പഠിക്കുന്തോറും നിന്റെ ചടുലവാക്കിനുള്ളില്‍
തുടുക്കും കാരുണ്യത്തിന്‍ മുള്ളില്‍ ഞാനുടക്കുന്നു.
പഞ്ചമുദ്രകള്‍ ചാര്‍ത്തി നീയെന്നെ വിളിക്കുമ്പോള്‍
നെഞ്ചിലായിരം പീലാത്തോസുമാര്‍ വിങ്ങിനില്പൂ.
ചുണ്ടത്തു ചുട്ടമുദ്രയൊറ്റുവാന്‍ ചാര്‍ത്തുന്നേരം
തൊണ്ടുപോലൂരിപ്പോയെന്‍ ദേഹമാത്മാവില്‍നിന്നും.
കുനിഞ്ഞു വിരല്‍ത്തുമ്പാലന്നു നീ മണ്ണിലെന്നെ
കനിവോടടയാളപ്പെടുത്തീ സദാചാര-
ക്കല്ലുകളഹന്തകള്‍ പൊഴിഞ്ഞു, ഞാനാം കളി-
ച്ചില്ലുപാത്രവും ഉടഞ്ഞീടാതെ കരുതലായ്.
സത്യമേ, നിന്നെക്കാണും അത്തിതന്‍ കൊമ്പാകണം,
ഭക്തിയില്‍ പാറപോലെ കടലില്‍ നടക്കേണം
വാക്കിന്റെ വിളുമ്പല തൊട്ടെന്റെ കെടുംസ്രവ-
വ്യാഴവട്ടങ്ങള്‍ സൂര്യമലരായ് മലര്‍ക്കേണം.
ഗുരു നീ വിനയത്തിന്‍ ജലത്താല്‍ കഴുകുന്നെ-
ന്നിരുളാം മനസ്സിനെ, ചെളിച്ച പാദങ്ങളെ
പരിശുദ്ധമായ് മുത്തിത്തോര്‍ത്തുന്നു, ഭൃത്യനോളം
വളരും സ്‌നേഹമായ് നീ പടര്‍ന്നു കുലയ്ക്കുന്നു.
ചെയ്ത തെറ്റുകള്‍ തിരിച്ചറിയാത്തവര്‍ക്കെല്ലാം
പെയ്തു നീ ക്ഷമാവാക്കിന്‍ വര്‍ഷങ്ങള്‍ കുരിശിലും!
സത്യത്തെ ക്രൂശിലേറ്റിക്കുഴിച്ചിട്ടാലും കല്ലിന്‍
സാക്ഷവെച്ചാലും മൂന്നേ മൂന്നുനാള്‍ കഴിയുമ്പോള്‍
ഉദിക്കും, കരാളമാം രാവിനപ്പുറം സൂര്യന്‍
മരണം മറയ്ക്കില്ല നിത്യമാം വചനങ്ങള്‍.