ഒരു സമൂഹത്തിന് ഒന്നടങ്കം മറവി ബാധിക്കാതെ ചരിത്രം മായ്ക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോകില്ല. പക്ഷേ, അതിനുള്ള ശ്രമങ്ങള്‍ ഇന്നു തുടങ്ങിയാല്‍ കുറച്ചു പതിറ്റാണ്ടുകള്‍ക്കപ്പുറം അതു സാധ്യമാകും. ആ ശുഭാപ്തിവിശ്വാസമാണ് എന്‍സിഇആര്‍ടിയുടെ ചരിത്രംതിരുത്തലിനു പിന്നില്‍. കുട്ടികളുടെ പഠനഭാരം ലഘൂകരിക്കാനെന്ന വിശദീകരണങ്ങള്‍ തൊടുന്യായങ്ങള്‍മാത്രം. മുമ്പേ ചരിത്രം പഠിക്കാന്‍ ആരംഭിച്ചവര്‍ക്ക് എന്‍സിഇആര്‍ടിയുടെ വികൃതികള്‍ ചേമ്പിലയില്‍ വെള്ളം ഒഴിക്കുന്നതുപോലെയേയുള്ളൂ. പക്ഷേ, കുട്ടികളുടെ കാര്യമതല്ല. മുഗളന്മാരെയും ഗ്രീക്കുകാരെയും ഡച്ചുകാരെയും ഒന്നും പഠിക്കാതെ രൂപപ്പെടുന്ന ചരിത്രബോധം ജീവനറ്റതാകും. അരുന്ധതി റോയിയുടെ വാക്കുകളില്‍, ഇന്ത്യയുടെ മുഗള്‍ചരിത്രവും ഇസ്‌ലാമികസംഭാവനകളും മാറ്റിനിര്‍ത്തിയാല്‍പ്പിന്നെ നമ്മുടെ രാജ്യത്തിന്റെ ചരിത്രം വെറും എരിയുന്ന ചാമ്പലാണ്. താജ്മഹല്‍ തേജോമഹലാണെന്നു ചിന്തിക്കുന്ന ഒരു ജനതതി ഉണ്ടാകുന്നത് ഇന്ത്യയെന്ന സങ്കല്പത്തിനുതന്നെ എതിരാണ്. പൗരാണിക വേദപാരമ്പര്യങ്ങളുടെ സ്തന്യം നുകരുന്നതിനും ഇതര ചരിത്രങ്ങളുടെ ശോഭ ആസ്വദിക്കുന്നതിനും കുട്ടികള്‍ക്ക് അവകാശമുണ്ട്. അവരെ അതിന് അനുവദിക്കണം. അല്ലായ്കില്‍ കാലത്തെ തിരുത്തുന്നവരോട് കാലംതന്നെ പകരം ചോദിക്കുന്നതു കാണാന്‍ മന്വന്തരങ്ങള്‍ കാക്കേണ്ടിവരില്ല!
മനുഷ്യന്റെ വൈജ്ഞാനികപരിണാമത്തിനു കാരണം മനുഷ്യര്‍ ഭക്ഷണം പാചകം ചെയ്തു കഴിക്കാന്‍ തുടങ്ങിയതാണെന്നു ലളിതമായി പഠിപ്പിക്കാന്‍ ശാസ്ത്രത്തില്‍ കടുംവെട്ടു വെട്ടുന്ന എന്‍സിഇആര്‍ടിക്ക് ആകില്ല. എന്‍സിഇആര്‍ടിക്കു താത്പര്യം ദശാവതാരം കഥയോടാണെങ്കില്‍ പിന്നെ കോഗ്‌നിറ്റീവ് എവല്യൂഷനെന്നും വൈജ്ഞാനികപരിണാമമെന്നും പറഞ്ഞുചെന്നിട്ടു കാര്യവുമില്ല. ശാസ്ത്രത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ തികച്ചും പ്രശംസനീയമായ പുസ്തകമാണ് ഇസ്രായേല്‍വംശജനായ ചരിത്രകാരനും ജെറുസലേമിലെ ഹീബ്രു സര്‍വകലാശാല പ്രൊഫസറുമായ യുവാല്‍ നോഹ ഹരാരിയുടെ സാപിയന്‍സ്. മനുഷ്യന്റെ പരിണാമത്തിന്റെ നാള്‍വഴികള്‍ ആ പുസ്തകത്തില്‍ സുദീര്‍ഘമായി വിവരിക്കുന്നുണ്ട്. കാട്ടില്‍ പച്ചമാംസം ഭക്ഷിച്ചു ജീവിച്ച മനുഷ്യന്‍ ഭക്ഷണം വേവിച്ചുകഴിക്കാന്‍ തുടങ്ങിയത് മനുഷ്യന്റെ പുരോഗതിയിലെ നാഴികക്കല്ലാണെന്നാണ് പുസ്തകത്തില്‍ വിവരിക്കുന്നത്. അതിന്റെ കാരണവും അതില്‍ വിവരിക്കുന്നു.
