ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ വിജയതീരമണഞ്ഞ് മലയാളി അഭിലാഷ് ടോമി
പായ്‌വഞ്ചിയില്‍ 236 ദിവസംകൊണ്ടു പിന്നിട്ടത് 48,000 കിലോമീറ്റര്‍
റേസ് പൂര്‍ത്തിയാക്കുന്ന ആദ്യ ഏഷ്യക്കാരന്‍
ഫ്രാന്‍സ്: സാഹസികസമുദ്രപര്യടനമായ ഗോള്‍ഡന്‍ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ടമത്സരത്തില്‍ ഇന്ത്യന്‍ വിജയമുദ്ര! മലയാളി കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ എസ്.വി. ബയാനത് എന്ന പായ്‌വഞ്ചി ഏപ്രില്‍ 29 ഇന്ത്യന്‍ സമയം രാവിലെ 10.16 ന് രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു. 1968 ലെ സാങ്കേതികസംവിധാനങ്ങള്‍മാത്രം ഉപയോഗിച്ചു പങ്കെടുക്കേണ്ട ഗോള്‍ഡന്‍ ഗ്ലോബ് റേസ് പൂര്‍ത്തിയാക്കുന്ന ആദ്യ ഏഷ്യക്കാരനാണ് നാല്പത്തിനാലുകാരനായ ചങ്ങനാശ്ശേരി സ്വദേശി അഭിലാഷ് ടോമി.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ നാലിന് ആരംഭിച്ച പായ്‌വഞ്ചിയോട്ടത്തിന്റെ 236-ാം ദിവസമാണ് അഭിലാഷ് വിജയതീരമണഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ വനിത കിഴ്‌സ്റ്റന്‍ നോയിഷെയ്ഫര്‍ രണ്ടു ദിവസംമുമ്പു ഫിനിഷ് ചെയ്തിരുന്നു. ഫ്രാന്‍സിലെ സാബ്ലെ ദെലോനില്‍നിന്ന് ആരംഭിച്ച പായ്‌വഞ്ചിയോട്ടം അറ്റ്‌ലാന്റിക് പസഫിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങളിലൂടെ 48,000 കിലോമീറ്ററോളം പിന്നിട്ടാണ് തിരികെയെത്തിയത്. ഇതിനിടെ കേപ് ഓഫ് ഗുഡ്‌ഹോപ്. കേപ് ല്യൂവിന്‍, കേപ് ഹോണ്‍ എന്നീ മുനമ്പുകളും ഈ നാവികന്‍ പിന്നിട്ടു.
രണ്ടാംതവണയാണ് അഭിലാഷ് ടോമി കടലിലൂടെ ഒറ്റയ്ക്ക് ഒരിടത്തും നിര്‍ത്താതെ ലോകം ചുറ്റുന്നത്. 2012 ല്‍ ഇന്ത്യന്‍നാവികസേനയുടെ സാഗര്‍ പരിക്രമ 2 ന്റെ ഭാഗമായി 151 ദിവസം തുടര്‍ച്ചയായി സമുദ്രയാത്ര നടത്തി. 2018 ലെ ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ കടല്‍ക്ഷോഭത്തില്‍ വഞ്ചി തകര്‍ന്ന് അഭിലാഷ് ടോമിക്കു പരുക്കേറ്റിരുന്നു.