''ഡല്ലാ നീ എവിടാ?''
ഗോള്‍ഡന്‍ വില്ലയുടെ തുറന്നുകിടന്ന മുന്‍വാതിലിലൂടെ അകത്തു പ്രവേശിച്ച ബീന പരിസരം മുഴുവന്‍ ഒന്നു നിരീക്ഷിച്ചശേഷം ഉറക്കെ വിളിച്ചുചോദിച്ചു.
''ഞാന്‍ ഇവിടെയൊണ്ടു ചേച്ചീ.''
ഉടന്‍ ഡല്ലയുടെ മറുപടിയെത്തി.
''നീ അവിടെ എന്തെടുക്കുവാ? ഞാന്‍ ഇവിടെ വന്നപ്പൊമുതല്‍ ഒരു കലം വെള്ളം അടുപ്പിലിരുന്നു തിളയ്ക്കുന്നു. നിനക്ക് അരിയിട്ടിട്ടു വേറേ പണിക്കു പൊയ്ക്കൂടായിരുന്നോ? അരി അവിടെ കിടന്നു വേകുമായിരുന്നില്ലേ?''
''അയ്യോ ചേച്ചീ, അതു കാപ്പിയുണ്ടാക്കാന്‍ വച്ചിരിക്കുന്ന വെള്ളമാ.'
ഡല്ലയുടെ മറുപടികേട്ട് ബീനാ വാ പൊളിച്ചുപോയി.
''നിനക്കും കെട്ടിയോനും രണ്ടു മക്കള്‍ക്കും കൂടി കാപ്പിയുണ്ടാക്കാന്‍ ഒരു കലം നിറയെ വെള്ളമോ?''
''അതു ചേച്ചീ, രണ്ടുമൂന്നു പേര് ഓര്‍ക്കാപ്പുറത്തു വന്നുകേറിയാല്‍ അവര്‍ക്കും ഓരോ ഗ്ലാസ് കാപ്പി കൊടുക്കണ്ടേ?''
''അതിഥിസല്‍ക്കാരം നല്ലതുതന്നെയാ. പക്ഷേ, വരാത്ത അതിഥികള്‍ക്കുവേണ്ടി മുന്‍കൂര്‍ കാപ്പി ഉണ്ടാക്കിവയ്ക്കുന്നവരെ ഞാന്‍ ഇപ്പഴാ കാണുന്നെ. ഏതെങ്കിലും പിരിവുകാര്‍ അഞ്ചാറുപേര്‍ ഒന്നിച്ചിങ്ങു വന്നാലോ? ഈ കാപ്പി തികയത്തില്ലല്ലോ.''
''ഓ, ഈ ചേച്ചിയെക്കൊണ്ടു ഞാന്‍ തോറ്റു.''
ഡല്ല തോല്‍വി സമ്മതിച്ചു.
''വെള്ളം തിളച്ചുമറിയുന്നു. നീ എന്താ കാപ്പിപ്പൊടി ഇടാത്തെ?''
''അതു ചേച്ചീ ഞാന്‍ കാപ്പിപ്പൊടി തപ്പുവാ. ഇന്നലെവരെ അമ്മയല്ലേ കാപ്പി അനത്തിക്കൊണ്ടിരുന്നത്. ഇന്നലെ വൈകിട്ട് അമ്മ ബിന്ദുച്ചേച്ചീടെ അടുത്തു പോയി. കാപ്പിപ്പൊടി എവിടാ വച്ചേക്കുന്നതെന്ന് എനിക്കറിയാന്‍മേല. ഞാന്‍ അതു തപ്പുവാരുന്നു.''
