ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായെക്കുറിച്ച് കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച പുതിയ പുസ്തകം പുറത്തിറങ്ങി. 'അദ്ദേഹം നമുക്കു വളരെയേറെ നല്കി' എന്നര്‍ഥം വരുന്ന ശീര്‍ഷകമാണ് ഗ്രന്ഥത്തിനു നല്കിയിരിക്കുന്നത്. ---- പുസ്തകപഠനത്തിന്റെ ഏഴാം ഭാഗം
La Net എന്ന ഫ്രഞ്ച് കത്തോലിക്കാമാസികയ്ക്ക് 2023 ഫെബ്രുവരിയില്‍ കര്‍ദിനാള്‍ സറാ നല്കിയ ലേഖനത്തിലാണ് ബനഡിക്ട് പതിനാറാമനെ സഭാപിതാവും വേദപാരംഗതനുമായ വിശുദ്ധ ആഗസ്തീനോസിനോട് ഉപമിക്കുന്നത്.
ബനഡിക്ട് പതിനാറാമന്‍ നലംതികഞ്ഞ ദൈവശാസ്ത്രജ്ഞനായിരുന്നു എന്നാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ ലേഖനങ്ങളും പ്രസ്താവിക്കുന്നത്.
അദ്ദേഹത്തിന്റെ കൃതികള്‍ അമൂല്യങ്ങളായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ആശയങ്ങളുടെയും ഗവേഷണങ്ങളുടെയും ഗ്രന്ഥരചനയുടെയും ലോകത്തുവ്യാപരിച്ചിരുന്ന പണ്ഡിതനായ ദൈവശാസ്ത്രജ്ഞനായിമാത്രം ബനഡിക്ട് പതിനാറാമനെ പരിഗണിച്ചാല്‍പോരാ എന്ന അഭിപ്രായം ഈ ലേഖനത്തിലും കര്‍ദിനാള്‍ സറാ പ്രകടിപ്പിക്കുന്നുണ്ട്.
ദൈവികകാര്യങ്ങളുടെ അഗാധവും പ്രാര്‍ഥനാനിരതവുമായ ധ്യാനത്തിലൂടെ ബനഡിക്ട് പതിനാറാമന്‍ കൈവരിച്ച ആന്തരികശക്തിയിലാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ മഹത്ത്വം അടങ്ങിയിരിക്കുന്നത്. ദൈവത്തെ ദര്‍ശിക്കുന്നതിനു നമ്മെ പ്രാപ്തരാക്കുന്നതിനും അവിടുത്തെ തിരുസാന്നിധ്യം അനുഭവവേദ്യമാക്കുന്നതിനും ബനഡിക്ട് പതിനാറാമന്റെ വാക്കുകള്‍ക്കു പ്രത്യേക സിദ്ധിയുണ്ടായിരുന്നു. പാപ്പായുടെ വാക്കുകള്‍ നേരിട്ടു ശ്രവിച്ചപ്പോഴെല്ലാം തന്റെ ആത്മാവില്‍ ദൈവികാനുഭൂതി പൂവണിഞ്ഞിരുന്നെന്നും കര്‍ദിനാള്‍ സറാ പറയുന്നുണ്ട്. ഇക്കാരണങ്ങളാലാണ് ബനഡിക്ട് പതിനാറാമന്‍ അഭിനവ ആഗസ്തീനോസാണെന്ന് അദ്ദേഹം പ്രസ്താവിക്കുന്നത്. വിശുദ്ധ ആഗസ്തീനോസുമായി അത്രമാത്രം ഗാഢമായ ആത്മീയബന്ധം പുലര്‍ത്തിയിരുന്ന മഹാപണ്ഡിതനും പുണ്യദേഹവുമായിരുന്നു ബനഡിക്ട് പതിനാറാമന്‍. അദ്ദേഹത്തിന്റെ നേര്‍ത്തതും അതേസമയം ഊഷ്മളവുമായ സ്വരം കേള്‍വിക്കാരെ ദൈവസാന്നിധ്യത്തിലേക്കു നയിച്ചിരുന്നു. ബനഡിക്ട് പതിനാറാമന്റെ വാക്കുകള്‍ ശ്രവിക്കാം: ''വളരെയധികം ഭൂപ്രദേശങ്ങളില്‍ വിശ്വാസദീപം അണഞ്ഞുപോകാന്‍ സാധ്യതയുള്ള ഈ കാലഘട്ടത്തില്‍ കത്തോലിക്കാസഭയിലെ മെത്രാന്മാരുടെ മുന്‍ഗണന ഈ ലോകത്തില്‍ ദൈവസാന്നിധ്യം സാധ്യമാക്കുകയും മനുഷ്യരെ ദൈവത്തിങ്കലേക്കു നയിക്കുകയും ചെയ്യുകയെന്നതാണ്. അത് ഏതെങ്കിലും ദൈവമായാല്‍പ്പോരാ, അത് സീനായിമലയില്‍ സംസാരിച്ച ദൈവമായിരിക്കണം. ക്രൂശിതനും ഉത്ഥിതനുമായ ഈശോമിശിഹായില്‍ നമ്മള്‍ തിരിച്ചറിയുന്ന ദൈവമായിരിക്കണം.''
