സ്ഥിതിസമത്വമെത്ര ധന്യധര്‍മം
ക്ഷിതിയതു സഫലീകരിക്കുന്നു സത്യം
പ്രകൃതിയോ കര്‍മമാക്കുന്നു നിത്യം
പ്രശോഭനപ്രസാദനന്മയാം സമത്വം
പ്രാണവായുവും കാറ്റും വെയിലും നിലാവും
പ്രസരണപ്രിയരായേവര്‍ക്കുമേകുന്നു
സഹര്‍ഷസമ്മോഹനസമര്‍പ്പിതരായ്
സമത്വകാന്തി ചിന്തുന്നു സദാ
മനുഷ്യന്‍ ഹാ! എത്ര മനോഹരപദം
മന്നിനു മഹിതമഹിമയുണര്‍ത്തുന്നോര്‍
പ്രത്യയശാസ്ത്രം പഠിച്ചു പ്രസംഗങ്ങളില്‍
സമത്വസ്ഥിതിക്കു ജീവനേകുന്നു.
പ്രവൃത്തിയിലാക്കാനാവാതെ - വായ്ത്താരി
പ്രഘോഷണവിപ്ലവത്തില്‍
രാഷ്ട്രീയക്കാര്‍ മുന്നേറുന്ന നാട്ടില്‍
രമ്യസ്ഥിതി സമത്വം മിഥ്യാമിന്നലായ് പൊലിയുന്നു
മണ്ണും വിണ്ണുമാകാശതാരങ്ങളെന്നും
മഹത്ത്വമാം സമഭാവന പുലര്‍ത്തുവോര്‍
മലരുകള്‍ മണവും നിറവും ഭംഗിയും
മാലോകര്‍ക്കേകും ധര്‍മധന്യര്‍.
മഴയും പുഴയും മലകളും മരുക്കളും
മനോജ്ഞസമത്വസംവാഹകര്‍
ചിരിയില്ലെങ്കിലും തുല്യസ്ഥിതി കര്‍മ
ചാരുതാചൈതന്യധര്‍മശീലര്‍
ഇസമതു സമത്വവ്യവസ്ഥിതി സുഖം
ഈ വിശ്വത്തിനാകെ വിമോഹനമെങ്കിലും
ഇന്നോയിടനെഞ്ചുപൊട്ടി കണ്ണീര്‍തൂവി- മണ്ണില്‍
ഇടംകിട്ടാതെയലയുന്നുവല്ലോ.
മന്നിലൊരിടത്തു മാത്രം സ്ഥിതിസമത്വം
മന്നവനും യാചകനുമിവിടെ തുല്യര്‍
ശ്മശാനമാമാത്മവിദ്യാലയത്തിലൊരേ
ശയ്യാതലത്തിനാറടിമണ്ണുകിട്ടിയാലും
ജഡമായനുഭവിക്കുന്നു സമത്വസ്ഥിതി
ജരാനര പിടിക്കാത്ത സമഭാവനാനിധി.