ജൂണ്‍ 9 10, 11 തീയതികളില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭാ മേഖലാസമ്മേളനം വലിയ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരിക്കുകയാണല്ലോ. അമേരിക്കന്‍ മേഖലാസമ്മേളനത്തിനു പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനെച്ചൊല്ലിയാണ് മുഖ്യമായും വിവാദം ഉണ്ടായിരിക്കുന്നത്. സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ വന്‍തുക പിരിക്കുന്നെന്ന റിപ്പോര്‍ട്ടുകളാണ് വിവാദത്തിന് അടിസ്ഥാനം. ന്യൂയോര്‍ക്കിലെ ആഡംബരഹോട്ടലിലാണ് ലോക കേരളസഭയുടെ മേഖലാസമ്മേളനം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ വ്യാപകമായ രീതിയില്‍ പണപ്പിരിവ് നടക്കുന്നുവെന്നാണ് ആരോപണം.
മേഖലാസമ്മേളനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍മലയാളികളുടെ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ട, മന്ത്രിമാരുടെ ചിത്രം സഹിതമുള്ള പണപ്പിരിവിന്റെ പോസ്റ്ററാണ് വിവാദങ്ങള്‍ക്കു തുടക്കംകുറിച്ചത്. താരനിശമാതൃകയില്‍ സമ്മേളനത്തിന്റെ താരിഫ് കാര്‍ഡ് പുറത്തിറക്കി പണപ്പിരിവു നടത്തുന്നു എന്നാണ് പ്രധാന ആക്ഷേപം. ഇതിനൊപ്പം ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെ തുക നിശ്ചയിച്ചിരിക്കുന്ന പാസുകളിലെ ഓഫറുകളും വിമര്‍ശനം ഏറ്റുവാങ്ങുന്നു.
82 ലക്ഷം രൂപ വിലവരുന്ന ഗോള്‍ഡ്, സില്‍വര്‍ പാസുകള്‍ എടുക്കുന്നവര്‍ക്ക് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളുമായി വേദി പങ്കിടാമെന്നതാണു പ്രത്യേകത. സ്റ്റേജില്‍ കസേര, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള വിഐപികള്‍ക്കൊപ്പമിരുന്നു ഭക്ഷണം, ആഡംബരവാഹനത്തില്‍ യാത്ര, രണ്ടു സ്വീറ്റ് മുറികള്‍, നോട്ടീസില്‍ രണ്ടു പേജ് പരസ്യം എന്നിവയാണ് വാഗ്ദാനങ്ങള്‍. സില്‍വര്‍ പാസിന് 50,000 യുഎസ് ഡോളറാണ്. ഇന്ത്യന്‍ രൂപ 41 ലക്ഷം. ബ്രോണ്‍സ് പാസിന് യുഎസ് ഡോളര്‍ 25,000 മാണ് ഈടാക്കുന്നത്. ഇന്ത്യന്‍ രൂപ ഏകദേശം 20.5 ലക്ഷം. വിഐപികള്‍ക്കൊപ്പം ഡിന്നര്‍, സ്റ്റേജില്‍ ഇരിപ്പിടം എന്നിവയൊഴിച്ചുള്ള സില്‍വര്‍ സൗകര്യങ്ങള്‍ ലഭിക്കും. കേരളത്തിനു മുഴുവന്‍ നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളാണ് അമേരിക്കയില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ പണം പിരിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണെന്നുമാണ് ഉയരുന്ന വിമര്‍ശനം.
എന്താണ് ലോകകേരളസഭ?
കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും താമസിക്കുന്ന കേരളീയരുടെ പൊതുവേദിയാണ് ലോകകേരളസഭ. ലോകത്താകമാനമുള്ള പ്രവാസിമലയാളികളുടെ ആഗോളകൂട്ടായ്മ എന്ന സങ്കല്പത്തെ നിയമാനുസൃതവും ആധികാരികവുമായ ഒരു സഭയയായി വികസിപ്പിക്കുക എന്ന ആശയത്തില്‍നിന്നുമാണ് ലോകകേരളസഭയുടെ തുടക്കം. ലോക മലയാളികളെയെല്ലാം ഒരുമിച്ചുചേര്‍ത്ത് അവരുടെ വിവിധങ്ങളായ കഴിവുകള്‍ കേരളത്തിന്റെ സമഗ്രവികസനത്തിനുവേണ്ടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2018 ലാണ് ലോകകേരള സഭ രൂപീകരിച്ചത്.
