ക്രിസ്തുഗാഥയുടെ ദര്‍ശനങ്ങളിലൂടെ ലോകസമാധാനത്തിനായി വേദനകളെ പൂവിതളാക്കിയ ആര്‍ഷഭാരതപുത്രിയാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ. ആധുനികതയുടെ അതിവേഗങ്ങളിലും, ജൂലൈമാസത്തിലെ കോരിച്ചൊരിയുന്ന മഴയിലും, ഭരണങ്ങാനത്തിന്റെ മണ്ണിലേക്ക് ഓടിയെത്തുന്ന ലക്ഷോപലക്ഷം വിശ്വാസികള്‍ക്ക് ആശ്രയമേകുന്ന സ്വര്‍ഗീയമദ്ധ്യസ്ഥ. നോവുന്ന ഹൃദയങ്ങള്‍ക്കു സാന്ത്വനമേകാന്‍ കാലം കാത്തുവച്ച പുണ്യവതി.
മനുഷ്യനായി പിറന്ന ഒരാള്‍ക്കും താങ്ങാനാവാത്ത വേദനകളെ കടിച്ചമര്‍ത്തി സഹനത്തിന്റെ മകുടോദാഹരണമായി മാറിയ ഈ ക്ലാരസഭാമലരിന്റെ കുസുമത്തിന്റെ സുഗന്ധം ലോകമെങ്ങും പരന്നു.
ചെറിയ വേദനകളെപ്പോലും അതിജീവിക്കാനാവാതെ പാതിവഴിയില്‍ പലപ്പോഴും നാം കാലിടറി വീണുപോകാറുണ്ട്. അപ്പോഴൊക്കെയും ആത്മീയമായൊരു അനുഭൂതി നല്കി പിടിച്ചെഴുന്നേല്പിക്കുന്ന ദൈവികമായൊരു ശക്തിയാണ് അല്‍ഫോന്‍സാമ്മ.
കൂടെയുള്ളവരുടെ ചിറകുകള്‍ അരിഞ്ഞുവീഴ്ത്തി തന്റെ സ്വപ്നങ്ങളെ മാത്രം വെട്ടിപ്പിടിക്കാനുള്ള ത്വരയിലാണ് ആധുനികതലമുറ. മൂല്യങ്ങളെ മറന്ന് മുന്നോട്ടുകുതിക്കുന്ന ഈ സ്വാര്‍ഥമതികള്‍ പ്രതീക്ഷിക്കാത്ത തിരിച്ചടികള്‍ കിട്ടുമ്പോള്‍ മാത്രമാണ് പലപ്പോഴും ദൈവത്തിലേക്കു തിരിയുന്നത്.
ദൈവവിശ്വാസത്തിലടിയുറച്ചു നില്ക്കാതെ, ജീവിതയാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ ത്രാണിയില്ലാതെ, ദുഃഖത്തിന്റെ കരിനിഴല്‍ വീഴ്ത്തി നിരാശയുടെ പടുകുഴിയിലേക്കവര്‍ വീണുപോകുന്നു.
പുണ്യതീര്‍ഥങ്ങളില്‍ മുങ്ങിക്കുളിച്ചിട്ടും ആത്മശുദ്ധി വരാതെ പരക്കം പായുന്ന മനുഷ്യര്‍ വര്‍ത്തമാനകാലത്തിന്റെ പല വികലമായ കാഴ്ചപ്പാടിലും ശരി കണ്ടെത്തുകയാണ്.
മനുഷ്യത്വത്തിന്റെ ഒരംശംപോലുമില്ലാത്തവര്‍ക്ക്, അപരനില്‍ ഈശ്വരനെ ദര്‍ശിക്കാന്‍ കഴിയാത്തവര്‍ക്ക് ആരോടും ക്ഷമിക്കാനോ ആരെയും ചേര്‍ത്തുപിടിക്കാനോ കഴിയില്ല. സംസാരശേഷിയുണ്ടെങ്കിലും ആരോടും ഒരാശ്വാസവാക്കു പറയാന്‍പോലും മടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.
