ദീപനാളത്തില്‍ പ്രസിദ്ധീകരിച്ചുവരുന്ന ''ശ്രേഷ്ഠമലയാളം'' പംക്തി ഏറെ വിജ്ഞാനപ്രദമെന്നു പറയട്ടെ; പ്രത്യേകിച്ചും ഭാഷാസ്‌നേഹികളെ സംബന്ധിച്ചു പറഞ്ഞാല്‍ അത് ഒരു കൈമുതല്‍തന്നെ. എന്നാല്‍, ഇന്നു ഭാഷ പഠിക്കുന്നവരൊഴിച്ച് ആരുംതന്നെ വ്യാകരണകാര്യത്തില്‍ ഒട്ടും ശ്രദ്ധിക്കുന്നില്ലായെന്നത് വാസ്തവമായ സംഗതിയാണ്. ചിലരതിനെ പുച്ഛിക്കുകപോലും ചെയ്യുന്നു. കാര്യം മനസ്സിലായാല്‍ പോരേ, അതിനു വ്യാകരണമെന്തിന് എന്നാണ് അവരുടെ ന്യായം. അവരോടു സഹതപിക്കുകയേ മാര്‍ഗമുള്ളൂ. ഓരോരുത്തര്‍ക്കും തോന്നിയപോലെ ഭാഷയെ വ്യഭിചരിക്കാനനുവദിച്ചാല്‍ അതിന്റെ അന്തസ്സ് എവിടെ?
ദീപനാളം ജൂണ്‍ 15 ലക്കം 'ശ്രേഷ്ഠമലയാളം' പംക്തിയില്‍ ഡോ. ഡേവീസ് സേവ്യര്‍ പലായനവും പാലായനവും ഭിന്നാര്‍ഥത്തില്‍ ശുദ്ധരൂപങ്ങളാണെന്നു പറയുന്നു. ശരിതന്നെ. തുടര്‍ന്ന് 'പലായന'മെന്നാല്‍ അര്‍ഥം തിരിഞ്ഞോട്ടമെന്നും 'പാലായന'മെന്നാല്‍ പാലാ എന്ന സ്ഥലത്തേക്കുള്ള ഓടിപ്പോകല്‍ അഥവാ സഞ്ചാരമെന്നും അദ്ദേഹം അര്‍ഥം കല്പിക്കുന്നു. അതും ശരിതന്നെ. ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യം, 'പലായനം' എന്ന പദം ഭാഷയില്‍ നിത്യോപയോഗത്തിലിരിക്കേ, 'പാലായനം' എന്ന വാക്പ്രയോഗം ഒരു തമാശയ്ക്കുപോലും ആരും ഉപയോഗിക്കാറില്ലെന്നുള്ളതാണ്. പാലായിലേക്കു വന്നുകൊണ്ടിരിക്കുന്ന സാധാരണക്കാരനായ ഒരു സഞ്ചാരിയെയോ സാഹിത്യകാരനെയോ സഞ്ചാരമധ്യേ ആരെങ്കിലും ഫോണ്‍വിളിച്ചാല്‍ 'ഞാന്‍ പാലായനം ചെയ്തുകൊണ്ടിരിക്കയാ'ണെന്നു പറയുമോ അതോ ഞാന്‍ 'പാലാ വരെ പോകുവാ' എന്നു പറയുമോ? ഉള്ളതു പറഞ്ഞാല്‍, 'പാലായനം' വിപണിമൂല്യം ഒട്ടുമില്ലാത്ത ഒരു വെറും വാക്കാണ്. അതൊക്കെ ചര്‍ച്ചയ്‌ക്കെടുക്കേണ്ടതുണ്ടോ?
ആ പംക്തിയില്‍ത്തന്നെ പറയുന്ന മറ്റൊരു കാര്യമുണ്ട്: പാലായനം പാലായിലേക്കുള്ള ഓടിപ്പോകലത്രേ. അതുപക്ഷേ, രക്ഷപ്പെടാനുള്ള പിന്തിരിഞ്ഞോട്ടമല്ല. നേരേമറിച്ച്, പാലാ ലക്ഷ്യമാക്കിയുള്ള സഞ്ചാരമാണ്. ഇവിടെ ഒരു ചോദ്യമുണ്ട്: മലബാറിലുള്ള ഒരു കുടിയേറ്റക്കാരന് തന്റെ ജന്മനാടായ പാലായിലേക്ക് പലായനം ചെയ്യേണ്ട ഒരു സാഹചര്യമുണ്ടായാലോ? അതിനെ എന്തു വിളിക്കും? പലായനമെന്നോ പാലായനമെന്നോ?
ജെയ്‌സണ്‍ ജോസഫ്
പാലാവയല്‍