അസാധാരണ അഭിനയശേഷികൊണ്ടും ആത്മാര്‍ഥമായ പൊതുജീവിതംകൊണ്ടും നമ്മെ വിസ്മയിപ്പിച്ച പ്രതിഭാശാലിയായിരുന്നു മാമുക്കോയ. നാടക-ചലച്ചിത്ര നടന്‍ എന്നതിനൊക്കെ അപ്പുറത്ത് ചിന്താപരമായ ധീരതയോടെ, നിലപാടുകള്‍ തുറന്നുപറഞ്ഞ മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. മറക്കരുത് മനുഷ്യരാണ് നമ്മളൊക്കെ എന്ന് എപ്പോഴും പല മട്ടില്‍ അദ്ദേഹം പൊതുസമൂഹത്തെ നോക്കി പറഞ്ഞുകൊണ്ടേയിരുന്നു. നല്ല കലാകാരനും അതിനെക്കാള്‍ നല്ല മനുഷ്യനുമായിരുന്നു മാമുക്കോയ.
കല നല്‍കിയ ഉള്‍ബലമായിരുന്നു മാമുക്കോയയുടെ വാക്കിലെയും പ്രവൃത്തിയിലെയും സത്യസന്ധതയുടെ അടിസ്ഥാനം. ചെറുതും വലുതുമായ അനേകം വേഷങ്ങളിലൂടെ മലയാളസിനിമയ്ക്ക് ജനകീയമായ ഒരു സവിശേഷമുഖം സമ്മാനിച്ച കലാകാരനായിരുന്നു അദ്ദേഹം. മലബാറിന്റെ, പ്രത്യേകിച്ച്, കോഴിക്കോടിന്റെ നര്‍മപാരമ്പര്യത്തെ ഏറ്റവും നിഷ്‌കളങ്കമായ ചിരിയില്‍ ആവിഷ്‌കരിച്ച് മലയാളചലച്ചിത്രഭാവനയ്ക്കു പുതിയൊരു നര്‍മവഴി സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു സാധ്യമായി. ആ പുതിയ ഹാസ്യവഴി ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തിയ പതിറ്റാണ്ടുകളാണു നമ്മുടെ തിരശ്ശീലയില്‍ അരങ്ങേറിയത്.
മരമില്ലിലെ ദുരിതജീവിതത്തില്‍നിന്നു നാടകത്തിലൂടെ മോളിവുഡിലെ ഉന്നതിയിലേക്കു കുതിച്ചുയര്‍ന്ന കഥയാണ് ഈ കോഴിക്കോട്ടുകാരന്റെ ജീവിതത്തിനു പറയാനുള്ളത്. 1979 ല്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന സിനിമയിലൂടെയാണ് മാമുക്കോയ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നൂറുകണക്കിനു സിനിമകള്‍, അസംഖ്യം കഥാപാത്രങ്ങള്‍ - മാമുക്കോയയിലൂടെ മലയാളത്തിനു ലഭിച്ചു. നാടോടിക്കാറ്റ്, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, റാംജി റാവു സ്പീക്കിംഗ്, സന്മനസ്സുള്ളവര്‍ക്കു സമാധാനം, തലയിണമന്ത്രം, പെരുമഴക്കാലം, വടക്കുനോക്കിയന്ത്രം, ഉരു - അങ്ങനെ എത്രയോ സിനിമകളില്‍ അനന്യസാധാരണമായ അഭിനയമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
കലാകാരനായും മനുഷ്യനായും മാമുക്കോയയെ പല നിലയില്‍ നമുക്കു വിശദീകരിക്കാന്‍ സാധിക്കും. സ്വാഭാവികതയുടെ ഭാവരാശി നിറച്ച് അഭിനയത്തില്‍ വിസ്മയം സൃഷ്ടിച്ച നടന്‍. നാടകത്തിന്റെ തട്ടകത്തില്‍നിന്ന് പ്രതിഭാവിലാസംകൊണ്ടുമാത്രം അഭ്രപാളിയിലേക്ക് ഉദിച്ചുയര്‍ന്ന താരം. മിന്നും താരമായി പരിലസിക്കുമ്പോഴും മണ്ണില്‍ നടക്കാനുള്ള ആര്‍ജവം കാണിച്ച കലാകാരന്‍. കലകൊണ്ട് സാമൂഹികമതിലുകളെയും വിഭജനങ്ങളെയും മറികടന്ന മനുഷ്യന്‍. മനുഷ്യരുടെ കണ്ണീരിനും കിനാവിനും വിശപ്പിനും വിയര്‍പ്പിനും എന്തു ജാതി, എന്തു മതം എന്ന് എപ്പോഴും തിരിച്ചറിഞ്ഞ മലയാളി. ചൊല്‍മലയാളത്തിന്റെ മഴവില്‍ഭംഗിയിലേക്ക് മലബാറിന്റെ നാട്ടുഭാഷാശൈലികൂടി അഭിമാനത്തോടെ ചേര്‍ത്തുവച്ച പ്രതിഭാശാലി. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാന്‍ മാത്രമല്ല കരളുരുകിക്കരയിക്കാനും തനിക്കു കഴിയുമെന്ന് പെരുമഴക്കാലംപോലുള്ള സിനിമകളിലൂടെ തെളിയിച്ച അഭിനേതാവ്. കോഴിക്കോടിന്റെ സന്തോഷത്തില്‍, സഹനത്തില്‍, സമരത്തില്‍ വലുപ്പച്ചെറുപ്പം നോക്കാതെ ഏതു പരിപാടിയിലും കയറിച്ചെല്ലുന്ന സ്‌നേഹസാന്നിധ്യം. പാട്ടിനും നാടകത്തിനുമെന്നപോലെ കൂട്ടുകെട്ടിനും എന്നും കണ്ണും കാതും കരളും കൊടുത്ത ചങ്ങാതി. ലാളിത്യമാണ് എന്റെ സന്ദേശം എന്ന് ഉടുപ്പിലും നടപ്പിലും വാക്കിലും നോക്കിലും പറയാതെപറഞ്ഞ നാട്ടുമ്പുറത്തുകാരന്‍...
അങ്ങനെ എല്ലാ അര്‍ഥത്തിലും നമ്മുടെ ഹൃദയത്തിന്റെ അയല്‍ക്കാരനായിരുന്നു മാമുക്കോയ.
താഹ മാടായി കേട്ടെഴുതി ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച മാമുക്കോയയുടെ ആത്മകഥയ്ക്കു ചിത്രം വരയ്ക്കാനുള്ള ഭാഗ്യം ലഭിച്ചത് എനിക്കായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് പയ്യോളിയില്‍ ഒരു പ്രോഗ്രാമിനു വന്നപ്പോള്‍ ആത്മകഥയ്ക്ക് ചിത്രീകരണം നിര്‍വഹിച്ച ആളാണ് എന്ന് എന്നെ ആരോ പരിചയപ്പെടുത്തിയപ്പോള്‍ കെട്ടിപ്പിടിച്ച് കവിളില്‍ മുത്തം തന്നത് ജീവിതത്തിലെ വലിയ ഓര്‍മയാണ്.
പതിറ്റാണ്ടുകളായി കലയിലൂടെ നമ്മെ ആനന്ദിപ്പിച്ച് എന്നും എപ്പോഴും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന വലിയ കലാകാരന് ഹൃദയവേദനയോടെ വിട!