2018 ജനുവരി 12 ന് ആദ്യസമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കുകയും ചെയ്തു. കേരളനിയമസഭാംഗങ്ങള്‍, കേരളത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ലമെന്റംഗങ്ങള്‍, കേരളീയ പ്രവാസികളെ പ്രതിനിധാനം ചെയ്യുന്ന 170 അംഗങ്ങള്‍ എന്നിങ്ങനെ 351 പേര്‍ ഉള്‍ക്കൊള്ളുന്നതാണ് ലോകകേരളസഭ. ലോകകേരളസഭയുടെ 2018 ല്‍ ചേര്‍ന്ന ആദ്യസമ്മേളനം കേരളത്തിന്റെ ഭാവിധവികസനത്തിനും, പ്രവാസികളുടെ സുരക്ഷ, ക്ഷേമം, പുനരധിവാസം തുടങ്ങിയവയ്ക്കു മുതല്‍ക്കൂട്ടുമാകുമായിരുന്ന ഒട്ടേറെ പദ്ധതിനിര്‍ദേശങ്ങള്‍ മുമ്പോട്ടുവച്ചിരുന്നു.
ധൂര്‍ത്തിന്റെ പര്യായമായ ലോകകേരളസഭയുടെ സമ്മേളനങ്ങള്‍
എന്നാല്‍, 2020 ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടത്തിയ ലോകകേരളസഭയുടെ രണ്ടാം സമ്മേളനം ധൂര്‍ത്തിന്റെ പേരില്‍ നിരവധി ആക്ഷേപങ്ങള്‍ക്കിടവരുത്തിയിരുന്നു. അന്ന് താമസത്തിനു മാത്രം ചെലവാക്കിയത് 23,42,725 രൂപയാണ്. ഭക്ഷണത്തിന് 60 ലക്ഷം രൂപ. ഒരാള്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിന് 2000 രൂപ! രാത്രി ഭക്ഷണത്തിന് 1,700 രൂപ! പ്രഭാതഭക്ഷണത്തിനു 550 രൂപ. താമസത്തിനും ഭക്ഷണത്തിനുംകൂടി ഒരു കോടിയോളം രൂപയാണ് അന്ന് ചെലവാക്കിയത്. ലോകകേരളസഭ ധൂര്‍ത്താണെന്നാരോപിച്ച 2020 ലെ സമ്മേളനത്തില്‍നിന്നു പ്രതിപക്ഷം വിട്ടുനിന്നിരുന്നു. മൂന്നാം ലോകകേരളസഭ 2022 ജൂണ്‍ 16, 17, 18 തീയതികളില്‍ തിരുവനന്തപുരത്തു ചേര്‍ന്നപ്പോഴും ധൂര്‍ത്തിനു കുറവുണ്ടായിരുന്നില്ല.
മൂന്നാമത് ലോകകേരളസഭാസമ്മേളനം 11 പ്രമേയങ്ങളാണ് അംഗീകരിച്ചത്. പ്രവാസികളുടെ വിവരശേഖരണം കാര്യക്ഷമമാക്കണമെന്നായിരുന്നു ലോകകേരളസഭ അംഗീകരിച്ച പ്രധാന പ്രമേയങ്ങളിലൊന്ന്. വിദേശരാജ്യങ്ങളിലും സംസ്ഥാനങ്ങളിലുമായി മലയാളികളായ എത്ര പ്രവാസികളുണ്ട് എന്നതിന് കൃത്യമായ കണക്ക് സര്‍ക്കാരിന്റെ കൈയില്‍ ഇപ്പോഴുമില്ല. പരമാവധി ആഡംബരത്തോടെ നടത്തപ്പെട്ട മൂന്നു സമ്മേളനങ്ങള്‍കൊണ്ട് എന്തു പ്രയോജനം കേരളീയസമൂഹത്തിനും പ്രവാസികള്‍ക്കും ലഭിച്ചുവെന്നതിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. 2018, 2020, 2022 വര്‍ഷങ്ങളിലായി നടന്ന ലോകകേരളസഭയ്ക്ക് 12 കോടിയോളം രൂപയാണ് ചെലവാക്കിയത്. മൂന്നാം കേരളസഭയില്‍ 67 നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. എന്നാല്‍, ഒരെണ്ണംപോലും നടപ്പാക്കിയിട്ടില്ലെന്നു സര്‍ക്കാര്‍തന്നെ സമ്മതിക്കുന്നു. പ്രവാസികളുടെ പണം ഉപയോഗിച്ചുള്ള വികസനപദ്ധതികള്‍, തിരിച്ചുവരുന്നവരുടെ പുനരധിവാസം, പ്രവാസിക്ഷേമപദ്ധതികള്‍ എന്നിവയൊന്നും നടപ്പിലാക്കിയിട്ടില്ല.