''കൊള്ളാം. നാലു പേര്‍ക്കു കാപ്പി ഉണ്ടാക്കിയപ്പൊത്തന്നെ നീ എന്തുമാത്രം ഗ്യാസ് നഷ്ടപ്പെടുത്തി. രണ്ടു ഗ്ലാസ് പാലില്‍ രണ്ടു ഗ്ലാസ് വെള്ളം ചേര്‍ത്ത് ഒരു ചെറിയ പാത്രത്തില്‍ കാപ്പി അനത്തിയാല്‍ പോരേ? അതിനുപകരം ഏഴെട്ടുഗ്ലാസ് വെള്ളം തിളപ്പിച്ചു. ഇനി പാല്‍ വേറേ തിളപ്പിക്കണം. അങ്ങനതന്നെ എത്ര ഗ്യാസ് ചെലവാക്കി. പത്തു മിനിറ്റുമുമ്പേ തിളച്ച വെള്ളം പത്തുമിനിറ്റുകൂടി വെറുതെ തിളപ്പിച്ചു. അവിടേം എത്ര ഗ്യാസ് നഷ്ടമായി. 1150 രൂപാ മുടക്കി വാങ്ങുന്ന ഗ്യാസ് ഇങ്ങനെ വെറുതെ കത്തിച്ചുകളയണോ? ഒരു മാസം ഉപയോഗിക്കാവുന്ന ഗ്യാസ് നീ പന്ത്രണ്ടു പതിമ്മൂന്നു ദിവസംകൊണ്ടു തീര്‍ക്കുമല്ലോ.''
''ചേച്ചി എങ്ങനാ കാപ്പി ഉണ്ടാക്കുന്നെ? ഒന്നു പറഞ്ഞേ.''
ഞാന്‍ എനിക്കും ചേട്ടനും മൂന്നുമക്കള്‍ക്കുംവേണ്ടി രണ്ടരഗ്ലാസ് പാലില്‍ രണ്ടര ഗ്ലാസ് വെള്ളംചേര്‍ത്ത് അടുപ്പില്‍ വയ്ക്കും. കാപ്പിപ്പൊടിയും പഞ്ചസാരയും കാപ്പി പകരാനുള്ള ചരുവവും അഞ്ചു ഗ്ലാസും രണ്ടു സ്പൂണും അടുത്തുകൊണ്ടുവന്നു വയ്ക്കും.''
''അതെന്തിനാ രണ്ടു സ്പൂണ്‍.''
''കാപ്പിപ്പൊടിയും പഞ്ചസാരയും മറ്റും സ്പൂണില്ലാതെ എങ്ങനാ എടുക്കുന്നത്, ആ രണ്ടു സ്പൂണും അടുപ്പിനടുത്ത് എടുത്തുവയ്ക്കും. എന്നിട്ടേ സ്റ്റൗ കത്തിക്കൂ. വെള്ളം തിളയ്ക്കാന്‍ തുടങ്ങുമ്പഴേ സ്റ്റൗ ഓഫാക്കും. ഓഫാക്കിയാലും സ്റ്റൗവിലെ ചൂടു കുറച്ചുനേരംകൂടി നില്ക്കും. ആ ചൂടില്‍ കാപ്പി തിളച്ചുകൊള്ളും. അപ്പോള്‍ കാപ്പിപ്പൊടിയും പഞ്ചസാരയും അളന്നു ചേര്‍ക്കും. പിന്നെ കാപ്പി ചരുവത്തില്‍ പകര്‍ന്നു ഗ്ലാസില്‍ ഒഴിക്കും.''
''ചരുവം എന്തിനാ, നേരിട്ടു ഗ്ലാസില്‍ ഒഴിച്ചാല്‍ പോരെ?''
''കൂടിയ ചൂടാണെങ്കില്‍ ചിലപ്പോള്‍ ഗ്ലാസ് പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്.''
''ഇനി മുതല്‍ ചേച്ചിയെപ്പോലെ ഞാനും സൂക്ഷിച്ചേ എല്ലാം കൈകാര്യം ചെയ്യത്തൊള്ളൂ. കാപ്പിപ്പൊടി കിട്ടി ചേച്ചീ. വാ നമുക്ക് ഓരോ ഗ്ലാസ് കാപ്പി ഉണ്ടാക്കിക്കുടിക്കാം.''
