മധുരമാമ്പഴക്കാലമേ,
നിനക്കെന്നും
ബാല്യത്തിന്‍ പച്ചപ്പും
തോരാചുനഗന്ധവും!
നീ പേറുന്നു
ചാഞ്ഞ തേന്മാവിന്‍
ചില്ലയിലിത്തിരി
തണല്‍നനവു തേടും
ഓര്‍മമഴഗന്ധം!
അക്കൊമ്പിലിക്കൊമ്പില്‍
ആലോലമാടുന്ന
നറുമിഴിക്കോണിലെ
പൊന്‍തുമ്പിതുള്ളല്‍!
ഊഞ്ഞാല്‍ത്തുടിപ്പോലും
അകതാളമേളത്തിന്‍
അരുമയാം കിങ്ങിണി-
ക്കാല്‍ച്ചിലമ്പല്‍!
ഋതുപ്പൂക്കള്‍ വിടര്‍ത്തുന്ന
നറുപുലരിമൊട്ടിന്റെ
നവ്യസുഗന്ധങ്ങള്‍!
നിമിനേരം നിന്‍ശാഖ-
യൊട്ടിനിന്നീടവേ
ചൂളം വിളിച്ചങ്ങു
പായുന്നു ഘടികാരം.
അറിയാതുറക്കത്തിലെങ്കിലും
കാല്‍വഴുതി അമ്മമണത്തിന്റെ
ആഴത്തിലേക്കു കുതിക്കാന്‍
കൊതിക്കവേ...
വിദൂരത്തില്‍നിന്നാരോ മൊഴിയുന്നു:
കടിഞ്ഞാണഴിഞ്ഞു കുതിച്ചോരു ബാല്യത്തെ
കൈയെത്തിയെങ്ങനെ
നീ പിടിക്കും?