2023 ഡിസംബര്‍മാസത്തിലെ കേരള ദിവ്യകാരുണ്യ കോണ്‍ഗ്രസ് സംബന്ധിച്ച് കെസിബിസി പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍
സഭയെ നിരന്തരം നയിക്കുന്ന ദൈവാത്മാവില്‍ ആശ്രയിച്ച് കേരളസഭയില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നവീകരണപ്രവര്‍ത്തനങ്ങള്‍ക്കു കൃത്യമായ ദിശാബോധവും ഏകീകൃതഭാവവും ലഭിക്കുന്നതിനായി പ്രസിദ്ധീകരിച്ചിട്ടുള്ള പ്രവര്‍ത്തനരേഖയുടെ അടിസ്ഥാനത്തിലാണ് കേരളസഭ-രൂപത-ഇടവക-കുടുംബതലങ്ങളിലുള്ള നവീകരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.
കേരളസഭാനവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2023 ഡിസംബര്‍ 1, 2, 3, (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള വല്ലാര്‍പാടം ബസിലിക്കയിലാണ് കേരള ദിവ്യകാരുണ്യ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. ദിവ്യകാരുണ്യത്തില്‍ അധിഷ്ഠിതവും കേന്ദ്രീകൃതവുമായ നവീകരണമാണ് സഭയില്‍ സംഭവിക്കേണ്ടത്. വിശുദ്ധ കുര്‍ബാനവഴി സഭ എന്നും നവമായി ജനിക്കുന്നുവെന്ന് ''സ്‌നേഹത്തിന്റെ കൂദാശ'' (Sacramentum Caritatis) എന്ന അപ്പസ്‌തോലിക പ്രബോധനത്തിലൂടെ ബനഡിക്റ്റ് 16-ാമന്‍ മാര്‍പാപ്പാ നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട് (SC, 6).
ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ലക്ഷ്യം
ദിവ്യകാരുണ്യം കേന്ദ്രീകരിച്ചുള്ള ദൈവജനത്തിന്റെ കൂടിവരവാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ്. അന്തര്‍ദേശീയമായും ദേശീയമായും പ്രാദേശികമായും ദിവ്യകാരുണ്യ കോണ്‍ഗ്രസ് സംഘടിപ്പിക്കാറുണ്ട്.
സഭാസമൂഹത്തിന് ദിവ്യകാരുണ്യത്തെക്കുറിച്ച് ആഴമായ അറിവു നല്കുക, ദിവ്യകാരുണ്യത്തിലെ യേശുവിന്റെ യഥാര്‍ഥ സാന്നിധ്യത്തിന് പരസ്യമായ ആരാധനയും സാക്ഷ്യവും നല്കുക, സഭാംഗങ്ങളില്‍ ദിവ്യകാരുണ്യത്തിലുള്ള വിശ്വാസവും ഭക്തിയും വര്‍ധിപ്പിക്കുക, പരസ്യമായ ദിവ്യകാരുണ്യാരാധനയിലൂടെ വിശ്വാസികള്‍ക്കിടയില്‍ പരസ്പരസ്‌നേഹവും ഐക്യവും വര്‍ധിപ്പിക്കുക എന്നിവയാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
1881-ല്‍ ഫ്രാന്‍സിലാണ് ആദ്യത്തെ അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടന്നത്. 38-ാമത്തെ അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടന്നത് മുംബൈയില്‍വച്ചായിരുന്നു. 2024-ല്‍ 53-ാമത് അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഇക്വദോറില്‍വച്ചാണ് നടക്കുന്നത്. കേരളസഭയില്‍ നാം സംഘടിപ്പിക്കുന്നത് പ്രാദേശികതലത്തിലുള്ള ദിവ്യകാരുണ്യകോണ്‍ഗ്രസാണ്. ആഘോഷമായ വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യാരാധന, പ്രദക്ഷിണം, പ്രബോധനങ്ങള്‍, ചര്‍ച്ചകള്‍, ദിവ്യകാരുണ്യ അദ്ഭുതങ്ങളുടെ എക്‌സിബിഷന്‍ തുടങ്ങിയ വിപുലമായ പരിപാടികളോടെയാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.
''നാഥാ, ഞങ്ങളോടൊത്തു വസിച്ചാലും'' (Mane Nobiscum Domine) എന്ന എമ്മാവൂസ് ശിഷ്യരുടെ അപേക്ഷാവാക്യമാണ് (ലൂക്കാ 24:29) വല്ലാര്‍പാടത്തു സംഘടിപ്പിക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രമേയം.
ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നവര്‍
കേരളത്തിലെ 32 രൂപതകളിലെ അയ്യായിരത്തോളം ഇടവകകകളില്‍നിന്നായി അയ്യായിരം അല്മായ പ്രതിനിധികളും (ഒരു ഇടവകയില്‍ നിന്ന് ഒരാള്‍ എന്ന നിലയ്ക്ക്) അഞ്ഞൂറിലേറെ വൈദികരും വിവിധ സന്ന്യസ്തസമൂഹങ്ങളില്‍നിന്നായി നാനൂറോളം സന്ന്യസ്തരും കേരളത്തിലെ എല്ലാ മേജര്‍ സെമിനാരി റെക്ടര്‍മാരും 500 വാളണ്ടിയര്‍മാരും, 200 റിസോഴ്‌സ് ടീം അംഗങ്ങളും 2000 യുവജനങ്ങളും കേരള കത്തോലിക്കാസഭയിലെ മുഴുവന്‍ മെത്രാന്മാരും ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കും.
