•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

രാസലഹരിയില്‍ മുങ്ങിത്താഴുന്നുവോ കേരളം?

സിനിമാഷൂട്ടിങ് സെറ്റുകളിലെ ലഹരിയുപയോഗം സഹിക്കാനാവാതെ ചലച്ചിത്രനിര്‍മാതാക്കള്‍തന്നെ അതിനെതിരായി പരസ്യമായി പ്രതികരിക്കാന്‍ നിര്‍ബന്ധിതരായതോടെ കേരളത്തിലെ മയക്കുമരുന്നുപയോഗവും അതു സംബന്ധിച്ച കുറ്റകൃത്യങ്ങളും പൊതുമണ്ഡലത്തിലെ ചര്‍ച്ചാവിഷയമായി മാറിയിരിക്കയാണ്.
കേരള സര്‍വകലാശാല യുവജനോത്സവത്തിന്റെ ഉദ്ഘാടനവേദിയില്‍ കേരളപോലീസിന്റെ ലഹരിക്കെതിരായ ''യോദ്ധാവ്'' എന്ന ബോധവത്കരണപരിപാടിയുടെ അംബാസിഡര്‍കൂടിയായ ചലച്ചിത്രനടനും സ്റ്റേജ് ഷോകളിലെ വിധികര്‍ത്താവും കൊമേഡിയനുമായ ടിനി ടോം സിനിമയിലെ വ്യാപകമായ ലഹരിയുപയോഗത്തെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ അമ്പരപ്പിക്കുന്നതായിരുന്നു. സഹപ്രവര്‍ത്തകരുടെ തെറ്റായ പോക്കിനെക്കുറിച്ച് സ്വയം വിമര്‍ശനാത്മകമായി പൊതുവേദിയില്‍ പറയാന്‍ കാണിച്ച തന്റേടത്തെ പ്രത്യേകം അഭിനന്ദിക്കുന്നു. ''ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞുതുടങ്ങി. ലഹരി ഉപയോഗിക്കുന്നതുകൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു. ഇപ്പോള്‍ പല്ല്. അടുത്തത് എല്ലു പൊടിയും.'' ടിനി ടോം പറഞ്ഞു. തന്റെ മകനും സിനിമയില്‍ അഭിനയിക്കാനാവസരം ലഭിച്ചെന്നും എന്നാല്‍, സിനിമാ ഷൂട്ടിങ് സ്ഥലത്തെ ലഹരിയുപയോഗത്തെക്കുറിച്ചറിയാവുന്ന എന്റെ ഭാര്യ ''എനിക്ക് ഒരു മകനേയുള്ളൂ ഞാനവനെ വിടില്ലാ''യെന്ന് ഉറപ്പിച്ചു പറഞ്ഞുവെന്നും ടിനി വ്യക്തമാക്കി. ടിനി ടോം ഇങ്ങനെ പറഞ്ഞതിന്റെ പേരില്‍ സിനിമാരംഗത്തെ പലരും അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതും കാണാനിടയായി.
എന്നാല്‍, മലയാളസിനിമയില്‍ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നു വളരെ കൃത്യമായിത്തന്നെ അറിയാമെന്നാണ് ഫിലിം ചേംബര്‍ പ്രസിഡന്റ് ജി. സുരേഷ്‌കുമാര്‍ പറഞ്ഞത്. ഇക്കാര്യത്തില്‍  സിനിമാ സെറ്റുകളില്‍ ഇനിമുതല്‍ ഷാഡോ പൊലീസ് പരിശോധന ഉണ്ടാകുമെന്ന കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ. സേതുരാമന്റെ അറിയിപ്പിനെ സ്വാഗതം ചെയ്യുന്നതായിരുന്നു ഫിലിം ചേംബര്‍ പ്രസിഡ
ന്റിന്റെ പ്രതികരണം. പൊലീസിന്റെ ഈ നടപടി നേരത്തേ വേണ്ടതായിരുന്നു. ലഹരിയുപയോഗം സിനിമാസെറ്റുകളില്‍ ഉണ്ടെന്ന വിവരം ലഭിച്ചാല്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു നീങ്ങുമെന്നാണ് അറിയുന്നത്. 