ഡെല്ല ബീനയെ അടുക്കളയിലേക്കു കൂട്ടിക്കൊണ്ടുപോയി. അപ്പോഴാണു ബീന അതു ശ്രദ്ധിച്ചത്. ഒരു വലിയ പ്ലാസ്റ്റിക് പാത്രം നിറയെ തേങ്ങാ ചിരണ്ടിവച്ചിരിക്കുന്നു.
''ഇത്രയും പീര എന്തിനാടീ, നീയെന്നാ ഇവിടെ സദ്യ ഒരുക്കാന്‍ പോകുവാണോ?''
''അല്ല ചേച്ചീ, നാളെ പണിക്കാരത്തി വരത്തില്ല. അതുകൊണ്ടു രണ്ടുമൂന്നു തേങ്ങാ ചെരണ്ടിച്ചു വച്ചതാ. ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ രണ്ടുമൂന്നു ദിവസം ഉപയോഗിക്കാമല്ലോ.''
''ഈ ചെരട്ടയ്ക്കകത്ത് ഒത്തിരി തേങ്ങാ ഇരിപ്പുണ്ടല്ലോ. അതെന്താ ചെരണ്ടിയെടുക്കാത്തെ?''
''അതു ചെരണ്ടിയാല്‍ പോരത്തില്ല ചേച്ചീ.''
''അതു ചെരണ്ടിയെടുക്കാന്‍ ഞാന്‍ ഒരു വിദ്യ പഠിപ്പിക്കാം.''
പ്ലെയിറ്റ് സ്റ്റാന്‍ഡില്‍ തൂക്കിയിട്ടിരുന്ന ഒരു സ്പൂണ്‍ കൈയിലെടുത്തുകൊണ്ടു ബീന പറഞ്ഞു.
ബീന സ്പൂണ്‍ ഉപയോഗിച്ച് ഓരോ ചിരട്ടയിലും ശേഷിച്ച പീര സാവധാനം ചിരണ്ടിയെടുത്തു.
''കൊള്ളാലോ ചേച്ചീ. ഈ പാത്രത്തിലെ പീര മുഴുവന്‍ ഞാന്‍ ഫ്രിഡ്ജില്‍ വയ്ക്കാന്‍ പോകുവാ. ഇപ്പം കിട്ടിയ പീര മതി ഞങ്ങള്‍ക്കു രണ്ടു കറിക്ക്.''
വര്‍ത്തമാനത്തിനിടെ ഡെല്ല പാത്രത്തിലിരുന്ന പീര മുഴുവന്‍ ഒരു ഡബ്ബയിലാക്കി ഫ്രിഡ്ജില്‍ വച്ചു.
''എന്റെ അമ്മച്ചീടെ അപ്പന്‍ അതായത്, സാക്ഷാല്‍ പത്തില്‍ ഔതച്ചന്‍ കുട്ടനാട്ടിലെ ഒരു ജന്മിയായിരുന്നു. നെല്ലു കൊയ്തുമെതിച്ചു കളങ്ങളില്‍ കുന്നുപോലെ കൂട്ടിയിട്ടിരിക്കും. വീട്ടില്‍ നെല്ലു പുഴുങ്ങി ഉണങ്ങുമ്പോള്‍ തെറിച്ചു പോകുന്ന ഓരോ നെന്മണിയും അപ്പന്‍ പണിക്കാരെക്കൊണ്ടു പെറുക്കിയെടുപ്പിക്കും. 'ഇവിടെ ഇഷ്ടംപോലെ കോഴിയും താറാവുമൊക്കെ ഒണ്ടല്ലോ. അതുവന്നു കൊത്തിത്തിന്നോളുമല്ലോ. എന്തിനാ ഈ നെല്ലെല്ലാം കഷ്ടപ്പെട്ടു പെറുക്കിയെടുക്കുന്നത്?' എന്ന് അമ്മച്ചി ചോദിച്ചാല്‍ ഉടന്‍ ഉത്തരം വരും: ''എടീ അന്നമ്മേ 'നേട്ടത്തില്‍ പാതി സൂക്ഷം'' എന്നു നീ കേട്ടിട്ടില്ലേ? ഇന്നു തല്ലിത്തൂളിപ്പഠിച്ചാല്‍ ഈ പണിക്കാരും നമ്മുടെ പിള്ളേരും നാളെ ഇതിന്റെ ഇരട്ടി തള്ളിക്കളയും, പിന്നെ അതിന്റെ നാലിരട്ടിയാകും. അവരു സൂക്ഷിച്ചു പഠിക്കട്ടെ. കോഴിക്കും താറാവിനും തിന്നാന്‍ ആവശ്യത്തിന് അവര്‍ പത്താഴത്തില്‍നിന്നും പാത്രത്തില്‍ എടുത്തുകൊടുക്കട്ടെ.''
