ഫ്രാന്‍സിസ് മാര്‍പാപ്പാ സെപ്റ്റംബര്‍ 30-ന് കര്‍ദിനാള്‍മാരായി ഉയര്‍ത്തുന്ന 21 പേരില്‍ കേരളത്തിലെ തൃശൂരില്‍ വേരുകളുള്ള മലേഷ്യന്‍ ബിഷപ്പുമുണ്ട് - മലേഷ്യയിലെ പെനാങ് രൂപതാധ്യക്ഷനായ ബിഷപ് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മേച്ചേരി. വത്തിക്കാനില്‍ സെപ്റ്റംബര്‍ 30നു നടക്കുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ പുതിയ കര്‍ദിനാള്‍മാരെ വാഴിക്കും. തൃശൂര്‍ അതിരൂപതയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് തൃശൂരിന്റെ പൗത്രനായ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മേച്ചേരിയുടെ കര്‍ദിനാള്‍ സ്ഥാനലബ്ധി.
എഴുപത്തൊന്നുകാരനായ ബിഷപ് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിന് മാര്‍പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിലും അംഗത്വം ലഭിക്കും. എണ്‍പതു വയസ്സില്‍ താഴെയുള്ള കര്‍ദിനാള്‍മാര്‍ക്കാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സാങ്കേതികമായി മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെടാനും യോഗ്യതയുണ്ട്. 2012 ല്‍ പെനാങ് രൂപതാധ്യക്ഷനായി നിയോഗിക്കപ്പെട്ട ബിഷപ് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ്, 2019 മുതല്‍ മലേഷ്യ, സിംഗപ്പൂര്‍, ബ്രൂണെയ് എന്നിവയുള്‍പ്പെട്ട കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫെറന്‍സിന്റെ പ്രസിഡന്റുകൂടിയാണ്.
കുടുംബവേരുകള്‍ ഒല്ലൂരില്‍
1890 കളില്‍ തൃശൂരിലെ ഒല്ലൂരില്‍നിന്ന് മലേഷ്യയിലേക്ക് (അന്നത്തെ മലയ) കുടിയേറിതാണ് ബിഷപ് സെബാസ്റ്റ്യന്‍ ഫ്രാന്‍സീസിന്റെ പൂര്‍വികര്‍. പൗരാണികമായ ഒല്ലൂര്‍ മേച്ചേരി കുടുംബാംഗങ്ങളായിരുന്നു ഇവര്‍. ബിഷപ് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിന്റെ പിതാവ് ജോസഫ് ഫ്രാന്‍സിസ് മേച്ചേരി വിവാഹം കഴിച്ചതും തൃശൂര്‍ കൊള്ളന്നൂര്‍ കുടുംബാംഗമായ മേരിയെയാണ്. മേരിയും ജനിച്ചുവളര്‍ന്നത് മലേഷ്യയില്‍ത്തന്നെ. അദ്ദേഹത്തിന് അഞ്ചു സഹോദരന്മാരും നാലു സഹോദരിമാരുമുണ്ട്, എല്ലാവരും മലേഷ്യന്‍ പൗരന്മാരാണ്. ഒല്ലൂര്‍ പള്ളി ബസ്‌സ്റ്റോപ്പിനടുത്തായിരുന്നു നിയുക്ത കര്‍ദിനാള്‍ റവ. ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മേച്ചേരിയുടെ പൂര്‍വഭവനം. ഇന്ന് ഈ തറവാട് അവിടെയില്ല. എന്നാല്‍, മേച്ചേരി കുടുംബം വളര്‍ന്ന് പല ഭാഗങ്ങളിലേക്കും വ്യാപിച്ചു. തൃശൂരില്‍നിന്ന് ഒരു ബിഷപ് കര്‍ദിനാള്‍ ആകുന്നത് ആദ്യമായാണ്.
കുടുംബവേരുകള്‍ തേടി
ഒല്ലൂരിലെ കുരിയച്ചിറയിലുള്ള കുടുംബവേരുകള്‍ തേടി ആറു വര്‍ഷം മുമ്പ് ബിഷപ് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് തൃശൂരിലെത്തിയിരുന്നു. പിന്നീട്, കഴിഞ്ഞ വര്‍ഷം സെന്റ് തോമസിന്റെ ഭാരതപ്രവേശനത്തിന്റെ ജൂബിലിസമാപനത്തിന് പാലയൂരിലെ മഹാതീര്‍ഥാടനവേദിയിലുമെത്തിയിരുന്നു. 2017 ലാണ് ബിഷപ് മേച്ചേരി തന്റെ ആദ്യ ഇന്ത്യാസന്ദര്‍ശനം നടത്തിയത്. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 4 വരെ ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫെറന്‍സുകളുടെ പതിനൊന്നാമത് പ്ലീനറി അസംബ്ലി വേളയിലാണ് അദ്ദേഹത്തിന്റെ ഇന്ത്യന്‍ വേരുകളോടുള്ള താത്പര്യം വീണ്ടും ജനിച്ചത്.