കണ്ണടച്ചാല്‍ ഇരുട്ടാകില്ല
കാട്ടില്‍ മാനുകളെമുതല്‍ മാമത്തുകളെവരെ വേട്ടയാടി ജീവിച്ചിരുന്ന മനുഷ്യനു വെളിപാടുണ്ടായത് മിന്നല്‍ ഏശിയിട്ടല്ല. വെന്തുരുകിയ മാംസം കഴിച്ച സ്വാദു തേടിയാണ് മനുഷ്യന്‍ രണ്ടാമത് തീ കത്തിക്കാന്‍പോലും ഒരുമ്പെട്ടത്. പച്ചമാംസം കഴിച്ചു ജീവിച്ച മനുഷ്യന്‍ കാട്ടുതീയില്‍ വെന്തമാംസം കഴിച്ചതാണ് അവന്റെ മസ്തിഷ്‌ക പരിണാമത്തില്‍ നാഴികക്കല്ലായത്. തീയുണ്ടാക്കാന്‍ മനുഷ്യന് അതിലും വലിയ കാരണങ്ങള്‍ വേറേ വേണ്ടിയിരുന്നില്ല. മാംസം വേവിക്കാന്‍ തീയുണ്ടാക്കിയിടത്തുനിന്ന് ഹവിസ് എരിക്കാന്‍ യജ്ഞശാല പണിതിടത്തേക്കു മനുഷ്യന്‍ എത്തിയത് ലക്ഷോപലക്ഷം വര്‍ഷങ്ങളുടെ മനസ്ഥലികള്‍ താണ്ടിയാണ്. മനുഷ്യന്റെ എഴുതപ്പെട്ട ചരിത്രം ആരംഭിക്കുന്നത് ശിലായുഗംമുതല്‍ക്കാണ്; വേദകാലഘട്ടം തൊട്ടല്ലെന്ന് എന്‍സിആര്‍ടി ഓര്‍ക്കണം. അതുകൊണ്ട് പരിണാമസിദ്ധാന്തവും ചരിത്രവുമെല്ലാം തിരുത്തുന്ന എന്‍സിആര്‍ടി കണ്ണടച്ചാല്‍ ഇരുട്ടാകുക ഒരു രാജ്യത്തിനു മുഴുവനാണ്.
