ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ 2023 മേയ്3 ന് തുടക്കമിട്ട ആഭ്യന്തരകലാപം അതിരൂക്ഷമായി തുടരുന്നു. വിവിധ ഗോത്രങ്ങളുടെ കലാപമെന്നു കേട്ടിരുന്നെങ്കിലും പിന്നീടത് ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണത്തിലേക്കു വഴിമാറിയതോടെ വര്‍ഗീയതയുടെ നിറം പിടി
ക്കുകമാത്രമല്ല, ക്രൈസ്തവരെ ആക്രമിച്ചു കൊന്നൊടുക്കി ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, വിവിധ സാമൂഹികസംരംഭങ്ങള്‍ എന്നിവയൊക്കെ തകര്‍ക്കുന്ന രീതിയിലേക്കു വഴിമാറി. കുക്കി, നാഗ എന്നിവയടക്കം മലമ്പ്രദേശങ്ങളിലെ മുപ്പതോളം ഗോത്രവിഭാഗങ്ങളും താഴ്‌വരയിലെ മെയ്ത്തികളും തമ്മിലുണ്ടായ സംഘര്‍ഷമാണ് ക്രമേണ നിയന്ത്രണംവിട്ട് വര്‍ഗീയകലാപമായും ക്രൈസ്തവര്‍ക്കുനേരേയുള്ള കടന്നാക്രമണമായും വഴിമാറിയിരിക്കുന്നത്.
ക്രൈസ്തവരുടെ ഭവനങ്ങള്‍മാത്രമല്ല, അവര്‍ ഒരുമിച്ചു താമസിക്കുന്ന ഗ്രാമങ്ങളൊന്നാകെ അഗ്നിക്കിരയാക്കുകയും പൂര്‍ണമായി തകര്‍ക്കപ്പെടുകയും ചെയ്തു. വീടുകള്‍ കൊള്ളയടിക്കപ്പെട്ടു. അനേകായിരങ്ങള്‍ സ്വന്തം വീടും കൃഷിചെയ്യുന്ന മണ്ണും ഉപേക്ഷിച്ച് ജീവനുംകൊണ്ട് പലായനം ചെയ്തു. കുടിയിറക്കപ്പെട്ടവരുടെയും ഭവനരഹിതരായവരുടെയും എണ്ണം തിട്ടപ്പെടുത്താനാവാത്ത സാഹചര്യം. മലയോരപ്രദേശമൊന്നാകെ ജയിലിലടച്ച പ്രതീതി. ഇന്റര്‍നെറ്റ്, ഇലക്ട്രിസിറ്റി, ഗതാഗതം തുടങ്ങിയവയെല്ലാം ഇല്ലാതായി. നോക്കുകുത്തികളായി നിഷ്‌ക്രിയസമീപനം സ്വീകരിച്ചിരിക്കുന്ന കേന്ദ്ര-സംസ്ഥാന ഭരണനേതൃത്വങ്ങള്‍. കെട്ടടങ്ങാതെ തുടരുകയാണ് മണിപ്പൂരില്‍ അഗ്നിജ്വാലയായ കലാപം. തുടക്കത്തില്‍ കലാപം ആളിക്കത്തിക്കാന്‍ ശ്രമിച്ച ഭരണരാഷ്ട്രീയ സംവിധാനങ്ങളിപ്പോള്‍ നിയന്ത്രണങ്ങള്‍ നഷ്ടപ്പെട്ട് ഇരുട്ടില്‍ തപ്പുന്ന ദയനീയാവസ്ഥയില്‍. ഗോത്രകലാപത്തില്‍നിന്ന് ക്രൈസ്തവരുടെ നേര്‍ക്കുള്ള ആക്രമണമായി കലാപം വഴിമാറുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടയും നോക്കുകുത്തികളായി പരാജയപ്പെടുന്നു.
