•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഹൃദ്രോഗമരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടോ?

ഹൃദ്രോഗത്തെ പ്രതിരോധിക്കാനും ഹൃദയാഘാതമുണ്ടായാല്‍ അതു സമുചിതമായി ചികിത്സിക്കാനുമുള്ള അദ്ഭുതമരുന്നുകളുടെ അരങ്ങേറ്റമാണ് ഇന്നു വൈദ്യശാസ്ത്രലോകം  കണ്ടുകൊണ്ടിരിക്കുന്നത്. ഹാര്‍ട്ടറ്റാക്കുണ്ടാകുമ്പോള്‍ അടിയന്തരമായി ചെയ്യേണ്ട പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി, ബൈപ്പാസ് സര്‍ജറി, പേസ്‌മേക്കര്‍, ജന്മജാതരോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയയും ഡിവൈസുകളും, വാല്‍വുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, നെഞ്ചിടിപ്പു നിയന്ത്രിക്കുന്ന എ.ഐ.സി.ഡി. തുടങ്ങിയ ശസ്ത്രക്രിയകളും ഉപകരണചികിത്സകളും ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്നു ഹൃദ്രോഗചികിത്സാരംഗത്ത് ഔഷധങ്ങള്‍ക്കു സാധിക്കാത്തതായി ഒന്നുമില്ലെന്നു പറയാം. അതു കൃത്യമായും പൂര്‍ണമായും പ്രവൃത്തിപഥത്തിലെത്തിക്കണമെന്നു മാത്രം.
എന്നാല്‍, ജീവിതത്തിന്റെ ശീഘ്രഗതിയിലുള്ള പടയോട്ടത്തില്‍ ഇടംവലം നോക്കാതെ മുന്നോട്ടുകുതിക്കുന്ന മലയാളിക്ക്  അതിനു മനസ്സില്ലെങ്കിലോ? പെട്ടെന്നു മരിച്ചുവീഴുമെന്നു പറഞ്ഞാലും അങ്ങനെയൊന്നും കുലുങ്ങാത്ത മലയാളിക്ക് രോഗങ്ങളെ അത്ര വലിയ പേടിയൊന്നുമില്ല. രോഗത്തെ പ്രതിരോധിക്കാനും നിയന്ത്രണവിധേയമാക്കാനുമുള്ള ചികിത്സാവിധികള്‍ സുലഭമാണെന്നു പറഞ്ഞാല്‍ അവയോടു പുലര്‍ത്തുന്ന മനോഭാവം തണുത്തതുതന്നെ. പിന്നെ ഹാര്‍ട്ടറ്റാക്കുണ്ടായെന്നറിയുമ്പോഴാണ് ആക്രാന്തം പിടിച്ച ഓട്ടം.
രോഗമെന്നു കേട്ടാലുടനെ മരുന്നു വാരിക്കഴിക്കുകയല്ല വേണ്ടത്. ശരീരത്തിന്റെ സന്തുലിതാവസ്ഥയെ തകിടംമറിക്കുന്ന ഏതു രോഗാതുരതയ്ക്കുമുള്ള ആദ്യപരിഹാരം കര്‍ശനമായ ജീവിത-ഭക്ഷണക്രമീകരണമാണ്. നല്ലൊരു ശതമാനംവരെ അതു രോഗത്തെ പിടിയിലൊതുക്കുകതന്നെ ചെയ്യും. എന്നാല്‍, അനുവര്‍ത്തിച്ചുപോരുന്ന വികലമായ ജീവിതശൈലിയെ മാറ്റിമറിക്കണമെന്നു പറഞ്ഞാല്‍ കേള്‍ക്കുന്ന എത്രപേരുണ്ട്?  അതുകൊണ്ടുതന്നെയാണ് ഡോക്ടര്‍മാര്‍ അധികം ചര്‍ച്ചകള്‍ക്കു മുതിരാതെ മരുന്നുകളിലേക്കു പ്രവേശിക്കരുത്. എന്നാല്‍, അവിടെയും പ്രശ്‌നമാണ്. മിക്കവര്‍ക്കും പല സംശയങ്ങളും ദുരൂഹതകളുമാണ്. കഴിച്ചുതുടങ്ങിയാല്‍പ്പിന്നെ നിര്‍ത്താന്‍ പറ്റുമോ? മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ വലിയ പ്രശ്‌നമാകുമോ? രോഗികളുടെ ഇത്തരം സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുവേണ്ടിയാണ് പലപ്പോഴും ഡോക്ടര്‍മാര്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത്. ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തോടെ രോഗികളുടെ ഇത്തരം സംശയങ്ങള്‍ കൂടിക്കൂടി വന്നു. വിവിധ രോഗങ്ങളെപ്പറ്റിയും അവയ്ക്കുപയോഗിക്കുന്ന ഔഷധങ്ങളെപ്പറ്റിയും അവയുടെ പാര്‍ശ്വഫലങ്ങളെപ്പറ്റിയും രോഗികള്‍ ഇന്റര്‍നെറ്റില്‍ പരതി. ഇതു പലരും ഡോക്ടര്‍മാരെ കാണുന്നതിനുമുമ്പ് രോഗത്തെപ്പറ്റി പഠിച്ചിരിക്കും. മരുന്നുകള്‍ കുറിച്ചുകൊടുത്താല്‍ ഉടന്‍ ചെയ്യുന്നത്, ആ രാസതന്മാത്രകളുടെ ഗുണങ്ങളെയും ദൂഷ്യഫലങ്ങളെയുംപറ്റി ഇന്റര്‍നെറ്റില്‍ അന്വേഷിക്കുകയാണ്. അപ്പോഴാണ് കുറിച്ചുകൊടുത്ത മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെപ്പറ്റി അവര്‍ അറിയുന്നത്. ഡോക്ടറാണെങ്കില്‍ അതേപ്പറ്റി അധികമൊന്നും പറഞ്ഞുമില്ല. പിന്നെ സര്‍വത്ര സംശയങ്ങളാണ്. അവസാനം, കുറിച്ചുകൊടുത്ത മരുന്നിന്റെ ഗുണങ്ങളെക്കാള്‍ പാര്‍ശ്വഫലങ്ങളെപ്പറ്റിയോര്‍ത്ത് അവര്‍ ആ മരുന്ന് കഴിക്കാതെയിരിക്കുന്നു.
ഒരു മരുന്ന് വിപണിയിലെത്തുന്നതിനു പിന്നിലെ കഥ പലര്‍ക്കുമറിയില്ല. ഫലപ്രദമായ ഒരു രാസതന്മാത്ര കണ്ടുപിടിക്കപ്പെട്ടാല്‍ അതു മനുഷ്യരില്‍ ഉപയോഗിച്ചുതുടങ്ങുന്നതിനുമുമ്പായി പല കടമ്പകള്‍ കടക്കണം. ആദ്യം മൃഗങ്ങളിലും പിന്നീടു മനുഷ്യരിലും കൃത്യമായി സംവിധാനം ചെയ്യപ്പെട്ട പഠനങ്ങളിലൂടെ ആ തന്മാത്രയുടെ പ്രയോജനവും ദൂഷ്യഫലങ്ങളും തെളിയിക്കും. പാര്‍ശ്വഫലങ്ങള്‍ ഗുണത്തേക്കാള്‍ കൂടുതലെന്നു കണ്ടാല്‍ ആ ഔഷധങ്ങള്‍ക്ക് 'ഡ്രഗ് അപ്രൂവല്‍ അതോറിറ്റി'യുടെ ലൈസന്‍സ് കിട്ടില്ല.
മരുന്നുകളുടെ ഗുണദോഷങ്ങളെപ്പറ്റി പൂര്‍ണമായി അറിഞ്ഞുകൊണ്ടുതന്നെയാണ് ഡോക്ടര്‍ അതു കുറിച്ചുകൊടുക്കുത്. രോഗിയുടെ പ്രായത്തെയും അനുബന്ധരോഗങ്ങളെയും പൊതുവായ ആരോഗ്യത്തെയും പരിഗണിച്ചുകൊണ്ട് ഡോക്ടര്‍ മരുന്നുകുറിക്കുന്നു.  ചില മരുന്നുകള്‍ അപ്രതീക്ഷിതമായി ചിലരില്‍ അലര്‍ജിയുണ്ടാക്കുന്നു. ഓരോരുത്തരും  മരുന്നുകളോടു പ്രതികരിക്കുന്നത് ഓരോ വിധത്തിലാണ്. അത് എപ്പോഴും ഡോക്ടര്‍  കൃത്യമായി അറിയണമെന്നില്ല. ഒരു മരുന്ന് തൊണ്ണൂറ്റൊമ്പതു പേര്‍ക്കു പ്രയോജനം ചെയ്യുമ്പോള്‍ ഒരാള്‍ക്ക് അലര്‍ജിയുണ്ടാക്കും. അലര്‍ജി ഉണ്ടായെങ്കില്‍ ഉടന്‍ ഡോക്ടറോടു പറയുകയും പ്രതിവിധി തേടുകയും വേണം. അപ്പോള്‍, മരുന്നുകുറിക്കുന്ന ഡോക്ടറില്‍ രോഗിക്കു പൂര്‍ണവിശ്വാസമുണ്ടാകണം. തന്റെ രോഗത്തിനാശ്വാസം ലഭിക്കുന്ന ഔഷധങ്ങളാണ് ഡോക്ടര്‍ കുറിക്കുന്നതെന്നും അതിന്റെ പാര്‍ശ്വഫലങ്ങളെപ്പറ്റി ഡോക്ടര്‍ ബോധവാനാണെന്നും വിശ്വസിക്കണം. അങ്ങനെയായാല്‍മാത്രമേ തുടര്‍ന്നുള്ള കൃത്യമായ ഔഷധസേവ നടക്കൂ.
