•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന് ചരിത്രം സാക്ഷി

കഴിഞ്ഞ ലക്കം തുടര്‍ച്ച

 

3.5. വി. ജറോമിന്റെ കൃതികള്‍

   ലത്തീന്‍സഭാപിതാക്കന്മാരിലെ വിജ്ഞാനികളില്‍ വി. ആഗസ്തീനോസ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം വി. ജെറോമിനാണ്. അതിനുള്ള തെളിവ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്. വിവിധ ഭാഷകള്‍ വശമുണ്ടായിരുന്ന അദ്ദേഹത്തിന് വിവിധ രാജ്യങ്ങളെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നു. ക്ലാസിക്കല്‍, ബിബ്‌ളിക്കല്‍, പട്രിസ്റ്റിക് തുടങ്ങിയ മേഖലകളിലെല്ലാം പ്രാവീണ്യമുള്ള ആളായിരുന്നു അദ്ദേഹം. ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ് നമ്മെ വിസ്മയിപ്പിക്കുന്നതാണ്. 392ല്‍ അദ്ദേഹം രചിച്ച ''ദേ വീറിസ് ഇല്ലുസ്ട്രിബൂസ്'' (de viris illustribus)  എന്ന ഗ്രന്ഥത്തില്‍ തോമാശ്ലീഹായുടെ ഭാരതത്തിലെ മിഷന്‍പ്രവര്‍ത്തനത്തെക്കുറിച്ചും മൈലാപ്പൂര്‍ രക്തസാക്ഷിത്വത്തെക്കുറിച്ചും കൂടുതലായി എഴുതുന്നുണ്ട്.
3.6. വി. ജോണ്‍ ക്രിസോസ്റ്റോമിന്റെ കൃതികള്‍
പ്രസിദ്ധ വാഗ്മിയും പണ്ഡിതനുമായിരുന്ന വി. ക്രിസോസ്റ്റോമിന്റെ പ്രസംഗങ്ങള്‍ വളരെ പ്രസിദ്ധമാണ്. 387 ല്‍ അന്ത്യോക്യായില്‍വച്ചു നടത്തിയ ഒരു പ്രസംഗത്തില്‍ അദ്ദേഹം തോമാശ്ലീഹാ സ്ഥാപിച്ച ഇന്ത്യയിലെ സഭയെപ്പറ്റി പറയുന്നത് ഇപ്രകാരമാണ്: റോമിലെ സിംഹാസനത്തില്‍ ഇരിക്കുന്ന മാര്‍പാപ്പായ്ക്ക് അറിയാം, ഇന്ത്യയിലും ക്രിസ്ത്യാനികള്‍ ഉണ്ട് എന്ന് (Qui Romae sedet, Indos scit). അദ്ദേഹത്തിന്റെ കാലത്ത് നാലാം നൂറ്റാണ്ടില്‍ റോമില്‍ എന്നപോലെ ഇന്ത്യയിലും ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നുവെന്നാണ് ഇതില്‍നിന്നു വ്യക്തമാവുന്നത്. അഞ്ചാം നൂറ്റാണ്ടായപ്പോഴേക്കും അപ്പസ്‌തോലന്മാര്‍ എവിടെയെല്ലാമാണ് സുവിശേഷം അറിയിച്ചതെന്ന് സഭാപിതാക്കന്മാരുള്‍പ്പെടെയുള്ള ക്രൈസ്തവ എഴുത്തുകാര്‍ക്ക് അറിയാമായിരുന്നു. പാര്‍ഥിയാക്കാരോടും ഇന്ത്യാക്കാരോടും തോമാശ്ലീഹാ സുവിശേഷം പ്രസംഗിച്ചുവെന്ന് ക്രിസോസ്റ്റോം എഴുതുന്നു. വടക്കേ ഇന്ത്യ ഉള്‍പ്പെടുന്ന പാര്‍ഥിയായില്‍ ഒന്നാമത്തെ പ്രേഷിതയാത്രയിലും 'ഇന്ത്യ' എന്ന് ക്രിസോസ്റ്റോം വിളിക്കുന്ന തെക്കേ ഇന്ത്യയില്‍ രണ്ടാം പ്രേഷിതയാത്രയിലുമാണ് തോമാശ്ലീഹാ സുവിശേഷം പ്രസംഗിച്ചത്. തോമാശ്ലീഹായുടെ കബറിടത്തെ സംബന്ധിച്ചും ക്രിസോസ്റ്റോമിനു വ്യക്തമായ അഭിപ്രായമുണ്ട്. അദ്ദേഹം എഴുതുന്നു: ''പഴയ നിയമത്തിലെ അഹറോന്റെയും ദാനിയേലിന്റെയും ജറമിയായുടെയും അസ്ഥികള്‍ എവിടെയെന്നു നമുക്കറിയില്ല; എന്നാല്‍, പത്രോസിന്റെയും ജോണിന്റെയും തോമായുടെയും നമുക്കറിയാം.'' പത്രോസിന്റെയും പൗലോസിന്റെയും കബറിടങ്ങള്‍ റോമിലാണെങ്കില്‍, തോമായുടേത് ഇന്ത്യയിലാണെന്ന് അക്കാലത്തെ എല്ലാ എഴുത്തുകാര്‍ക്കും അറിയാവുന്ന കാര്യമായിരുന്നു എന്നാണ് ഇത് അര്‍ഥമാക്കുന്നത്. അതുകൊണ്ടാണ് ഈ അപ്പസ്‌തോലന്മാരുടെ പൂജ്യാവശിഷ്ടങ്ങളെപ്പറ്റി പറഞ്ഞപ്പോള്‍ സ്ഥലപ്പേരു കൂടെ ചേര്‍ക്കാതിരുന്നത്. റോമില്‍ പത്രോസും പൗലോസും എഫേസൂസില്‍ യോഹന്നാനും ഇന്ത്യയില്‍ തോമായും ആണ് സഭ സ്ഥാപിച്ചതെന്ന് ഇവിടെ വ്യക്തമാക്കുകയാണ്. അതുകൊണ്ട്, പത്രോസ് - പൗലോസ് ശ്ലീഹന്മാരുടെ കബറിടങ്ങള്‍കൊണ്ട് റോം ധന്യമാവുകയും അറിയപ്പെടുകയും ചെയ്യുന്നതുപോലെ തോമാശ്ലീഹായുടെ കബറിടംകൊണ്ട് ഇന്ത്യയും അറിയപ്പെടുന്നു എന്നാണ് ക്രിസോസ്റ്റോം അര്‍ഥമാക്കുന്നത്.
3.7. 'രക്തസാക്ഷികളുടെ മഹത്ത്വം' (In Gloria Martyrum)
തോമാശ്ലീഹാ ഇന്ത്യയിലാണു രക്തസാക്ഷിത്വം വരിച്ചതെന്നു വളരെ കൃത്യമായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് ടൂര്‍സിലെ വി. ഗ്രിഗറിയുടെ 'ഇന്‍ ഗ്ലോറിയാ മാര്‍ത്തീരും' എന്ന ഗ്രന്ഥം. മൈലാപ്പൂരില്‍ തോമാശ്ലീഹായുടെ കബറിടം സന്ദര്‍ശിച്ചു മടങ്ങിവന്ന തിയഡോര്‍ എന്ന ഒരു തീര്‍ത്ഥാടകനില്‍നിന്നാണ് തനിക്ക് ഇക്കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞതെന്ന് ഗ്രിഗറി സമ്മതിക്കുന്നു. ശ്ലീഹായുടെ ഭൗതികാവശിഷ്ടം എദേസ്സായിലേക്കു കൊണ്ടുപോയെങ്കിലും അടക്കം ചെയ്ത സ്ഥലം ഇപ്പോഴും ആളുകള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം എഴുതുകയാണ്. മൈലാപ്പൂരില്‍ ഉണ്ടായിരുന്ന ഒരു സന്ന്യാസാശ്രമത്തെപ്പറ്റിയും അവിടെ ശവകുടീരത്തില്‍ പണിതീര്‍ത്തിരിക്കുന്ന ഒരു പള്ളിയെപ്പറ്റിയും അവിടെ നടക്കുന്ന തിരുനാളിനെപ്പറ്റിയും അദ്ദേഹം വിവരിക്കുന്നു. തോമാശ്ലീഹായാണ് ഇന്ത്യയില്‍ സുവിശേഷം പ്രസംഗിച്ചതെന്നും അദ്ദേഹം രക്തസാക്ഷിയായത് മൈലാപ്പൂരിലാണെന്നും ഭൗതികാവശിഷ്ടം എദേസ്സായിലേക്കു കൊണ്ടുപോയി എന്നുമുള്ള കാര്യങ്ങള്‍ ആറാം നൂറ്റാണ്ടായപ്പോഴേക്കും ഏവര്‍ക്കും അറിയാവുന്ന കാര്യമായിരുന്നു എന്നാണ് ഗ്രിഗറിയുടെ ഈ വിവരണങ്ങളെല്ലാം കാണിക്കുന്നത്.