''ബീനച്ചേച്ചീ, ഞാന്‍ അതിരമ്പുഴ ബോര്‍ഡങ്ങില്‍ നിന്നിരുന്നകാലത്ത് അമലഗിരി കോളജ് പ്രിന്‍സിപ്പല്‍ ആയിരുന്ന എന്റെ ആന്റി സി. ലിസ്ബത്ത് ഉച്ചയൂണിന്റെ നേരത്ത് ഡൈനിങ്ങ് റൂമിലൂടെ ചുറ്റിനടന്ന് ഒരു നോട്ടമുണ്ട്. ചോറുണ്ണുമ്പോള്‍ ആരുടെയെങ്കിലും പ്ലെയിറ്റില്‍നിന്ന് ഒരു തരി ചേറ് മേശേല്‍ വീണാല്‍ അതെടുത്തു പാത്രത്തില്‍ ഇട്ടു തരും. നമ്മള്‍ അതും ഉണ്ണണം. അങ്ങനെ ഞങ്ങള്‍ ഒറ്റത്തരി ചോറുപോലും പുറത്തുകളയാതെ ഉണ്ണാന്‍ പഠിച്ചു.''
''നിനക്കു കേക്കണോ, വീട്ടില്‍ പണിക്കു വരുന്ന തങ്ക ഉള്ളിയും സബോളയും ക്ലീന്‍ ആക്കുമ്പോള്‍ പൊളിക്കാന്‍ എളുപ്പത്തിനുവേണ്ടി രണ്ടറ്റത്തുനിന്നും കുറേഭാഗം, അതായത്, മൂന്നിലൊരു ഭാഗം അങ്ങു വെട്ടിക്കളയും. ഒരു കറിക്കുള്ള ഭാഗം മൂന്നു സബോളയുടെ വെയിസ്റ്റില്‍ കാണും. മാങ്ങ ചെത്തുമ്പഴോ, തൊലിയുടെ കൂടെ കുറേ മാംസളഭാഗവും വെട്ടിക്കളയും; ഉച്ചയ്ക്കു ഞങ്ങള്‍ക്ക് ഒരു ചമ്മന്തി ഉണ്ടാക്കാനുള്ള മാങ്ങാ ആ തൊലിയില്‍ കാണും. കിലോയ്ക്ക് 40, 50 രൂപാ വില കൊടുത്തു വാങ്ങിക്കുന്ന സാധനങ്ങളാ. ഞാന്‍ പറഞ്ഞുകൊടുത്തു പറഞ്ഞുകൊടുത്ത് ഇപ്പം ശരിയാക്കിയെടുത്തു.''
''ചേച്ചിക്ക് എല്ലാത്തിനും എന്തൊരു സൂക്ഷമാ.''
''എത്ര പണമുണ്ടെങ്കിലും സൂക്ഷിക്കാന്‍ അറിയാത്തവന്റെ കൈയില്‍ ഒന്നും മിച്ചം കാണില്ല. ആ കുടുംബത്ത് ഐശ്വര്യവും ഉണ്ടാകത്തില്ല. അതൊക്കെ നമ്മള്‍ വീട്ടമ്മമാര്‍ വേണം ശ്രദ്ധിക്കാന്‍. നിനക്കറിയാവോ ഞാന്‍ ഇന്നും വിറകുകത്തിച്ചാ കഞ്ഞിവയ്ക്കുന്നത്.''