പ്രവാസികള്‍ക്ക് പ്രയോജനമില്ലാത്ത ലോകകേരളസഭ
കേരളത്തിന്റെ നട്ടെല്ലാണ് പ്രവാസികള്‍. ഇന്നു കാണുന്ന സമൃദ്ധിയിലേക്കു കേരളം വളര്‍ന്നതിനു പിന്നില്‍ പ്രവാസികളുടെ പങ്കു വളരെ വലുതാണ്. കേരളത്തിലെ കാര്‍ഷികമേഖലയിലുണ്ടായ വന്‍ തകര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞത് വിദേശത്തുനിന്നുള്ള പണത്തിന്റെ വരവുകൊണ്ടായിരുന്നു. കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ 35 ശതമാനമാണ് പ്രവാസികള്‍ അയയ്ക്കുന്ന പണം. ജി.ഡി.പിയുടെ മൂന്നിലൊന്ന് പ്രവാസികളുടെ സംഭാവനയാണ്. മഹാപ്രളയംപോലുള്ള പ്രകൃതിദുരന്തങ്ങള്‍ നേരിടുമ്പോള്‍ സഹായഹസ്തം നീട്ടുന്നതിലും മുന്‍പന്തിയില്‍ പ്രവാസികളാണ്.
ലോകത്തിന്റെ നാനാഭാഗത്തും കേരളത്തിനകത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും താമസിക്കുന്ന കേരളീയരുടെ പൊതുവേദി എന്നാണ് ലോകകേരള സഭകൊണ്ട് വിഭാവനം ചെയ്തിരുന്നത്. എന്നിട്ട് അത് സാക്ഷാല്‍ക്കരിക്കപ്പെട്ടോ എന്ന് ആലോചിക്കേണ്ട സമയവും കൂടിയാണിത്. സാധാരണക്കാരായ പ്രവാസികള്‍ക്ക് ലോകകേരളസഭയുടെ അംഗമാകാന്‍ കഴിയുന്നുണ്ടോ? അവരുടെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്ന ഏതെങ്കിലും പദ്ധതികള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാറുണ്ടോ? ഇതെല്ലാം ആലോചിക്കേണ്ട വിഷയങ്ങളാണ്.
കേരളത്തിന്റെ സമ്പദ്ഘടനയ്ക്കും സാമൂഹിക - സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്കും വിലമതിക്കാനാകാത്ത സംഭാവന നല്‍കിയിട്ടുള്ള പ്രവാസിസമൂഹത്തെ കേള്‍ക്കാനും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനും പരിഗണിക്കാനും ചരിത്രത്തിലാദ്യമായി രൂപീകരിക്കപ്പെട്ട ഒരു വേദി എന്ന നിലയില്‍ പ്രതീക്ഷയോടെയാണ് ലോകകേരളസഭയെ പ്രവാസികള്‍ കണ്ടത്. കൊവിഡ് മഹാമാരിയുടെ തുടക്കത്തിലുണ്ടായ യാത്രാനിയന്ത്രണം മുതല്‍ കൂട്ടപ്പിരിച്ചുവിടല്‍മൂലമുണ്ടായ തൊഴില്‍നഷ്ടങ്ങളടക്കം ഏറ്റവുമധികം ബാധിച്ച ജനവിഭാഗമാണ് പ്രവാസികള്‍. 'നോര്‍ക്ക'യുടെ കണക്കനുസരിച്ച്, 15.56 ലക്ഷം മലയാളികളാണ് കൊവിഡ് പശ്ചാത്തലത്തില്‍ വിദേശത്തുനിന്ന് കേരളത്തിലേക്കു മടങ്ങിയത്. ഇവരില്‍ 71% പേരും തൊഴില്‍ നഷ്ടമായി മടങ്ങിയവരാണ്. ഇവര്‍ക്കൊക്കെ എന്ത് ആശ്വാസം നല്‍കാന്‍ ലോകകേരളസഭ എന്ന സംവിധാനത്തിന് കഴിഞ്ഞു എന്ന് ആത്മപരിശോധന നടത്താന്‍കൂടി ഈ വിവാദങ്ങള്‍ വഴിതെളിക്കുമെന്നു പ്രതീക്ഷിക്കാം.