ഹൃദ്രോഗചികിത്സയില്‍ വരാനിരിക്കുന്നത് വിപ്ലവകകരമായ മുന്നേറ്റങ്ങളാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിതബുദ്ധി മനുഷ്യന്റെ പരിമിതമായ കഴിവുകളെ അതിവിദഗ്ധമായി കടത്തിവെട്ടുന്നതോടെ കൂടുതല്‍ വേഗത്തിലും കൃത്യതയിലും രോഗപരിശോധനയും ചികിത്സയും സാധ്യമാകുന്നു. കമ്പ്യൂട്ടറുകളുടെ ഉപയോഗം കൂടാതെ മനുഷ്യര്‍ക്കു ഭാവിയില്‍ ജീവിക്കാന്‍ പറ്റില്ലെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. നിങ്ങളുടെ മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടുവെന്നിരിക്കട്ടെ. നിങ്ങളുടെ മാനസികവ്യവസ്ഥ തകിടം മറിയുന്നതു കാണാം. കാരണം, അതു കിട്ടുന്നതുവരെ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ സ്തംഭിക്കും. യുവാന്‍ നോവാ ഹരാരി എന്ന ഇസ്രയേലി ചരിത്രകാരന്‍ തന്റെ 'ഹോമോദിയൂസ്' എന്ന പ്രഖ്യാതഗ്രന്ഥത്തില്‍ ഊന്നിപ്പറയുന്നത് ഇപ്രകാരമാണ്: ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ശാസ്ത്രീയഗവേഷണവ്യവസ്ഥയിലെ ഏറ്റവും പ്രധാനചോദ്യം അധികപ്പറ്റായ മനുഷ്യരെയെല്ലാം എന്തു ചെയ്യുമെന്നതാണ്. എല്ലാക്കാര്യങ്ങളും കൂടുതല്‍ മികച്ചതായി ചെയ്യാന്‍ പ്രാപ്തമായ ബോധമെന്നൊന്നില്ലാത്ത അല്‍ഗോരിതങ്ങള്‍ (പ്രോഗ്രാം ചെയ്യപ്പെട്ട കമ്പ്യൂട്ടറുകള്‍) ഉണ്ടായിക്കഴിയുമ്പോള്‍ ബോധമുള്ള മനുഷ്യര്‍ പിന്നെ എന്തു ചെയ്യും? പണ്ടത്തെ വാഹനമായ കുതിരകളുടെ സ്ഥാനം കാറുകള്‍ തട്ടിയെടുത്തതുപോലെ വൈദ്യചികിത്സാരംഗത്തും ഡോക്ടര്‍മാര്‍ അധികപ്പറ്റായി വരുന്നു. മസ്തിഷ്‌കാഘാതമുണ്ടായ ഒരു രോഗി സി.റ്റി. സ്‌കാന്‍ പരിശോധനയ്ക്കു വിധേയമാകുമ്പോള്‍ നിര്‍മിതബുദ്ധി ആ വ്യക്തിയുടെ രോഗനിര്‍ണയം ഏറ്റവും സമഗ്രമായി നടത്തുകയും അതിന് ഉതകുന്ന ചികിത്സ നിര്‍ദേശിക്കുകയും ചെയ്യുന്നു. ഇവിടെ ഒരു ന്യൂറോളജിസ്റ്റിന്റെ ആവശ്യകത അധികപ്പറ്റായി മാറുന്നു.
കൃത്യമല്ലാത്ത അമിതവേഗത്തിലുള്ള ഹൃദയസ്പന്ദനം (ഏട്രിയല്‍ ഫിബ്രിലേഷന്‍, വെന്‍ട്രിക്കുലര്‍ റ്റാഹികാര്‍ഡിയ) ഹാര്‍ട്ടറ്റാക്കിനുശേഷമോ അല്ലാത്ത സാഹചര്യങ്ങളിലോ ഉണ്ടാകുന്നു. ഈ സ്പന്ദനവൈകല്യം ഒരു പരിധികഴിഞ്ഞാല്‍ ബോധക്ഷയമുണ്ടാക്കാം. മരണംതന്നെ സംഭവിക്കും. ഈ സാഹചര്യത്തില്‍ ഉടന്‍ ഡി.സി. ഷോക്ക് കൊടുത്ത് സ്പന്ദനവേഗം സാധാരണനിലയിലെത്തിച്ചാല്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാം. രോഗിയുടെ ഗുരുതരമായ മരണസാധ്യതയെ പരിഗണിച്ച് നെഞ്ചിനുള്ളില്‍ ഹൃദയത്തോടു ചേര്‍ത്തു വച്ചുപിടിപ്പിക്കാവുന്ന ഐ.സി.ഡി. (ഇംപ്ലാന്റബിള്‍ കാര്‍ഡിയോ വേര്‍ട്ടര്‍ ഡിഫ്രിബ്രിലേറ്റര്‍) സംവിധാനം നിലവിലുണ്ട്. അത് ഒരുവന്റെ ഹൃദയസ്പന്ദനവൈകല്യം കണ്ടുപിടിച്ച് അതിനെ ഉടന്‍ രോഗനിര്‍ണയം ചെയ്ത് സ്വയം ഷോക്കുകൊടുക്കുകയും ഹൃദയമിടിപ്പ് സാധാരണനിലയിലാക്കുകയും ചെയ്യുന്നു.