3.8. 'തോമാ ചെയ്ത അദ്ഭുതങ്ങള്‍' (De Miraculis Beati Thomae)
തോമാശ്ലീഹാ സുവിശേഷമറിയിച്ച ഇന്ത്യയെപ്പറ്റിയും ശ്ലീഹായുടെ രക്തസാക്ഷിത്വത്തെപ്പറ്റിയും സവിസ്തരം പ്രതിപാദിക്കുന്ന പ്രധാനഗ്രന്ഥമാണ് 'ദേ മിറാക്കുലീസ് ബെയാത്തി തോമ്മേ'. ഇതിലെ ചില ഭാഗങ്ങള്‍ക്ക്, തോമായുടെ നടപടികളിലെ ചില ഭാഗങ്ങളോടു സാദൃശ്യമുണ്ട്. അതിനാല്‍, ഈ രണ്ടു പ്രമുഖ ഗ്രന്ഥങ്ങള്‍ തമ്മില്‍ എന്തോ ബന്ധമുണ്ടെന്ന് അനുമാനിക്കാം. ഇവയില്‍ ഏറ്റവും പ്രകടമായ സാദൃശ്യം തോമാശ്ലീഹായുടെ ഭൗതികാവശിഷ്ടം എദേസ്സായിലേക്കു കൊണ്ടുപോകുന്ന കാര്യമാണ്. തോമായുടെ നടപടികളുടെ സുറിയാനി മൂലം കേന്ദ്രീകരിച്ച് വില്യം റൈറ്റ് നടത്തിയ പഠനത്തിലും ബഡ്ജാന്‍ ക്രോഡീകരിച്ച 'ആക്റ്റാ മാര്‍ത്തീരും എത്ത് സാങ്‌തോരും'(Acta Martyrum et Sanctorum) എന്ന ഗ്രന്ഥത്തിലും പറയുന്നത് തോമാശ്ലീഹായുടെ ഭൗതികാവശിഷ്ടം ശ്ലീഹായുടെ രക്തസാക്ഷിത്വത്തിനു കാരണക്കാരനായ രാജാവിന്റെ കാലത്തുതന്നെ - പിന്നീട് അദ്ദേഹം ക്രിസ്ത്യാനിയായി എന്നു പറയുന്ന പാരമ്പര്യമുണ്ട് - എദേസ്സായിലേക്കു കൊണ്ടുപോയി എന്നാണ്. ഇങ്ങനെതന്നെയാണ് 'ദേ മിറാക്കുലീസ് ബെയാത്തി തോമ്മേ'യിലും കാണുന്നത്.
3.9. 'തോമായുടെ സഹനം'  (PassioThomae)
ലത്തീന്‍ഭാഷയില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥത്തിലും തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രേഷിതപ്രവര്‍ത്തനത്തെപ്പറ്റി കാണാം. ഭാരതത്തില്‍ ശ്ലീഹാ സഹിച്ച വേദനകളും രക്തസാക്ഷിത്വവും ഇതില്‍ വിവരിക്കുന്നു. ശ്ലീഹായുടെ ഭൗതികാവശിഷ്ടം എദേസ്സായിലേക്കു കൊണ്ടുപോകുന്നതിനെപ്പറ്റിയും ഇതില്‍ കാണാം.
3.10. 'രാജ്യങ്ങളെക്കുറിച്ചുള്ള ഗ്രന്ഥം'  (Ethymologiarum Liber)
ഇന്ത്യ തോമാശ്ലീഹായാലാണ് സുവിശേഷവത്കരിക്കപ്പെട്ടതെന്ന് ഇസിദോര്‍ കൃത്യമായി എഴുതുന്നു. ശ്ലീഹാ സുവിശേഷമറിയിച്ച രാജ്യങ്ങളുടെ ഒരു പട്ടികതന്നെ ഇസിദോര്‍ നല്‍കുന്നുണ്ട്; പാര്‍ഥിയ, മേദിയ, പേര്‍ഷ്യ, ഹിര്‍ക്കാനിയ, ബാക്ട്രിയ, ഇന്ത്യ എന്നിവ. അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകമായ 'ദേ ഓര്‍ത്തു എത്ത് ഒബീത്തു പാത്രെം' (De Ortu et Obitu Patrem) ല്‍ മൈലാപ്പൂരില്‍ ശ്ലീഹാ വരിച്ച രക്തസാക്ഷിത്വത്തെക്കുറിച്ചു വിവരിക്കുന്നുണ്ട്. വി. ബര്‍ത്തലോമിയോ ഇന്ത്യയില്‍ സുവിശേഷം പ്രസംഗിച്ചുവെന്ന് ഇസിദോര്‍ എഴുതുന്നു. ഇന്ത്യയില്‍ സുവിശേഷം പ്രസംഗിച്ച അദ്ദേഹം പിന്നീട് അര്‍മേനിയായിലും പ്രവര്‍ത്തിച്ച് അവിടെ വച്ച് കിരാതന്മാരാല്‍ വധിക്കപ്പെട്ടെന്നും അവിടെത്തന്നെ സംസ്‌കരിക്കപ്പെട്ടെയെന്നും ഇസിദോര്‍ കൃത്യമായി എഴുതുന്നു. ഭൂമിശാസ്ത്രത്തില്‍ വളരെ പാണ്ഡിത്യമുണ്ടായിരുന്ന ഇസിദോര്‍ എത്ര കൃത്യമായാണ് തോമാശ്ലീഹായുടെയും ബര്‍ത്തലോമിയോയുടെയും (അദ്ദേഹം അര്‍മേനിയായുടെ അപ്പസ്‌തോലനാണ്) സുവിശേഷപ്രഘോഷണത്തെക്കുറിച്ച് എഴുതുന്നത് എന്ന കാര്യം നമ്മെ അദ്ഭുതപ്പെടുത്തും.
