പശ്ചിമബംഗാളിലെ കൊച്ചുഗ്രാമത്തില്‍നിന്ന് ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള പ്രണബ് മുഖര്‍ജിയുടെ യാത്രയിലെ സംഭവവികാസങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥപോലെയായിരുന്നില്ല. പ്രതീക്ഷിക്കാത്ത സമയത്ത് കൈപിടിച്ചുയര്‍ത്തപ്പെട്ടു. അതേസമയം ഏറ്റവും പ്രതീക്ഷിച്ചിരുന്നത് കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടതിനും അദ്ദേഹത്തിന്റെ ജീവിതം സാക്ഷ്യംവഹിച്ചു.
1935 ഡിസംബര്‍ 11 ന് പശ്ചിമബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു പ്രണബിന്റെ ജനനം. പിതാവ് കമദ കിന്‍കര്‍ മുഖര്‍ജിയും മാതാവ് രാജ്‌ലക്ഷ്മിയും സ്വാതന്ത്ര്യസമരസേനാനികളും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായിരുന്നു. സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ പ്രണബിന്റെ പിതാവിന് പലതവണ ജയില്‍വാസം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.
സ്‌കൂള്‍വിദ്യാഭ്യാസാനന്തരം സുരി വിദ്യാസാഗര്‍ കോളജില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സിലും ഹിസ്റ്ററിയിലും ബിരുദാനന്തരബിരുദം നേടി. തുടര്‍ന്ന് കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയില്‍നിന്ന് നിയമബിരുദമെടുത്തു. പഠനാനന്തരം 1963 മുതല്‍ വിദ്യാസാഗര്‍ കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായി കരിയര്‍ ആരംഭിച്ചു. ഇന്ദിരാഗാന്ധിയാണ് പ്രണബിനെ രാഷ്ട്രീയത്തിലേക്കു കൈപിടിച്ചുയര്‍ത്തിയത്.
1969 ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭാംഗമായി. തന്റെ മന്ത്രിസഭയില്‍ ഇന്ദിര പ്രണബിനെ ഉള്‍പ്പെടുത്തി. 1973 വരെ കേന്ദ്രമന്ത്രിയായി തുടര്‍ന്നു. അടിയന്തരാവസ്ഥക്കാലത്ത് ചില പഴികള്‍ കേള്‍ക്കേണ്ടിവന്നെങ്കിലും 1982 ല്‍ ധനമന്ത്രാലയത്തിന്റെ ചുമതല ഇന്ദിര പ്രണബിനു നല്‍കി. 1984 വരെ കേന്ദ്രമന്ത്രിയായിരുന്നു. 1980 മുതല്‍ 84 വരെ രാജ്യസഭാനേതാവായിരുന്നു പ്രണബ് മുഖര്‍ജി.
പക്ഷേ, ഇന്ദിരയുടെ മരണത്തോടെ കോണ്‍ഗ്രസില്‍ പ്രണബ് ഒറ്റപ്പെട്ടു. അസംതൃപ്തിയുടെ ഒടുവില്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പ്രണബ് തീരുമാനിച്ചു. അങ്ങനെ 'രാഷ്ട്രീയസമാജ് വാദി കോണ്‍ഗ്രസ്' രൂപീകരിച്ചു. 1989 ല്‍ താന്‍ രൂപീകരിച്ച പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചുകൊണ്ട് പ്രണബ് മാതൃസംഘടനയിലേക്കു മടങ്ങിവന്നു.
രാജീവ് ഗാന്ധിയുടെ മരണത്തോടെ പി.വി. നരസിംഹറാവു പാര്‍ട്ടിയിലും ഭരണത്തിലും ശക്തനായി. അത്, പ്രണബിന്റെ തിരിച്ചുവരവുകൂടിയായി. പ്ലാനിംഗ് കമ്മീഷന്‍ അധ്യക്ഷനായി 1991 ല്‍ റാവു പ്രണബിനെ നിയമിച്ചു. 1995 ല്‍ വിദേശകാര്യമന്ത്രിയായി ഉയര്‍ത്തി. അതോടെ ഭരണത്തിലും കരുത്തനായി മാറിയ പ്രണബ് രാഷ്ട്രീയകരുനീക്കങ്ങളിലും അതീവജാഗ്രത കാണിച്ചു. 1998 ല്‍ രാജീവ് ഗാന്ധിയുടെ പത്‌നി സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയായി കൊണ്ടുവരുന്നതില്‍ നിര്‍ണായകപങ്കുവഹിച്ചത് പ്രണബ് മുഖര്‍ജിയായിരുന്നു.
കോണ്‍ഗ്രസ് നയിച്ച ഐക്യപുരോഗമനസഖ്യം (യുപിഎ) 2004 ല്‍ വിജയിച്ചപ്പോള്‍ ലോക്‌സഭയിലേക്കും പ്രണബ് മികച്ച വിജയം സ്വന്തമാക്കി. അന്നുമുതല്‍ 2012 ല്‍ രാജിവയ്ക്കുന്നതുവരെ മന്‍മോഹന്‍ സര്‍ക്കാരിലെ രണ്ടാമനായിരുന്നു പ്രണബ് മുഖര്‍ജി. ഇക്കാലയളവില്‍ വിവിധ സുപ്രധാനവകുപ്പുകള്‍ കൈകാര്യം ചെയ്തത് പാര്‍ട്ടിയിലെയും ഭരണത്തിലെയും സീനിയറായ പ്രണബ് മുഖര്‍ജിയാണ്; പ്രതിരോധം (2004-06), വിദേശകാര്യം (2006-09), ധനകാര്യം (2009-12).
