സ്‌നേഹത്തിന്‍ ശീതളരൂപമായെന്നും
അകതാരില്‍ നിറയുന്ന പുണ്യമാണച്ഛന്‍
കദനത്തിന്‍ സാഗരം കരളിലുണ്ടെങ്കിലും
കരയാതെ കരയുന്ന മൗനമാണച്ഛന്‍
ക്ഷമയുടെ നിറതിരിദീപമാണച്ഛന്‍
കുഞ്ഞിളം കാല്‍കളാല്‍ പിച്ചവയ്ക്കുമ്പോള്‍
വീഴാതെ താങ്ങുന്ന കരുതലാണച്ഛന്‍
തന്നോളമെത്തിയാല്‍ തോളില്‍ കൈചേര്‍ക്കും
ഇണപിരിയാത്തൊരു സൗഹൃദമച്ഛന്‍
ജീവിതവീഥിയില്‍ തളരുന്ന നേരം
തണല്‍മരമായെന്നില്‍ കുളിരേകുമച്ഛന്‍
ഒരുമാത്ര മിഴികള്‍ നിറഞ്ഞുതുളുമ്പിയാല്‍
ചേര്‍ത്തണച്ചീടുന്ന സാന്ത്വനമച്ഛന്‍
ഒരുമാത്ര നെറുകയില്‍ മൃദുവായ് തലോടി
സങ്കടം മാറ്റുന്ന വാത്സല്യമച്ഛന്‍
നേര്‍വഴി നല്‍കും വെളിച്ചമാണച്ഛന്‍
കരളിന്റെയുള്ളം അഴലാലെരിയുമ്പോള്‍
ഹൃദയം നിറയുന്ന പുഞ്ചിരിയേകാന്‍
കാലം കരുതിയൊരീശ്വരരൂപമീ
കാരുണ്യനിറകുടമാകുമച്ഛന്‍
അച്ഛനരികിലുണ്ടെങ്കിലോ മക്കളില്‍
ആകുലചിന്തകളേതുമില്ല- പിന്നെ
ചഞ്ചലചിത്തരുമാകുകില്ല.
അച്ഛനാണൂഴിയില്‍ സര്‍വ്വസ്വമെന്നെന്നും
അച്ഛനാണുലകിതില്‍ സര്‍വപ്രധാനം
അച്ഛനില്ലാത്തൊരു ജന്മമില്ലൂഴിയില്‍,
അച്ഛനാണുലകിതില്‍ എന്റെ ദൈവം.
ഒരുനൂറു ജന്മം പിറവിയെടുത്താലും
അച്ഛന്റെ മകനായ് ജനിച്ചിടേണം-എന്റെ
അച്ഛന്റെ അരുമയായ് ജീവിക്കണം
എന്നും അച്ഛനെന്‍ കൂടെയുണ്ടായീടണം.