മേയ് 31 ന് ഡി.ജി.പി. പദവിയില്‍നിന്നു വിരമിച്ചഡോ. ബി. സന്ധ്യ ഐ.പി.എസ്. എന്നും പാലായ്ക്കു സ്വന്തം
ഇ്ന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ. കെ.ആര്‍. നാരായണന്‍ ഉള്‍പ്പെടെ ദേശീയ - അന്തര്‍ദേശീയപ്രശസ്തരായ ഒട്ടേറെ മഹാരഥന്‍മാര്‍ക്കു ജന്മം നല്‍കിയ മണ്ണാണ് പാലാ. ആ ശ്രേണിയില്‍ ഡോ. ബി. സന്ധ്യ ഐ.പി.എസിനും അത്ര ചെറുതല്ലാത്ത ഒരു സ്ഥാനമുണ്ട്. പാലായെ എപ്പോഴും എവിടെയും അഭിമാനത്തോടെ നെഞ്ചിലേറ്റുന്ന പാലാക്കാരുടെ സ്വന്തം സന്ധ്യ, അഴിമതിയുടെ കറ പുരളാത്ത ബാറ്റണ്‍ പത്തരമാറ്റോടെ തിരികെയേല്പിച്ച് മേയ് 31 നു സര്‍വീസില്‍നിന്നു വിരമിച്ചിരിക്കുന്നു.
പാലായുടെ ഉന്നതസംസ്‌കാരവും പ്രകൃതിയും ഡോ. ബി. സന്ധ്യയുടെ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നുള്ളതില്‍ തര്‍ക്കമില്ല. ബാല്യത്തില്‍ വീടിനുസമീപത്തെ മീനച്ചിലാറ്റില്‍ ഒഴുക്കിനെതിരേ നീന്തി ആര്‍ജിച്ചെടുത്ത ചോരാത്ത വീര്യമാണ് തന്റെ ജീവിതത്തിലും പ്രൊഫഷണലിലും പലതും നേരിടാനുള്ള കരുത്തേകിയതെന്ന് അവര്‍തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സന്ധ്യയുടെ രചനകളില്‍ പലതിലും മീനച്ചിലാറ്റിലെ കൊച്ചോളങ്ങളുടെയും നീര്‍ത്തുള്ളികളുടെയും സ്പര്‍ശമുണ്ട്. സ്ഫുടവും ഉയര്‍ന്ന ശബ്ദത്തിലുള്ളതുമായ ഡോ. ബി.സന്ധ്യയുടെ പ്രഭാഷണങ്ങള്‍ സാഹിത്യാത്മകവും ഈടുറ്റതുമാണ്.
1963 മേയ് 25 ന് പാലാ-മുരിക്കുംപുഴയിലെ പുരാതന നായര്‍ തറവാടായ ശാന്തിനിവാസില്‍ ഭാരത് ദാസിന്റെയും തലപ്പലം പാണ്ടിയാങ്കല്‍ കൊച്ചുപുരയ്ക്കല്‍ കാര്‍ത്ത്യായനിയമ്മയുടെയും രണ്ടു മക്കളില്‍ മൂത്ത മകളായി ഡോ. ബി. സന്ധ്യ ജനിച്ചു. ബാല്യത്തില്‍ അച്ഛന്റെ ബിസിനസ്സുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ താമസിക്കവേ ഏഴാം ക്ലാസ്സ് വരെ ആലപ്പുഴ സെന്റ് ആന്റണീസ് സ്‌കൂളിലും, പിന്നീട് എട്ടാം ക്ലാസ്സ് പാലാ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിലും, തുടര്‍ന്ന് 9, 10 ക്ലാസ്സ് ഭരണങ്ങാനം സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലുമായി പഠനം പൂര്‍ത്തിയാക്കി. ഭരണങ്ങാനത്തെ പഠനകാലത്ത് എഴുതുന്നതിലും പ്രസംഗിക്കുന്നതിലുമുള്ള സന്ധ്യയുടെ വേറിട്ട പ്രാഗല്ഭ്യം തിരിച്ചറിഞ്ഞ സിസ്റ്റര്‍ ജോസിറ്റ കിണറ്റുകര, സന്ധ്യയ്ക്ക് സിവില്‍ സര്‍വീസ് കരസ്ഥമാക്കാനുള്ള കഴിവുണ്ടെന്നും അതിലൂടെ രാഷ്ട്രത്തെയും ജനങ്ങളെയും സേവിക്കാനാകുമെന്നും പറഞ്ഞു പ്രോത്സാഹിപ്പിച്ചു. ഇക്കാര്യം ഡോ. സന്ധ്യതന്നെ തന്റെ നിരവധി പ്രസംഗങ്ങളിലും ലേഖനങ്ങളിലും സൂചിപ്പിച്ചിട്ടുണ്ട്. താഴ്ന്ന ക്ലാസ്സുമുതലേ സന്ധ്യയ്ക്ക് ഇംഗ്ലീഷ്ഭാഷ നന്നേ വഴങ്ങിയിരുന്നു. ബാല്യത്തില്‍ത്തന്നെ എഴുത്തിനോടു താത്പര്യമുണ്ടായിരുന്ന അവര്‍ നിരവധി കവിതകളും കഥകളും ഇംഗ്ലീഷില്‍ രചിച്ചിരുന്നു.