ഗോത്രങ്ങളുടെ ചരിത്രവഴികള്‍
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രങ്ങളുടെ ചരിത്രവും കുടിപ്പകയും ആരെയും ഭയപ്പെടുത്തുന്നതാണ്. ശത്രുഗോത്രങ്ങളില്‍പ്പെട്ടവരുടെ പരമാവധി തല അറുത്തുവച്ച് വീരചക്രം സ്വീകരിക്കുന്ന ഗോത്രാചാരങ്ങള്‍ മണിപ്പൂരിലെ ഗോത്രവര്‍ഗങ്ങളുടെ ഇന്നലെകളുടെ ചിത്രമായിരുന്നു. 1960 കള്‍വരെയും ഈ രീതി അഭിമാനമായി തുടര്‍ന്നിരുന്നു. ഇങ്ങനെയുള്ള വിചിത്ര ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നവരുടെയും മനുഷ്യജീവനു പുല്ലുവിലപോലും കല്പിക്കാത്തവരുടെയുമിടയിലാണ് ക്രൈസ്തവമിഷനറിമാര്‍ ആറു പതിറ്റാണ്ടുമുമ്പ് കടന്നുചെന്നതും ഈ ഗോത്രസമൂഹങ്ങളില്‍ മാറ്റത്തിന്റെയും മാനസാന്തരത്തിന്റെയും വിത്തുകള്‍ വിതറിയതെന്നതും മറക്കരുത്. അങ്ങനെ മാറ്റത്തിനു വിധേയമായി പരസ്പരം സാഹോദര്യം വിളിച്ചുപറയാന്‍ തുടങ്ങിയ ഒരു സമൂഹത്തെ വീണ്ടും കലാപകാരികളാക്കുകയാണ് ഭരണരാഷ്ട്രീയസംവിധാനങ്ങള്‍.
മണിപ്പൂരിന്റെ രാഷ്ട്രീയം
1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിനുശേഷം ഉടന്‍ മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമായില്ല. 1949 ലാണ്
ഇന്ത്യയോടു ചേര്‍ക്കപ്പെട്ടത്. 1972 ല്‍ സമ്പൂര്‍ണസംസ്ഥാനപദവിയും ലഭിച്ചു. മെയ്ത്തിവംശജരാണ് തദ്ദേശീയരായി കണക്കാക്കപ്പെടുന്നത്. കുക്കി, നാഗ ഗോത്രക്കാര്‍ മണിപ്പൂരിലെ കുടിയേറ്റക്കാരാണെന്നാണു പറയപ്പെടുന്നത്. മെയ്ത്തികള്‍ ചെറിയ താഴ്‌വാരത്തിലും മറ്റുള്ളവര്‍ വിശാലമായ മലയോരങ്ങളിലും ജീവിക്കുന്നു.
2011 ലെ സെന്‍സസ്പ്രകാരം മണിപ്പൂര്‍സംസ്ഥാനത്തെ ജനസംഖ്യ 27 ലക്ഷമാണ്. 2023 ലെ അനൗദ്യോഗികകണക്കുപ്രകാരം ജനസംഖ്യ 34 ലക്ഷമായി രേഖപ്പെടുത്തുന്നു. ഇതില്‍ പ്രബലവിഭാഗമായ മെയ്ത്തി ജനസംഖ്യ 53 ശതമാനവും ബാക്കിയുള്ള വിവിധ പട്ടികവിഭാഗങ്ങള്‍ 47 ശതമാനവുമാണ്.
മണിപ്പൂരിന്റെ ഭൂപ്രകൃതിയും അറിഞ്ഞിരിക്കണം. മലമ്പ്രദേശങ്ങള്‍ 90 ശതമാനമെങ്കില്‍ സമതലം 10 ശതമാനംമാത്രമാണ്. 65 ശതമാനം മണിപ്പൂര്‍ ജനതയും വസിക്കുന്നത് ഈ 10 ശതമാനം താഴ്‌വാരത്തിലും 35 ശതമാനം വസിക്കുന്നത് മലമ്പ്രദേശങ്ങളിലുമാണ്.
മലമ്പ്രദേശങ്ങളില്‍ വസിക്കുന്നവര്‍ ആദിവാസിഗോത്രവിഭാഗങ്ങളായ പട്ടികവര്‍ഗക്കാരാണ്. ഇവരില്‍ പ്രമുഖരാണ് കുക്കി, നാഗ ഗോത്രങ്ങള്‍. അംഗസംഖ്യയില്‍ ഉയര്‍ന്നുനില്‍ക്കുന്ന മെയ്ത്തികള്‍ ഭൂമിയുടെ 10 ശതമാനംമാത്രമുള്ള താഴ്‌വരയില്‍ ജീവിക്കുന്നു. അവര്‍ക്കു മലമ്പ്രദേശങ്ങളില്‍ ഭൂമി വാങ്ങാന്‍ കഴിയില്ല. കാരണം, അവര്‍ പട്ടികവര്‍ഗത്തില്‍പ്പെടുന്നില്ല. അതേസമയം, മലമ്പ്രദേശങ്ങളിലുള്ള പട്ടികവര്‍ഗവിഭാഗത്തിലുള്ള കുക്കി, നാഗ ഗോത്രങ്ങള്‍ക്ക് മെയ്ത്തികള്‍ തിങ്ങിപ്പാര്‍ക്കുന്ന താഴ്‌വരയില്‍ ഭൂമി വാങ്ങിക്കാം.