വര്‍ത്തമാനകാലത്ത് സിനിമാമേഖലകളിലെ നല്ലൊരു വിഭാഗം ആളുകളും അകാലത്തില്‍ മരിക്കുന്നത് കരള്‍സംബന്ധമായ അസുഖം പിടിപെട്ടാണ്.  എന്നാല്‍, അഞ്ചുപത്തു വര്‍ഷം കഴിയുമ്പോള്‍ ഈ രംഗത്തുള്ളവരുടെ മരണകാരണത്തെക്കുറിച്ചു നാം കാണാനും കേള്‍ക്കാനും പോകുന്നത് പല്ലും മറ്റ് ആന്തരികാവയങ്ങളും ദ്രവിച്ചുപോയതുമൂലം അനുഗൃഹീതകലാകാരന്‍ നമ്മെ വിട്ടുപിരിഞ്ഞു എന്നായിരിക്കും. അത്രയും മാരകമായ ലഹരിമരുന്നുകളാണ് ഇന്ന് ഉപയോഗിക്കപ്പെടുന്നത്.
ലോകം മുഴുവന്‍ എല്ലാ മേഖലകളിലും മാറ്റം ദൃശ്യമാണ്. മദ്യപാനത്തില്‍നിന്നു കൂടിയ ലഹരി ലഭിക്കാന്‍ മയക്കുമരുന്നിലേക്കു യുവതലമുറ ആകര്‍ഷിക്കപ്പെടുന്നു. സിനിമാക്കാര്‍ മാത്രമല്ല ഇത്തരത്തില്‍ വഴുതിവീഴപ്പെടുന്നത് എന്ന കാര്യം വിസ്മരിക്കുന്നില്ല.  കലാകാരന്മാര്‍ ഫ്രീഡം ആഗ്രഹിക്കുന്നവരാണ്. മദ്യം കഴിച്ചവരെ പൊലീസ് പിടിച്ച് ഊതിച്ചുനോക്കിയാല്‍ പിടിക്കപ്പെടും. എന്നാല്‍, മയക്കുമരുന്നുപയോഗിച്ചവരെ പിടിക്കാനുള്ള ടെക്‌നോളജി ഇപ്പോള്‍ നമ്മുടെ പൊലീസിന്റെ പക്കല്‍ ഇല്ല എന്നതും മയക്കുമരുന്നിലേക്കുള്ള മാറ്റത്തിന്റെ കാരണങ്ങളില്‍ ഒന്നാണ്. മദ്യം കഴിച്ചാല്‍ അഞ്ചാറു മണിക്കൂര്‍ അതിന്റെ ലഹരി ആസ്വദിക്കാന്‍ കഴിയുമെങ്കില്‍ സിന്തറ്റിക് മയക്കുമരുന്നില്‍ അതിന്റെ ഡോസ് കൂടുന്നതനുസരിച്ച് ഇരുപത് - ഇരുപത്തിയഞ്ച് മണിക്കൂര്‍ വരെ അതിന്റെ ലഹരിയില്‍ നില്ക്കാന്‍ കഴിയുമെന്നാണ് അറിയുന്നത്. അത്‌ലറ്റുകള്‍ ഉത്തേജകമരുന്നു കഴിച്ചിട്ട് ഓടാന്‍ ഇറങ്ങിയാല്‍ സ്പീഡ് കൂടുതല്‍ ലഭിക്കും എന്നതുപോലെ പാടുന്നവര്‍ക്കും അഭിനയിക്കുന്നവര്‍ക്കും പെര്‍ഫോമന്‍സില്‍ തീവ്രത കൂടുതല്‍ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഈ ചെറിയ നേട്ടത്തിനായി ആയുസ്സിന്റെ ദൈര്‍ഘ്യം പകുതിയും നാലിലൊന്നും ഒക്കെയായി കുറയ്‌ക്കേണ്ടതുണ്ടോ?
