കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദനദാസ് കൊല്ലപ്പെട്ടത് ഉള്‍പ്പെടെയുള്ള ആനുകാലികദുരന്തങ്ങള്‍ ഏതെടുത്തു പരിശോധിച്ചാലും പ്രധാനകാരണം ലഹരിയാണെന്നു കാണാം. മയക്കുമരുന്നിനടിമയായിത്തീര്‍ന്ന ഒരു അധ്യാപകന്റെ കുത്തേറ്റാണ് ഡോ. വന്ദന മരിക്കുന്നത്. ഡോക്ടര്‍മാര്‍ക്കെതിരെയോ പോലീസുകാര്‍ക്കെതിരെയോ ഉള്ള ആക്രമണം എന്നതിലുപരി നാടിനെ വിഴുങ്ങിയിരിക്കുന്ന ലഹരിയുടെ പൈശാചികമുഖമായിട്ടാണ് ഇതിനെ കാണേണ്ടത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഒരധ്യാപകനാണ് പ്രതിയെന്നതു ഞെട്ടലുളവാക്കുന്നതാണ്. അധ്യാപകന്‍ അഥവാ ഗുരു സര്‍വഗുണങ്ങളുടെയും വിളനിലമായിരിക്കണമെന്നതാണ് ഭാരതീയസങ്കല്പം. ശിഷ്യരുടെ ഉള്ളിലെ അന്ധകാരത്തെ അകറ്റി വെളിച്ചത്തിലേക്കു നയിക്കേണ്ട, മാതൃകാപരമായ ജീവിതം നയിക്കേണ്ട അധ്യാപകര്‍പോലും ലഹരിക്കടിമകളാകുന്ന ദുരവസ്ഥയാണിന്നു കേരളത്തിലുള്ളത്.
ലഹരിക്കടിമകളായവര്‍ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങള്‍കൊണ്ടു ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. പ്രേക്ഷകരുടെ ആരാധനാപാത്രങ്ങളായ സിനിമാനടന്മാരുടെ സിനിമാഷൂട്ടിങ് സെറ്റുകളിലെ ലഹരിയുപയോഗം സഹിക്കാനാവാതെ ചലച്ചിത്രനിര്‍മാതാക്കള്‍തന്നെ പരസ്യമായി രംഗത്തു വന്നുകഴിഞ്ഞു. ലഹരിമരുന്നുപയോഗിക്കുന്ന യുവാക്കള്‍ പോലീസിനുനേരേ കൊലവിളി നടത്തുന്നതും സ്വന്തം ശരീരത്തില്‍ ആയുധം ഉപയോഗിച്ചു മുറിവുണ്ടാക്കുന്നതുമായ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡോക്ടറെന്നോ പോലീസെന്നോ ബന്ധുക്കളെന്നോ തിരിച്ചറിയാനുള്ള വകതിരിവൊന്നും മയക്കുമരുന്നു ക്രിമിനലുകള്‍ക്കില്ല. അത്തരം ക്രിമിനലുകളുടെ എണ്ണം ദിനംപ്രതി കേരളത്തില്‍ വര്‍ധിക്കുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്നാണ് ദിനംപ്രതി പിടികൂടുന്നത്. രാജ്യംകണ്ട ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളിലൊന്നാണ് കഴിഞ്ഞദിവസം കേരളത്തിലുണ്ടായത്. ഇറാനിലെ മക്രാന്‍ തുറമുഖത്തു നിന്നെത്തിയ 25,000 കോടി രൂപ വിലമതിക്കുന്ന 2500 കിലോ മെത്താംഫെറ്റമിന്‍ എന്ന മയക്കുമരുന്ന് ഇന്ത്യന്‍ സമുദ്രമേഖലയില്‍നിന്ന് നാവികസേനയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍.സി.ബി.) ചേര്‍ന്നു പിടികൂടുകയായിരുന്നു. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വിപണിമൂല്യമുള്ള ലഹരിവേട്ടയാണിത്. ക്രിസ്റ്റല്‍ രൂപത്തിലുള്ള മെത്താംഫെറ്റമിന്‍ 134 ചാക്കുകളില്‍ 2800 ഡബ്ബകളില്‍ അടുക്കിയ നിലയിലായിരുന്നു. അധികൃതര്‍ പിന്തുടരുന്നുവെന്നു മനസ്സിലാക്കിയതോടെ കപ്പലില്‍ ഉണ്ടായിരുന്ന മയക്കുമരുന്ന് ചെറുബോട്ടുകളിലേക്കു മാറ്റിയശേഷം കപ്പല്‍ കടലില്‍ മുക്കിക്കളഞ്ഞുവെന്നാണ് എന്‍.സി.ബി. അധികൃതര്‍ പറയുന്നത്. മുക്കിയ കപ്പലില്‍ 3000 കിലോഗ്രാമിലേറെ വസ്തുക്കള്‍ ഉണ്ടായിരുന്നതായി അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ സമുദ്രമേഖലയിലൂടെയുള്ള മയക്കുമരുന്നുകടത്ത് തടയാന്‍ എന്‍.സി.ബി. ഡയറക്ടര്‍ ജനറല്‍ രൂപംനല്‍കിയ ഓപ്പറേഷന്‍ സമുദ്രഗുപ്തിന്റെ അഞ്ചാമത്തെ ദൗത്യത്തിലാണ് ഈ നിര്‍ണായകനേട്ടം. ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്കു വിതരണം ചെയ്യാനാണ് മയക്കുമരുന്നു കൊണ്ടുവരുന്നതെന്നാണു ലഭിക്കുന്ന വിവരം. 2022 ഒക്ടോബറില്‍ കേരളതീരത്തുനിന്ന് 200 കിലോ ഹെറോയിനും ഫെബ്രുവരിയില്‍ ഗുജറാത്തുതീരത്തുനിന്ന് 221 കിലോ മെത്താംഫെറ്റമിനും 529 കിലോ ഹാഷിഷും നാവികസേനയും എന്‍.സി.ബി.യും ചേര്‍ന്ന് പിടികൂടിയിരുന്നു. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ വിവിധ പ്രദേശങ്ങള്‍ ചേര്‍ന്ന ഗോള്‍ഡന്‍ ക്രസന്റ് മേഖലയില്‍നിന്നാണ് കേരളത്തില്‍ കഞ്ചാവെത്തുന്നത്. മറ്റൊരു മയക്കുമരുന്നു കേന്ദ്രമായ ഗോള്‍ഡന്‍ ട്രയാങ്കിളിനു (തായ്‌ലാന്റ്, ലാവോസ്, മ്യാന്മര്‍) മധ്യേ കിടക്കുന്നതിനാല്‍ മയക്കുമരുന്ന് കള്ളക്കടത്തിന്റെ ദോഷം ഏറെ ബാധിക്കുന്ന രാജ്യമാണ് ഇന്ത്യ.
