പ്രിയങ്കരനായ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിപ്പിതാവ് നമ്മോടു യാത്രപറഞ്ഞ് തിരുസന്നിധിയിലേക്കു പോയിരിക്കുകയാണ്. കാനന്‍നിയമത്തില്‍ ഡോക്ടര്‍ ബിരുദമുള്ള പിതാവ് റോമിലെ പഠനത്തിനുശേഷം നാട്ടില്‍ തിരിച്ചുവന്ന് പല മേഖലകളിലും സ്തുത്യര്‍ഹമായ സേവനം ചെയ്തു. വടവാതൂര്‍ സെമിനാരിയില്‍ അധ്യാപകനായിരുന്നു. തൃശൂര്‍ അതിരൂപതയുടെ വികാരി ജനറാള്‍ ആയിരുന്നു. അതോടൊപ്പം ഇടവകകളിലും മിഷന്‍പ്രദേശങ്ങളിലുമൊക്കെ അദ്ദേഹം സേവനം ചെയ്തു. ഇറ്റാലിയന്‍ ഭാഷ പിതാവിന് വലിയ ഇഷ്ടമായിരുന്നു.
1988മുതല്‍ കല്യാണ്‍ രൂപതയുടെ പ്രഥമ മേലധ്യക്ഷനായി ഏവര്‍ക്കും സ്വീകാര്യമായ ശുശ്രൂഷകളാണ് പിതാവ് അര്‍പ്പിച്ചത്. തുടര്‍ന്ന് 1997 മുതല്‍ താമരശേരി രൂപതാധ്യക്ഷന്‍ എന്ന നിലയിലുള്ള ഇടപെടലും പ്രവര്‍ത്തനങ്ങളും നേതൃത്വവുമെല്ലാം സീറോ മലബാര്‍ സഭാമക്കള്‍ക്കേവര്‍ക്കും സുപരിചിതമായ കാര്യങ്ങളാണ്. 2010 മുതല്‍ അദ്ദേഹം ഔദ്യോഗികജീവിതത്തില്‍നിന്നു വിരമിച്ച് പ്രാര്‍ത്ഥനയിലും വായനയിലും ഗ്രന്ഥരചനയിലുമായി നാളുകള്‍ മുമ്പോട്ടുകൊണ്ടുപോവുകയായിരുന്നു.
ഉന്നതനായ അജപാലകനും നല്ല ഒരു കാനോനിസ്റ്റും ലിറ്റര്‍ജിസ്റ്റും മനുഷ്യസ്‌നേഹിയുമായിരുന്നു ചിറ്റിലപ്പിള്ളി പിതാവ്. സീറോ മലബാര്‍ സഭയുടെ ആരാധനക്രമഗ്രന്ഥങ്ങള്‍ പലതും (വലിയ ആഴ്ചക്രമങ്ങള്‍, പൊന്തിഫിക്കാല്‍ ക്രമങ്ങള്‍, തിരുപ്പട്ട ശുശ്രൂഷകള്‍, പ്രവേശക കൂദാശകള്‍) സഭയുടെ ഉപയോഗത്തിനായി ക്രമപ്പെടുത്തിത്തന്നത് അദ്ദേഹം ലിറ്റര്‍ജി കമ്മീഷന്റെ ചെയര്‍മാനായിരുന്ന കാലഘട്ടത്തിലാണ്. ആ കാലഘട്ടത്തില്‍ത്തന്നെ അദ്ദേഹം തിയഡോറിന്റെ കുര്‍ബാനക്രമം, നെസ്‌തോറിയസിന്റെ കര്‍മ്മക്രമം, യാമപ്രാര്‍ത്ഥനകളുടെ നവീകരണം, പരിശുദ്ധകുര്‍ബാനയുടെ നവീകരണം, സങ്കീര്‍ത്തനങ്ങളുടെ വിവര്‍ത്തനം തുടങ്ങിയ കാര്യങ്ങളിലും വളരെയേറെ അധ്വാനിച്ചിട്ടുണ്ട്.
സഭയുടെ ഐക്യത്തിനായി ഉപവസിച്ചുപ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഒരു പിതാവായിരുന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളി. സീറോ മലബാര്‍ സഭയിലെ എല്ലാ മക്കളും തമ്മിലുള്ള ഗാഢമായ സ്‌നേഹത്തിനും ഐക്യത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകളിലൂടെയാണ് അദ്ദേഹം ഈ നാളുകളിലെല്ലാം കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. സീറോ മലബാര്‍ സഭയെക്കുറിച്ചാണ് ചിറ്റിലപ്പിള്ളിപ്പിതാവ് നിരന്തരമായി പഠിച്ചുകൊണ്ടിരുന്നതും പഠിപ്പിച്ചുകൊണ്ടിരുന്നതും. സീറോ മലബാര്‍ സഭയുടെ പ്രസാദാത്മകമായ മുഖമായിരുന്നു അദ്ദേഹത്തിന്റേത്.
മികച്ച മദ്ധ്യസ്ഥപാടവവും നയചാതുരിയും അദ്ദേഹത്തെ വേറിട്ടു നിര്‍ത്തിയ ഒരു സ്വത്വത്തിന്റെ ഉടമയാക്കി. അല്മായനേതൃത്വം, കുടുംബക്കൂട്ടായ്മകള്‍, ഭക്തസംഘടനകള്‍, കാര്‍ഷികരംഗം തുടങ്ങിയവയെ പിതാവിന്റെ ഇഷ്ടപ്പെട്ട ഇടങ്ങളായിരുന്നു.
