•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കക്കുകളിയും കുറെ കൂക്കുവിളികളും

കല എന്ന കറതീര്‍ന്ന ആവിഷ്‌കാരത്തെ അങ്ങേയറ്റം അപമാനിക്കുന്നതും, നാടകം എന്ന കലാരൂപത്തെ തരം താഴ്ത്തുന്നതും, ഒരു പ്രത്യേക മതവിശ്വാസത്തെയും അതിന്റെ സനാതനമായ സന്ന്യാസസങ്കല്പത്തെയും വികലമാക്കുന്നതുമായ ''കക്കുകളി'' യുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ യൂട്യൂബില്‍ കൗതുകത്തോടെ കണ്ടു. ഈ ''കൂത്തുകളി''യുടെ പാതിഭാഗത്തിനുശേഷം, അരങ്ങിലൂടെ അങ്ങോട്ടുമിങ്ങോട്ടും തുടയില്‍ തിരുമ്മി ചാടിക്കളിച്ചു നടക്കുന്ന, അഞ്ചിഞ്ചു നീളം പോലുമില്ലാത്ത അടിവസ്ത്രംമാത്രം ആസ്തിയായുള്ള 'ചെത്തുകാരന്‍' എന്ന ചവറുകഥാപാത്രത്തെയും അയാളുടെ നീട്ടിയുള്ള ഒരു കൂക്കുവിളിയും ശ്രദ്ധിച്ചപ്പോള്‍ വസ്തുതയൊന്നു വളരെ കൃത്യമായി വ്യക്തമായി. കക്കുകളിയെ സത്യത്തില്‍ കൂകിവിളിക്കുന്നത് പുറത്തുള്ളവരല്ല, പ്രസ്തുത 'ആഭാസക്കളി'യുടെ അരങ്ങിലും അണിയറയിലും ഉള്ളവര്‍ത്തന്നെയാണ്. അവരുടെ കൂട്ടക്കൂക്കുവിളിയുടെ ഒച്ച ഒരു ചെത്തുകാരന്റെ കണ്ഠനാളത്തിലൂടെ പുറത്തുവരുന്നു എന്നുമാത്രം.

ആശയവൈരുധ്യത്തിനുള്ള കൂക്കുവിളി
ചെത്തുകാരന്‍ചേട്ടന്‍ കൂകിയാക്ഷേപിക്കുന്നതു നാടകം അവതരിപ്പിക്കാന്‍ പാടുപെടുന്ന ആശയത്തിന്റെ വൈരുധ്യത്തെയാണ്. 'മൂന്നുനേരം മൂഞ്ചാന്‍ അപ്പനൊന്നും ഉണ്ടാക്കിവച്ചിട്ടില്ലാത്ത' വീട്ടില്‍ നിന്ന് അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി കന്യാസ്ത്രീമഠത്തിലേക്കു പോകുന്ന കട്ട കക്കുകളിപ്രേമിയായ ഒരു പതിനേഴുകാരിയിലൂടെ ക്രൈസ്തവസന്ന്യസ്തരും വൈദികരുമൊക്കെ വെട്ടിവിഴുങ്ങാന്‍ വീട്ടിലൊന്നും ഇല്ലാത്തതിനാല്‍ ഗതികെട്ടാണ് അത്തരമൊരു ജീവിതാന്തസ്സു  തിരഞ്ഞെടുക്കുന്നത് എന്ന മുന്‍വിധിയില്‍ മൂലക്കല്ലിട്ട തെറ്റുധാരണ പരിഹാസരൂപേണ പ്രേക്ഷകര്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കാനാണ് ഈ നാടകനിര്‍മാതാക്കള്‍ പരിശ്രമിക്കുന്നത്. പക്ഷേ, കഥാന്ത്യത്തില്‍ സന്ന്യാസമഠത്തിന്റെ വളപ്പില്‍ താന്‍ കുഴിച്ചിട്ടതൊക്കെയും