18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ പേരില്‍ നിയമനടപടികള്‍ക്കു പരിമിതികള്‍ ഉള്ളതിനാല്‍ മയക്കുമരുന്നുലോബി ഇപ്പോള്‍ ചെറുപ്രായത്തിലുള്ള കുട്ടികളെ തങ്ങളുടെ വലയിലാക്കാനാണു ശ്രമിക്കുന്നത്. കുട്ടികളെയും യുവാക്കളെയും ഏറ്റവും അധികം ആകര്‍ഷിക്കുന്ന മാധ്യമം സിനിമയാണ്. നടീനടന്മാരെ എല്ലാ നിലയിലും അനുകരിക്കാനുള്ള ശ്രമം കുട്ടികളില്‍ വളരെ കൂടുതലാണ്. എല്‍.എസ്.ഡി., എം.ഡി.എം.എ. തുടങ്ങിയ അതിമാരകമായ ലഹരി വസ്തുക്കളുമായി നമ്മുടെ കുഞ്ഞുങ്ങളെയും യുവതീയുവാക്കളെയും പിടികൂടാന്‍ വലിയ ശൃംഖലയുള്ള മാഫിയാസംഘങ്ങള്‍ പാഞ്ഞുനടക്കുമ്പോള്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയുമെല്ലാം ഉത്തരവാദിത്വം പതിന്മടങ്ങു വര്‍ധിച്ചിരിക്കുകയാണ്.
'എന്റെ കുട്ടിയെ എനിക്കറിയാം അവന്‍/ അവള്‍ അങ്ങനെ ചെയ്യില്ല' എന്നുറച്ചു വിശ്വസിക്കാന്‍ വരട്ടെ. മക്കളെ ഉന്നതനിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലും മികച്ച സൗകര്യമുള്ള ഹോസ്റ്റലിലും ചേര്‍ക്കുന്നതോടെ മാതാപിതാക്കളുടെ ഉത്തരവാദിത്വം തീരുന്നില്ല. കഴിയുന്നത്ര തവണ അവരെ സന്ദര്‍ശിക്കുകയും ദിവസവും ഫോണില്‍ വിശദമായ ആശയവിനിമയം നടത്തുകയും വേണം. എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം മക്കള്‍ക്കുണ്ടായിരിക്കണം. അതിനുള്ള അടുപ്പം അവരുമായി സൂക്ഷിക്കുകയും വേണം.
മക്കളുടെ എത്ര കൂട്ടുകാരെ നിങ്ങള്‍ക്കറിയാം? ലഹരിക്ക് അടിപ്പെടുന്ന കുട്ടികളില്‍ പലരുടെ കഥകളിലും സുഹൃത്തുക്കളാണ് ലഹരിയുപയോഗം പഠിപ്പിക്കുന്നതെന്നു കാണാം. പതിവില്‍ കൂടുതല്‍ പ്രാവശ്യം ഫോണ്‍ ചെയ്യുന്ന കൂട്ടുകാരെയും മുമ്പില്ലാത്തതുപോലെ വീട് സന്ദര്‍ശിക്കുന്ന സുഹൃത്തുക്കളെയും പ്രത്യേകം  നിരീക്ഷിക്കണം.