'കാഴ്ചയുണ്ടെങ്കിലും കാഴ്ചപ്പാടില്ലാത്തതാണ് അന്ധതയെക്കാള്‍ ഭീകരമായ മുഖം' എന്ന് ഹെലന്‍ കെല്ലര്‍ എഴുതിയത് എത്ര സത്യമാണ്!
ബ്രെയിന്‍ ഫിവര്‍ എന്ന രോഗം വന്ന് അന്ധയും ബധിരയും മൂകയുമായിത്തീര്‍ന്ന ഹെലന്‍ കെല്ലറുടെ ഇരുളുവിഴുങ്ങിയ സ്വപ്നങ്ങളെ പ്രത്യാശയുടെ പ്രകാശത്തിലേക്കു നയിച്ച ശക്തി ഈശ്വരവിശ്വാസമാണെന്ന് ജീവിതംകൊണ്ടവര്‍ ലോകത്തിനു സാക്ഷ്യപ്പെടുത്തി.
ഈശ്വരനിലാശ്രയിച്ചപ്പോള്‍ സകല പ്രതിസന്ധികളെയും തരണം ചെയ്യാന്‍ അവര്‍ക്കു കഴിഞ്ഞു.
സഹവര്‍ത്തിത്വത്തിലൂടെ സഹജീവികളെ മനസ്സിലാക്കാനും അവരുടെ കണ്ണീരൊപ്പാനും കഴിഞ്ഞില്ലെങ്കില്‍ ഈ ജീവിതം കൊണ്ട് എന്താണു പ്രയോജനം? കുടുംബജീവിതത്തിലായാലും സന്ന്യാസജീവിതത്തിലായാലും മൂല്യബോധത്തോടുകൂടി ആത്മസമര്‍പ്പണത്തിന്റെ അനശ്വരതയിലെത്തുമ്പോള്‍ മാത്രമേ നാമൊരു നല്ല ക്രിസ്ത്യാനിയാകുന്നുള്ളൂ. നല്ലൊരു മനുഷ്യനാകുന്നുള്ളൂ.
നല്ല വ്യക്തിത്വത്തിനുടമയെന്നു ധരിച്ച് പ്രാര്‍ഥിക്കാന്‍ ചെന്ന പ്രീശനെക്കാള്‍, പാപിയാണെന്നു കരുതിയ ചുങ്കക്കാരനാണ് ദൈവസന്നിധിയില്‍ കൂടുതല്‍ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങിയത്. 'തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടുമെന്ന' ദൈവവചനം എക്കാലവും പ്രസ്‌കതമാണ്.
രണ്ടായിരാമാണ്ടിന്റെ തുടക്കം മുതലുള്ള ഡിജിറ്റല്‍ വിപ്ലവത്തിലൂടെയും സോഷ്യല്‍ മീഡിയായുടെ കടന്നുകയറ്റത്തിലൂടെയും മനുഷ്യന്‍ അവനവനിലേക്ക് ഒതുങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഒരു 'അവനവനിസം' ഉടലെടുക്കുന്നുണ്ട്. അതുമാത്രമല്ല, മതത്തിനും വിശ്വാസത്തിനും ഒരുപാട് വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടംകൂടിയാണിതെന്നു നമുക്കറിയാം.
വര്‍ത്തമാനകാലതലമുറയുടെ മുന്നില്‍ മാനവികദര്‍ശനങ്ങളുടെ നേര്‍സാക്ഷ്യമാണ് അല്‍ഫോന്‍സാമ്മ. ജാതിമത-വര്‍ഗ-വര്‍ണഭേദമെന്യേ അമ്മയുടെ ചാരത്തണയുന്നവര്‍ തിരികെമടങ്ങുന്നത് അതുവരെ അനുഭവിച്ചിട്ടില്ലാത്തൊരു ആത്മീയാനുഭൂതിയുടെ നിറവിലാണ്.