മാന്തിയെടുത്തുകൊണ്ടു സ്വന്തം വീട്ടിലേക്കു തിരിഞ്ഞോടിപ്പോകുന്ന ആ പെണ്‍കുട്ടി പറയാതെ പറഞ്ഞുവയ്ക്കുന്ന ഒരു പാഠമുണ്ട്. കുടുംബത്തിലെ 'കഞ്ഞിപ്പഞ്ഞം' അല്ല ഒരുത്തരുടെയും ദൈവവിളിയുടെ മാനദണ്ഡം. അന്നത്തിനു വകയില്ലാത്ത കുടുംബങ്ങളില്‍നിന്നുള്ളവര്‍ക്ക് 'മൂന്നുനേരം മൂഞ്ചി'ക്കഴിയാനുള്ള അഭയമാര്‍ഗമല്ല ക്രിസ്തീയസമര്‍പ്പിതജീവിതം. നേരേമറിച്ച്, വിശുദ്ധമായ ഒരു വിളിയും അതിനുള്ള സ്വതന്ത്രമായ ഒരു പ്രത്യുത്തരവുമാണത്. അപ്രകാരം അതിനെ കാണാതെ ആ വഴിയിലേക്കു വരുന്നവര്‍ തങ്ങളുടെ വീട്ടുമുറ്റത്തെ പഴയ കക്കുകളിക്കളങ്ങളിലേക്കു വൈകാതെ തിരികെപ്പോയേ തീരൂ. അതാണു സമര്‍പ്പിതജീവിതത്തിന്റെ അനന്യതയും മഹത്ത്വവും. അതിനെ കരിവാരിത്തേക്കാന്‍ കരുക്കള്‍ നീക്കിയവര്‍ക്കാണു കണ്ടുകൊണ്ടു കുണ്ടില്‍ ചാടിയതിന്റെയും, കുളിക്കാന്‍ ചെന്നിട്ടു ചേറ്റില്‍ താഴ്ന്നതിന്റെയുമൊക്കെ അനുഭവമുണ്ടായിരിക്കുന്നത് എന്നു പറയാതെവയ്യ. അവരെ നോക്കിയുള്ള ചെത്തുകാരന്റെ കൂക്കുവിളി നീണ്ടുതന്നെ നില്ക്കട്ടെ.
ആവിഷ്‌കരണവൈകല്യത്തിനുള്ള കൂക്കുവിളി
ചെത്തുകാരന്‍ചേട്ടന്‍ കൂകിയാക്ഷേപിക്കുന്നത് പൊള്ളയായ ഒരാശയത്തിന്റെ വികലമായ ആവിഷ്‌കാരശൈലിയെയാണ്. കുടലുകൂടി ഛര്‍ദിക്കുന്ന തരത്തിലുള്ള ഇത്ര അധമവും അശ്ലീലവുമായ ഒരു അവതരണം മറ്റെങ്ങും കണ്ടിട്ടില്ല. ക്രിസ്തുമതത്തിന്റെ വിശ്വാസസംഹിതയോടു വച്ചുപുലര്‍ത്തുന്ന വിദ്വേഷത്തിന്റെ വിഷപ്പല്ലുകളുള്ള ചില നരനാഗങ്ങളുടെ പൈശാചികഭാവനയില്‍ ഉരുത്തിരിഞ്ഞ അവതരണരീതിയാണ് ഈ നാടകത്തിനുള്ളത്. അതിന് ഉപ്പും പുളിയും ചേര്‍ക്കാനെന്നവണ്ണം സ്ത്രീകളുടെ കീഴ്‌വസ്ത്രങ്ങളെ കാഴ്ചവസ്തുക്കളാക്കി കയറില്‍ കെട്ടിത്തൂക്കി വേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുളുപ്പുമില്ലാത്തവരുടെ രണ്ടുംകെട്ട സംസ്‌കാരത്തെയാണ് അയാള്‍ കൂവി പരിഹസിക്കുന്നത്. അടിയില്‍ ഇടേണ്ടതിനെയൊക്കെ അരങ്ങില്‍ ഇടുന്നതാണോ കലാവിഷ്‌കാരത്തിന്റെ കുലീനത? എന്തൊക്കെയായാലും, ചെത്തുകാരന്റെ നീട്ടിയുള്ള കൂക്കുവിളി അരങ്ങില്‍ മുഴങ്ങിത്തന്നെ കേള്‍ക്കട്ടെ.