തൃശൂര്‍ തനിമയുള്ള അദ്ദേഹത്തിന്റെ വാക്കുകളും ശൈലികളും ഏറെ ഇമ്പകരമായിരുന്നു. പൈതൃകപിന്‍തുടര്‍ച്ചയില്‍ ഏറെ തത്പരനായിരുന്നു; അതു സഭയുടേതായാലും ദേശത്തിന്റേതായാലും. പൊതുവേദികളിലൊക്കെ അദ്ദേഹം നല്കിയിരുന്ന ഒരു കാഴ്ചപ്പാട് അത്തരത്തിലുള്ളതായിരുന്നു. അവിരാമമായ സത്യാന്വേഷണത്തിന്റേതായ ഒരു ജീവിതം. സഭയിലെ വിശുദ്ധരോടും വാഴ്ത്തപ്പെട്ടവരോടുമെല്ലാം അദ്ദേഹത്തിനു വളരെ അടുപ്പവും വാത്സല്യവുമുണ്ടായിരുന്നു. എന്നും ക്രിസ്തീയമൂല്യങ്ങളില്‍ ഉറപ്പോടും ജീവിതവിശുദ്ധിയില്‍ വെടിപ്പോടുംകൂടി ജീവിച്ച ഒരു കര്‍മ്മയോഗിയായിരുന്നു പിതാവ്. കഴിഞ്ഞമാസം കൂടിയ ഓണ്‍ലൈന്‍ സിനഡില്‍ അദ്ദേഹം പറഞ്ഞ വാക്കുകളില്‍ നമുക്കു വേണ്ട വഴിവിളക്കുകള്‍ ഉണ്ടായിരുന്നു.
അനേകര്‍ക്കു മാര്‍ഗദര്‍ശിയും പിതൃതുല്യനുമായിരുന്നു ചിറ്റിലപ്പിള്ളിപ്പിതാവ്. വാത്സല്യത്തിന്റെ ഒരിക്കലും മായാത്ത കൈയൊപ്പു ചാര്‍ത്തിക്കൊണ്ട് അദ്ദേഹം വിടപറഞ്ഞിരിക്കുന്നു. എല്ലാവരോടും - പിതാക്കന്മാരോടും അച്ചന്മാരോടും അല്മായസഹോദരങ്ങളോടും - വളരെയേറെ വാത്സല്യം പുലര്‍ത്തിയിരുന്നു. അദ്ദേഹം കല്യാണ്‍ രൂപതയെ സ്‌നേഹിച്ചു. താമരശേരി രൂപതയെ സ്‌നേഹിച്ചു. വൈദികവിദ്യാര്‍ത്ഥികളോട് അദ്ദേഹത്തിനു വലിയ അടുപ്പമായിരുന്നു. സെമിനാരിക്കാര്‍ക്കുവേണ്ടിയുള്ള കമ്മീഷനില്‍ അംഗമെന്ന നിലയിലും അല്ലാതെയും അദ്ദേഹം മേജര്‍ സെമിനാരികളില്‍ ക്രമമായിത്തന്നെ എത്തുകയും വൈദികവിദ്യാര്‍ത്ഥികളോടും അധ്യാപകരായ അച്ചന്മാരോടും സംസാരിക്കുകയും വേണ്ട നേതൃത്വവും തിരുത്തലുകളുമെല്ലാം നല്കുകയും ചെയ്തിരുന്നു.
അദ്ദേഹം എപ്പോഴും കൂടെയുള്ളവരെ പ്രോത്സാഹിപ്പിച്ചിരുന്നു. യാതൊരു അകല്‍ച്ചയുമില്ലാതെ ആര്‍ക്കും അദ്ദേഹത്തോടു സംസാരിക്കാമായിരുന്നു. നല്ലൊരു ഫലിതപ്രിയന്‍. നല്ലൊരു മനുഷ്യസ്‌നേഹി. വിശാല മലബാറിനെ അദ്ദേഹം വളരെയേറെ സ്‌നേഹിച്ചു.
അദ്ദേഹം എന്നോടു സംസാരിച്ചിട്ടുള്ള പല അവസരങ്ങളിലും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു പ്രാര്‍ത്ഥനകളായി, മരിച്ചവര്‍ക്കുവേണ്ടിയുള്ള ശുശ്രൂഷയിലെ 'വിടവാങ്ങുന്നേന്‍....' എന്ന പ്രാര്‍ത്ഥനയും ഒപ്പീസുകളിലെ, 'കൈക്കൊള്ളണമേ, ഹൃദയംഗമമാം....' എന്ന പ്രാര്‍ത്ഥനയും ഓര്‍മിക്കുമായിരുന്നു. അതുപോലെതന്നെ വൈദികരുടെയും പിതാക്കന്മാരുടെയും സംസ്‌കാരശുശ്രൂഷകളില്‍ മൃതശരീരം വഹിച്ചുകൊണ്ട് ബലിപീഠത്തോടും ദൈവാലയത്തോടും സഭയോടും ജനങ്ങളോടും യാത്ര പറയുന്ന പ്രാര്‍ത്ഥനയും അദ്ദേഹത്തിനു വളരെ പ്രിയപ്പെട്ടതായിരുന്നു.
പിതാവ് അര്‍പ്പിച്ച ജീവിതബലി ദൈവത്തിനു സ്വീകാര്യമായിരിക്കട്ടെ.