ഇപ്പോള്‍ അമേരിക്കയില്‍ പ്രചാരത്തിലുള്ള ആപ്പിള്‍ വാച്ച് ഹാര്‍ട്ട് സെന്‍സര്‍ കൈത്തണ്ടയില്‍ കെട്ടിയാല്‍ സമയംമാത്രമല്ല അറിയുവാന്‍ പറ്റുക. സാധാരണയുണ്ടാകുന്ന ഏട്രിയല്‍ ഫിബ്രിലേഷന്‍ കണ്ടുപിടിക്കുകയും അതിനുതകുന്ന ചികിത്സ നിര്‍ദേശിക്കുകയും ചെയ്യുന്നു. നിര്‍മിതബുദ്ധിയുടെ ഏറ്റവും പുതിയ പ്രവര്‍ത്തനഫലമായി ഹൃദയപേശികളില്‍ സ്പന്ദനവൈകല്യങ്ങള്‍ ഉണ്ടാകുന്നതിനുമുമ്പുതന്നെ ആ സാധ്യത കണ്ടുപിടിച്ച് മുന്നറിയിപ്പു നല്‍കി കൃത്യമായ ചികിത്സ കൊടുക്കാന്‍ സാധിക്കും.
ഇന്ന് 'സ്റ്റെം സെല്‍ തെറാപ്പി' പ്രചാരത്തിലായിവരികയാണ്. പ്രാരംഭദശയില്‍ ഈ ചികിത്സാരീതിക്ക് പല തടസ്സങ്ങള്‍ നേരിട്ടെങ്കിലും ഇന്നു നൂതനവിദ്യകളും നിര്‍മിതബുദ്ധിയുംകൂടി ഈ തെറാപ്പിക്ക് പുതിയ വിതാനങ്ങള്‍ നല്‍കുന്നു. ശരീരത്തിലെ മാതൃകോശങ്ങള്‍ വിഘടിച്ചു വളര്‍ന്ന് വിവിധ അവയവങ്ങളിലെ (ഹൃദയം, മസ്തിഷ്‌കം, അസ്ഥി, രക്താണു) അടിസ്ഥാന വിത്തുകോശങ്ങളായി പരിണമിച്ച് ആ അവയവത്തിന്റെ പൂര്‍ണവളര്‍ച്ചയ്ക്കു മൂലക്കല്ലാകുന്നു. ഇത്തരം മാതൃകോശങ്ങള്‍ സവിശേഷമായ ജനിതകമാറ്റങ്ങളിലൂടെ വളര്‍ത്തിയെടുത്ത് രോഗാതുരമായ പേശികളില്‍ സന്നിവേശിപ്പിച്ചാല്‍ അവിടം റിപ്പയര്‍ ചെയ്യുവാന്‍ പ്രാപ്തമാകുമെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. പ്രമേഹം, പാര്‍ക്കിന്‍സണ്‍സ് രോഗം, അല്‍സ്‌ഹൈമര്‍, സ്‌ട്രോക്ക്, ഹൃദ്രോഗം, അര്‍ബുദം, ആര്‍ത്രൈറ്റിസ് തുടങ്ങിയവയുടെ ശാശ്വതമായ ചികിത്സയ്ക്ക് ആരോഗ്യമുള്ള മാതൃകോശങ്ങളുടെ പറിച്ചുനടീല്‍ പ്രയോജനപ്പെടുമെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. ഭ്രൂണകോശങ്ങളില്‍നിന്നോ അസ്ഥികളുടെ മജ്ജയില്‍നിന്നോ ഒക്കെ വേര്‍തിരിച്ചെടുത്ത് ജനിതകമായ തയ്യാറാക്കലിലൂടെ വിത്തുകോശങ്ങളെ രോഗാതുരമായ ഭാഗത്ത് വച്ചുപിടിപ്പിക്കും.