കളിക്കാരും കൈകൊട്ടുകാരും ഓര്‍ക്കാന്‍
ക്രൈസ്തവസന്ന്യാസത്തിനു 'കക്കുകളി'യെന്ന വട്ടപ്പേരിട്ടു കളിയാക്കുന്നവര്‍ കക്കുകളി അത് ഇള്ളകളിയൊന്നുമല്ല എന്ന് അറിഞ്ഞിരിക്കണം. കര്‍ശനമായ നിയമങ്ങളും നിബന്ധനകളും അതിനുണ്ട്. തോന്ന്യവാസമുള്ള ഒരു ചാടിക്കളിയായി അതിനെ തരംതാഴ്ത്തരുത്. അതുപോലെ തന്നെ, വ്യക്തമായി വരയ്ക്കപ്പെട്ട വരമ്പുകളും നിര്‍വചിക്കപ്പെട്ട നിയമങ്ങളും ചിട്ടകളും ചട്ടങ്ങളുമൊക്കെയുള്ള ജീവിതാന്തസ്സുകളാണ് പൗരോഹിത്യവും സന്ന്യാസവും. അല്ലാതെ, കുത്തഴിഞ്ഞ കിത്താബല്ല അതൊന്നും. ഒരു ഒറ്റനിറത്തുണി ഒക്കുംവിധം വാരിവലിച്ചുടുത്താലൊന്നും സംപൂജ്യമായ സന്ന്യാസവസ്ത്രമാകില്ല. നാളുകളോളം നോല്‍ക്കുന്ന നോമ്പുകളും ഉരുവിടുന്ന പ്രാര്‍ഥനകളും സസന്തോഷം സ്വീകരിക്കുന്ന സഹനങ്ങളും സ്വതന്ത്രമായ സമര്‍പ്പണവുംകൊണ്ട് ഊടും പാവും നെയ്തുണ്ടാക്കുന്നവയാണ് ക്രൈസ്തവസന്ന്യസ്തരും പുരോഹിതരും അണിയുന്ന നീണ്ടയങ്കികള്‍. അവ ക്രിസ്തീയവിശ്വാസത്തിന്റെ ആത്മീയമായ അലങ്കാരവും പ്രൗഢിയുമാണ്.
കലയുടെ ലക്ഷ്യം നവീകരണമാണ് എന്ന വക്രവാദവും പറഞ്ഞു പവിത്രമായ പൗരോഹിത്യത്തെയും സന്ന്യാസത്തെയും അടിമുടി ഉടച്ചുവാര്‍ക്കാന്‍ ഉദ്യമിക്കുന്നവര്‍ ഉറക്കത്തിലും ഓര്‍ക്കണം: അകത്താടിയിട്ടേ പുറത്താടാവൂ. ആദ്യം നന്നാവുക, പിന്നെ നന്നാക്കുക. ഇരുന്നിട്ടു കാലു നീട്ടുന്നതല്ലേ നല്ലത്? നൂറ്റാണ്ടുകളായി തുടരുന്ന മതപീഡനങ്ങളുടെ എരിതീയില്‍ കുരുത്തുവന്ന ക്രൈസ്തവപൗരോഹിത്യവും സന്ന്യാസവും വെറുമൊരു വേനല്‍വെയിലില്‍ വാടിക്കരിയുമെന്നു വ്യാമോഹിക്കുന്നതു വെറും മൗഢ്യമല്ലേ? ഉദരനിമിത്തം ബഹുകൃതവേഷം കെട്ടുന്ന ഒരുപറ്റം അധഃസ്ഥിത കലാജീവികളെപ്പോലെയല്ല സഭയിലെ സമര്‍പ്പിതര്‍. അസഭ്യങ്ങളുടെ അസുരവാദ്യം കേട്ടതുകൊണ്ടോ ഇട്ടാവട്ടത്തിലുള്ള കളിയരങ്ങുകളിലെ കൊഞ്ഞനംകുത്തുകള്‍ കണ്ടതുകൊണ്ടോ ഒന്നും ആര്‍ക്കും അടിയറവയ്ക്കുന്നവയല്ല കാലാന്തരങ്ങളായി ഈടുനില്ക്കുന്ന ക്രൈസ്തവ പൗരോഹിത്യസന്ന്യാസപാരമ്പര്യങ്ങള്‍. കാലത്തിനു ചുരണ്ടിമായ്ക്കാനാവാത്ത കല്ലെഴുത്തുകളില്‍ ഒന്നാണ് ക്രിസ്തീയ സമര്‍പ്പിതജീവിതം. 