രണ്ടാമതും യുപിഎ അധികാരത്തില്‍ വന്നപ്പോള്‍ പാര്‍ട്ടിയിലും ഭരണത്തിലും സീനിയറായ, അനുഭവസമ്പത്തുള്ള തന്നെ പ്രധാനമന്ത്രിയാക്കുമെന്ന് പ്രണബ് പ്രതീക്ഷിച്ചു. പക്ഷേ, സോണിയ മന്‍മോഹന് വീണ്ടും അവസരം നല്‍കി. ഒടുവില്‍ സജീവരാഷ്ട്രീയം ഉപേക്ഷിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച സമയത്താണ് 2012 ല്‍ പ്രണബ് ഇന്ത്യയുടെ 13-ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
കോണ്‍ഗ്രസ് നയിച്ച യുപിഎ സ്ഥാനാര്‍ത്ഥിയായാണ് പ്രസിഡന്റായതെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി നയിച്ച കേന്ദ്രസര്‍ക്കാരുമായും നല്ല ബന്ധമാണ് തന്റെ കാലയളവില്‍ പ്രണബ് കാത്തുസൂക്ഷിച്ചത്.
പ്രസിഡന്റ്പദവിയെന്നത് വെറും ആലങ്കാരികമാണെന്ന പൊതുധാരണയെ തിരുത്തിക്കൊണ്ട് ഒട്ടേറെ നിര്‍ണായക ഓര്‍ഡിനന്‍സുകളിലും തീരുമാനങ്ങളിലും തന്റെ കാലയളവില്‍ പ്രണബ് ഒപ്പുവച്ചു. രാഷ്ട്രപതിഭവനിലേക്കു പൊതുജനങ്ങള്‍ക്കു പ്രവേശിക്കാനുള്ള കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തിയത് അതിലൊന്നാണ്. തലസ്ഥാനത്ത് രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങുകള്‍ ഭൂരിഭാഗവും രാഷ്ട്രപതിഭവനിലാക്കിയതാണ് മറ്റൊന്ന്. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങുകള്‍ നടക്കുമ്പോള്‍ ഗതാഗതനിയന്ത്രണവും മറ്റുംമൂലം പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായിരുന്നു ഈ തീരുമാനം. രാഷ്ട്രപതിയായിരിക്കെത്തന്നെ അധ്യാപകന്റെ വേഷവും അദ്ദേഹം അണിഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി രാജ്യത്തലവന്‍ രാഷ്ട്രപതിഭവന്‍ പരിസരത്ത് കുട്ടികള്‍ക്കു ക്ലാസ്സെടുത്തു. 11, 12 ക്ലാസ്സുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രസിഡന്റ് എസ്റ്റേറ്റിലുള്ള 'രാജേന്ദ്രപ്രസാദ് സര്‍വോദയ വിദ്യാലയയില്‍' അദ്ദേഹം പാഠങ്ങള്‍ പറഞ്ഞുകൊടുത്തത്.
ഏഴിനും പതിനഞ്ചിനും ഇടയ്ക്കു പ്രായമുള്ള കുട്ടികളുടെ സര്‍വതോമുഖമായ വികസനത്തിനായി 'സംസ്‌കൃതി' എന്ന പേരില്‍ പെയിന്റിംഗ്, യോഗ, കഥപറച്ചില്‍, ക്ലേ മോഡലിംഗ്, സംഗീതക്ലാസുകള്‍ എന്നിവ രാഷ്ട്രപതി ഭവനിലെ പ്രണബ് മുഖര്‍ജി പബ്ലിക് ലൈബ്രറിയില്‍ അദ്ദേഹം ക്രമീകരിച്ചു. വയോധികരുടെ ഉല്ലാസത്തിനും ഒത്തുചേരലിനുമായി 'സമാഗമം' എന്ന പേരില്‍ തിങ്കള്‍മുതല്‍ വെള്ളിവരെ യോഗ, കൗണ്‍സെലിംഗ്, സൗജന്യവൈദ്യപരിശോധന, കളികള്‍ എന്നിവയും രാഷ്ട്രപതിഭവനില്‍ ക്രമീകരിച്ചിരുന്നു. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കായി 'സ്പാര്‍ഷ്' എന്ന പ്രോഗ്രാമും പ്രണബ് മുഖര്‍ജിയുടെ കാലത്ത് രൂപംകൊടുത്തതാണ്.
ഇന്ത്യയിലെ പ്രഥമ വിശുദ്ധയായി ഉയര്‍ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് 2009 ഓഗസ്റ്റ് 23 ന് ഭരണങ്ങാനത്ത് വിശുദ്ധയുടെ ചിത്രം ആലേഖനം ചെയ്ത നാണയം പ്രണബ് മുഖര്‍ജി പുറത്തിറക്കി. എല്ലാ മതങ്ങളെയും സമഭാവനയോടെ കാണുകയും തികഞ്ഞ മതസൗഹാര്‍ദ്ദം പുലര്‍ത്തുകയും ചെയ്ത ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹം.
''ഇന്ത്യക്കാരായ നാം കഴിഞ്ഞ കാലത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളണം. അതേസമയം ഭാവിയെ ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുകയും വേണം. ഇന്ത്യയെ അടുത്ത സുവര്‍ണഘട്ടത്തിലേക്കു നയിക്കാന്‍ തക്കശേഷിയുള്ള ആയുധം വിദ്യാഭ്യാസമാണ്.'' 2008 ല്‍ പദ്മവിഭൂഷണും ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന 2019 ലും നല്കി രാഷ്ട്രം ആദരിച്ച പ്രണബ് മുഖര്‍ജിയുടെ വാക്കുകളാണിത്. 'സഞ്ചരിക്കുന്ന വിജ്ഞാനഗ്രന്ഥ'മെന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യ കണ്ട മികച്ച ഭരണാധികാരികളിലൊരാളായ പ്രണബ് മുഖര്‍ജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.