ദൈവത്തിന്റെ വരദാനമാണു പ്രകൃതി.
''ആതിരകള്‍ കുളിരു
തിരയുന്നു
ആവണികളൊരു കുഞ്ഞു പൂവു തിരയുന്നു
ആറുകളൊഴുക്കു തിരയുന്നു
സര്‍ഗലയതാളങ്ങള്‍
തെറ്റുന്നു, ജീവരഥ-
ചക്രങ്ങള്‍ ചാലിലുറയുന്നു.''
ഒ.എന്‍.വി. കുറുപ്പിന്റെ ''ഭൂമിക്കൊരു ചരമഗീതം'' എന്ന കാവ്യത്തിലെ വരികളാണിവ. കവിയുടെ വാക്കുകള്‍ക്കു സമകാലികസമൂഹത്തില്‍ ഏറെ പ്രാധാന്യമുണ്ട്. പ്രകൃതിയുടെ സൗന്ദര്യം കാലത്തിന്റെ യവനികയ്ക്കുള്ളില്‍ മറഞ്ഞുകഴിഞ്ഞു. ശാസ്ത്രസാങ്കേതികവിദ്യ പുരോഗതി പ്രാപിക്കുകയും അതുവഴി നേട്ടങ്ങള്‍ കൊയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. എല്ലാം നല്ലതിനു തന്നെ എന്നു ചിന്തിക്കുന്ന മാനവരാശി തിരിച്ചറിയാതെപോകുന്ന യാഥാര്‍ഥ്യങ്ങളുണ്ട്. പരിസ്ഥിതിവികസനത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍, പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുന്നു. പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെ സ്മരിച്ചുകൊണ്ട് ആരവങ്ങള്‍ മുഴക്കുന്നു. എന്നാല്‍, കാലം മറന്നുവച്ച ശൂന്യമായ മരുഭൂമിപോലെ തരിശിടങ്ങള്‍ ബാക്കി.
പച്ചവിരിച്ച നെല്‍പ്പാടങ്ങളും ഇടതൂര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന വൃക്ഷങ്ങളും അതില്‍ ചേക്കേറിപ്പാര്‍ക്കുന്ന പക്ഷിക്കൂട്ടങ്ങളും ഇന്നെവിടെ? നെല്‍പ്പാടങ്ങളുടെ സ്ഥാനത്ത് കൂറ്റന്‍ കെട്ടിടസമുച്ചയങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. മരങ്ങള്‍ ഓരോന്നായി നിലംപതിക്കുകയാണ്. ഇവയ്ക്കുപുറമേ പ്ലാസ്റ്റിക്കിന്റെയും മറ്റും ഉപയോഗത്തില്‍ പരിസ്ഥിതി മലിനീകരിക്കപ്പെടുന്നു. കാലാവസ്ഥ തന്നെ തകിടംമറിയുന്ന അവസ്ഥയാണു ദര്‍ശിക്കാന്‍ കഴിയുന്നത്. പ്രകൃതിസൗന്ദര്യം കാണാക്കാഴ്ചകളായി മാറുന്ന സാഹചര്യം സംജാതമാകുന്നു. 'മരം ഒരു വരം' എന്ന ചൊല്ലിന്റെ പ്രാധാന്യം മാനവരാശി തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഭാഷാസാഹിത്യത്തിലെ സുപ്രധാനശാഖയായ പരിസ്ഥിതിസാഹിത്യം വാക്കുകളുടെ ഒരു കൂട്ടംമാത്രമല്ല. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്ന താളാത്മകമായ സാഹിത്യമാണ്. പ്രകൃതിയുടെ സൗന്ദര്യവും പൂര്‍ണതയും നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിന് ഓരോ മനുഷ്യനും കടമയുണ്ട്. കൊഴിഞ്ഞുവീണ പൂവിനെ ദര്‍ശിച്ചപ്പോള്‍ കുമാരനാശാനിലുണ്ടായ വികാരമാണ് 'വീണപൂവ്' എന്ന കവിതയെ അനശ്വരമാക്കിയത്.
പ്രകൃതിക്ക് ഒരു താളമുണ്ട്. ഭൂമിയെ നനയ്ക്കാന്‍ മഴയാല്‍ രൂപപ്പെടുന്നതു താളമാണ്. ജോണ്‍ റസ്‌കിന്റെ വീക്ഷണത്തില്‍ 'പ്രകൃതി നമുക്കായി ദിവസവും പെയിന്റിങ് ചെയ്യുന്നു, അനന്തസൗന്ദര്യത്തിന്റെ ചിത്രങ്ങള്‍.' പ്രകൃതി ഒരുക്കുന്ന വിസ്മയം കാണാന്‍ നമ്മുടെ നയനങ്ങള്‍ തുറക്കേണ്ടിയിരിക്കുന്നു. പുതുമയുടെ മൂടുപടമണിഞ്ഞ മനുഷ്യന് ഈ വിസ്മയത്തെ കണ്ടറിയാന്‍ കഴിയുന്നില്ല. ജീവിതത്തിരക്കുകള്‍ക്കിടയില്‍ ഇല്ലാതാകുന്ന പ്രകൃതിയുടെ പൂര്‍ണതയെ പുനരുദ്ധരിക്കാന്‍ സമയവുമില്ല. പ്രകൃതിയോട് ഒരു ആത്മബന്ധം ഉണ്ടായാല്‍ മാത്രമേ നമുക്കു പ്രകൃതിയെ സംരക്ഷിക്കാനാകൂ. ഭൂമിയിലെ ജീവന്റെ നിലനില്പിനു പ്രകൃതിസംക്ഷണം അനിവാര്യമാണ്. ജൈവവൈവിധ്യത്തിന്റെ സംരക്ഷണം, വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം, ആവാസവ്യവസ്ഥകളുടെ സംരക്ഷണം, മലിനീകരണനിയന്ത്രണം എന്നിവ പ്രധാനപ്പെട്ടവയാണ്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ തയ്യാറാകണം. പല നിറങ്ങളിലും വലുപ്പത്തിലുമുള്ള പൂക്കള്‍കൊണ്ടു നിറഞ്ഞതാണ് ആരാമം. ഇന്ന് പ്ലാസ്റ്റിക്പൂക്കള്‍ പ്രാധാന്യമുള്ളതായിത്തീര്‍ന്നു. അതുപോലെ, പലവിധ കാരണങ്ങളാല്‍ പ്രകൃതിഭംഗി നഷ്ടപ്പെടുന്നു. വായുമലിനീകരണം, ജലമലിനീകരണം എന്നിവ അതില്‍ പ്രധാനപ്പെട്ടവയാണ്. പ്രകൃതി മനുഷ്യരാശിയുടെ സുപ്രധാനവും അവിഭാജ്യവുമായ ഘടകവുമാണ്.
കവികള്‍ക്കും എഴുത്തുകാര്‍ക്കും പ്രകൃതി എന്നും ഒരു പ്രചോദനമാണ്. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്കു കൈമാറേണ്ടത് സുപ്രധാനകാര്യമാണ്. അതിനാല്‍, പ്രകൃതിയെ സംരക്ഷിക്കാം. പ്രകൃതിയുടെ താളമറിയാം.