''അതിനു ചേച്ചീടെ വീട്ടില്‍ വിറകടുപ്പില്ലല്ലോ. പിന്നെങ്ങനാ.''
''വീട്ടിലെ തേങ്ങാക്കൂടിന്റെ അരികിലെ ചായ്പ് നീ കണ്ടിട്ടില്ലേ? അവിടെ മൂന്നു കല്ലുവച്ചു ഞാന്‍ ഒരടുപ്പുണ്ടാക്കി. അതിലാ ഞാന്‍ കഞ്ഞിവയ്ക്കുന്നത്. പറമ്പുനിറയെ ഓലമടലും ചുള്ളിക്കമ്പും വിറകും. അതു കത്തിക്കാനെടുത്താല്‍ പറമ്പു വൃത്തിയാവുകയും ചെയ്യും. എന്റെ പച്ചക്കറിത്തോട്ടത്തിലേക്ക് ആവശ്യത്തിന് ചാരോം കിട്ടും. ഒരു വലിയ അളവില്‍ ഗ്യാസും ലാഭിക്കാം.''
''ചേച്ചീടെ പച്ചക്കറിത്തോട്ടം കണ്ടാല്‍ കൊതിവരും. ടുമാറ്റോ, ചീര, വെണ്ട, മുളക്, പാവല്‍, പടവലം, കോവല്‍, മത്ത, കുമ്പളം എന്തെല്ലാം കൃഷികളാ. ഇഞ്ചി, മഞ്ഞള്‍, കച്ചോലം, ചേന, ചേമ്പ്, വാഴ, കപ്പ എന്നിങ്ങനെ മറ്റൊരിനം. കപ്പളം, മുരിങ്ങ, കടപ്ലാവ്, അമ്പഴം, പ്ലാവ്, മാവ് തുടങ്ങി വേറൊരൈറ്റം.
''നീയെന്തിനാ കൊതിക്കുന്നെ? ഇതെല്ലാം നിന്റെ പറമ്പിലും കൃഷി ചെയ്യാമല്ലോ. അതിനുള്ള താത്പര്യവും ബുദ്ധിമുട്ടാനുള്ള മനസ്സും ഉണ്ടായാല്‍ മതി. ഇതൊക്കെ നിന്റെ പറമ്പിലും ഉണ്ടാകും. നമ്മുടെ കാര്‍ന്നോന്മാരു നല്ല കര്‍ഷകരും അധ്വാനശീലരും വരവറിഞ്ഞു ചെലവു ചെയ്യുന്നവരുമായിരുന്നു. അതുകൊണ്ട് അവരുടെ വീടുകളില്‍ എന്നും ഐശ്വര്യവും സമൃദ്ധിയും അഭിവൃദ്ധിയും ആനന്ദവും ഉണ്ടായിരുന്നു. ഇതെല്ലാം വല്യപ്പച്ചനും അമ്മച്ചിയും പറഞ്ഞുതന്നിട്ടുള്ള കാര്യങ്ങളാ, കാണിച്ചുതന്നിട്ടുള്ള മാതൃകകളും.''
''ഇനിമുതല്‍ ഞാനും ചേച്ചിയെപ്പോലെ, ചേച്ചീടെ വല്യപ്പച്ചനും അമ്മച്ചിയും പഠിപ്പിച്ചതുപോലെ എല്ലാം സൂക്ഷിച്ചേ കൈകാര്യം ചെയ്യത്തൊള്ളൂ.''
ബീനയുടെ കൈയില്‍നിു ഗ്ലാസ് വാങ്ങി കഴുകിവയ്ക്കുന്നതിനിടെ ഡെല്ല പ്രോമിസ് ചെയ്തു.
കഥ
സൂക്ഷം