മറ്റു പലരെയുംപോലെ ആദ്യം തമാശയ്ക്ക് ഉപയോഗിച്ചു തുടങ്ങുകയും പിന്നീട് ലഹരിക്ക് അടിമയാകുകയും അതിനുശേഷം ലഹരിവില്പനയിലേക്കു മാറുകയുമാണു പലരും ചെയ്യുന്നത്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവങ്ങളില്‍ (ഐസ്‌ക്രീം, ശീതളപാനീയങ്ങള്‍, മിഠായി)  ലഹരി ചേര്‍ത്ത് അതു വിലകുറച്ചും സൗജന്യമായും എത്തിച്ചുകൊടുക്കും. ഇതില്‍ ആകൃഷ്ടരായി കുട്ടികള്‍ വീണ്ടും ഉപയോഗിക്കാന്‍ ആഗ്രഹിക്കും. ഒരു വ്യക്തിയും ലഹരിക്ക് അടിമപ്പെടുമെന്നു കരുതിയല്ല ഉപയോഗിച്ചുതുടങ്ങുന്നത്. എന്നാല്‍, ഉപയോഗിച്ചുതുടങ്ങുന്നവരില്‍ 40 ശതമാനം പേര്‍ ലഹരിക്കു പൂര്‍ണമായും അടിമപ്പെടുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 
മാതാപിതാക്കള്‍ എന്തൊക്കെയാണ് നമ്മുടെ കുട്ടികള്‍ ലഹരി മാഫിയായുടെ പിടിയിലാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്? മക്കള്‍ അനാവശ്യമായി പണം ആവശ്യപ്പെടുന്നുണ്ടെങ്കില്‍, വീട്ടുസാധനങ്ങള്‍, മോഷ്ടിച്ചു വില്ക്കുന്നുണ്ടെങ്കില്‍ ഭയമോ ഉത്കണ്ഠയോ കാണിക്കുന്നുണ്ടെങ്കില്‍, ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍, പെട്ടെന്നു ദേഷ്യപ്പെടുന്ന സ്വഭാവം കാണിക്കുന്നുണ്ടെങ്കില്‍ അത്തരക്കാരെ ശ്രദ്ധിക്കണം. ബാഗില്‍ കരിഞ്ഞ  സ്പൂണ്‍, ലൈറ്റര്‍ എന്നിവ സൂക്ഷിക്കുന്നുണ്ടെങ്കില്‍ ആ കുട്ടിയെ കൂടുതല്‍ ശ്രദ്ധിക്കണം. ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ സിറിഞ്ച്, മരുന്നുകുപ്പികള്‍ തുടങ്ങിയവ കുട്ടികളുടെ ബാഗിലോ മേശവലിപ്പിലോ ഉണ്ടോ എന്ന് വല്ലപ്പോഴുമെങ്കിലും പരിശോധിക്കുന്നതു നല്ലതാണ്.
ഉപയോഗിച്ച ടിഷ്യുപേപ്പറുകള്‍, തൂവാലകള്‍ എന്നിവ ബാഗില്‍ കണ്ടാല്‍, ഫെവിക്കോള്‍, സൈക്കിള്‍ ട്യൂബിന്റെ പഞ്ചര്‍ ഒട്ടിക്കുന്ന പശ, തിന്നര്‍, പെയിന്റ് എന്നിവയുടെ സാന്നിദ്ധ്യം അപകടകരമായ സൂചനകളാണ്. അലക്ഷ്യമായ വസ്ത്രധാരണശൈലി, പെട്ടെന്നുണ്ടാകുന്ന വസ്ത്രധാരണത്തിലെ മാറ്റം എന്നിവയും ശ്രദ്ധിക്കണം. കുട്ടി കിടക്കുന്ന മുറിയില്‍ അസാധാരണമായ മണം ഉണ്ടായാല്‍, അപരിചിതരായ പുതിയ കൂട്ടുകാര്‍ വന്നുപോകുന്നുണ്ടെങ്കില്‍, അന്യസംസ്ഥാനത്തു പഠിക്കുന്നവര്‍ പതിവില്‍ കൂടുതല്‍ പ്രാവശ്യം വീട്ടില്‍ വന്നുപോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. മദ്യ - മയക്കുമരുന്നുകളുടെ ദൂഷ്യവശങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ മാതാപിതാക്കളും സ്‌കൂള്‍ - കോളജ് അധികാരികളും നടത്തണം.
ഒരു കൗതുകത്തിനുപോലും സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് മാനസികരോഗവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. ഈ മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ലഹരി ഉപയോഗിച്ചുതുടങ്ങുന്നവര്‍ പരമാവധി അഞ്ചുവര്‍ഷംവരെ പിടിച്ചുനിന്നശേഷം ലോകത്തോടു വിടപറയുകയാണ്.