വരാപ്പുഴ, എറണാകുളം, മൂവാറ്റുപുഴ, കൊച്ചി, കോട്ടപ്പുറം എന്നീ രൂപതകളിലെ 150 ഇടവകകളിലായിട്ടാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നവരുടെ താമസം ക്രമീകരിക്കുന്നത്.
രൂപതയില്‍നിന്ന് പ്രതിനിധികളെ തിരഞ്ഞെടുക്കുമ്പോള്‍ 40% സ്ത്രീകള്‍, 40% പുരുഷന്മാര്‍, 10% യുവതികള്‍, 10% യുവാക്കള്‍ എന്നീ മാനദണ്ഡം പാലിക്കുന്നത് ഉചിതമായിരിക്കും. ഓരോ ഇടവകയില്‍നിന്നും പങ്കെടുക്കുന്ന അല്മായപ്രതിനിധികളും രൂപതയില്‍നിന്നുള്ള വൈദികരും അവരവരുടെ രൂപതാടിസ്ഥാനത്തിലാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. രൂപതാടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങളും ഫീസും 2023 നവംബര്‍ ഒന്നിനു മുമ്പ് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയുടെ പേരില്‍ പി.ഒ.സി. ഓഫീസില്‍ ഏല്പിക്കേണ്ടതാണ്.
അല്മായരെ കൂടാതെ രൂപതകളെ പ്രതിനിധീകരിക്കുന്നത് മുഖ്യവികാരിജനറാള്‍, ഫൊറോന/ജില്ലാ വികാരിമാര്‍, രൂപതാധ്യക്ഷന്‍ നിശ്ചയിക്കുന്ന അഞ്ചു യുവവൈദികര്‍ എന്നിവരാണ്. സന്ന്യസ്തസമൂഹങ്ങളുടെ സുപ്പീരിയര്‍ ജനറാള്‍മാര്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയേഴ്‌സ് കൂടാതെ ഓരോ പ്രോവിന്‍സില്‍ നിന്നും ഒരു സന്ന്യാസിനി/സന്ന്യാസി എന്നിവരാണ.് സന്ന്യാസസമൂഹങ്ങളെ പ്രതിനിധീകരിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങളും ഫീസും അതതു സന്ന്യാസസമൂഹാധികാരികള്‍ നവംബര്‍ ഒന്നിനുമുമ്പുതന്നെ ഡെപ്യൂട്ടി സെക്രട്ടറിയെ ഏല്പിക്കേണ്ടതാണ്.
സാമ്പത്തികകാര്യങ്ങള്‍
ദിവ്യകാരുണ്യ കോണ്‍ഗ്രസ് പ്രാദേശികതലത്തില്‍ വിപുലമായ പരിപാടികളോടെ നടത്തപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഭാരിച്ച സാമ്പത്തികബാധ്യതയെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ലല്ലോ. ആയതിനാല്‍, ഓരോ പ്രതിനിധിയും 1500 രൂപ രജിസ്‌ട്രേഷന്‍ ഫീസായി നല്കണം. ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ നടത്തിപ്പിനായി വരുന്ന ചെലവുകള്‍ കേരള സഭാമക്കള്‍ എല്ലാവരുംകൂടി ഏറ്റെടുക്കേണ്ടതുണ്ട്. അതിനാല്‍, ഇടവകയെ പ്രതിനിധീകരിക്കുന്ന വ്യക്തിയുടെ രജിസ്‌ട്രേഷന്‍ തുക ആവശ്യമെങ്കില്‍ ഇടവകയില്‍നിന്നു നല്കണമെന്ന് നിര്‍ദേശിക്കുന്നു. സന്ന്യസ്തരുടെ രജിസ്‌ട്രേഷന്‍ തുക അതതു സന്ന്യാസസമൂഹങ്ങളും, രൂപതാവൈദികരുടേത് രൂപതകളും വഹിക്കേണ്ടതുമാണ്. അപ്രകാരം, ആര്‍ക്കും പ്രത്യേകം സാമ്പത്തികഭാരം വരാതെതന്നെ എല്ലാവരുടെയും സഹകരണത്തോടെ കേരള ദിവ്യകാരുണ്യ കോണ്‍ഗ്രസ് വിജയകരമായി നടത്താന്‍ നമുക്കു സാധിക്കും.