ശാസ്ത്രമെന്ന സത്യം
ഏറ്റവും ഒടുവിലായി എന്‍സിഇആര്‍ടി ഒഴിവാക്കിയ പീരിയോഡിക് ടേബിളിലെ മൂലകങ്ങളുടെ ഓരോ കോളവും വിദ്യാര്‍ഥികളുടെ യുക്തിബോധത്തിന്റെ അടിക്കല്ലുകളാണ്. തനിക്കു ചുറ്റും കാണുന്ന ലോകത്തിലെ ദ്രവ്യതന്മാത്രകള്‍ രൂപംകൊണ്ടത് എങ്ങനെയെന്ന് ഒരുവനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന അറിവിന്റെ പട്ടിക ഒഴിവാക്കി ശാസ്ത്രപഠനം സാധ്യമല്ല. പത്താം ക്ലാസിലെ കുട്ടികള്‍ക്ക് പഠനഭാരം ഒഴിവാക്കാനാണ് കെമിസ്ട്രി പുസ്തകത്തില്‍നിന്നു പീരിയോഡിക് ടേബിള്‍ ഒഴിവാക്കിയതെന്നാണ് എന്‍സിഇആര്‍ടിയുടെ ന്യായീകരണം. എന്നാല്‍, കോവിഡ് കാലം പിന്നിട്ട് സ്‌കൂളുകളെല്ലാം പഴയ സമയക്രമത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടും കുട്ടികളുടെ പഠനഭാരം ലഘൂകരിക്കാന്‍ പ്രധാനപ്പെട്ട പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നത് അക്ഷന്തവ്യമായ തെറ്റാണ്. ചെറിയ ക്ലാസുകളില്‍ ശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കാതെ ശാസ്ത്രബോധം രൂപപ്പെടില്ല. അജൈവികതന്മാത്രകളില്‍നിന്ന് ജൈവതന്മാത്രകള്‍ ഉണ്ടായത് എങ്ങനെയെന്നു തെളിയിച്ച പരീക്ഷണത്തെ ശാസ്ത്രലോകം അംഗീകരിച്ചത് നൊബേല്‍ സമ്മാനം നല്‍കിയാണ്. ആദിമഭൂമിയിലെ അന്തരീക്ഷം പുനഃസൃഷ്ടിച്ച് ലബോറട്ടറിയില്‍ ജീവന്റെ ആദ്യത്തെ കണികകളെ സൃഷ്ടിച്ച സ്റ്റാന്‍ലി മില്ലര്‍ - ഹാരോള്‍ഡ് യുറേ പരീക്ഷണം ഒന്‍പതാം ക്ലാസിലെ ജീവശാസ്ത്രപുസ്തകത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ശാസ്ത്രത്തെ തൊഴുതുവണങ്ങും. അതിന് അവസരം നിഷേധിക്കുന്നത് അപരാധമാണ്.
തിരുത്തലിന്റെ ലക്ഷ്യം
പീരിയോഡിക് ടേബിളും പരിണാമസിദ്ധാന്തവുമൊക്കെ ഒഴിവാക്കിയാല്‍ സര്‍ക്കാരിന് എന്തു ഗുണമെന്ന് ആര്‍ക്കും ചോദിക്കാം. പക്ഷേ, ഗുണമുണ്ട്! ശാസ്ത്രബോധം കൈവെടിഞ്ഞ് അതിമാനുഷികവിചിന്തനങ്ങള്‍ പേറുന്ന ജനതതിയെ നിര്‍മിക്കുന്നത് നിക്ഷിപ്തതാത്പര്യക്കാരുടെ രാഷ്ട്രീയത്തിനു ഫലഭൂയിഷ്ഠമായ മണ്ണ് ഉഴുതിടും. പാര്‍ലമെന്റില്‍ ചെങ്കോലും മന്ത്രോച്ചാരണങ്ങളും തത്സമയം പ്രക്ഷേപണം ചെയ്ത ഭരണകൂടത്തിനു സിലബസില്‍നിന്നു രണ്ടു പാഠങ്ങള്‍ വെട്ടിയെറിയുന്നത് താരതമ്യേന എളുപ്പമുള്ള പണിയാണ്. അന്ധവിശ്വാസത്തില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന രാജ്യത്തിന്റെ നല്ലൊരു വിഭാഗം മുതിര്‍ന്ന പൗരന്മാരെ ചോദ്യം ചെയ്യാന്‍ രാജ്യത്തിന്റെ ഇളംതലമുറ ഒരുമ്പെടരുതെന്ന് ആഗ്രഹിച്ചാല്‍ ആദ്യം തിരുത്തേണ്ടത് പുസ്തകങ്ങള്‍ തന്നെയാണ്. അതവര്‍ വൃത്തിയായി ചെയ്യുന്നുമുണ്ട്. ശാസ്ത്രപുസ്തകങ്ങള്‍ തിരുത്തിയതിനുമുമ്പേ എന്‍സിഇആര്‍ടി തിരുത്തിയത് ചരിത്രവും രാഷ്ട്രീയവുമാണെന്നും നമ്മള്‍ ഓര്‍ക്കണം.