•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സ്‌നേഹത്തില്‍ ധൂര്‍ത്തനായ പിതാവ്

ജൂലൈ 23  കൈത്താക്കാലം  രണ്ടാം ഞായര്‍
നിയമ 4:32-40   ഏശ 4:2-6 
2 കോറി 3:4-12  ലൂക്കാ 15:11-32

സ്രഷ്ടാവും പരിപാലകനുമായ സത്യദൈവത്തെ, സൃഷ്ടിയും നശ്വരനുമായ മനുഷ്യന്‍ തിരിച്ചറിഞ്ഞ്, അംഗീകരിച്ച് കൂടെയായിരിക്കണമെന്നാണ് ദൈവത്തിന്റെ ആഗ്രഹം. തന്നിലേക്കെത്താനുള്ള പ്രാഥമികസംവിധാനങ്ങളും ബുദ്ധിയുമൊക്കെ മനുഷ്യനില്‍ ദൈവം നിക്ഷേപിച്ചിട്ടുണ്ട് എന്നു  നമുക്കു മനസ്സിലാക്കാന്‍ കഴിയും. ഭൗതിക ലോകത്തിന്റെ പ്രലോഭനങ്ങളില്‍ പെട്ടുപോയാലും തിരികെ ദൈവസന്നിധിയിലേക്കെത്തുമ്പോളാണ് മനുഷ്യന്‍ ആശ്വാസം കണ്ടെത്തുന്നതെന്ന ആത്യന്തികസത്യം കൈത്താക്കാലം രണ്ടാം ഞായറാഴ്ചത്തെ വായനകളിലൂടെ സഭാമാതാവ് നമ്മെ ഓര്‍മിപ്പിക്കുന്നു. 
അനുഗ്രഹങ്ങള്‍ നല്കാന്‍ മാത്രമുള്ള ഉപകരണമായി ദൈവത്തെ കാണുന്ന ഇസ്രായേല്‍ജനത്തിന്റെ കാഴ്ചപ്പാടിനെതിരേ മോശ സംസാരിക്കുന്നതാണ് ഒന്നാം വായനയുടെ ഇതിവൃത്തം (നിയമാ 4:32-40). പ്രാര്‍ഥനകള്‍ നിവര്‍ത്തിച്ചുതരാനും തെറ്റുകള്‍ ക്ഷമിക്കാനും മാത്രമായുള്ളവനാണ് ദൈവം എന്നു നാം ചിന്തിക്കുന്നുണ്ടോ? സ്‌നേഹമുള്ള ദൈവം തന്റെ സൃഷ്ടിയായ മനുഷ്യനോടു കാണിക്കുന്ന കാരുണ്യം മാത്രമാണത്. 
ദൈവത്തിന്റെ ശക്തിയും അവിടുത്തെ അടയാളങ്ങളും ഇത്രയധികം കണ്ടു മനസ്സിലാക്കിയവരായി മറ്റൊരു ജനതയില്ല; തന്റെ ജനത്തിനുവേണ്ടി ഇത്രയധികം ചെയ്യാന്‍ തയ്യാറായ മറ്റൊരു ദൈവവുമില്ല. ദൈവത്തിന്റെ ഈ സ്വയം താഴ്ത്തലിനെ അവിടുത്തെ ബലഹീനതയായി മനസ്സിലാക്കരുത്. ''കര്‍ത്താവാണ് ദൈവമെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും നിങ്ങള്‍ അറിയാന്‍വേണ്ടിയാണ് ഇവയെല്ലാം നിങ്ങളുടെ മുമ്പില്‍ കാണിച്ചത്'' (4:35). തന്റെ സൃഷ്ടികളെ സ്‌നേഹിക്കാനും പരിപാലിക്കാനും ദൈവം തയ്യാറാണ്. പക്ഷേ, അതിനായി മുകളില്‍ സ്വര്‍ഗത്തിലും താഴെ ഭൂമിയിലും കര്‍ത്താവല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ജനം ഗ്രഹിച്ച് അതു ഹൃദയത്തില്‍ ഉറപ്പിക്കണം (4:39). 
എന്നിരുന്നാലും, ഇസ്രായേല്‍ജനം ദൈവത്തില്‍നിന്നകലുകയും പശ്ചാത്തപിച്ചു തിരിച്ചുവരികയും ചെയ്തിരുന്നു. അപ്പോഴൊക്കെയും സ്വയം ശുദ്ധീകരിക്കാന്‍ ദൈവം അവരെ അനുവദിച്ചു; തന്റെ മഹത്ത്വം അവരോടൊത്തായിരിക്കാന്‍ അവിടുന്നു തിരുമനസ്സാകുകയും ചെയ്തു. ഇക്കാര്യം ഓര്‍മപ്പെടുത്തുകയാണ് രണ്ടാം വായന (ഏശ 4:2-6). 'കര്‍ത്താവിന്റെ മഹത്ത്വം എല്ലാറ്റിനും മുകളില്‍ ഒരു വിതാനവും കൂടാരവും ആയി നിലകൊള്ളും'' (4:6)
തന്റെ ജനത്തിന് ആവശ്യമായതെല്ലാം കൊടുക്കുകയും, അനുസരണക്കേടു കാണിക്കുന്ന ജനം തിരിച്ചുവരുമ്പോള്‍ സ്‌നേഹത്തിന്റെ കാര്യത്തില്‍ പഴയതിലും ധൂര്‍ത്തനാകുകയും ചെയ്യുന്ന ഒരു പിതാവിന്റെ രൂപമാണ് പുതിയ ഉടമ്പടിയില്‍ (ലൂക്കാ 15:11-32) ഈശോ നല്‍കുന്നത്.  'ദൈവം' എന്ന  അകലം തോന്നിക്കുന്നതും വൈകാരികത ഇല്ലാത്തതുമായ പ്രയോഗത്തില്‍നിന്ന് 'പിതാവ്' എന്ന വ്യക്തിഗതവും വൈകാരികവുമായ തലത്തിലേക്ക് ദൈവസങ്കല്പത്തെ മാറ്റിയത് ഈശോമിശിഹായാണല്ലോ. പക്ഷേ, അഭിസംബോധന ചെയ്യാനുള്ള പദം മാറിയെന്നല്ലാതെ ദൈവത്തിന്റെ സ്വഭാവത്തിന് അന്നും ഇന്നും ഒരു മാറ്റവുമില്ല; 'അങ്ങയുടെ സ്വഭാവത്തിനൊത്തവിധം ഞങ്ങളോടു കരുണ തോന്നണമേ' എന്നാണല്ലോ വി. കുര്‍ബാനയില്‍ നാം പ്രാര്‍ഥിക്കുന്നത്. 
നഷ്ടങ്ങള്‍ നിരന്തരം സംഭവിക്കുമ്പോള്‍ നിരാശരാകാതെ  പ്രതീക്ഷയോടെ കാത്തിരിക്കാനും, തിരിച്ചുവരവുകളുടെ ആത്മീയനിറവില്‍  സന്തോഷിക്കാനുമുള്ള യഥാര്‍ഥമാതൃക നമുക്കു ലഭിക്കുന്നത് ദൈവത്തിന്റെ സ്വഭാവത്തില്‍നിന്നാണ്; ആ സ്വഭാവമാകട്ടെ ഒരു പിതാവിന്റെ സ്വഭാവമാണ്. അല്ലെങ്കില്‍, ഇപ്രകാരം ചെയ്യുന്ന എല്ലാ പിതാക്കന്മാര്‍ക്കും ദൈവത്തിന്റെ സ്വഭാവമാണ്. എല്ലാ മേഖലകളിലും, കുടുംബത്തില്‍പ്പോലും, 'ഉപയോഗശേഷം എറിഞ്ഞുകളയുന്ന' ശീലം വളര്‍ന്നുവരുന്ന ഇക്കാലത്തും എറിഞ്ഞുകളയരുതാത്ത, ഉപേക്ഷിക്കരുതാത്ത ചില ബന്ധങ്ങള്‍കൂടിയുണ്ടെന്ന് ഈശോ ഓര്‍മിപ്പിക്കുന്നു. 
സഹോദരര്‍ തമ്മിലുള്ള ബന്ധംപോലും ലാഭനഷ്ടക്കണക്കിന്റെ കോളങ്ങളില്‍ എഴുതുമ്പോള്‍, തനിക്കു നേട്ടമുണ്ടാകാത്ത ബന്ധങ്ങളെ സൗകര്യപൂര്‍വം മറന്നുകളയാന്‍പോന്ന ആഴമേ ഇന്നത്തെ സഹോദരബന്ധങ്ങള്‍ക്കുള്ളൂ എന്നു പിതാവിന്റെ മൂത്ത മകനിലൂടെ ഈശോ  നമ്മെ  ഓര്‍മിപ്പിക്കുന്നു. സഹോദരബന്ധത്തില്‍നിന്ന് പിതാവിന്റെ സ്‌നേഹത്തിലേക്കുയര്‍ന്നില്ലെങ്കില്‍ സഹോദരനോ പിതാവോ  കുടുംബബന്ധങ്ങള്‍പോലുമോ ഇല്ലാതാകാന്‍ ചില ചെറിയ പരിഭവങ്ങള്‍മാത്രം മതിയാകും. 
കരുണയുടെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും സംരക്ഷണത്തിന്റെയും പിതൃഭവനത്തില്‍നിന്ന് അഹങ്കാരത്തോടെയും താന്‍പോരിമയോടെയും ഇറങ്ങിപ്പോകുന്നവരെ, ലഹരികളുടെയും നാശത്തിലേക്കു നയിക്കുന്ന കൂട്ടുകാരുടെയും നിര കാത്തിരിക്കുന്നു എന്നത് ഇന്നും ഒരദ്ഭുതമല്ല. മദ്യം വിളമ്പിയാല്‍ മാത്രം കൂട്ടുകാര്‍ ഉണ്ടാകുന്ന അവസ്ഥ. ലഹരി ഉണ്ടെങ്കില്‍ മാത്രം പരസ്പരം സഹായിക്കുന്ന അവസ്ഥ. ഇതൊന്നും ഇന്നു നമുക്ക് അന്യമല്ല. മദ്യപിക്കാത്തവനു കൂട്ടുകാരില്ല. ആത്യന്തികമായി സന്തോഷം തരാത്ത ഇത്തരം നൈമിഷികസുഖങ്ങളുടെ പേരില്‍ സൃഷ്ടിക്കപ്പെടുന്ന സഹോദരബന്ധം എത്ര നാളത്തേക്കു നീണ്ടുനില്‍ക്കും? 
മദ്യപാനത്തിന്റെയും ലഹരിയുടെയും അടിമയായി ജീവിതം ആസ്വദിക്കുകയാണെന്ന് അവകാശപ്പെടുമ്പോള്‍ പോലും നിന്റെ മനഃസാക്ഷി ചോദിക്കുന്നില്ലേ, ഇതാണോ യഥാര്‍ഥ സന്തോഷം? പിതാവിന്റെ ഭവനത്തിലെ ഭക്ഷണം ഉപേക്ഷിച്ച് പന്നിയുടെ ഭക്ഷണം കഴിക്കുന്ന നീ ജീവിതം ആസ്വദിക്കുന്നുവെന്ന അവകാശവാദം പൊള്ളത്തരമല്ലേ? പിതാവിന്റെ ഭവനത്തിലേക്കു മടങ്ങാന്‍ നീ ആഗ്രഹിക്കുന്നില്ലേ? പിതാവിന്റെ ഭവനത്തില്‍നിന്നാണ് നീ ഇറങ്ങിയെതെങ്കില്‍, പിതാവിന്റെ ഓഹരിയാണ് നീ പിടിച്ചുവാങ്ങിച്ചു പോന്നതെങ്കില്‍ നിന്റെയുള്ളില്‍ ആ സ്വരം മുഴങ്ങാതിരിക്കാന്‍ തരമില്ല. അവന്റെ കരുണ നിന്നെ തിരിച്ചെടുക്കുകതന്നെ ചെയ്യും.   
'ഞങ്ങളുടെ യോഗ്യത ദൈവത്തില്‍നിന്നാ'ണെന്നാണ് വി. പൗലോസ് എഴുതുന്നത്        (2 കോറി 3:4-12). പിതാവില്‍നിന്നു ലഭിക്കുന്ന സ്വത്തല്ലാതെ മറ്റെന്താണ് പുത്രന് അഭിമാനം നല്‍കുന്നത്? പിതാവില്‍നിന്നു സ്വത്തു ലഭിക്കാന്‍ മക്കള്‍ കാട്ടുന്ന വാശികള്‍ അതിന്റെ സാമ്പത്തികവശം നോക്കി മാത്രമാണോ? പിതാവിന്റെ നല്ല ഗുണങ്ങളുടെ അവകാശികള്‍ ആകാനുള്ള ആഗ്രഹംകൂടി അതിലില്ലേ? അപ്പോള്‍, പിതാവിന്റെ സ്‌നേഹത്തില്‍നിന്നുള്ള കുതറിയോടല്‍, അതെന്തു ഭൗതികനേട്ടങ്ങളുടെ പേരിലായാലും ആത്യന്തികമായി കഷ്ടപ്പാടുകളും നഷ്ടവും മാത്രമേ ഉണ്ടാക്കുകയുള്ളൂ. മാനുഷികസുഖങ്ങള്‍ നല്‍കുന്ന നൈമിഷികതയുടെ തിക്തഫലങ്ങള്‍ നമുക്കു മനസ്സിലാക്കിത്തരുന്ന, സ്‌നേഹത്തില്‍ ധൂര്‍ത്തനായ പിതാവിന്റെ സന്നിധിയിലേക്കു നമ്മെ തിരികെവിളിക്കുന്ന ആത്മാര്‍ത്ഥസ്‌നേഹത്തെ തിരിച്ചറിഞ്ഞു മുന്നോട്ടു പോകാം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)