കിലോയ്ക്ക് രണ്ടുകോടി വിലയുള്ള മെഥാറ്റിനോള്‍ സിംബാവേയില്‍നിന്ന് കൊച്ചിയില്‍ എത്തിച്ചത് പാലക്കാടുകാരനാണ്. ഇടുക്കി എ.ആര്‍. ക്യാമ്പിലെ ഒരു സിവില്‍ പൊലീസ് ഓഫീസര്‍പോലും ലഹരിവില്പനയുടെ പേരില്‍ പ്രതിയാക്കപ്പെട്ടു. ഒരു ഗ്രാം എം.ഡി.എം.എ. 5000 രൂപ മുതല്‍ 7000 രൂപ വരെ വിലയ്ക്കാണ് വില്പന നടത്തുന്നത്. 10 മുതല്‍ 18 വയസ്സുവരെയുള്ള നമ്മുടെ കുട്ടികള്‍ കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായി മാറുന്നുണ്ട്. ശിഥിലമായ കുടുംബബന്ധങ്ങളാണ് പലപ്പോഴും കുട്ടികളെ ലഹരിയുപയോഗത്തിലേക്ക് എത്തിക്കുന്നത്.
23 തവണ ആത്മഹത്യയ്ക്കു ശ്രമിച്ച ഒമ്പതാം ക്ലാസുകാരി പെണ്‍കുട്ടിയെ ചികിത്സിച്ച പാലായിലെ ലഹരിവിമുക്തകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ. ശ്രീജിത്തും സൈക്യാട്രിക് കൗണ്‍സിലര്‍ ആശാ മരിയാപോളും പറയുന്ന കാര്യങ്ങള്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കമുള്ള മുന്നറിയിപ്പാണ്. ആദ്യം രസിപ്പിക്കുകയും ഉത്തേജനമായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ലഹരിയുപയോഗം പിന്നീട് തളര്‍ച്ചയും മന്ദതയും ഉണ്ടാക്കുന്നു. സിഗരറ്റുവലിയില്‍ ആരംഭിച്ച് കഞ്ചാവുവലിയില്‍ എത്തി സിന്തറ്റിക് ഡ്രഗ്ഗുകളില്‍ അഭയം തേടുകയാണു യുവാക്കള്‍.
1987 മുതല്‍ യു.എന്നിന്റെ നേതൃത്വത്തില്‍ ജൂണ്‍ 26 മയക്കുമരുന്നു വിരുദ്ധദിനമായി ആചരിക്കാന്‍ തുടങ്ങി. കേരളത്തില്‍ കഴിഞ്ഞ നവംബര്‍ ഒന്നിന് കുട്ടികളെക്കൊണ്ട് ലഹരിവിരുദ്ധ പ്രതിജ്ഞ എടുപ്പിച്ചു. കഴിഞ്ഞ കാലങ്ങളില്‍ വന്‍നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ലഹരി വ്യാപാരം നടന്നിരുന്നതെങ്കില്‍ ഇന്നു ഗ്രാമങ്ങളില്‍നിന്നുപോലും ലഹരിവസ്തുക്കള്‍ പിടിക്കപ്പെടുന്നുണ്ട്. നാര്‍ക്കോട്ടിക് സെല്‍ 2008 ല്‍ 508 കേസുകള്‍ എടുത്ത സ്ഥാനത്ത് ഇന്ന് അതിന്റെ മുപ്പതിരട്ടി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. പഴം ഇറക്കുമതിയുടെ പേരില്‍ 1476 കോടിയുടെ ലഹരിമരുന്ന് ഇന്ത്യയിലേക്കു കൊണ്ടുവന്നത് മലയാളിയായ കാലടി മഞ്ഞപ്ര സ്വദേശിയാണ്. ഇത്തരത്തിലുള്ളവര്‍ പണസമ്പാദനത്തിനായി ചെയ്യുന്ന ക്രൂരത ഒരു കുടുംബത്തെയും അതുവഴി സമൂഹത്തെയും രാജ്യത്തെയും നശിപ്പിക്കുകയാണ്.
