിച്ചിരുന്നു. അമ്മയുടെ അമ്മവീടും പുതുപ്പള്ളിയിലായിരുന്നതു കൊണ്ടും രണ്ടു കുടുംബങ്ങളും ഒരേ ഇടവക പള്ളി ആയിരുന്നതുകൊണ്ടുംകൂടിയാവാം ഞങ്ങളുടെ അമ്മയ്ക്കും ഉമ്മന്‍ചാണ്ടിയോട് ഒരല്പം വാത്സല്യക്കൂടുതലും ഉണ്ടായിരുന്നു. 2013 മാര്‍ച്ച് 13 ന് അമ്മയുടെ ജന്‍മശതാബ്ദിയാഘോഷങ്ങള്‍ കോട്ടയത്ത് മാര്‍ത്തോമാ സെമിനാരി പള്ളി ഹാളില്‍ ഉദ്ഘാടനം ചെയ്തതും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ്. ശതാബ്ദിസ്മരണികയില്‍ അമ്മയെക്കുറിച്ച് നല്ല ഒരു ലേഖനം എഴുതിത്തരാനും തന്റെ തിരക്കുകള്‍ക്കിടയിലും ഒ.സി സന്മനസ്സ് കാട്ടി. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പു കാലത്ത് പാലായില്‍ പ്രചാരണത്തിനു വന്നപ്പോള്‍ വീട്ടില്‍വന്നു കുറച്ചേറെ സമയം ചെലവഴിച്ചാണു പഴയ സൗഹൃദം പുതുക്കി മടങ്ങിയതും. ഡല്‍ഹിയില്‍ അഞ്ചു വര്‍ഷത്തെ ദേശീയന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനക്കമ്മീഷനംഗത്വകാലാവധി അവസാനിച്ചു ഞാന്‍ മടങ്ങിയെത്തുമ്പോള്‍ ഒ.സി.യുടെ മന്ത്രിസഭാകാലാവധി തീരാന്‍ കഷ്ടിച്ച് ഒരു വര്‍ഷം കൂടിയേ ഉണ്ടായിരുന്നുള്ളൂ. കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതാപഠനക്കമ്മീഷന്റെ ചെയര്‍മാനായി എന്നെ നിയോഗിക്കാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനായിരുന്ന അംബാസിഡര്‍ (റിട്ട)ശ്രീ ടി.പി. ശ്രീനിവാസനും ചേര്‍ന്നായിരുന്നു. നാലുമാസം കൊണ്ട് അതിന്റെ റിപ്പോര്‍ട്ട് സ്വകാര്യ സര്‍വകലാശാലകളാരംഭിക്കുന്നതിന് അനുകൂല നിലപാടു വ്യക്തമാക്കിക്കൊണ്ടുള്ളതായിരുന്നു. കമ്മീഷന്‍ ശിപാര്‍ശ പൂര്‍ത്തിയാക്കുന്നതില്‍ ഏറ്റവും സഹായിച്ചത് മുന്‍ ഡി.ജി.പി. ഡോ. ജേക്കബ് പുന്നൂസും എം. ജി. യൂണി. മുന്‍ രജിസ്ട്രാര്‍ ഡോ. ജോസ് ജെയിംസുമായിരുന്നുവെന്നതും നന്ദിയോടെ ഓര്‍മ്മിക്കുന്നു. അതു നടപ്പാക്കാന്‍ കഴിയാതെ പോയതിന്റെ ദുഃഖം പാലായില്‍ വന്നു കണ്ട സന്ദര്‍ഭത്തിലും ഒ. സി. പങ്കുവയ്ക്കുകയുമുണ്ടായി. 2008 ല്‍ ഞാന്‍ 'മുറിവേറ്റ സിംഹങ്ങള്‍' എന്ന പേരില്‍ കേരളത്തിലെ പതിന്നാലു സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ചെഴുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലും ഒ. സി. വന്നു പങ്കെടുത്തതും ഓര്‍മയിലുണ്ട്. അന്നത്തെ ചടങ്ങില്‍ വേറേ രണ്ട് 'ഇതിഹാസങ്ങള്‍' കൂടി പങ്കെടുക്കുകയുണ്ടായി. അഭിവന്ദ്യ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായും മലയാള മനോരമ ചീഫ് എഡിറ്റര്‍ പത്മഭൂഷണ്‍ ശ്രീ കെ.എം.മാത്യുവും! പുസ്തകത്തിന് അവതാരികയെഴുതിയതും ശ്രീ കെ.എം. മാത്യുവായിരുന്നു. ഒ.സി. മുഖ്യമന്തിയായിരിക്കെയാണു കണ്ണൂര്‍ മഹാത്മാ മന്ദിരത്തിന്റെ ഗാന്ധി പുരസ്‌കാരം കണ്ണൂരില്‍ വന്ന് എനിക്കു  സമ്മാനിച്ചതും. ഇണക്കങ്ങളും ചെറിയ പിണക്കങ്ങളുമായി അറുപതു വര്‍ഷത്തിലധികം നീണ്ട ഒരു പ്രൗഢസൗഹൃദത്തിനാണ് ഇന്നലെ തിരശ്ശീല വീണത്. അധികാരികളെ നോക്കി 'അവശന്മാര്‍, ആര്‍ത്തന്മാര്‍, ആലംബഹീനന്മാര്‍, അവരുടെ സങ്കടമാരറിവൂ' എന്നു ചോദിച്ച കവിക്കു ജീവിതം കൊണ്ടു മറുപടി പറഞ്ഞ നേതാവായിരുന്നു ശ്രീ ഉമ്മന്‍ചാണ്ടി. സ്വര്‍ഗത്തില്‍ അതിനു കൃത്യമായ കണക്കുമുണ്ടാവും. തീര്‍ച്ച. ആദരവോടെ പ്രണാമം!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)