പാലാ: ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 88-ാം ചരമവാര്‍ഷികം മേയ് 23 ന് അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്ന പാലാ എസ്.എച്ച്. പ്രൊവിന്‍ഷ്യല്‍ഹൗസ് കപ്പേളയില്‍ നടന്നു. ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന നടന്നു. ദിവ്യകാരുണ്യഭക്തനായ ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍ ആത്മീയതയുടെ ശക്തി തിരിച്ചറിഞ്ഞ അജപാലകനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കബറിടത്തില്‍ നടന്ന പ്രാര്‍ഥനാശുശ്രൂഷയ്ക്ക് പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കാര്‍മികത്വം വഹിച്ചു. പുണ്യംകൊണ്ടും ലാളിത്യംകൊണ്ടും ജീവിതത്തെ അനശ്വരമാക്കിയ മഹിമാശാലികളായ പുണ്യപുരോഹിതരുടെ പരമ്പരയിലാണ് കദളിക്കാട്ടില്‍ മത്തായി അച്ചന്റെയും സ്ഥാനമമെന്ന് അദ്ദേഹം പറഞ്ഞു. പ്രാര്‍ഥനാനന്തരം ബിഷപ് ശ്രാദ്ധനേര്‍ച്ച വെഞ്ചരിച്ചു.
ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ ജീവിതത്തെ ആസ്പദമാക്കി എസ്.എച്ച്. മീഡിയ നിര്‍മിച്ച 'തിരുഹൃദയദാസന്‍ കദളിക്കാട്ടിലച്ചന്‍' എന്ന ഡോക്കുഫിക്ഷന്‍ മൂവിയുടെ പോസ്റ്റര്‍ പ്രകാശനം മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.