സെന്റര്‍ ഫോര്‍ റിജനറേറ്റീവ് മെഡിസിനിലെ ഡയറക്ടര്‍ ആന്ദ്രെ ടെര്‍സിക് ഈയിടെ മയോക്ലിനിക്കില്‍ വച്ചു നടത്തിയ വെളിപ്പെടുത്തലാണു ചരിത്രമാകുന്നത്. മനുഷ്യന്റെ അസ്ഥിയിലെ മജ്ജയില്‍നിന്നു വേര്‍തിരിച്ചെടുത്ത മാതൃകോശങ്ങളില്‍നിന്ന് വിഘടിച്ചെടുത്ത 'കാര്‍ഡിയോ പോയെറ്റിക് കോശങ്ങള്‍' ഹാര്‍ട്ടറ്റാക്കു വന്ന രോഗിയുടെ ഹൃദയപേശികളില്‍ സ്ഥാപിച്ചാല്‍ അവ സാവധാനം വീണ്ടും പൂര്‍വാരോഗ്യസ്ഥിതിയിലെത്തുകയാണ്. അങ്ങനെ ഹൃദയാഘാതത്തിന്റെ മാരകമായ സങ്കീര്‍ണതകളില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെടാന്‍ സാധിക്കും.
ഹൃദയവാല്‍വുകളുടെ ചികിത്സാരംഗത്തും പുത്തനധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കപ്പെടുകയാണ്. ഹൃദയത്തിലെ സുപ്രധാനവാല്‍വുകളായ അയോര്‍ട്ടിക് വാല്‍വും മൈട്രല്‍വാല്‍വും ജന്മനായുള്ള കാരണങ്ങള്‍കൊണ്ടും റുമാറ്റിക്ഫീവര്‍മൂലവും കാത്സ്യനിക്ഷേപംകൊണ്ടും ചുരുങ്ങുകയും പൂര്‍ണമായി അടയാതിരിക്കുകയും ചെയ്യുന്നു. അങ്ങനെ ഹൃദയ അറകളില്‍ മുന്‍ദിശകളിലേക്കും പിന്‍ദിശകളിലേക്കും രക്തം നിറഞ്ഞൊഴുകുന്നു. ഇതു നാനാവിധ മാരകമായ രോഗാവസ്ഥകള്‍ക്കു കാരണമാകുന്നു. രോഗം വന്ന് ഏറെ പഴകിയ വാല്‍വ് റിപ്പയര്‍ ചെയ്യാന്‍ സാധിക്കില്ല; ഛേദിച്ചു മാറ്റി കൃത്രിമമായ ഒന്ന് അവിടെ സ്ഥാപിക്കണം. അതിന് ഇതുവരെ ടിഷ്യൂവാല്‍വുകളും ലോഹനിര്‍മിതമായവയുമാണ് ഉണ്ടായിരുന്നത്. ശസ്ത്രക്രിയ ചെയ്തുവേണം അവ മാറ്റാന്‍. എന്നാല്‍, ശസ്ത്രക്രിയ കൂടാതെ കത്തീറ്ററിന്റെ അഗ്രഭാഗത്തു സ്ഥാപിച്ച സ്വയം വികസിത കൃത്രിമവാല്‍വുകള്‍ രോഗം വന്ന അയോര്‍ട്ടിക് വാല്‍വിന്റെ സ്ഥാനത്തും (റ്റാവി-ഠഅഢക) മൈട്രല്‍ വാല്‍വിന്റെ സ്ഥാനത്തും (ഠങഢഞ മൈട്രാക്ലിപ്പ്) സ്ഥാപിച്ച് ആവശ്യാനുസരണം വികസിപ്പിച്ച് ദൃഢമാക്കുന്നു. ഒന്നോ ഒന്നരയോ മണിക്കൂര്‍കൊണ്ട് ചെയ്തുതീര്‍ക്കാവുന്ന ഈ രക്തരഹിതചികിത്സ ഇന്ന് ഹൃദയചികിത്സാരംഗത്ത് വിപ്ലവംതന്നെ സൃഷ്ടിക്കുന്നു. രോഗിക്ക് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുശേഷം വീട്ടില്‍ പോവുകയും ചെയ്യാം.
