•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

വചനത്തിന്റെ ഭാരം വഹിച്ച വന്ദ്യതാതന്‍

ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായെക്കുറിച്ച് കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച പുതിയ പുസ്തകം പുറത്തിറങ്ങി. 'അദ്ദേഹം നമുക്കു വളരെയേറെ നല്കി' എന്നര്‍ഥം വരുന്ന ശീര്‍ഷകമാണ് ഗ്രന്ഥത്തിനു നല്കിയിരിക്കുന്നത്.     പുസ്തകപഠനത്തിന്റെ    എട്ടാം ഭാഗം

ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ സ്ഥാനത്യാഗം ചെയ്ത് അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ 'മാര്‍പാപ്പാ ആകാന്‍ ആഗ്രഹിക്കാത്ത ആള്‍' എന്ന തലക്കെട്ടോടെ ഒരു ഗ്രന്ഥം 2018 ല്‍ ഫ്രഞ്ച് ഭാഷയില്‍ പ്രസിദ്ധീകൃതമായി. കര്‍ദിനാള്‍ സറായുടെ ഗ്രന്ഥങ്ങളുടെ എഡിറ്ററായ നിക്കോളാദിയ (Nicolas Diat) എന്ന ജേര്‍ണലിസ്റ്റ് രചിച്ച ഈ ഗ്രന്ഥത്തിന് അവതാരിക എഴുതിയത് കര്‍ദിനാള്‍ റോബര്‍ട്ട്  സറാതന്നെയാണ്. പ്രസ്തുത അവതാരികയിലാണ് ബനഡിക്ട് പതിനാറാമനെ മഹാനായ പാപ്പാ എന്നു വിശേഷിപ്പിക്കുന്നത്.
എഴുന്നൂറിലധികം താളുകളുള്ള ഈ ഗ്രന്ഥം വായിച്ചു മടക്കിവയ്ക്കുമ്പോള്‍ തന്റെ മനസ്സ് ദുഃഖത്തിലാഴ്ന്നുപോയെന്നാണ് കര്‍ദിനാള്‍ എഴുതുന്നത്. പെസഹാശനിയാഴ്ച ശ്ലീഹന്മാര്‍ക്ക് അനുഭവപ്പെട്ട ശൂന്യതയോടാണ് അദ്ദേഹം തന്റെ മനോവികാരത്തെ ഉപമിക്കുന്നത്.
എന്നാല്‍, വിശ്വാസത്തിന്റെ വെളിച്ചത്തില്‍ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ നോക്കിക്കാണുമ്പോള്‍ ബനഡിക്ട് പിതാവ് സഭയ്ക്കു നല്കിയ സാക്ഷ്യം സത്യത്തിനു വേണ്ടിയുള്ള രക്തസാക്ഷിത്വമാണെന്നു വ്യക്തമാകുമെന്നാണ് ഈ അവതാരികയില്‍ കര്‍ദിനാള്‍ സറാ  നിരീക്ഷിക്കുന്നത്.
വാക്കുകളുടെ ശക്തി
ബനഡിക്ട് പതിനാറാമന്റെ വാക്കുകള്‍ക്ക് ഹൃദയങ്ങളെ സ്പര്‍ശിക്കാനും ആത്മാക്കളെ ഉണര്‍ത്താനുമുള്ള ചാലകശക്തി ഉണ്ടായിരുന്നു. നിത്യപുരോഹിതനായ ഈശോമിശിഹായുമായുള്ള നിരന്തരസമ്പര്‍ക്കത്തില്‍നിന്ന് ഉരുത്തിരിയുന്ന വാക്കുകളാണ് ശ്രേഷ്ഠപുരോഹിതനായ ബനഡിക്ട് പാപ്പാ ഉച്ചരിച്ചിരുന്നത്. ഗലീലിയിലെ തെരുവീഥികളില്‍ ഒരുനാള്‍ ഈശോമിശിഹാ പ്രഘോഷിച്ച സദ്വാര്‍ത്തയുടെ പ്രതിധ്വനിയാണ് പാപ്പായുടെ പ്രസംഗങ്ങളില്‍ മുഴങ്ങിക്കേട്ടത്.