9 ജില്ലകളുള്ള മണിപ്പൂരില്‍ 60 നിയമസഭാസീറ്റുകളുണ്ട്. ഇതില്‍ 40 സീറ്റുകളും താഴ്‌വാരങ്ങളിലും മെയ്ത്തികളുടെ നിയന്ത്രണത്തിലുമാണ്. മലയോരങ്ങളിലുള്ള 10 സീറ്റുകളില്‍ കുക്കികളും 10 സീറ്റുകളില്‍ നാഗവിഭാഗവും. രാഷ്ട്രീയം ഏതുതന്നെയായാലും ഇക്കാലംവരെ ഭരണം നിര്‍ണയിച്ചിരുന്നത് ഗോത്രങ്ങളുടെ താത്പര്യപ്രകാരമായിരുന്നു. കുക്കികള്‍ താഴ്‌വാരത്തില്‍ കുടിയേറുകമാത്രമല്ല സാമ്പത്തികമായി വളര്‍ച്ചപ്രാപിക്കുകയും ചെയ്തു. പുതുതലമുറ വിദ്യാഭ്യാസപരമായും ഉയര്‍ന്നു.
കുക്കി, നാഗ വിഭാഗങ്ങളില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവരാണ്. അവരുടെ വളര്‍ച്ചയില്‍ നല്ലൊരുപങ്കും ക്രിസ്ത്യന്‍മിഷനറിമാരുടെ പ്രവര്‍ത്തനശുശ്രൂഷയുമാണ്. അങ്ങനെ കുക്കികളും നാഗവിഭാഗവും വിദ്യാഭ്യാസം നേടി കൃഷിയും കച്ചവടവും നടത്തി വളര്‍ന്നു. മെയ്ത്തികളുടെ താഴ്‌വാരങ്ങളില്‍ സ്ഥലങ്ങള്‍ വാങ്ങി ഇക്കൂട്ടര്‍ മലയോരങ്ങളില്‍നിന്നു കുടിയിറങ്ങാന്‍ തുടങ്ങി. ഇന്ത്യന്‍ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കപ്പെട്ട 371 ഇ ആര്‍ട്ടിക്കിള്‍ പട്ടികവര്‍ഗവിഭാഗസംരക്ഷണമാണു ലക്ഷ്യമിടുന്നത്. ഈ നിയമം പ്രധാനമായും മണിപ്പൂരിനു പ്രത്യേക പദവി ലക്ഷ്യംവയ്ക്കുന്നു. ഇതുമൂലമാണ് പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കായുള്ള മലമ്പ്രദേശങ്ങളില്‍ ഭൂരിപക്ഷമുള്ള മെയ്ത്തികള്‍ക്കു ഭൂമി വാങ്ങാന്‍ സാധിക്കാതെവരുന്നത്. ഇതു സാധ്യമാകണമെങ്കില്‍ മെയ്ത്തികളും പട്ടികവര്‍ഗമായി പ്രഖ്യാപിക്കപ്പെടണം.
കലാപത്തിന്റെ കാരണമെന്ത്?