ബയോണിക് പേസ്‌മേക്കര്‍ ഇന്നു ഹൃദയപരാജയത്തിന്റെ ചികിത്സയില്‍ പുത്തനുണര്‍വ് നല്‍കുന്നു. സാധാരണ പേസ്‌മേക്കറുകള്‍ കുറഞ്ഞ ഹൃദയസ്പന്ദനവേഗത്തെ സാധാരണനിലയിലാക്കാനുള്ളതാണ്. അങ്ങനെ ശിരസ്സിലേക്കുള്ള രക്തപര്യടനം സുഗമമാക്കി ബോധക്ഷയമുണ്ടാക്കുന്നതില്‍നിന്നു തടയുന്നു. സങ്കോചനശേഷി സാരമായി കുറഞ്ഞ ഹൃദയത്തിന്റെ സങ്കീര്‍ണതകള്‍ കുറയ്ക്കാനായിട്ടാണ് ബയോണിക് പേസ്‌മേക്കറുകള്‍ ഉദയം ചെയ്തത്. രോഗിയുടെ ശ്വാസോച്ഛ്വാസഗതിക്കനുസരണമായി പേസ്‌മേക്കറിന്റെ താളത്തെ ക്രമീകരിക്കുന്നതാണ് ബയോണിക് പേസ്‌മേക്കര്‍.
ഹൃദ്രോഗചികിത്സയില്‍ വരാനിരിക്കുന്ന പ്രധാനപ്പെട്ട മുന്നേറ്റം 'കൊറോണറി ഇന്‍ട്രാവാസ്‌കുലര്‍ ലിത്തോട്രിപ്‌സി' യാണ്. സോണിക് മര്‍ദതരംഗങ്ങള്‍ ഉപയോഗിച്ച് ഹൃദയധമനികളില്‍ പറ്റിപ്പിടിച്ചുകിടക്കുന്ന കാത്സ്യത്തെ പൊടിച്ചുകളയുന്നു. വൃക്കയിലെ കല്ലുകള്‍ പൊടിച്ചുകളയുന്ന ലിത്തോട്രിപ്‌സിയുടെ മാതൃകയാണ് ഈ ചികിത്സയുടെ അടിസ്ഥാനം. സ്റ്റെന്റ് സ്ഥാപിക്കുന്നതിനു മുമ്പായി ഈ സവിശേഷചികിത്സ നടത്തി ആന്‍ജിയോപ്ലാസ്റ്റിക്ക് അനുയോജ്യമായ വിധത്തില്‍ ധമനിയെ തരപ്പെടുത്തുന്നു.
കൊറോണറിധമനികള്‍ അടഞ്ഞു ഹാര്‍ട്ടറ്റാക്കോ മറ്റു മാരകമായ സങ്കീര്‍ണതകളോ ഉള്ള രോഗികള്‍ രോഗതീവ്രതയുടെ അടിസ്ഥാനത്തില്‍ ആന്‍ജിയോപ്ലാസ്റ്റിക്കോ ബൈപ്പാസ് സര്‍ജറിക്കോ അനുയോജ്യരല്ലെങ്കില്‍ ചെയ്യാവുന്ന തെറാപ്പിയാണ് ട്രാന്‍സ് മയോകാര്‍ഡിയല്‍ റിവാസ്‌കുലറൈസേഷന്‍ (റ്റി.എം.ആര്‍.). പ്രത്യേകം സംവിധാനം ചെയ്യപ്പെട്ട ലേസര്‍ നാളങ്ങള്‍ ഹൃദയഭിത്തികളില്‍ മില്ലീമീറ്ററോളം വലുപ്പത്തിലുള്ള അതിസൂക്ഷ്മടണലുകള്‍ ഉണ്ടാക്കുന്നു. രക്തസഞ്ചാരം കുറഞ്ഞ ഹൃദയഭിത്തിയിലാണ് ഇത്തരം ചാനലുകള്‍ സൃഷ്ടിക്കുന്നത്. രക്തം ഈ ചാനലുകളിലൂടെ ഒഴുകിയെത്തുകയും ഇസ്‌കേമിയ മൂര്‍ച്ഛിച്ച പേശീവ്യൂഹങ്ങളെ പുനര്‍ജീവിപ്പിക്കുകയും ചെയ്യുന്നു. രക്തസഞ്ചാരം പുനഃസ്ഥാപിക്കാന്‍ മറ്റെല്ലാ വഴികളും അടയുന്ന സാഹചര്യത്തിലാണ് സാധാരണമായി ഈ നൂതന ചികിത്സ സംവിധാനം ചെയ്യപ്പെടുന്നത്.