ദാവീദുവംശജര്‍ യോവാക്കീമന്നയും
സന്താനസൗഭാഗ്യമേശിടാതെ
നീണ്ട ഇരുപതാണ്ടീശന്റെ സന്നിധേ
നേര്‍ച്ചകാഴ്ചാദികളര്‍പ്പിക്കവേ
പാരിടത്തില്‍ പിറന്നോമല്‍സുഗന്ധിയാം
പാര്‍ത്തലനാഥന്റെ പനിനീര്‍സുമം
സൂനു പിറന്നതിന്‍ വാര്‍ത്തയറിഞ്ഞതേ
സ്വര്‍ഗഭൂവാസികള്‍ നൃത്തമാടി
ലോകമനോഹരിയഴകുള്ള സൂനു-
വിനേകി സല്‍പ്പേരു മറിയമെന്ന്
നന്മനിറഞ്ഞവള്‍ ഭാഗ്യവതി കന്യാ-
മേരിമനോജ്ഞയെ വാഴ്ത്തി ലോകം
മേരിക്കു കല്യാണനിശ്ചയം വന്നെത്തി
ദാവീദുവംശജന്‍ ജോസഫുമായ്
രക്ഷകന്‍തന്നുടെ ആഗമനം കാത്തു
പ്രാര്‍ഥനാപൂര്‍വകം കാലംപോക്കി
ദൈവദൂതന്‍ തിരുരാത്രിയില്‍ മേരിക്കു
പ്രത്യക്ഷനായ് ചൊല്ലി വാര്‍ത്തയൊന്ന്:
''അത്യുന്നതന്‍ സുതന്‍ യേശു സല്‍പ്പേരിനാല്‍
മേരിക്കൊരു കുഞ്ഞു ജാതനാകും
പേടി വേണ്ടൊട്ടും മറിയമേ നീ തിരു-
സന്നിധേ ദൈവകൃപ കണ്ടവള്‍''
''കര്‍ത്താവിന്‍ ദാസിയാമെന്നുള്ളിലെന്നെന്നും
സംഭവിക്കട്ടങ്ങേ സദ്വചനം''
ദൂതന്‍ മറഞ്ഞുപോയ്, സര്‍വം സമര്‍പ്പിച്ചു
ആത്മാവാല്‍ പൂരിതയായി മേരി.
കാലമടുത്തെത്തി ക്ഷീണിതയാം മേരി
ജോസഫുമൊത്തൊരു യാത്രാമധ്യേ
ഉണ്ണിക്കുമാരനു ജന്മം കൊടുക്കുവാന്‍
ഗോശാല കാണായി ഭാഗ്യവശാല്‍
ഉണ്ണിമിശിഹായെ ഞങ്ങള്‍ക്കായ് പോറ്റിയ
മാണിക്യക്കല്ലല്ലേ പൊന്നുതായേ
തേജസ്വിനി പുണ്യവിശ്വേശ്വരി അമ്മ
ശ്രേഷ്ഠവണക്കത്തിന്‍ യോഗ്യ നീയേ.