അല്‍ഫോന്‍സാമ്മയുടെ തിരുരൂപത്തിനു മുമ്പിലിരിക്കുമ്പോള്‍ കിട്ടുന്ന ശാന്തതയും സമാധാനവും വാക്കുകള്‍ക്കതീതമാണ്. നാം സ്വയം തിരിച്ചറിയുന്നൊരു അവസ്ഥയാണത്. ആ കണ്ണുകളില്‍നിന്നു പ്രവഹിക്കുന്ന കരുണയുടെ കിരണങ്ങളില്‍നിന്ന് നമ്മളറിയാതെതന്നെ സ്‌നേഹത്തിന്റെ മഹാകാവ്യം വിരചിതമാവുകയാണ്.
വെറുപ്പില്‍നിന്ന് സ്‌നേഹത്തിലേക്ക് ഒഴുകിപ്പരക്കുന്ന നദിയാണവള്‍. ആ നദിയില്‍ മുങ്ങിനിവര്‍ന്നവരൊക്കെയും സമാധാനം എന്തെന്നറിഞ്ഞു. തന്റെ ചിന്താധാരകളെയും മൂല്യബോധത്തെയും ചേര്‍ത്തുപിടിച്ചു. ജീവിതബന്ധങ്ങളില്‍നിന്നു മോചിതയായി പരംപൊരുളായ ദൈവത്തിന്റെ ബന്ധനത്തിലായി. ദേഹവും ദേഹിയും ഒന്നാകുന്ന അവസ്ഥാന്തരം.
മാനുഷികമൂല്യങ്ങള്‍ മറന്നുപോയ സ്വാര്‍ഥത്ഥമനസ്സുകളിലേക്ക് അല്‍ഫോന്‍സാമ്മ സഹനത്തിന്റെ മഴയായി പെയ്തിറങ്ങി..
ദൃഢമായ മനുഷ്യബന്ധങ്ങളാണ് എന്നും സ്‌നേഹത്തിന്റെ അടിത്തറ.
ഉപഭോഗസംസ്‌കാരത്തിന്റെ അടിമകളായി ജീവിക്കുമ്പോള്‍ സ്‌നേഹനിര്‍ഭരമായ നിമിഷങ്ങള്‍ പലതും നാം തിരിച്ചറിയാതെ പോകുകയാണ്.
ജീവിതത്തിലെ കഷ്ടതകളും വേദനകളും മാനസിക സംഘര്‍ഷങ്ങളും വിവരിക്കാനാവാത്തവിധം അല്‍ഫോന്‍സാമ്മയുടെ ജീവിതത്തിലുമുണ്ടായിരുന്നു. അപ്പോഴെല്ലാം സഹനത്തിലൂടെ തന്റെ മനസ്സിനെയും ശരീരത്തെയും കൂടുതല്‍ പാകപ്പെടുത്തി. പരീക്ഷണങ്ങള്‍ക്കു കൂടുതല്‍ വിധേയയായി, ദൈവത്തിന്റെ പ്രിയപ്പെട്ട മകളായി. ആരുമറിയാത്തവളായി ജീവിച്ച് ദൈവപരിപാലനയില്‍ ലോകമറിയുന്നവളായിത്തീര്‍ന്നു.
പണവും സ്വാധീനവുംകൊണ്ടു കെട്ടിപ്പൊക്കുന്ന സൗധങ്ങള്‍ക്ക് ഇഹലോകത്തില്‍മാത്രമേ ഇടമുള്ളൂവെന്ന് തന്റെ ജീവിതംകൊണ്ട് അല്‍ഫോന്‍സാമ്മ നമ്മളെ പഠിപ്പിച്ചു. ലൗകികമോഹങ്ങളെ നിയന്ത്രിച്ച്, ലോകനാഥനെ ദര്‍ശിച്ചുകൊണ്ട് നമുക്കും ജീവിക്കാം.
തേന്‍മഴയുടെ മാധുര്യമായി, കുളിര്‍കാറ്റിന്റെ കരസ്പര്‍ശമായി അല്‍ഫോന്‍സാമ്മ നമ്മെ തഴുകി കടന്നുപോകുന്നു.