എവിടെയെല്ലാം ബനഡിക്ട് പതിനാറാമന്‍ സംസാരിച്ചുവോ അവിടെയെല്ലാം ശ്രോതാക്കളെ മനഃപരിവര്‍ത്തനത്തിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ദൈവാനുഭൂതി അനുഭവവേദ്യമാക്കാന്‍ ആ വാക്കുകള്‍ക്കു ശക്തിയുണ്ടായിരുന്നു. വിശുദ്ധ ആഗസ്തീനോസ് പറഞ്ഞതുപോലെ 'ദൈവസ്‌നേഹത്തിലേക്കു ദൈവംതന്നെ നമ്മെ നയിക്കുന്നു. കാരണം, പരിശുദ്ധ റൂഹാ ദൈവമാകുന്നു. ദൈവത്താല്‍               ദൈവത്തെ സ്‌നേഹിക്കാം.''             (104-ാം സങ്കീര്‍ത്തനത്തിന് വ്യാഖ്യാനം).
വചനം വൈദികന്റെ ജീവിതത്തില്‍
യുവവൈദികനായ ജോസഫ് റാറ്റ്‌സിംഗര്‍, വൈദികന്റെ ജീവിതത്തില്‍ വചനത്തിനുള്ള സ്ഥാനത്തെപ്പറ്റി ചെയ്ത മനോഹരമായ ഒരു പ്രഭാഷണം ഇപ്പോള്‍ പ്രസിദ്ധീകൃതമായിട്ടുണ്ടെന്ന് കര്‍ദിനാള്‍ സറാ ഓര്‍മിപ്പിക്കുകയും അതില്‍നിന്ന് ഈ അവതാരികയില്‍ ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട്. ''വാക്കുകള്‍ക്ക് എന്താണു പ്രാധാന്യം, പ്രവൃത്തികള്‍ക്കല്ലേ പ്രാധാന്യമെന്ന് പലരും ചിന്തിച്ചേക്കാം. എന്നാല്‍ അല്പമൊന്ന് ആലോചിച്ചാല്‍ മനസ്സിലാകും, വാക്കുകള്‍ പ്രവൃത്തികള്‍ക്കാധാരമായി വര്‍ത്തിക്കുകയാണെന്ന്. വാക്കുകള്‍ പ്രവൃത്തികളെ സൃഷ്ടിക്കുന്നു. പറയാന്‍ പാടില്ലാത്ത ഒരു വാക്കു പറഞ്ഞാല്‍ ഒരു ജീവിതംതന്നെ നശിക്കാനിടയാകും. ഒരു നല്ല വാക്കിന് ഒരു നിരാശനെ ആത്മഹത്യയില്‍നിന്നു രക്ഷിക്കാനാകും. 
ദൈവത്തെക്കുറിച്ചുവേണം പുരോഹിതന്‍ സംസാരിക്കാന്‍. ഉപരിപ്ലവവും ഉദ്വേഗജനകവുമായ വാര്‍ത്തകള്‍ക്കുപിന്നാലെ പോകുന്ന ലോകത്തില്‍ ഒരു വൈദികന് മിശിഹായുടെ സദ്വാര്‍ത്ത പ്രഘോഷിക്കുക എളുപ്പമല്ല. ആര്‍ക്കും വേണ്ടെങ്കിലും, ഭ്രാന്തനെന്നു മുദ്രകുത്തിയാല്‍പോലും അവന്‍ ദൈവവചനം പ്രസംഗിക്കണം. വചനത്തിന്റെ ഭാരം വഹിക്കണം. ആത്യന്തികമായി അങ്ങനെയാണ് ദൈവജനത്തെ ശുശ്രൂഷിക്കുന്നത്. അല്ലാതെ, ജനത്തിനു കേള്‍ക്കാനിമ്പമുള്ള പൊതുകാര്യങ്ങള്‍ പ്രതിപാദിച്ചാല്‍ പോരാ.''
ഒരു നവവൈദികന്റെ പുത്തന്‍കുര്‍ബാനയ്ക്ക് ഫാദര്‍ ജോസഫ് റാറ്റ്‌സിംഗര്‍ ഇപ്രകാരമാണ് സംസാരിച്ചത്.
ഈ പ്രസംഗത്തില്‍ ഭാവി ബനഡിക്ട പതിനാറാമന്റെ അജപാലനസവിശേഷതകള്‍ കണ്ടെത്താമെന്ന് കര്‍ദിനാള്‍ സറാ പ്രസ്താവിക്കുന്നു.
