മെല്‍ബണ്‍: മെല്‍ബണ്‍ രൂപതയുടെ ദ്വിതീയമെത്രാനായി മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ അഭിഷിക്തനായി. പരിശുദ്ധ ദൈവമാതാവിന്റെ സന്ദര്‍ശനത്തിരുനാള്‍ ദിനമായ മേയ് 31 ബുധനാഴ്ച മെല്‍ബണിലെ ക്യാമ്പെല്‍ഫീല്‍ഡിലുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള കല്‍ദായ കത്തോലിക്കാ ദൈവാലയത്തിലായിരുന്നു മെത്രാഭിഷേകച്ചടങ്ങുകള്‍.
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ച തിരുക്കര്‍മങ്ങളില്‍ പ്രഥമ മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍, താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി തിരുക്കര്‍മങ്ങളില്‍ ആര്‍ച്ചു ഡീക്കനായി പങ്കെടുത്തു.
മാര്‍ ജോണ്‍ പനന്തോട്ടത്തിലിനെ മെല്‍ബണ്‍ രൂപതയുടെ മെത്രാനായി നിയമിച്ചുകൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ഉത്തരവ് ഓസ്ട്രേലിയായിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചു ബിഷപ് ചാള്‍സ് ബാല്‍വോ വായിച്ചു.
യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, രാജ്‌കോട്ട് ബിഷപ് മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍, ജഗ്ദല്‍പൂര്‍ മെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ ഉള്‍പ്പെടെ ഓഷ്യാനിയയിലെ വിവിധ രൂപതകളില്‍നിന്നുള്ള മുപ്പതോളം ബിഷപ്പുമാരും മെല്‍ബണ്‍ രൂപതയില്‍ സേവനം ചെയ്യുന്ന മുഴുവന്‍ വൈദികരും ഓസ്ട്രേലിയയിലും ന്യുസിലാന്‍ഡിലും മറ്റു രൂപതകളില്‍ സേവനം അനുഷ്ഠിക്കുന്ന മലയാളിവൈദികരും രൂപതയുടെ വിവിധ ഇടവകകളില്‍നിന്നും മിഷനുകളില്‍നിന്നുമായി ആയിരത്തോളം അല്മായരും സ്ഥാനാരോഹണച്ചടങ്ങുകള്‍ക്കു സാക്ഷ്യംവഹിച്ചു. കൂടാതെ, ഓസ്‌ട്രേലിയന്‍ ഫെഡറല്‍ - വിക്ടോറിയ സംസ്ഥാനതല മന്ത്രിമാരും സാമൂഹികസാംസ്‌കാരിക മേഖലയിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.