2047 ആകുമ്പോഴേക്ക് ഇന്ത്യയെ സമ്പൂര്‍ണ ലഹരിമുക്തരാജ്യമായി മാറ്റുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. അതിന്റെ ഭാഗമായി ലഹരിയുടെ ഉറവിടം തേടി നശിപ്പിക്കുന്ന ദൗത്യമാണ് സമുദ്രഗുപ്ത് പോലെയുള്ള നടപടികള്‍. ഇന്ത്യയില്‍ത്തന്നെ ലഹരിമരുന്നുകളുടെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള വിപണനമാണ് കേരളത്തില്‍ നടക്കുന്നത്. ഡോ. വന്ദനയുടെ കൊലപാതകം മയക്കുമരുന്നുവ്യാപനത്തിന്റെ മുന്നറിയിപ്പാണ്. മയക്കുമരുന്നുപയോഗം ഏതൊരു വ്യക്തിയെയും അധഃപതനത്തിന്റെ പടുകുഴിയിലാഴ്ത്തും എന്നതിന്റെ ഉദാഹരണംകൂടിയാണിത്.
പുകവലി, മദ്യപാനം, പാന്‍മസാല എന്നീ ഘട്ടങ്ങളെല്ലാം പിന്നിട്ട് പുതുതലമുറയുടെ ലഹരിക്കമ്പം സിന്തറ്റിക് ലഹരികളില്‍ എത്തിയിരിക്കുകയാണ്. എല്‍.എസ്.ഡിയും എം.ഡി.എം.എ.യും കഴിഞ്ഞാണ് മെത്താംഫെറ്റമിന്‍ എന്ന രാസലഹരിയിലേക്കു നീങ്ങിയിട്ടുള്ളത്. തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുന്ന മെത്താംഫെറ്റമിന്‍ ഏറ്റവും വലിയ അപകടകാരിയാണ്. കഫിനും മറ്റു പല മാരകവിഷപദാര്‍ഥങ്ങളുമാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. ക്രിസ്റ്റല്‍രൂപത്തിലുള്ള ഇവയുടെ ഉപയോഗം നിര്‍ത്തിയാലും വര്‍ഷങ്ങളോളം പാര്‍ശ്വഫലങ്ങള്‍ നീണ്ടുനില്‍ക്കും. സ്റ്റിമുലന്റ് ഡ്രഗ്‌സ് അഥവാ മസ്തിഷ്‌കത്തിലെ സെല്ലുകളെ അതിവേഗം ഉത്തേജിപ്പിക്കുന്ന മയക്കുമരുന്നുകളാണ് കേരളത്തില്‍ ഉപയോഗിക്കുന്ന 90 ശതമാനവും. സ്വഭാവവൈകല്യങ്ങള്‍, മാനസികപ്രശ്‌നങ്ങള്‍ തുടങ്ങിയവയുള്ളവര്‍ ഇത് ഉപയോഗിക്കുന്നത് മനോവിഭ്രാന്തിക്കിടവരുത്തും. മദ്യപിക്കുമ്പോള്‍ പതിനായിരം സെല്ലുകളാണു പ്രവര്‍ത്തനക്ഷമമാകുന്നതെങ്കില്‍ സ്റ്റിമുലന്റ് ഡ്രഗ്‌സ് ഉപയോഗിക്കുമ്പോള്‍ ലക്ഷക്കണക്കിനു സെല്ലുകള്‍ പ്രവര്‍ത്തനക്ഷമമാകും. ഇത് താങ്ങാന്‍ കഴിയാതെ വ്യക്തി മനോവിഭ്രാന്തിയുടെ അവസ്ഥയിലെത്തി അതിക്രമങ്ങള്‍ കാട്ടും. അതായിരിക്കാം ഡോ. വന്ദനയെ കൊന്ന പ്രതിയുടെ കാര്യത്തിലും ഉണ്ടായത്. ലഹരിക്കെതിരേയുള്ള ശക്തവും ഫലപ്രദവുമായ പോരാട്ടമാകണം ഡോ. വന്ദനയ്ക്കായുള്ള നമ്മുടെ സ്മരണാഞ്ജലി.