ഹൃദ്രോഗം, അമിതരക്തസമ്മര്‍ദം, വര്‍ധിച്ച കൊളസ്‌ട്രോള്‍ തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ ഇന്ന് ധാരാളമായി പ്രചാരത്തിലുണ്ട്. ഇവിടെ ഒരു പ്രത്യേകതയുള്ളത് ഈ മരുന്നുകള്‍ കൃത്യമായി തവണതെറ്റാതെ നിശ്ചിതനേരത്ത് സേവിക്കേണ്ടവയാണ് എന്നതാണ്. മറ്റു പല രോഗങ്ങള്‍ക്കും ഉപയോഗിക്കുന്ന മരുന്നുകളേക്കാള്‍ വിഭിന്നമാണ് ഇവ.
ഉദാഹരണത്തിന്, ഹാര്‍ട്ടറ്റാക്കിനുശേഷം ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത്  കൃത്യമായി കഴിക്കേണ്ട മരുന്നുകളുടെ ലിസ്റ്റ്  ഡോക്ടര്‍ കൊടുക്കും. ഇവ അടുത്ത വിസിറ്റിനു വരുന്നതുവരെ വളരെ കൃത്യമായി കഴിക്കുകതന്നെ വേണം. മരുന്നുകള്‍ കൂട്ടണമോ കുറയ്ക്കണമോ നിര്‍ത്തണമോ എന്നത് പരിശോധനയ്ക്കുശേഷം ഡോക്ടര്‍ നിശ്ചയിക്കും. ഇനി പറഞ്ഞ കാലാവധിക്കുമുമ്പ് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ഡോക്ടറുമായി ബന്ധപ്പെടുക.  ഡോക്ടറുടെ അറിവോടെയല്ലാതെ മരുന്നു കുറയ്ക്കുകയോ നിര്‍ത്തുകയോ അരുത്. ഹൃദ്രോഗമരുന്നുകളെ സംബന്ധിച്ചിടത്തോളം അതിന്റെ ഭവിഷ്യത്തുകള്‍ ഗുരുതരമാണ്.
ഹാര്‍ട്ടറ്റാക്കിനോടനുബന്ധിച്ച്  ഹൃദയധമനിയില്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് ഒരു സ്റ്റെന്റ് സ്ഥാപിച്ചാല്‍ അതും പിന്നീട് അടയാതിരിക്കാന്‍വേണ്ടി നിശ്ചിതകാലംവരെ കൃത്യമായി രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍ കഴിക്കണം. 'ആന്റിപ്ലേറ്റ്‌ലെറ്റ്' മരുന്നുകളെന്ന്  അവയെ വിളിക്കും. ഇവയിലടങ്ങിയിരിക്കുന്ന 'ആസ്പിരിന്‍' ചിലപ്പോള്‍ ആമാശയത്തില്‍ എരിച്ചില്‍ ഉണ്ടാക്കാം. വളരെ അപൂര്‍വമായി രക്തസ്രാവമുണ്ടാകാം. ഇതിനു പരിഹാരമായി 'അന്റാസിഡ്' ഔഷധങ്ങള്‍ തരും. 'അന്റാസിഡ്' ഈ മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെ പരിഹരിക്കും. ഡോക്ടറുടെ അറിവോടെയല്ലാതെ 'ആന്റിപ്ലേറ്റ്‌ലറ്റ്' ഔഷധങ്ങള്‍ നിര്‍ത്തിയാല്‍ സ്റ്റെന്റ് അടഞ്ഞുപോകുകയും വീണ്ടുമൊരു അറ്റാക്ക് ഉണ്ടാകുകയും ചെയ്യും. അതുപോലെതന്നെ, രക്തം നേര്‍പ്പിക്കുന്ന ശക്തിയേറിയ മരുന്നുകളാണ് 'ആന്റികൊആഗുലന്‍സ്' വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, പള്‍മനറി എംബോളിസം, ഡി.