അവിടെ അദ്ദേഹം തൃശൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ സഭാധ്യക്ഷന്മാരെയും പ്രതിനിധികളെയും കണ്ടു. ബിഷപ് മേച്ചേരിയുടെ കുടുംബവേരുകള്‍ മനസ്സിലാക്കിയ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അദ്ദേഹത്തെ കേരളം സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയായിരുന്നു.
തൃശൂര്‍ അതിരൂപത ലൂര്‍ദ് കത്തീഡ്രലില്‍ 2017 ജൂണ്‍ 18 ന് ഗംഭീരസ്വീകരണം സംഘടിപ്പിച്ചു. ആര്‍ച്ചുബിഷപ് താഴത്തിനു പുറമേ, അന്നത്തെ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലും നിരവധി വൈദികരും വിശ്വാസികളും ചേര്‍ന്ന് മലേഷ്യന്‍ മെത്രാപ്പോലീത്തയെ സ്വീകരിച്ചു. തനിക്ക് ഓര്‍മിക്കാന്‍ കഴിയുന്ന മലയാളത്തില്‍, അദ്ദേഹം എല്ലാവരുടെയും സ്വാഗതത്തിനും സ്‌നേഹത്തിനും നന്ദി പറഞ്ഞു.
മലേഷ്യന്‍ഭക്ഷണമാണ് മെനുവില്‍ ഉണ്ടായിരുന്നതെങ്കിലും, കൈകൊണ്ടു കഴിക്കുന്ന കേരളഭക്ഷണമാണ് തനിക്കിഷ്ടമെന്നു പറഞ്ഞ് അദ്ദേഹം അതിഥികളെ അമ്പരപ്പിച്ചു. അമ്മ കേരളീയവിഭവങ്ങള്‍ പാകം ചെയ്തതിന്റെ നല്ല ഓര്‍മകള്‍ അദ്ദേഹം പങ്കുവച്ചു. അദ്ദേഹത്തിന്റെ പിതാവ് 'കേര' (തേങ്ങ) എന്ന പേരില്‍ ഒരു ഇന്ത്യന്‍ റസ്റ്റോറന്റ് നടത്തിയിരുന്നു. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍, ബിഷപ്പിന്റെ സഹോദരന്‍ ഇപ്പോള്‍ അതേ പേരില്‍ ഒരു റെസ്റ്റോറന്റ് കൈകാര്യം ചെയ്യുന്നു.
ജീവിതരേഖ
1951 നവംബര്‍ 11ന് അന്നത്തെ ഫെഡറേഷന്‍ ഓഫ് മലയയുടെ ഭാഗമായിരുന്ന ജോഹോര്‍ ബഹ്‌റുവിലാണ് ബിഷപ് മേച്ചേരി ജനിച്ചത്. 1967-ല്‍ സിംഗപ്പൂരിലെ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം മൂന്നു വര്‍ഷത്തിനുശേഷം പെനാംഗിലെ പ്രധാന സെമിനാരിയായ കോളേജ് ജനറലില്‍ ചേര്‍ന്ന് ദൈവശാസ്ത്രം പഠിച്ചു. 26-ാം വയസ്സില്‍, 1977 ജൂലൈ 28-ന് മലാക്ക-ജോഹോര്‍ രൂപതയുടെ വൈദികനായി അഭിഷിക്തനായി.
1983-ല്‍ റോമിലെ സെന്റ് തോമസ് അക്വീനാസ് സര്‍വകലാശാലയില്‍നിന്ന് ഡോഗ്മാറ്റിക് തിയോളജിയില്‍ ലൈസന്‍ഷിയേറ്റ് നേടി. ന്യൂയോര്‍ക്കിലെ മേരിനോള്‍ സ്‌കൂള്‍ ഓഫ് തിയോളജിയില്‍ പഠിച്ച അദ്ദേഹം 1991 ല്‍ നീതിയിലും സമാധാനത്തിലും ബിരുദം നേടി. 1991 മുതല്‍ 1998 വരെ കോളജ് ജനറലില്‍ ആത്മീയ ഡയറക്ടറായും ഫോര്‍മേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2012 ജൂലൈ 7 ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അദ്ദേഹത്തെ പെനാങ്ങിന്റെ ബിഷപ്പായി നിയമിച്ചു. 2012 ഓഗസ്റ്റ് 21 ന് ബുക്കിറ്റ് മെര്‍ട്ടജാമിലെ സെന്റ് ആന്‍സ് പള്ളിയില്‍വച്ചാണ് മെത്രാഭിഷേകം നടന്നത്. ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫെറന്‍സിനു കീഴിലുള്ള സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസിന്റെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.