3.11. 'ബീഡിന്റെ രക്തസാക്ഷിത്വചരിത്രഗ്രന്ഥം' (Martyrologium of Bede)
തോമാ, പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍, മത്തായി എന്നിവരുടെ സുവിശേഷപ്രഘോഷണത്തെക്കുറിച്ചാണ് ബീഡ് എഴുതുന്നത്. വിശ്വാസത്തിന്റെ പ്രഘോഷകരും ജനങ്ങളുടെ പ്രബോധകരുമായ അപ്പസ്‌തോലന്മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷം അറിയിച്ചു. അതിനുവേണ്ടി പത്രോസിനു ലഭിച്ചത് റോമും അന്ത്രയോസിന് അക്കായിയായും യാക്കോബിന് സ്‌പെയിനും യോഹന്നാന് ഏഷ്യായും തോമായ്ക്ക് ഇന്ത്യയുമാണ്.
തോമായുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് അദ്ദേഹം എഴുതുന്നു: ഇന്ത്യാക്കാരോടും മേദിയാക്കാരോടും സുവിശേഷം അറിയിച്ച ശ്ലീഹാ ഇന്ത്യയില്‍ രക്തസാക്ഷിത്വം വരിച്ചു. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം ഇന്ത്യയില്‍നിന്ന് എദേസ്സായിലേക്കു കൊണ്ടുപോയി ബഹുമതികളോടെ അവിടെ സംസ്‌കരിച്ചു.
3.12. 'ബീ യുടെ ഗ്രന്ഥം'  (Book of Bee)
ബസോറയുടെ (ജലൃമവേങമശവെമി) മെത്രാനായിരുന്ന സോളമനാണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്. തോമാശ്ലീഹായെയും ഇന്ത്യയെയും സംബന്ധിച്ച് കുറേ കാര്യങ്ങള്‍ ഈ ഗ്രന്ഥത്തില്‍ കാണാം. അവിടെ ഇങ്ങനെ വായിക്കുന്നു: ''ജറുസലേമില്‍നിന്നുള്ള, യൂദാഗോത്രത്തില്‍ നിന്നുള്ള തോമാ പാര്‍ഥിയാക്കാരോടും മേദിയാക്കാരോടും ഇന്ത്യാക്കാരോടും സുവിശേഷം അറിയിച്ചു. ഇന്ത്യയിലെ രാജാവിന്റെ മകളെ ജ്ഞാനസ്‌നാനപ്പെടുത്തിയതിനാല്‍ രാജാവ് അദ്ദേഹത്തെ കുന്തത്താല്‍ കുത്തിക്കൊന്നു.'' എദേസ്സായിലേക്ക് തോമായുടെ ഭൗതികാവശിഷ്ടം കൊണ്ടുപോയതിനെപ്പറ്റിയും ഈ ഗ്രന്ഥത്തില്‍ വിവരണമുണ്ട്. 
ടയിറിലെ ഡൊറേത്തേവൂസ്, ഗെലാസിയൂസ്, സിസിക്ക്യൂസ്, തെഡോററ്റസ് സൈറസ്, കോണ്‍സ്റ്റാന്റിനോപ്പിളിലെ തിയേറ്റസ്, ഒഡറിക് വിതാലിസ്, നിസേഫറസ് കലിസ്റ്റസ്, സാറൂഗിലെ ജേക്കബ്, അമാസിയായിലെ അസ്‌തേരിയൂസ്, നോളായിലെ പൗളിനൂസ്, സിക്കായിലെ അര്‍ണോബിയൂസ്, അക്വിലിയായിലെ റൂഫിനൂസ് തുടങ്ങിയവരും അവരുടെ ഗ്രന്ഥങ്ങളില്‍ ചിലയിടങ്ങളില്‍ തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെക്കുറിച്ച് എഴുതുന്നുണ്ട്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)