വി.റ്റി, തുടങ്ങിയ സവിശേഷാവസ്ഥകളില്‍ രക്തം കട്ടയാകാതിരിക്കാന്‍ ഇവ കൊടുക്കും. 'ആന്റികൊആഗുലന്റ്' മരുന്നുകള്‍ വളരെ കൃത്യമായി നിശ്ചിതസമയത്തു സേവിക്കണം. ഇത് എത്രമാത്രം രക്തം നേര്‍പ്പിക്കുന്നുണ്ടെന്നു കൃത്യമായി പരിശോധിച്ചുകൊണ്ടിരിക്കണം (ഐ.എന്‍.ആര്‍.). ഐ.എന്‍.ആര്‍. കൂടിയാല്‍ രക്തസ്രാവമുണ്ടാകും, കുറഞ്ഞാല്‍ രക്തം കട്ടിയാകും. അപ്പോള്‍ ഈ മരുന്നുപയോഗിച്ചുകൊണ്ടുള്ള രോഗിയുടെ ജീവിതം വളരെ വിഷമകരംതന്നെ. പലപ്പോഴും ഇവ കൃത്യഅളവില്‍, സേവിക്കാത്തതുമൂലം  മസ്തിഷ്‌കത്തില്‍ രക്തസ്രാവമോ രക്തക്കട്ടയോ ഉണ്ടായി അവസാനം സ്‌ട്രോക്കായി തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്നവരുണ്ട്.
അപ്പോള്‍ രക്തം മിതമായി നേര്‍പ്പിക്കുന്ന ആന്റി പ്ലേറ്റ്‌ലറ്റ് മരുന്നുകള്‍, ഹാര്‍ട്ടറ്റാക്കുണ്ടായതിനുശേഷം വീണ്ടുമത് പ്രതിരോധിക്കാന്‍, ആന്‍ജിയോപ്ലാസ്റ്റിക്കുശേഷം സ്റ്റെന്റ് അടയാതിരിക്കാന്‍, ബൈപ്പാസ് ശസ്ത്രക്രിയയ്ക്കുശേഷം ഗ്രാഫ്റ്റില്‍ ബ്ലോക്കുണ്ടാകാതിരിക്കാന്‍ ഒക്കെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഔഷധമാണ്. ഇവ മിക്കവാറും ആജീവനാന്തം കഴിക്കുകയും വേണം. അതുപോലെതന്നെ ആന്റി കൊആഗുലന്റ് ഔഷധങ്ങളും നിസ്സാരപാര്‍ശ്വഫലങ്ങള്‍ കാണുമ്പോള്‍ നിര്‍ത്താതെ ഡോക്ടറുടെ മുന്നോട്ടു കൊണ്ടുപോകണം.
ഹൃദ്രോഗത്തിന്റെയും പ്രഷറിന്റെയും ചികിത്സയില്‍ ഒരു മുഖ്യപങ്ക് ബീറ്റാബ്ലോക്കുകള്‍ക്കുണ്ട്. മെറ്റോപ്രൊളോള്‍, ബൈസോപ്രൊളോള്‍ തുടങ്ങിയവയാണവ. അനാവശ്യമായ ഹൃദയസ്പന്ദനവേഗം നിയന്ത്രിച്ച്, അമിതപ്രഷര്‍, കൃത്യമല്ലാത്ത നെഞ്ചിടിപ്പ്, നെഞ്ചുവേദന തുടങ്ങിയവ പിടിയിലൊതുക്കുന്നു. ഈ മരുന്നുകള്‍ ആസ്ത്മയും ഹൃദയപരാജയവുമൊക്കെയുള്ളവര്‍ക്കു കൊടുക്കില്ല. ഈ മരുന്നുകള്‍ വൈദ്യനിര്‍ദേശപ്രകാരമല്ലാതെ  യാതൊരു കാരണവശാലും നിര്‍ത്തരുത്. പെട്ടെന്നു നിര്‍ത്തിയാല്‍ ഒരുപക്ഷേ, നെഞ്ചുവേദനയോ ഹാര്‍ട്ടറ്റാക്കോതന്നെ ഉണ്ടാവാന്‍ സാധ്യതയുണ്ട്; പ്രഷറും കുതിച്ചുകയറാം.
കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന സ്റ്റാറ്റിന്‍ മരുന്നുകള്‍ അമിതമായ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലുപരി പൊതുവായ ഹൃദയാരോഗ്യത്തിനും  ഏറെ ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു. ക്ഷീണമോ പേശിവേദനയോ വളരെ അപൂര്‍വമായി കരള്‍വീക്കമോ ഉണ്ടാകാം. ഇവ പെട്ടെന്നു നിര്‍ത്തിയാല്‍ തുടര്‍ന്നുള്ള ഹാര്‍ട്ടറ്റാക്കിനു വളരെ സാധ്യതയുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പാര്‍ശ്വഫലങ്ങള്‍ കൂടുതലുള്ളവര്‍ക്ക് സമുചിതമായ സ്റ്റാറ്റിന്‍ചേരുവകള്‍ ഡോക്ടര്‍ തിരഞ്ഞെടുക്കുന്നു.
ഹൃദയപരാജയവും അമിതരക്തസമ്മര്‍ദവും നിയന്ത്രിക്കുന്നവയാണ് മൂത്രവിസര്‍ജനം ഉദ്ദീപിക്കുന്ന 'ഡയറുറ്റിക്കുകള്‍'. ഇവ ശരീരത്തിലെ അനാവശ്യമായ ജലാംശം കുറയ്ക്കുന്നു. തളര്‍ച്ചയും ക്ഷീണവും ഉണ്ടാകാം. പലപ്പോഴും അവ താത്കാലികം മാത്രം.
നെഞ്ചുവേദനയുണ്ടാകുമ്പോള്‍ നാക്കിനടിയില്‍ വയ്ക്കാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന  'നൈട്രേറ്റുകള്‍' ഹൃദ്രോഗചികിത്സയില്‍ പ്രഥമസ്ഥാനമലങ്കരിക്കുന്നു. ഹൃദയധമനികളെ വികസിപ്പിച്ച് പേശികളിലേക്കുള്ള രക്തസഞ്ചാരം സുഗമമാക്കുന്നു. ചിലര്‍ക്ക് ഇതെടുക്കുമ്പോള്‍ തലവേദനയുണ്ടാകും. അതു മരുന്നിന്റെ പ്രവര്‍ത്തനത്താല്‍ തലയോട്ടിയിലെ ഉപരിതലധമനികള്‍ വികസിക്കുന്നതാണ്. പലപ്പോഴും കുറച്ചുദിവസങ്ങള്‍ക്കുശേഷം കുറഞ്ഞുകൊള്ളും. തീരെ പിടിച്ചില്ലെങ്കില്‍മാത്രം മരുന്നു നിര്‍ത്തുക. ദിവസേന കഴിക്കുന്ന നൈട്രേറ്റുകളും അപൂര്‍വമായി  തലവേദനയുണ്ടാക്കും.
കൂടാതെ, എ.സി.ഇ. ഇന്‍ഹിബിറ്റര്‍, എ.ആര്‍.ബി, കാത്സ്യം ബ്ലോക്കര്‍, ഡിജിറ്റാലിസ് തുടങ്ങിയ ഔഷധങ്ങള്‍ ഹൃദ്രോഗത്തിനും അമിതരക്തസമ്മര്‍ദത്തിനും ഉപയോഗിക്കുന്നു. എ.സി.ഇ. ഇന്‍ഹിബിറ്റര്‍ ചിലപ്പോള്‍ ചുമയുണ്ടാക്കാം. കാത്സ്യം ബ്ലോക്കര്‍ ചിലരില്‍ കാല്‍വണ്ണയില്‍ നീരുണ്ടാക്കാം. ഇവയെല്ലാം അധികമായാല്‍മാത്രം മരുന്നുകള്‍ വൈദ്യനിര്‍ദേശപ്രകാരം മാറ്റുക.
അപ്പോള്‍ രാസതന്മാത്രകളായ വിവിധതരം മരുന്നുകള്‍ക്ക് ഏറെ പ്രയോജനവും പരിമിതമായ പാര്‍ശ്വഫലങ്ങളുമാണുണ്ടാക്കുക. നിങ്ങളുടെ ചികിത്സകനെ പൂര്‍ണമായി വിശ്വസിച്ച് അദ്ദേഹവുമായുള്ള തുറന്ന ചര്‍ച്ചകളിലൂടെ സമുചിതമായവ തിരഞ്ഞെടുക്കുക.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)