കളത്തിലിറങ്ങിയിട്ട് അഞ്ചുവര്‍ഷം. ഇതിനിടെ ഇന്ത്യന്‍ വനിതാലീഗ് ഫുട്‌ബോള്‍ കിരീടം മൂന്നു തവണ സ്വന്തമാക്കി. ഗോകുലം കേരള എഫ്.സി. രചിച്ചത് തിളക്കമാര്‍ന്ന ചരിത്രം. ''കേരള'' എന്ന പേരുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ്‌പോലെ ഇതൊരു പ്രഫഷണല്‍ ഫുട്‌ബോള്‍ ക്ലബാണ്. കേരളതാരങ്ങള്‍ വിരലിലെണ്ണാന്‍ മാത്രം. പക്ഷേ, കേരളത്തില്‍നിന്നുള്ള ക്ലബ് എന്ന ലേബലില്‍ അഖിലേന്ത്യാവിജയങ്ങള്‍ നേടുമ്പോള്‍ അതിന്റെ പ്രതിഫലനം കേരള ഫുട്‌ബോളിലും ഉണ്ടാകും. അതാണു ഗോകുലം കേരളയുടെ വനിതാ ടീം നമുക്കു നല്‍കുന്ന പ്രതീക്ഷയും.
ഏറ്റവും ഒടുവില്‍, അഹമ്മദാബാദില്‍ 'കിക്ക് സ്റ്റാര്‍ട്ട് കര്‍ണാടക'യെ എതിരില്ലാത്ത അഞ്ചു ഗോളിനു തകര്‍ത്താണ് ഗോകുലം ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗില്‍ ഹാട്രിക് തികച്ചത്. യുവപരിശീലകന്‍ ആന്റണി സാംസണ്‍ ആന്‍ഡ്രൂസിന്റെ ശിക്ഷണത്തില്‍ വിദേശതാരങ്ങളും ഇന്ത്യന്‍ താരങ്ങളും നിറഞ്ഞ, യുവത്വം ഏറെയുള്ള ഒരു ടീമാണ് ജൈത്രയാത്ര തുടരുന്നത്. ഒരു കളിയും തോല്‍ക്കാതെയായിരുന്നു ഇത്തവണത്തെ കിരീടനേട്ടം.
നേപ്പാളില്‍നിന്നുള്ള സാംബയെന്ന സബിത്ര ഭണ്ഡാരി പത്തു മത്സരങ്ങളില്‍ 29 തവണ ലക്ഷ്യം കണ്ടു. 2019-20 ല്‍ ഗോകുലത്തിനൊപ്പം ചേര്‍ന്ന സബിത്ര ഇന്ത്യന്‍ വനിതാ ലീഗിലെയും ടോപ് സ്‌കോറര്‍ ആണ് (45 ഗോള്‍). സബിത്ര മുന്നില്‍നിന്നു നയിച്ചപ്പോള്‍ മഞ്ജു ബേബി, സി. രേശ്മ, സോണിയ ജോസ്, പി.എം. ആരതി, കെ. മാനസ, എം.പി. ഗ്രീഷ്മ എന്നീ മലയാളിതാരങ്ങളും കളം നിറഞ്ഞു.
പ്രാഥമികറൗണ്ടില്‍മാത്രം ഇത്തവണ 53 ഗോള്‍ നേടിയ ഗോകുലം വനിതകള്‍ ലീഗില്‍ ആകെ 64 ഗോള്‍ നേടി; ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീം എന്ന ലേബല്‍ സ്വന്തമാക്കി. നേരത്തേ, 2020 ലും 2022 ലും ജേതാക്കളായ ഗോകുലം (2021 ല്‍ ലീഗ് നടന്നില്ല). ഈ സീസണില്‍, കേരള വനിതാ ലീഗിലെ രണ്ടാംസ്ഥാനക്കാരായാണ് ദേശീയ ലീഗിലെത്തിയത്. കേരളലീഗില്‍ ലോര്‍ഡ്‌സ് എഫ്.എ. കൊച്ചിയായിരുന്നു ജേതാക്കള്‍.
എ.എഫ്.സി. വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പിന്, രണ്ടുതവണ യോഗ്യതനേടിയ ഗോകുലം 2021 ല്‍ ജോര്‍ദാനിലെ അമ്മാനില്‍ എ.എഫ്.സി. ക്ലബ് ഫുട്‌ബോളില്‍ മൂന്നാംസ്ഥാനം നേടിയിരുന്നു. പോയവര്‍ഷം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തിരുന്നതിനാല്‍ താഷ്‌കെന്റില്‍ മത്സരിക്കാനായില്ല. അടുത്ത ഊഴം കാത്തിരിക്കുകയാണ് താരങ്ങള്‍.