സ്‌കൂള്‍വിദ്യാഭ്യാസത്തിനുശേഷം പാലാ അല്‍ഫോന്‍സാ കോളജില്‍നിന്ന് എം.എസ്.സി. സുവോളജി റാങ്കോടെ പാസ്സായി. സഹപാഠികളോടും അധ്യാപകരോടും അന്നേ നല്ല ആത്മബന്ധം പുലര്‍ത്തിയിരുന്നയാളാണ് ഡോ. ബി. സന്ധ്യയെന്ന് സഹപാഠികളും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. എം.എസ്.സി. കഴിഞ്ഞ് മത്സ്യഫെഡില്‍ പ്രോജക്ട് ഓഫീസറായി ജോലി നോക്കവെ 1988 ലാണ് ഡോ. ബി. സന്ധ്യയ്ക്ക് ഐ.പി.എസ്. ലഭിക്കുന്നത്. കൂടാതെ, ഓസ്‌ട്രേലിയയിലെ വോളോംഗ്‌ഗോങ് സര്‍വകലാശാലയില്‍നിന്നു വുമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ പ്രത്യേക പരിശീലനവും, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍നിന്ന് 1999 ല്‍ പി.ജി.ഡി.ബി.എ.യും, ബിര്‍ളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സില്‍ നിന്നു 2005 ല്‍ ഡോക്ടറേറ്റും നേടി.
നല്ല ആര്‍ജവത്തോടെ പൊലീസ്‌സേനയെ നയിച്ചിട്ടുള്ള സന്ധ്യ താന്‍ വഹിച്ചിട്ടുള്ള മിക്ക പദവികളിലും കാലോചിതമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഏതു സര്‍ക്കാരുകള്‍ ഭരിച്ചാലും നിയമങ്ങള്‍ സത്യസന്ധമായും ജനോപകാരപ്രദമായും നടപ്പാക്കുന്നതിലൂം, പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പദവികള്‍ക്കായി ഓടിനടന്നിട്ടുമില്ല.
