കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രളയമുണ്ടായപ്പോള്‍ സഹായവുമായി നിരവധിപേര്‍ കടന്നുവന്നു. അനേകായിരം ജീവനുകളെയാണ് അന്നു രക്ഷപ്പെടുത്തിയത്. ഉപജീവനമാര്‍ഗ്ഗമായ ബോട്ടുമായി പാഞ്ഞെത്തി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യബന്ധനത്തൊഴിലാളികളുടെ മനസ്സ് നാം കാണാതെ പോകരുത്.
ഉപഭോഗസംസ്‌കാരത്തിന്റെയും നാഗരികതയുടെയും പിന്നാലെ പരക്കംപായുന്ന ആധുനികാനന്തരസമൂഹത്തിലാണ് നാമിന്നു ജീവിക്കുന്നത്. സ്വാര്‍ഥതാത്പര്യങ്ങളും സുഖലോലുപതയും മുഖമുദ്രയാക്കി ജീവിക്കുന്ന സമൂഹമെന്നു പൊതുവേ മുദ്രകുത്തപ്പെട്ടിട്ടുണെ്ടങ്കിലും മനുഷ്യത്വം നഷ്ടപ്പെടാത്ത ഒട്ടനവധി മുഖങ്ങള്‍ നമുക്കു കണ്ടുമുട്ടുവാന്‍ സാധിക്കുന്നുണ്ട്.
അന്യന്റെ കഷ്ടപ്പാടുകള്‍ കണ്ട് അവരെ സഹായിക്കുന്നതും അപകടം സംഭവിച്ചു വഴിയരികില്‍ കിടക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നതും അന്ധനായ കാല്‍നടയാത്രക്കാരനെ കൈപിടിച്ചു നടത്തി ബസില്‍ കയറ്റിവിടുന്നതുമെല്ലാം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യത്വം മരിച്ചിട്ടില്ല എന്നതിന്റെ തെളിവുകളാണ്.
ഈയിടെയുണ്ടായ കരിപ്പൂര്‍ വിമാനാപകടത്തിലും പെട്ടിമുടി ദുരന്തത്തിലുമെല്ലാം മനുഷ്യത്വത്തിന്റെ വിവിധ മുഖങ്ങളെ നാം ദര്‍ശിച്ചതാണ്. ഒരാളുടെയെങ്കിലും ജീവന്‍ രക്ഷിക്കാനായാല്‍ അത്രയുമായില്ലേ എന്നു കരുതിക്കൊണ്ട് രക്ഷാപ്രവര്‍ത്തനത്തില്‍ നിരവധി പേരാണ് പങ്കുചേര്‍ന്നത്. സ്വന്തം ജീവന്റെ സുരക്ഷിതത്വംപോലും വകവയ്ക്കാതെ, മറ്റുള്ളവര്‍ക്കായി, അവരുടെ ജീവന്റെ സംരക്ഷണത്തിനായി സ്വജീവിതം ഉഴിഞ്ഞുവച്ചവരാണ് ഇവര്‍. കരിപ്പൂര്‍ വിമാനാപകടസ്ഥലത്തെ രക്ഷാപ്രവര്‍ത്തനവേളയില്‍, ഒരു വ്യക്തിയോടു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു: ''കൊറോണ പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ എന്തു ധൈര്യത്തിലാണ് താങ്കള്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നത്?'' അയാള്‍ പറഞ്ഞതിങ്ങനെ:
''മനുഷ്യന്‍ ജീവനോടെയുണെ്ടങ്കിലല്ലേ ചങ്ങാതീ രോഗത്തിനു വരാന്‍ സാധിക്കുകയുള്ളൂ. ഇപ്പോള്‍ നമ്മള് ശ്രദ്ധിക്കുന്നത് ഈ മനുഷ്യന്മാരെ രക്ഷിക്കാനാണ്. ഇനി ഞമ്മക്ക് കൊറോണ വന്നാല് അത് അപ്പോ നോക്കാം...''
എന്തൊരു ആത്മവിശ്വാസമാണ്, ആ വാക്കുകള്‍ക്ക്, ആ മനുഷ്യന്!
വിമാനാപകടമുണ്ടായ നിമിഷം ആദ്യം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത് സമീപവാസികളായ നാട്ടുകാര്‍തന്നെയാണ്. ഒട്ടും വൈകാതെ അവര്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുകയും നിരവധി ജീവനുകളെ രക്ഷപ്പെടുത്തി തങ്ങളുടെ സ്വന്തം വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
പെട്ടിമുടിയിലും മനുഷ്യത്വത്തിന്റെ ഈ മുഖം നാം കണ്ടതാണ്. അധികാരികള്‍ എത്തിയപ്പോഴേക്കും നിരവധി ജീവനുകളെ നാട്ടുകാര്‍ രക്ഷിച്ചിരുന്നു. ഇവിടെ വേര്‍തിരിവുകളൊന്നുംതന്നെയില്ല. മനുഷ്യത്വമെന്ന മാനവികമൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണിവര്‍. സമൂഹത്തില്‍ നടമാടിയ പല പ്രശ്‌നങ്ങളെയും കൂട്ടായ പരിശ്രമത്തിലൂടെ അതിജീവിച്ചവരാണ് നാം മലയാളികള്‍.
കൊറോണയെന്ന മഹാമാരി അനുദിനം വേട്ടയാടുന്ന ഈ സാഹചര്യത്തില്‍ സ്വജീവന്‍പോലും വകവയ്ക്കാതെ പോരാടുന്ന ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, പോലീസുകാര്‍ തുടങ്ങിയവരെല്ലാംതന്നെ മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണു ചെയ്യുന്നത്. സംഹാരരൂപിയായ മഹാമാരിയുടെ മുമ്പില്‍, സ്വജീവന്‍ പകരം വയ്ക്കാന്‍ സന്നദ്ധരായി അനേകംപേര്‍ ഇന്നും രംഗത്തുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രളയമുണ്ടായപ്പോള്‍ സഹായവുമായി നിരവധിപേര്‍ കടന്നുവന്നു. അനേകായിരം ജീവനുകളെയാണ് അന്നു രക്ഷപ്പെടുത്തിയത്. ഉപജീവനമാര്‍ഗ്ഗമായ ബോട്ടുമായി പാഞ്ഞെത്തി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യബന്ധനത്തൊഴിലാളികളുടെ മനസ്സ് നാം കാണാതെ പോകരുത്.
പ്രകൃതിയിലുണ്ടാകുന്ന, സമൂഹത്തിലുണ്ടാകുന്ന ഇത്തരം മഹാദുരന്തങ്ങളെ ഒരുമയോടെ അതിജീവിക്കുന്ന മനുഷ്യത്വത്തിന്റെ ചിത്രങ്ങളാണിവയൊക്കെ. മാനവികമൂല്യങ്ങള്‍ക്കും മനുഷ്യത്വത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് അപരന്റെ ദുരിതങ്ങളെ കണെ്ടത്തി അവ പരിഹരിക്കുന്നവരായി മാറുമ്പോഴാണ് നാം യഥാര്‍ത്ഥ മനുഷ്യരാകുന്നത്.