കോഴിക്കോട് ആസ്ഥാനമായി ഗോകുലം കേരള എഫ്.സി. പ്രവര്‍ത്തനം തുടങ്ങിയത് 2017 ലായിരുന്നു. ഗോകുലം വനിതകള്‍ ആദ്യ ഇന്ത്യന്‍ ലീഗ് കിരീടം ചൂടിയപ്പോള്‍ മലയാളി പി.വി. പ്രിയയായിരുന്നു പരിശീലക. പ്രിയ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നപ്പോള്‍, മുംബൈയില്‍നിന്നുള്ള ആന്റണി പരിശീലകനായി.
ഘാനയില്‍നിന്നുള്ള ബിയാട്രിസ് കെഷിയ, (ഗോളി), വിവിയന്‍ അഡെയ് എന്നിവരും സബിത്രയ്ക്കു പുറമേ ടീമിലെ വിദേശ സാന്നിധ്യമായി. ഇന്ദുമതി കതിരേശന്‍, സന്ധ്യ രംഗനാഥന്‍, ഗ്രേസ് ഭംഗമേയ് (നായിക), റോജ ദേവി എന്നിവരൊക്കെ ഇന്ത്യന്‍ താരങ്ങളാണ്. 2017 ല്‍ തുടങ്ങിയ വനിതാലീഗില്‍ മൂന്നുവര്‍ഷംകൊണ്ട് ആധിപത്യം ഉറപ്പിക്കാന്‍ മലബാറിയന്‍സ് എന്നു വിശേഷിപ്പിക്കാവുന്ന ഗോകുലം കേരളയ്ക്കു സാധിച്ചു.
മുന്‍ ചാമ്പ്യന്‍മാരായ സേതു എഫ്‌സി ഇക്കുറി സെമിയില്‍ കിക്ക് സ്റ്റാര്‍ട്ടിനോടു തോറ്റപ്പോള്‍ ഗോകുലം സെമിയില്‍ കീഴടക്കിയത് ഈസ്റ്റേണ്‍ സ്‌പോര്‍ട്ടിങ് യൂണിയനെയാണ്. ഗ്രൂപ്പ് മത്സരങ്ങളില്‍ ഏഴിലും ആറും ജയിച്ച (ഒരു സമനില) ഗോകുലത്തിന്റെ സെമി വിജയം 5-1 നായിരുന്നു. വനിതാലീഗിന്റെ ആറാം പതിപ്പാണ് അഹമ്മദാബാദിലെ ട്രാന്‍സ് സ്റ്റേഡിയത്തില്‍ സമാപിച്ചത്. കൊവിഡ്മൂലം 2021 ല്‍ ലീഗ് നടന്നില്ല.
കേരള ബ്ലാസ്റ്റേഴ്‌സിനു പിന്തുണയുമായി മഞ്ഞപ്പട ഗാലറികള്‍ നിറയ്ക്കുമ്പോള്‍ വനിതാടീമിന് അത്രത്തോളം ആരാധകര്‍ ഉണ്ടാകില്ല. പക്ഷേ, ഈ കുതിപ്പ് തുടര്‍ന്നാല്‍ കഥ മാറും. ഗോകുലം കേരളയുടെ പുരുഷ ടീം 'ഐ' ലീഗില്‍ പലതവണ മികവു കാട്ടിയത് വനിതാനിരയ്ക്കു പ്രചോദനമായിട്ടുണ്ട്.
യൂറോപ്പിലെ ടോപ് ഡിവിഷന്‍ ഫുട്‌ബോളില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യക്കാരിയായ ജ്യോതി ചൗഹാന്‍ (മധ്യപ്രദേശ്) ഗോകുലത്തിന്റെ മുന്‍ കളിക്കാരിയാണ്. ക്രൊയേഷ്യന്‍ വനിതാലീഗിലാണ് ജ്യോതി കളിക്കുന്നത്. കേരളത്തിലെ വനിതാ ഫുട്‌ബോളിന്റെ കഥയെടുത്താല്‍, ധാക്കയില്‍ സാഫ് അണ്ടര്‍ 17 വനിതാ ഫുട്‌ബോളില്‍ ഇന്ത്യ നേപ്പാളിനെ തോല്‍പ്പിച്ചപ്പോള്‍ (4-1) മലയാളിതാരം ഷില്‍ജി ഷാജി ഹാട്രിക് നേടി. എല്ലാം ശുഭസൂചനകള്‍തന്നെ.