വചനപ്രഘോഷണത്തിലൂടെ ശ്രോതാക്കള്‍ ഉത്ഥിതനെ കണ്ടെത്തണം. വചനപ്രഘോഷണത്തോടൊപ്പം കൂദാശകളിലൂടെയും ആരാധനയിലൂടെയുമാണ് ഉത്ഥിതനെ കണ്ടെത്തുന്നത്.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ബനഡിക്ട് പാപ്പായുടെ ലിറ്റര്‍ജിയാഘോഷങ്ങള്‍ ഈ അനുഭവത്തിലേക്കു നയിക്കാന്‍ പര്യാപ്തമായിരുന്നു. ആരാധനാനുഷ്ഠാനങ്ങളില്‍നിന്ന് അകന്നുകഴിഞ്ഞിരുന്ന ഒരാള്‍ ബനഡിക്ട് പിതാവ് അര്‍പ്പിച്ച ഒരു വിശുദ്ധകുര്‍ബാനയില്‍ പങ്കെടുത്തശേഷം 'ഇതാ ഇവിടെ സഭ' എന്നു വിളിച്ചുപറയുകയും സജീവവിശ്വാസിയായി മാറുകയും ചെയ്ത സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. തിന്മയെ സ്‌നേഹംകൊണ്ടു കീഴടക്കുന്ന ദൈവത്തെയാണ് ഓരോ വിശുദ്ധകുര്‍ബാനയാചരണത്തിലും ബനഡിക്ട് പിതാവ് ദര്‍ശിച്ചിരുന്നത്. അപ്രകാരം ചെയ്യാന്‍ എല്ലാവരെയും അദ്ദേഹം ഉപദേശിക്കുകയും ചെയ്തിരുന്നു. 
ബലഹീനതയിലെ ശക്തി
ബാഹ്യനിരീക്ഷകര്‍ക്ക് ബനഡിക്ട്പിതാവ് ബലഹീനനും ദുര്‍ബലനുമായിരുന്നു. വളരെയധികം വേദന സഹിക്കേണ്ടിയും വന്നു. അപ്പോഴും അദ്ദേഹം പറഞ്ഞു: ''ആടുകളെപ്പോലെ ആയിരുന്നാല്‍ നാം വിജയിക്കും. ചെന്നായ്ക്കളാല്‍ ചുറ്റപ്പെട്ടിരിക്കുമ്പോഴും നാം വിജയിക്കുമെന്ന് വി. ജോണ്‍ ക്രിസോസ്റ്റോം പറഞ്ഞിട്ടുണ്ട്. നമ്മളും ചെന്നായ്ക്കളായാല്‍ നമ്മള്‍ പരാജയപ്പെടും. കാരണം, നല്ല ഇടയനായ ഈ ശോയുടെ സഹായം അപ്പോള്‍ നഷ്ടമാകും. ക്രിസ്ത്യാനികള്‍ ചെന്നായ്ക്കളുടെ ഇടയില്‍ ചെന്നായ്ക്കളാകാനുള്ള പ്രലോഭനത്തില്‍ ഒരിക്കലും വീഴരുത്. അധികാരമോ ശക്തിയോവഴിയല്ല മിശിഹായുടെ സമാധാനത്തിന്റെ രാജ്യം വ്യാപിക്കുന്നത്. സ്വയംദാനവും ശത്രുക്കളോടുള്‍പ്പെടെ അവസാനംവരെ എത്തുന്ന സ്‌നേഹവും സമര്‍പ്പണവും വഴി മാത്രമേ ദൈവരാജ്യം സ്ഥാപിക്കപ്പെടുകയുള്ളൂ.'' (2014 ഒക്‌ടോബര്‍ 26 ലെ പ്രഭാഷണം) ഇവിടെ തന്റെതന്നെ അനുഭവമാണ് പാപ്പാ പങ്കുവച്ചതെന്ന് കര്‍ദിനാള്‍ സറാ പറയുന്നു.
ബനഡിക്ട്പിതാവ് തന്റെ ജീവിതം സഭയ്ക്കുവേണ്ടി ബലിയായി അര്‍പ്പിക്കുകയായിരുന്നു. നിക്കോളാദിയായുടെ പുസ്തകത്തില്‍ ബനഡിക്ട്പിതാവ് അനുഭവിക്കേണ്ടിവന്ന തിക്താനുഭവങ്ങളും ശത്രുതയുമെല്ലാം വിവരിക്കുന്നുണ്ട്. കര്‍ദിനാള്‍ സറാ പറയുന്നു: ''ഈ വിവരണത്തിലെ കഥാപാത്രങ്ങളെല്ലാം വിസ്മൃതിയില്‍ ആണ്ടുപോകും, എന്നാല്‍, ബനഡിക്ട് പതിനാറാമന്റെ ജീവിതമാതൃക അനേകര്‍ക്കു പ്രകാശം പകര്‍ന്നുനല്കിക്കൊണ്ട് നിലനില്ക്കും.''

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)