സംവരണപ്രശ്‌നങ്ങളാണ് കലാപത്തിന്റെ പ്രധാനകാരണമായി ഉയര്‍ത്തിക്കാട്ടുന്നത്. പക്ഷേ, രാഷ്ട്രീയമുതലെടുപ്പും ഇതിന്റെ പിന്നിലുണ്ടെന്ന് പിന്നീടുള്ള ഓരോ സംഭവവും തെളിയിക്കുന്നു. മണിപ്പൂരിന്റെ താഴ്‌വാരത്തില്‍മാത്രം ഒതുങ്ങിജീവിക്കേണ്ടിവരുന്ന അംഗസംഖ്യയില്‍ ഗണ്യമായ മെയ്ത്തി ഗോത്രവിഭാഗം ഒബിസി പട്ടികജാതി വിഭാഗമായി മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. തദ്ദേശീയരായ മെയ്ത്തികള്‍ എല്ലാം ഹിന്ദുക്കളാണെന്ന വാദം തെറ്റാണ്. സനമാഹിസം (എമശവേ ീള ഏീറഗശിഴ) എന്ന പരമ്പരാഗതമതവിഭാഗവും മെയ്ത്തികളിലുണ്ട്. മെയ്ത്തിഗോത്രത്തില്‍ ചില വിഭാഗങ്ങള്‍ ഹിന്ദുമതം സ്വീകരിച്ചുവെന്നുമാത്രം. ഹിന്ദു തീവ്രവാദ അജണ്ടയുടെ മറവില്‍ ബിജെപി ഗവണ്‍മെന്റ് ഇവരെ മൗനമായി പിന്തുണയ്ക്കുന്നുവെന്നുമാത്രമല്ല, കലാപത്തെ ഉപകരണമാക്കി കുക്കി, നാഗ വിഭാഗങ്ങളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നതും കഴിഞ്ഞ ദിവസങ്ങളില്‍ ആരോപിക്കപ്പെട്ടു.
ഹൈക്കോടതിയുടെ നിര്‍ദേശം
2023 മാര്‍ച്ച് 17 ന് മണിപ്പൂര്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഒരഭിപ്രായപ്രകടനമാണ് ഇപ്പോഴത്തെ കലാപത്തിനു വിത്തുപാകിയത്. തങ്ങളെ പട്ടികവര്‍ഗപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കാലങ്ങളായി മെയ്ത്തിവിഭാഗങ്ങള്‍ ആവശ്യപ്പെടുന്നു. രാഷ്ട്രീയസ്വാധീനത്തോടൊപ്പം നിയമപോരാട്ടത്തിനും ഇവര്‍ ഇറങ്ങിത്തിരിച്ചു. മെയ്ത്തിവിഭാഗത്തില്‍ ക്രൈസ്തവരുമുണ്ടെങ്കിലും പ്രധാനമായും ഹിന്ദു, സനമാഹിസം എന്നീ വിഭാഗങ്ങളാണ് ഏറെയും. മെയ്ത്തികളെ പട്ടികവര്‍ഗവിഭാഗത്തില്‍പ്പെടുത്താന്‍ കേന്ദ്ര ആദിവാസിമന്ത്രാലയത്തിനു ശിപാര്‍ശ നല്‍കാന്‍ സംസ്ഥാനസര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്ന ഹര്‍ജി ഹൈക്കോടതിയിലെത്തി. ഇതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ പട്ടികവര്‍ഗവിഭാഗപ്പട്ടികയില്‍ മെയ്ത്തിവിഭാഗത്തെക്കൂടി ഉള്‍പ്പെടുത്തിക്കൂടേയെന്ന് 2023 മാര്‍ച്ച് 17 ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇതാണ് കലാപത്തിനു തുടക്കമായി ഉയര്‍ത്തിക്കാട്ടുന്നത്. അതേസമയം, ഗോത്രങ്ങള്‍ തമ്മില്‍ കാലങ്ങളായി പുകഞ്ഞുതുടങ്ങിയ പകയും വിദ്വേഷവും കലാപമാക്കാനുള്ള അണിയറനീക്കങ്ങള്‍ക്ക് ഒരു കാരണംമാത്രമാണ് ഹൈക്കോടതിവിധിയെന്നും പറയപ്പെടുന്നു. നിയമസഭയിലോ ഭരണസംവിധാനത്തിലോ സ്വാധീനശക്തിയാകാന്‍ അവസരം ലഭിക്കാത്ത കുക്കി, നാഗ വിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള മലമ്പ്രദേശങ്ങളിലേക്ക് മെയ്ത്തികള്‍ക്കു കടന്നുവരാനും കാലക്രമേണ തങ്ങളെ തുരത്താനും ഇതു കാരണമാകുമെന്ന പ്രചാരണവും കുക്കി, നാഗ വിഭാഗങ്ങളില്‍ നിലനില്പിനായി പോരാടാന്‍ ആവേശം ആളിക്കത്തിച്ചു.