വനിതാ ഫുട്‌ബോള്‍, അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ കീഴില്‍ വരുംമുമ്പ് കേരളത്തിനു നേട്ടങ്ങള്‍ ഏറെയുണ്ടായിരുന്നു. പക്ഷേ, ഇത് ഔദ്യോഗികനേട്ടങ്ങളായി എണ്ണാനാവില്ല. അക്കാലത്ത് ഇന്ത്യ ഏഴുതവണ ദേശീയ ജൂനിയര്‍ കിരീടം ചൂടി. രണ്ടു തവണ റണ്ണേഴ്‌സ് അപ് ആയി. നാലു തവണ ദേശീയ സബ്ജൂനിയര്‍ ചാമ്പ്യന്മാരായി. 1991 ല്‍ അനൗദ്യോഗിക ദേശീയ ചാമ്പ്യന്‍ഷിപ്പില്‍, തിരുവനന്തപുരത്ത് ബീഹാറിനെ തോല്‍പിച്ച് (2-0) ചാമ്പ്യന്‍ഷിപ് നേടിയ ചരിത്രവും കേരളത്തിനുണ്ട്. രണ്ടുതവണ കേരളവനിതകള്‍ റണ്ണേഴ്‌സ് അപ് ആയിരുന്നു.
വനിതാ ഫുട്‌ബോള്‍ നടത്തിപ്പ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഏറ്റെടുത്തശേഷം ദേശീയചാമ്പ്യന്‍ഷിപ്പില്‍ കേരളം മൂന്നുതവണ മൂന്നാംസ്ഥാനം കരസ്ഥമാക്കി. 2006 ല്‍ ഭിലായ്‌യില്‍ ഫൈനലില്‍ കടന്നെങ്കിലും മണിപ്പൂരിനോടു പരാജയപ്പെട്ടു.
ഒളിമ്പ്യന്‍ കിട്ടു മുന്‍കൈയെടുത്ത് 1975 ല്‍ കേരളത്തില്‍ വനിതകള്‍ക്കായി ഫുട്‌ബോള്‍ സംഘടന രൂപവത്കരിച്ചു. തിരുവനന്തപരുത്ത് മത്സ്യബന്ധനമേഖലയിലും കോട്ടയത്തും തലശേരിയിലും കണ്ണൂരിലുമൊക്കെയാണ് വനിതകള്‍ ഫുട്‌ബോള്‍ കളിയില്‍ സജീവമായത്. തിരുവനന്തപുരത്ത് ഷാജി സി. ഉമ്മനും കണ്ണൂരില്‍ എം.ആര്‍.സി. കൃഷ്ണനും കോട്ടയത്ത് വാസുക്കുട്ടനും പാച്ചനുമൊക്കെ വനിതകളെ ഫുട്‌ബോള്‍ പരിശീലിപ്പിച്ചു. സാമ്പത്തികമായി പിന്നാക്കം നിന്ന കുടുംബങ്ങളില്‍നിന്നെത്തിയ പെണ്‍കുട്ടികള്‍ക്ക് ഫുട്‌ബോള്‍കളി പ്രതീക്ഷയായി. ബുദ്ധിമുട്ടുകള്‍ മറന്ന് അവര്‍ കളത്തിലിറങ്ങി. പലരും ഇന്ത്യന്‍ ടീമില്‍ത്തന്നെയെത്തി. പലര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ സ്‌പോര്‍ട്‌സ് ക്വോട്ടായില്‍ ജോലിയും കിട്ടി. പിറവത്ത് ജോമോന്‍ പരിശീലിപ്പിച്ച കുട്ടികള്‍ക്കും അവസരങ്ങള്‍ കൈവന്നു.
ഇന്നു കാലം മാറി. പ്രഫഷണലിസം വനിതാ ഫുട്‌ബോളിലും എത്തി. ഇനി നല്ല നാളെകള്‍ പ്രതീക്ഷിക്കാം. ഗോകുലം കൈവരിച്ച വിജയങ്ങള്‍ മാറ്റത്തിനു തുടക്കമാകട്ടെ.