ദൈവം സ്‌നേഹമാകുന്നു എന്ന തന്റെ ആദ്യചാക്രികലേഖനത്തില്‍ ബനഡിക്ട് പതിനാറാമന്‍ എഴുതി: ''ക്രൈസ്തവനായിരിക്കുകയെന്നത് ഒരു ധാര്‍മികതിരഞ്ഞെടുപ്പിന്റെയോ ഉന്നതമായ ഒരാശയത്തിന്റെയോ ഫലമല്ല. പിന്നെയോ, ജീവിതത്തിനു പുതിയൊരു ചക്രവാളവും നിര്‍ണായകമായ മാര്‍ഗനിര്‍ദേശവും നല്കുന്ന ഒരു സംഭവവുമായി, ഒരു വ്യക്തിയുമായി ഉണ്ടായ കണ്ടുമുട്ടലിന്റെ ഫലമാണ്'' (നമ്പര്‍ 1).
ബനഡിക്ട് പതിനാറാമനെപ്പോലെയുള്ള ഒരു സത്യാന്വേഷി ആപേക്ഷികതയുടെയും വ്യാജപ്രസ്താവനകളുടെയും വലിയ കൂമ്പാരത്തിനെതിരേ നിരന്തരം പോരാട്ടം നടത്തിയിരുന്നുവെന്ന് കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നു. ദാവീദിന്റെയും ഗോലിയാത്തിന്റെയും പോരാട്ടത്തെ അനുസ്മരിപ്പിക്കുന്ന ഒരു യുദ്ധം. വിവിധ പാഷണ്ഡതകള്‍ക്കെതിരേ പോരാടിയ വിശുദ്ധ ആഗസ്തീനോസിനെപ്പോലെ ബനഡിക്ട് പതിനാറാമനും സത്യവിശ്വാസത്തിനുവേണ്ടി നിലകൊണ്ടു. നല്ലയിടയന്റെ പിതൃഹൃദയം ഉണ്ടായിരുന്ന അദ്ദേഹം സഹിക്കുന്നവരോടുകൂടി സഹിക്കുകയും അവര്‍ക്കു സ്‌നേഹവും കാരുണ്യവും പകര്‍ന്നുനല്‍കുകയും ചെയ്തു.
യുവജനങ്ങളെ സ്‌നേഹിച്ചിരുന്ന ഈ പിതാവ് മാഡ്രിഡിലെ യുവജനസമ്മേളനത്തില്‍ തന്റെ പ്രസംഗം ഉപേക്ഷിച്ചിട്ട് അവരോടൊപ്പം നിശ്ശബ്ദമായ ആരാധനയില്‍ ചെലവഴിച്ച കാര്യം കര്‍ദിനാല്‍ സറാ ഓര്‍മിപ്പിക്കുന്നുണ്ട്.