ക്രൈസ്തവര്‍ക്കെതിരേ അക്രമം
വിവിധ ഗോത്രങ്ങള്‍ തമ്മിലുള്ള കുടിപ്പകയും അക്രമങ്ങളും ക്രൈസ്തവര്‍ക്കെതിരേയുള്ള കലാപമായതെങ്ങനെയെന്ന് 2023 മേയ് 3 നു ശേഷമുള്ള സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടുന്നു. മണിപ്പൂര്‍ കലാപവാര്‍ത്തകള്‍ ഗോത്രങ്ങള്‍ തമ്മിലുള്ള കലഹമെന്നു കരുതി ആദ്യസമയങ്ങളില്‍ നിസ്സാരവത്കരിച്ചവര്‍ക്കു തെറ്റുപറ്റി.
പ്രത്യക്ഷത്തില്‍ കലാപത്തില്‍ ബിജെപിക്കു നേരിട്ടു ബന്ധമില്ലെന്നു തോന്നാം. എന്നാല്‍, അധികാരത്തിന്റെ മറവില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയെന്ന തന്ത്രം ബിജെപി ഇവിടെ പരീക്ഷിച്ചു. പക്ഷേ, പരീക്ഷണം പിന്നീട് കൈവിട്ടുപോയി തിരിച്ചടിയായി. മെയ്ത്തിഗോത്രത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ക്രൈസ്തവഭൂരിപക്ഷമുള്ള കുക്കി, നാഗ ഗോത്രങ്ങളെ ഇല്ലാതാക്കുക എന്ന രാഷ്ട്രീയകുതന്ത്രമാണ് ഭരണകക്ഷിയായ ബിജെപി സ്വീകരിച്ചത്. 2023 മാര്‍ച്ച് 17 ന് ഹൈക്കോടതി പരാമര്‍ശം വന്നിട്ട് ഒന്നരമാസക്കാലം പ്രതിഷേധങ്ങളില്‍മാത്രം ഒതുങ്ങിനിന്ന ജനവികാരം 2023 മേയ് 3 ന് കലാപമായി മാറണമെങ്കില്‍ അതിനുപിന്നില്‍ ആസൂത്രിതമായ അജണ്ടയുണ്ടെന്നു വ്യക്തം. മലമ്പ്രദേശങ്ങളില്‍ പള്ളികള്‍ പൊളിച്ചുമാറ്റാന്‍ ബിജെപി സര്‍ക്കാര്‍ ഉത്തരവിട്ടുനടപ്പാക്കിയതും പ്രതിഷേധത്തിനു കാരണമായി. മതം മാറ്റിനിര്‍ത്തി വിവിധ ഗോത്രങ്ങള്‍ പരമ്പരാഗത ആയുധങ്ങളുമേന്തി തെരുവിലിറങ്ങാനുള്ള കാരണത്തിന്റെ പിന്നില്‍ ബിജെപി സര്‍ക്കാരിന്റെ പ്രകോപനസമീപനവുമുണ്ടെന്നു വ്യക്തം. കുക്കികളിലും ബിജെപി എംഎല്‍എമാരുണ്ട്. ഹൈക്കോടതി നിര്‍ദേശത്തിനെതിരേ ഉയര്‍ന്ന പ്രതിഷേധറാലിക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറിയതാണ് കലാപം ആളിക്കത്താന്‍ കാരണമെന്നും പറയപ്പെടുന്നു. കൂടാതെ, മലമ്പ്രദേശങ്ങളിലെ പ്രദേശവാസികള്‍ പതിറ്റാണ്ടുകളായി കൃഷിചെയ്യുന്ന കൈവശഭൂമിയിലെ സര്‍ക്കാരിന്റെ കൈയേറ്റവും പള്ളിപൊളിക്കലും ഗോത്രവാസികളുടെ പഴയ വിപ്ലവവികാരമുണര്‍ത്തി.