പൊലീസ് സേനയിലെ കര്‍മധീരതയും, താന്‍ വഹിച്ച പദവികളുടെ മാന്യതയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സന്ധ്യയുടെ കരിയര്‍ തിളക്കമാര്‍ന്നതുതന്നെയായിരുന്നു. വാര്‍ത്താപ്രാധാന്യം നേടിയ സൗമ്യവധവും, ജിഷവധവും സന്ധ്യയുടെ കുറ്റാന്വേഷണമികവിനുള്ള മികച്ച ഉദാഹരണങ്ങളാണ്. ഏറ്റവുമൊടുവില്‍ ഫയര്‍ ഡി.ജി.പി. യായിരുന്നപ്പോള്‍ ബ്രഹ്‌മപുരം തീപ്പിടിത്തം അണയ്ക്കുന്നതിന് സന്ധ്യയുടെ നേരിട്ടുള്ള നേതൃത്വം പ്രത്യേകം ശ്രദ്ധേയമായിരുന്നു. 2006 ലും 2014 ലും സ്തുത്യര്‍ഹമായ സേവനത്തിന് ഇന്ത്യന്‍ പ്രസിഡന്റിന്റെ അവാര്‍ഡിനര്‍ഹയായി. 2010 ല്‍ യു.എസ്.എ. യില്‍ വച്ചു നല്‍കിയ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് വുമണ്‍ പൊലീസ് അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടനവധി ചെറുതും വലുതുമായ അവാര്‍ഡുകളും സന്ധ്യയെത്തേടിയെത്തി. 1997 ല്‍ തൃശൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്നപ്പോള്‍ കേരളത്തിലെ ഏറ്റവും നല്ല പൊലീസ് ഓഫീസര്‍ക്കുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ നേടുകയുണ്ടായി. 2007 ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനു നിയമപാലകര്‍ക്കുവേണ്ട കൈപ്പുസ്തകം തയ്യാറാക്കാന്‍ റിസോഴ്‌സ് പേഴ്‌സണായി യു.എന്നില്‍ (വിയന്ന) പങ്കെടുത്തിട്ടുണ്ട്.
പൊലീസ്‌രംഗത്തെന്നപോലെ സാഹിത്യമേഖലയിലും ഡോ. ബി. സന്ധ്യ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. താരാട്ട്, ബാലവാടി, കാട്ടാറിന്റെ കൂട്ടുകാരി, എത്ര നല്ല അമ്മു, ആറ്റുകുളത്തിലെ അദ്ഭുതങ്ങള്‍ തുടങ്ങിയ ബാലസാഹിത്യകൃതികള്‍ അവയില്‍ ചിലതാണ്. റാന്തല്‍വിളക്ക്, നീര്‍മരുതിലെ ഉപ്പന്‍ തുടങ്ങിയ കവിതകളും സ്ത്രീശക്തി എന്ന വൈജ്ഞാനികസാഹിത്യവും നീലക്കൊടുവേലിയുടെ കാവല്‍ക്കാരി എന്ന നോവലും ഇവയില്‍ ഉള്‍പ്പെടുന്നു. സാഹിത്യരംഗത്ത് കുഞ്ഞുണ്ണിപുരസ്‌കാരം, ഇടശ്ശേരി അവാര്‍ഡ്, ഗോപാലകൃഷ്ണന്‍ കോലടി അവാര്‍ഡ് തുടങ്ങിയ നിരവധി അവാര്‍ഡുകള്‍ക്കും ഡോ. ബി. സന്ധ്യ അര്‍ഹയായിട്ടുണ്ട്. തനിക്കു ലഭിക്കുന്ന അവാര്‍ഡുതുകകള്‍ സ്വന്തം ആവശ്യങ്ങള്‍ക്കുപയോഗിക്കാതെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു ചെലവഴിക്കുന്നുവെന്നത് തന്റെ മനസ്സില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഉന്നതമായ മനുഷ്യസ്‌നേഹത്തിന്റെ പ്രതിഫലനമാണ്. തന്റെ ദീര്‍ഘനാളത്തെ പൊലീസ്‌സേനയിലെ അനുഭവങ്ങള്‍ മലയാളികള്‍ക്ക്, പ്രത്യേകിച്ച് പാലാക്കാര്‍ക്കു പകര്‍ന്നുകൊടുക്കാന്‍ ഇനിയുള്ള കാലം സാധിക്കട്ടേ എന്നു പ്രാര്‍ത്ഥിക്കുന്നു.
കേരള യൂണിവേഴ്‌സിറ്റിയില്‍ പരീക്ഷാ കണ്‍ട്രോളറായിരുന്ന ഡോ. കെ. മധുകുമാര്‍ ഭര്‍ത്താവും, മെഡിക്കല്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവിദ്യാര്‍ത്ഥിയായ ഡോ. ഹൈമ ഏകമകളും, പാലായില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന എം.ബി.എ. ബിരുദധാരിയും ബിസിനസ്സുകാരനുമായ ബി. മധു ഏകസഹോദരനുമാണ്.