ലോകത്തിലും സഭയ്ക്കുള്ളിലും വര്‍ധിച്ചുവരുന്ന തിന്മകളെ നിശ്ശബ്ദം നേരിടാന്‍ ബനഡിക്ട് പാപ്പാ തീരുമാനിച്ചു. അത് അദ്ദേഹത്തിന്റെ സ്ഥാനത്യാഗത്തിലേക്കുവരെ നയിച്ചു. ആ നിശ്ശബ്ദതയിലൂടെ അദ്ദേഹം വാചാലമായി പ്രസംഗിച്ചു. ദൈവത്തോടൊപ്പമുള്ള ജീവിതമായിരുന്നു ബനഡിക്ട് പാപ്പായുടെ ജീവിതരഹസ്യം. ദൈവത്തിനു മാത്രമേ യഥാര്‍ഥ വിപ്ലവവും സമൂലപരിവര്‍ത്തനവും ലോകത്തില്‍ സാധ്യമാക്കാന്‍ കഴിയൂ. ക്രിസ്തീയസംസ്‌കാരം അസ്തമിക്കാന്‍ പോകുന്നു എന്ന പ്രതീതി യൂറോപ്പിലും മറ്റും നിലനില്ക്കുന്നുണ്ടെങ്കിലും ബനഡിക്ട് പതിനാറാമന്‍ ഈ ഇരുട്ടില്‍ തിരിവെട്ടമായി പ്രശോഭിക്കുന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ അനാഥത്വം അനുഭവപ്പെടുന്ന നമ്മുടെ മനസ്സുകള്‍ക്ക് ആ ജീവിതമാതൃക ശക്തിപകരട്ടെയെന്നാണ് കര്‍ദിനാള്‍ സറാ ആശംസിക്കുന്നത്. മൂന്നാം സഹസ്രാബ്ദത്തിലെ സഭാപിതാവായി കണക്കാക്കപ്പെടാവുന്ന ബനഡിക്ട് പതിനാറാമന്റെ വിശ്വാസത്തിന്റെ ശാന്തവും ആനന്ദപൂരിതവുമായ പ്രകാശം നമ്മുടെ ഹൃദയങ്ങള്‍ക്ക് തുടര്‍ന്നും വെളിച്ചം പകരുമെന്ന സമാശ്വാസകരമായ പ്രത്യാശയോടെയാണ് ഈ ലേഖനം ഉപസംഹരിക്കുന്നത്.
എന്തുകൊണ്ട് ഇത്രമാത്രം തിന്മപ്രവൃത്തികളും ദുര്‍മാതൃകയും സഭയില്‍ നടമാടുന്നു എന്ന ചോദ്യത്തിന് എമരിത്തൂസ് പാപ്പാ നല്കുന്ന മറുപടി റോബര്‍ട്ട് സറാ തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. ഹൃദയത്തിലെ ദൈവത്തിന്റെ അസാന്നിധ്യമാണ്, വിശ്വാസപ്രതിസന്ധിക്കും അധാര്‍മികപ്രവൃത്തികള്‍ വര്‍ധിക്കുന്നതിനും കാരണമെന്ന് ബനഡിക്ട് പാപ്പാ വ്യക്തമാക്കിയിരുന്നു. ഒരു പ്രവൃത്തി പാപമാണെന്നു പറയാന്‍ മടിക്കുന്ന മനോഭാവം പുലര്‍ത്തിയിരുന്നവര്‍ക്ക് പാപ്പായുടെ സത്യസന്ധമായ നിഗമനങ്ങള്‍ അംഗീകരിക്കാന്‍ വിഷമമായിരുന്നു. എല്ലാറ്റിനും മനഃശാസ്ത്രപരമായ വിശദീകരണങ്ങള്‍ നല്കി മനഃസാക്ഷിയെ മയക്കുന്ന പ്രവണതയെ ബനഡിക്ട് പിതാവ് എതിര്‍ത്തിരുന്നു.
ധാര്‍മികദൈവശാസ്ത്രത്തിനു വസ്തുനിഷ്ഠമായ തത്ത്വങ്ങള്‍ ഉണ്ടായിരിക്കണമെന്ന് ബനഡിക്ട് പാപ്പാ ഉറച്ചുവിശ്വസിച്ചിരുന്നു. സ്വാഭാവികനിയമങ്ങളെയും സഭയുടെ ഔദ്യോഗികപ്രബോധനാധികാരത്തെയും തിരസ്‌കരിക്കുന്നിടത്താണ് അധാര്‍മികതയും പാപങ്ങളും വര്‍ധിക്കുന്നത്.
'ദൈവം ഇല്ലെങ്കില്‍ എല്ലാം അനുവദനീയമാണ്' എന്ന ഡോസ്റ്റോവ്‌സ്‌കിയുടെ വാക്കുകള്‍ ഓര്‍മിപ്പിക്കുകയും ദൈവം ഇല്ല എന്നപോലെ ജീവിക്കുന്നതുകൊണ്ടുള്ള അപകടം ചൂണ്ടിക്കാണിക്കുകയും ചെയ്തുകൊണ്ട് കര്‍ദിനാള്‍ സറാ ദൈവത്തെയും വിശ്വാസത്തെയും ജീവിതത്തിന്റെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള ബനഡിക്ട് പതിനാറാമന്റെ ആഹ്വാനം വായനക്കാരെ ഓര്‍മിപ്പിക്കുന്നുണ്ട്.