മണിപ്പൂരിലെ മനുഷ്യാവകാശധ്വംസനം
കലാപത്തിന്റെ തുടര്‍ച്ചയായി ക്രൈസ്തവദൈവാലയങ്ങള്‍ തകര്‍ക്കുക, ക്രൈസ്തവഭവനങ്ങള്‍ തീയിടുക, ക്രൈസ്തവരെ തിരഞ്ഞുപിടിച്ചു കൊല്ലുക എന്നിവയെല്ലാം വെറും ഗോത്രപകയെന്നുമാത്രമായി കാണാനാവുമോയെന്നു മനുഷ്യാവകാശപ്രവര്‍ത്തകര്‍ ചോദിക്കുന്നതില്‍ എന്താണു തെറ്റ്? സംഘപരിവാര്‍ അജണ്ടയെന്ന് ഭരണനേതൃത്വങ്ങളുടെ മൗനത്തില്‍നിന്നും ഉത്തരവാദിത്വങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടത്തില്‍നിന്നും വ്യക്തമാകുന്നു. രണ്ടു ദിവസംകൊണ്ട് വിവിധ പ്രദേശങ്ങളില്‍ സംഘടിതരായി 247 പള്ളികള്‍ തകര്‍ക്കണമെങ്കില്‍ ഈ കലാപം ആസൂത്രിതമല്ലെന്നു പറയാനാകുമോ? അങ്ങനെ ഗോത്രവും മതവും രാഷ്ടീയവും ഭരണപരാജയവും മണിപ്പൂരില്‍ കലാപമായി കെട്ടടങ്ങാതെ ആഞ്ഞടിക്കുന്നു.
ഓരോ ഗോത്രവിഭാഗവും തങ്ങള്‍ക്കു ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ ന്യൂനപക്ഷഗോത്രങ്ങളെ ആക്രമിച്ചു തുരത്തുന്നു. സര്‍ക്കാര്‍സംവിധാനങ്ങളെ നോക്കുകുത്തിയാക്കി മെയ്ത്തി, കുക്കി, നാഗ വിഭാഗങ്ങള്‍ അവരവരുടെ പ്രദേശങ്ങളില്‍ ഗോത്രനിയമം കൈയിലെടുക്കുന്നു. ജനം പലായനം ചെയ്യുന്നു. പലായനം ചെയ്തവര്‍ക്ക് മടങ്ങിപ്പോകാന്‍പോലും സാധ്യമല്ലാത്ത സാഹചര്യമുണ്ട്. ഭവനങ്ങള്‍ കത്തിച്ചും സ്വത്തുവകകള്‍ കൊള്ളയടിച്ചും സ്ഥാപനങ്ങള്‍ തകര്‍ത്തും പ്രതിരോധിക്കാനാവാതെ ജീവനുംകൊണ്ട് രക്ഷപ്പെടുന്നവര്‍ക്ക് തിരിച്ചുചെല്ലാന്‍ അവസരവും അനുവാദമില്ലാതെ അക്രമികള്‍ പ്രദേശവാസികളുടെ സ്ഥലങ്ങളും കൈവശപ്പെടുത്തുന്നു. സംസ്ഥാനം ഭരിക്കുന്ന സൈന്യസംരക്ഷണമുള്ള മന്ത്രിമാര്‍പോലും ആക്രമണഭീഷണിയിലാണ്. പോലീസിന്റെ കൈകളിലൊതുങ്ങുന്നതല്ല സംസ്ഥാനത്തിന്റെ സുരക്ഷിതത്വമെന്നതും വ്യക്തമായി. മണിപ്പൂര്‍ പോലീസ് നോക്കുകുത്തികളായി. കാരണം, അവരെക്കാള്‍ സംഘടിതരും ആയുധധാരികളുമാണ് കലാപക്കാര്‍. മുഖ്യമന്ത്രിയുടെ വീടിനുനേരേയും ആക്രമണമുണ്ടായി. കേന്ദ്രമന്ത്രി രഞ്ജന്‍സിങ്ങിന്റെ വസതിയും കത്തിച്ചു. പോലീസ് സ്‌റ്റേഷന്‍ കൊള്ളയടിച്ച് ആയുധങ്ങള്‍ കലാപകാരികള്‍ കൈക്കലാക്കി.
