വേരുകള്‍കൊണ്ട് അത്രമേല്‍
കെട്ടിപ്പിടിച്ചിരുന്നിട്ടും
ഇന്നലെ രാത്രി അവള്‍
മഴയ്‌ക്കൊപ്പം മലയിറങ്ങിപ്പോയി.
അരുതെന്നു ചില്ലകള്‍കൊണ്ട്
ഒന്നെത്തിപ്പിടിക്കാന്‍ ശ്രമിച്ചതല്ലാതെ
ധൃതിയില്‍ ഇറങ്ങിപ്പോയ മണ്ണിന്റെ
കാല്‍പ്പെരുമാറ്റത്തിന്റെ ഇരമ്പലിനു
കാതോര്‍ത്തതല്ലാതെ
കടപുഴകിയ ആ മരത്തിന്
ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
വേരിലവശേഷിച്ച മണ്‍ശകലങ്ങളെയും
തുടച്ചെടുത്തുകൊണ്ട് ആ മഴ
കുന്നിറങ്ങുമ്പോഴും അതിന്
ഒന്നുംതന്നെ ചെയ്യാനുണ്ടായിരുന്നില്ല.
മഴതന്ന ഒരു ജലാശയത്തെ അവള്‍
ഗര്‍ഭത്തില്‍ മയില്‍പ്പീലിപോലെ
സ്വകാര്യമായി സൂക്ഷിച്ചിരുന്നെന്ന്
അതിനറിയില്ലായിരുന്നു.
അവളെ കെട്ടിപ്പിടിച്ചിരുന്ന വേരില്‍
ശൂന്യത ഇരുട്ടായി
പറ്റിപ്പിടിച്ചതിന്റെ മരവിപ്പല്ലാതെ
അത് ഒന്നും അറിയുന്നുണ്ടായിരുന്നില്ല.
പിറ്റേന്ന് പകല്‍ മഴ എന്തോ എടുക്കാന്‍ മറന്നപോലെ പിന്നെയും കൂസലില്ലാതെ
കുന്നു കയറിവന്നു.
കൂടെവന്നവളെവിടെയെന്നു ചോദിച്ചില്ല.
അവള്‍ അപഹരിച്ചുകൊണ്ടുപോയ
മനുഷ്യരെവിടെയെന്നും ചോദിച്ചില്ല.
കലഹത്തിന്റെ കാലുഷ്യവും
വിലാപത്തിന്റെ കാലവര്‍ഷവും
പൊഴിഞ്ഞുപോയ ഇലകള്‍ക്കൊപ്പം
ഒലിച്ചുപോയിരുന്നു.
മഴ മലയിറങ്ങിപ്പോയി.
മഞ്ഞവെയില്‍ പിന്നെയും കുന്നുകയറിവന്നു.
ജീവിതത്തോട് അതിന് അത്രയും
കൊതിയുണ്ടായിരിക്കണം.
നിലംപതിച്ച ഉടലില്‍ പിന്നെയും
മുകുളം ഉയിര്‍കൊണ്ടു.
സ്‌നേഹമല്ലാതെ മറ്റൊന്നുമതിന്
അറിയില്ലായിരിക്കണം
വേരുകള്‍കൊണ്ട് പിന്നെയുമത്
മണ്ണിനെ കെട്ടിപ്പിടിച്ചു.