'കക്കുകളി'പോലെയുള്ള ചേപ്രത്തരങ്ങള്‍ അവതരിപ്പിക്കുന്നവരും, അവര്‍ക്കു പുരസ്‌കാരങ്ങളും പൊന്നാടകളും സമ്മാനിക്കുന്നവരും, അവര്‍ക്കുവേണ്ടി കൈകൊട്ടുന്നവരും ഇത്രത്തോളം താഴരുത്. 'ഉപ്പു വിറ്റാലും വട്ടി വില്ക്കരുതെന്നു സാരം'. ഇതുകൊണ്ടൊക്കെ ക്രൈസ്തവസന്ന്യാസത്തിന്റെ അസ്തിവാരം കിളയ്ക്കാമെന്നു കരുതുന്നവര്‍ ആശിച്ചാശിച്ചു കാലം കഴിക്കുന്ന ആലത്തൂര്‍ കാക്കകളായി അവശേഷിക്കുകതന്നെ ചെയ്യും. ചീങ്കണ്ണനു കോങ്കണ്ണിയെന്നപോലെ, ആരാന്റെ അമ്മയ്ക്കു ഭ്രാന്തുപിടിച്ചതു നോക്കി രസിക്കുന്ന കുറെ സദസ്യരെ കണ്ടൊന്നും താഴെവീഴുന്ന കയ്യാലപ്പുറത്തെ തേങ്ങകളല്ല സമര്‍പ്പിതര്‍. ഒഴുകിവന്നു കിട്ടിയതല്ല സമര്‍പ്പിതജീവിതാന്തസ്സ്. ഒത്തിരി വിലകൊടുത്തു സ്വന്തമാക്കിയതാണത്. സന്ന്യാസത്തെപ്പറ്റി എട്ടും പൊട്ടും തിരിയാത്തവര്‍ അതിനെ ശരിയാക്കാന്‍ ശ്രമിക്കുന്നതു ചത്ത കുഞ്ഞിന്റെ ജാതകം നോക്കുന്നതിനു തുല്യമാണ്.
കേവലം ചെകുത്താന്റെ വേദമോതല്‍ മാത്രമായ ഈ അവഹേളനനാടകത്തിന്റെ അണിയറയിലും അരങ്ങിലുമുള്ള ക്രൈസ്തവനാമധാരികളായ ചില കുലംകുത്തികളുടെ കൂലിക്കു കുരയ്ക്കുക എന്ന സ്വഭാവം കാണുമ്പോള്‍ ചട്ടിയിലുണ്ടെങ്കിലേ ആപ്പയില്‍ വരൂ എന്നു മാത്രമേ അവരോടു പറയാനുള്ളൂ. ഇതിനൊക്കെ മൗനസമ്മതവും പിന്തുണയും കൊടുക്കുന്ന സാംസ്‌കാരിക, രാഷ്ട്രീയപ്രമുഖരെ 'ഉലക്ക സ്വര്‍ഗത്തില്‍ ചെന്നാലും നെല്ലു കുത്തും' എന്ന് സവിനയം ഓര്‍മിപ്പിക്കട്ടെ. ചുരുക്കിപ്പറഞ്ഞാല്‍, ഒടുവില്‍ കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന ദുരവസ്ഥയില്‍ നാടകത്തിന്റെ തിരശ്ശീല വീഴുമ്പോള്‍ ചക്കിനു വച്ചത് കൊക്കിനുകൊണ്ടതിന്റെ ചമ്മല്‍ അരങ്ങിലും അണിയറയിലും ഉള്ളവര്‍ക്ക് ഉണ്ടാകുമെന്നത് അച്ചട്ടാണ്. അവതരണത്തിന്റെ അവസാനമണി മുഴങ്ങിയൊടുങ്ങിയാലും, അതിനേക്കാള്‍ ഉച്ചത്തില്‍ അവരെ നോക്കിയുള്ള കുട്ടിനിക്കറിട്ട ചെത്തുകാരന്റെ കൂക്കുവിളിനാദം നിലയ്ക്കാതെ നില്ക്കും, നില്ക്കണം.
ഓര്‍മക്കഷണം: ആരുടെയെങ്കിലും സല്‍പ്പേരിനെയും അന്തസ്സിനെയും മുറിപ്പെടുത്തുന്ന വിധത്തിലുള്ള എല്ലാ ആവിഷ്‌കാരശൈലികളെയും ഭാരതത്തിന്റെ ഭരണഘടന കര്‍ശനമായി വിലക്കുന്നു. (വകുപ്പ് 19/12).

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)