പ്രധാനമന്ത്രിയുടെ ക്രൂരമൗനം
മണിപ്പൂരിലെ സംഘര്‍ഷം അതിരൂക്ഷമായിത്തുടരുമ്പോഴും രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയുടെ മൗനം ക്രൂരമാണ്. ആഭ്യന്തരപ്രശ്‌നങ്ങളും കലാപങ്ങളും പരിഹരിക്കാന്‍ സാധിക്കാതെ വിദേശപര്യടനം നടത്തി യു.എസ്. കോണ്‍ഗ്രസില്‍ സമാധാനത്തെക്കുറിച്ചു വാചാലനാകുന്ന മോദിയുടെ ഇരട്ടമുഖം ഭാരതസമൂഹത്തിന് ഇനിയും ഉള്‍ക്കൊള്ളാനാവില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാകട്ടെ മണിപ്പൂര്‍കലാപത്തിന്മേല്‍ ലാഘവസമീപനമാണു സ്വീകരിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമല്ലെന്നു സമ്മതിക്കുമ്പോഴും ഇത്തരം കലാപങ്ങള്‍ മണിപ്പൂരില്‍ ആദ്യത്തേതല്ലെന്നുള്ള ഒഴിവുകളും ഒളിച്ചോട്ടവുമാണ് അമിത് ഷാ നടത്തുന്നത്. ബിജെപി മുഖ്യമന്ത്രിയായ ബിരേന്‍സിങ്ങാകട്ടെ പക്ഷപാതവും നിഷ്‌ക്രിയസമീപനവുമായി ഭരണത്തില്‍ പരാജയപ്പെട്ടു. അക്രമകാരികള്‍ സംസ്ഥാനപോലീസിന്റെയും സൈന്യത്തിന്റെയും ആയുധങ്ങള്‍പോലും കവര്‍ന്നെടുത്ത് നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ട് ജനങ്ങളെ കൊന്നൊടുക്കുമ്പോഴും മുഖ്യമന്ത്രിക്കു കുലുക്കമില്ല. ബിജെപി എംഎല്‍എമാര്‍ ഡല്‍ഹിയില്‍ ചെന്ന് ആവശ്യപ്പെട്ടിട്ടും മണിപ്പൂര്‍വിഷയത്തില്‍ കൂടിക്കാഴ്ചയ്ക്കു പ്രധാനമന്ത്രി തയ്യാറാകാത്തതു ധിക്കാരമല്ലേ?
കലാപത്തില്‍ 131 മരണങ്ങളാണ് ഇതിനോടകം ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും മരണസംഖ്യ ഇതിലേറെയാണ്. 5889 എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റുനടന്നത് 144 മാത്രമാണ്. കേന്ദ്രസര്‍ക്കാരിന്റെ അനുഗ്രഹത്തോടെയുള്ള കലാപമാണ് മണിപ്പൂരിലേതെന്നുള്ള ആക്ഷേപം ശരിവയ്ക്കുന്നതാണ് പ്രധാനമന്ത്രിയുടെ വ്യക്തമാക്കാത്ത നിലപാടും മൗനവും.
സൈന്യവും പരാജയപ്പെടുന്നു
കിഴക്കന്‍ ഇംഫാലിലെ ഇത്തം ഗ്രാമത്തില്‍ സൈന്യം പിടികൂടിയ കെ വൈ കെ എല്‍ എന്ന ത്രീവവാദഗ്രൂപ്പിലെ 12 തീവ്രവാദികളെയും അവസാനം വിട്ടുകൊടുക്കേണ്ട സാഹചര്യം ഉണ്ടായി. തീവ്രവാദസംഘടനകളും ഹിന്ദുത്വതീവ്രവാദികളും വംശീയകലാപത്തിന്റെ മറവില്‍ കസറുന്നുവെന്നാണു പറയപ്പെടുന്നത്. വംശീയകലാപത്തിനു മുന്‍നിരയില്‍ സ്ത്രീകളാണെന്നുള്ളതും ഞെട്ടിക്കുന്നതാണ്. വന്‍ആയുധ ശേഖരവും ഇവരുടെ കൈകളില്‍നിന്നു സൈന്യം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ആയിരത്തി ഇരുന്നൂറിലധികം സ്ത്രീകള്‍ സൈന്യത്തിനെതിരേ സംഘടിച്ചുവെന്നു സൈന്യം പിന്മാറിയതുകൊണ്ട് കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഒഴിവായിയെന്നും ന്യായീകരിക്കാമെങ്കിലും സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമായിത്തുടരുന്നു. അതേസമയം, ജൂണ്‍ 13 നുശേഷം കലാപത്തില്‍ ആരും കൊല്ലപ്പെട്ടില്ലെന്നാണ് മുഖ്യമന്ത്രി ബിരേന്‍സിങ്ങിന്റെ അവകാശവാദം. പലായനം ചെയ്തവര്‍ക്കു മടങ്ങിവരാന്‍ സാധിക്കില്ലെന്ന് ഉറപ്പായിരിക്കുമ്പോള്‍ എല്ലാം നഷ്ടപ്പെട്ടവര്‍ ഭാവിയില്‍ സമാധാനകാംക്ഷികളായി ഒതുങ്ങുമെന്നു പറയാനാവില്ല. ശക്തമായ തിരിച്ചടികള്‍ വീണ്ടും തുടരാം.