ലോകജനസംഖ്യയില്‍ പത്തിലൊന്നുവീതം പുകയിലരോഗങ്ങള്‍മൂലം മരിക്കുന്നു. ആറു സെക്കന്റില്‍ ഒരാള്‍ വീതമാണ് പുകയില ഉപയോഗംമൂലം ലോകത്തോടു വിടചൊല്ലുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്നവര്‍ കേരളീയരാണ്. ദേശീയതലത്തില്‍ ആളോഹരി മദ്യോപയോഗം നാലു ലിറ്ററാണെങ്കില്‍ കേരളത്തില്‍ 8.3 ലിറ്ററാണ്. കേരളത്തിലെ മദ്യപരില്‍ ഏറ്റവും കൂടുതല്‍ പേര്‍ 21 നും 40 നും മധ്യേ പ്രായമുള്ളവര്‍തന്നെ. കൂടുതല്‍ ആത്മഹത്യചെയ്യപ്പെടുന്നവരും ഈ പ്രായത്തിലുള്ളവരാണ്. മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും പത്തുവര്‍ഷത്തിനിടയില്‍ നാലിരട്ടി വര്‍ധനയുണ്ടായി. ഭാര്യമാരെ ഉപദ്രവിക്കുന്ന ഭര്‍ത്താക്കന്മാരില്‍ 85 ശതമാനവും ആത്മഹത്യയ്ക്കു ശ്രമിച്ചവരില്‍ 34 ശതമാനവും മദ്യപന്മാരാണ്.
തങ്ങള്‍ ചെയ്യുന്നതു തെറ്റാണെന്ന ബോധ്യം ഇതുപയോഗിക്കുന്ന ഇന്നത്തെ തലമുറയ്ക്കില്ല. തങ്ങള്‍ ജീവിതം ആസ്വദിക്കുകയാണെന്നാണ് അവര്‍ പറയാറ്. കുറച്ചുനേരം ഒന്നു റിലാക്‌സ് ചെയ്യാനാണത്രേ മയക്കുമരുന്ന് ഉപയോഗിക്കുന്നത്. ത്രില്ലിനുവേണ്ടി ലഹരി ഉപയോഗിക്കുന്നവര്‍, ഹീറോയാകാന്‍ ഉപയോഗിക്കുന്നവര്‍ തുടങ്ങി പലതരം  സ്വഭാവക്കാരുണ്ട്.
ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം വരുംനാളുകളില്‍ ലഹരിയുടെ നാട് എന്നറിയപ്പെടാതിരിക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും സമൂഹവും സ്‌കൂള്‍ - കോളജ് അധികാരികളും കുടുംബാംഗങ്ങളും കൂട്ടായി ചിന്തിച്ച് ലഹരിവ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ തുരത്തിയോടിക്കണം. പിടിക്കപ്പെടുന്നവരെ കഠിനതടവിനു വിധേയരാക്കുന്ന തരത്തില്‍ നിയമനിര്‍മാണം നടത്തുകയും ലഹരിവേട്ടകള്‍ നിരന്തരം ഉണ്ടാവുകയും വേണം. ലഹരിക്ക് അടിമപ്പെടുന്നവരെ ഒറ്റപ്പെടുത്താതെ കൗണ്‍സലിങ്ങും ചികിത്സയും പുനരധിവാസവും ഉണ്ടാവണം.
മക്കളേ, നിങ്ങളോട് ഒരു അപേക്ഷയുണ്ട്. നിങ്ങള്‍ ഓരോ പ്രാവശ്യവും ലഹരി ഉപയോഗിക്കണം എന്നു ചിന്തിക്കുമ്പോള്‍ നിങ്ങളുടെ മാതാപിതാക്കളെക്കുറിച്ചും സഹോദരങ്ങളെക്കുറിച്ചും ആലോചിക്കണം. അവരൊക്കെ രാപകല്‍ പണിയെടുത്തിട്ടാണ് നിങ്ങളെ വളര്‍ത്തുന്നത്. അവര്‍ക്ക് നിങ്ങളെക്കുറിച്ച് ഒരുപാടു സ്വപ്നങ്ങളുണ്ട്. സ്വപ്നങ്ങള്‍ തകര്‍ത്താലും നാട്ടുകാരുടെമുമ്പില്‍ അവര്‍ തല കുമ്പിട്ടു നടക്കാന്‍ ഇടവരുത്തരുത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)