ദിവ്യകാരുണ്യ കോണ്‍ഗ്രസിനുമുമ്പുള്ള ഒരുക്കങ്ങള്‍
വല്ലാര്‍പാടത്തു സംഘടിപ്പിക്കുന്ന കേരള ദിവ്യകാരുണ്യ കോണ്‍ഗ്രസിനു മുന്നോടിയായി രൂപത - ഇടവകതലങ്ങളില്‍ ആവശ്യമായ ഒരുക്കങ്ങള്‍ നടത്തേണ്ടതാണ്. ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന ഡെലഗേറ്റ്‌സിന്റെ രജിസ്‌ട്രേഷന്‍ നടത്തിയശേഷം അവരെ രൂപതാതലത്തില്‍ വിളിച്ചു ചേര്‍ത്ത് ആവശ്യമായ പരിശീലനം നല്കണം. കൂടാതെ, ഇടവകതലത്തില്‍ ദിവ്യകാരുണ്യദിനം, ദിവ്യകാരുണ്യാരാധന, റാലി, ദിവ്യകാരുണ്യധ്യാനങ്ങള്‍, പ്രബോധനങ്ങള്‍, ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കേണ്ടതാണ്. രൂപതകളില്‍നിന്നും സന്ന്യാസസമൂഹങ്ങളില്‍നിന്നും സംസ്ഥാനതലത്തില്‍ പരിശീലനത്തിനയച്ച റിസോഴ്‌സ് ടീമിനെ ഇടവകകളില്‍ പ്രയോജനപ്പെടുത്താവുന്നതാണ്. വിജയപുരത്ത് വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ വച്ച് പ്രസ്തുത റിസോഴ്‌സ് ടീം അംഗങ്ങള്‍ക്ക് ആവശ്യമായ പരിശീലനം നല്കിയിട്ടുണ്ട്.
ദിവ്യകാരുണ്യത്തെ പുല്‍കുന്ന സഭ
ദിവ്യകാരുണ്യത്തോടു ചേര്‍ന്നുനില്ക്കാന്‍ അതിയായി ആഗ്രഹിക്കുന്ന സമൂഹമായി കേരളസഭ ഇനിയും പരിവര്‍ത്തനപ്പെടേണ്ടതുണ്ട്. മനുഷ്യരക്ഷയ്ക്കായി നല്‍കപ്പെട്ട ഏകനാമം യേശുക്രിസ്തുവിന്റേതാണ് (നടപടി 4:12). അവിടുത്തെ നാമമാകട്ടെ ദൈവത്തിന്റെ നിസ്സീമമായ കരുണയെയാണ് പ്രകാശിപ്പിക്കുന്നത്. ആത്മാവിന്റെ രക്ഷയ്ക്കായി പരിശ്രമിക്കുന്നവര്‍ക്ക് അവിടുത്തെ നാമം വലിയപ്രത്യാശ നല്‍കുന്നു. ദൈവത്തിന്റെ കരുണയുടെ മുഖം ഈ കാലയളവില്‍ നാം പ്രകാശിപ്പിക്കേണ്ടതാണെന്ന ചിന്ത നമ്മില്‍ രൂഢമൂലമാകണം.
ഈശോയുടെ ദിവ്യമായ സ്‌നേഹത്തിന്റെ അഗ്നിയാണ് ദിവ്യസക്രാരിയിലെ ദിവ്യകാരുണ്യം. നമ്മുടെ രക്ഷയ്ക്കുവേണ്ടി എരിയുന്ന ആ സ്‌നേഹാഗ്നിയോടു ചേര്‍ന്നുനില്ക്കാനാണ് നാം ദിവ്യകാരുണ്യ കോണ്‍ഗ്രസിലൂടെ പരിശ്രമിക്കുന്നത്. ബഹു. വികാരിയച്ചന്മാരും വൈദികരും സന്ന്യസ്തരും അല്മായ നേതൃത്വവും ഇക്കാര്യത്തില്‍, വിശ്വാസത്തില്‍ സഹകാരികളായ നമ്മുടെ സഹോദരര്‍ക്ക് ഉദാത്ത മാതൃക നല്കിക്കൊണ്ട് ദിവ്യകാരുണ്യ സ്‌നേഹത്തില്‍ അധിഷ്ഠിതമായ വിശ്വാസജീവിതം നയിക്കാന്‍ പ്രേരിപ്പിക്കണം. സഭാനവീകരണം പൂര്‍ത്തിയാകുന്നത് ഈശോയോടുള്ള നമ്മുടെ സ്‌നേഹം അവിടുന്ന് ആഗ്രഹിക്കുന്നവിധം ഊഷ്മളമാകുമ്പോഴാണ്. പരസ്പരം ക്ഷമിക്കാനും വിട്ടുവീഴ്ച ചെയ്യാനും സഹകരിക്കാനും സാധിക്കുന്നവിധത്തില്‍ തുറവുള്ളതും നിര്‍മലവുമായിരിക്കട്ടെ നമ്മുടെ ബന്ധങ്ങള്‍. അങ്ങനെ, ഈശോയുടെ ദിവ്യകാരുണ്യത്തിന്റെ യഥാര്‍ഥ അവകാശികളും സാക്ഷികളുമായി സമൂഹത്തില്‍ ജീവിക്കാന്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നമ്മെ സഹായിക്കട്ടെ.