മണിപ്പൂര്‍ ക്രൈസ്തവരെ ദത്തെടുക്കുക
ഗോത്രങ്ങള്‍ തമ്മിലുള്ള കലാപമാണെങ്കിലും അക്രമത്തിനിരയാകുന്നത് മണിപ്പൂരിലെ ക്രൈസ്തവരാണ്. ജനസംഖ്യയില്‍ ഏതാണ്ട് പകുതിയോളം ക്രൈസ്തവരായതിനാല്‍ അവര്‍ വളര്‍ച്ചപ്രാപിക്കുന്നതും സ്വാധീനശക്തിയാകുന്നതും തകര്‍ക്കുകയെന്ന ലക്ഷ്യവും പിന്നിലുണ്ടാകും. എല്ലാം നഷ്ടപ്പെട്ട് പലായനം ചെയ്യപ്പെടുന്ന ക്രൈസ്തവരെ സംരക്ഷിക്കുന്നതില്‍ ഭരണസംവിധാനങ്ങള്‍ പരാജയപ്പെടുമ്പോള്‍ ഇന്ത്യയിലെ ക്രൈസ്തവസമൂഹം ഉണര്‍ന്നുപ്രവര്‍ത്തിക്കണം. ഇതിനോടകം ഇന്ത്യയിലെ വിവിധ കത്തോലിക്കാരൂപതകള്‍ മണിപ്പൂര്‍ വിദ്യാര്‍ഥികളെ ദത്തെടുക്കാനുള്ള വിപുലമായ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. കാരിത്താസ് ഇന്ത്യ വിവിധ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെങ്കിലും പലായനം ചെയ്തവരുടെ മടക്കം മണിപ്പൂരില്‍ അത്ര എളുപ്പമല്ല. ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ ഇന്ത്യയിലെ കത്തോലിക്കാരൂപതകളും വിവിധ ക്രൈസ്തവസഭാവിഭാഗങ്ങളും മനസ്സുവച്ചാല്‍ സ്വന്തം രൂപതാതിര്‍ത്തിക്കുള്ളില്‍ മണിപ്പൂര്‍ ഭവനങ്ങള്‍ പണിത് അവര്‍ക്ക് അഭയവും സംരക്ഷണവും ജീവിതസുരക്ഷിതത്വവും ഉറപ്പാക്കാം. നാളത്തെ തലമുറയ്ക്ക് നല്ലൊരു ഭാവിയുമുണ്ടാകും. മരുന്നും വസ്ത്രവും ബിസ്‌ക്കറ്റും പേസ്റ്റും ശേഖരിച്ചു നല്‍കിയതുകൊണ്ട് പരിഹരിക്കപ്പെടുന്നതല്ല കലാപത്തിനിരയായവരുടെ ജീവിതപ്രശ്‌നങ്ങള്‍. മണിപ്പൂരിന്റെ മക്കളെ സ്വന്തം കൂടപ്പിറപ്പായി സ്വീകരിക്കാനുള്ള വിശാലകാഴ്ചപ്പാട് ഇന്ത്യയിലെ ക്രൈസ്തവര്‍ക്കിടയിലുണ്ടാകണം.
മണിപ്പൂരില്‍ ഉയരുന്ന നിലവിളികള്‍ കേള്‍ക്കാന്‍ തയ്യാറാകാതെ, കലാപത്തിനിരയായ നിരപരാധികളായ ജനങ്ങളുടെ കണ്ണീരൊപ്പാതെ അനേകരെ നിര്‍ദയം കൊന്നൊടുക്കിയ മനുഷ്യാവകാശധ്വംസനത്തില്‍ മൗനം തുടര്‍ന്നാല്‍ ആ നിസ്സംഗതയ്ക്കും നിഷ്‌ക്രിയത്വത്തിനും ഭാവിയില്‍ ഭാരതക്രൈസ്തവസമൂഹം വലിയ വില നല്‍കേണ്ടിവരും.