•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മധുരസ്മരണകളില്‍ നിറയും മാതൃത്വം

മേയ് 11 ലോകമാതൃദിനം

മാതാക്കള്‍ തലമുറകളുടെ പാഠപുസ്തകങ്ങളാണ്. അവരുടെ കരുണയും വിനയവും വിശുദ്ധിയുമെല്ലാം  ഈ പ്രപഞ്ചത്തെ മനോഹരവും അര്‍ഥപൂര്‍ണവുമാക്കുന്നു! 

മാതൃത്വത്തിന്റെ നനവൂറുന്നതും മധുരം കിനിയുന്നതുമായ ഓര്‍മകള്‍ക്കു നിറവും ഹരവും പകര്‍ന്നുകൊണ്ട് ഒരു മാതൃദിനംകൂടി കടന്നുവരുന്നു. അമ്മ എത്ര ദൂരത്തോ, അരികത്തോ  അതുമല്ലെങ്കില്‍  ''പര''ത്തില്‍ ആണെങ്കില്‍പ്പോലും മക്കള്‍ക്കെന്നും പ്രകാശവും പ്രചോദനവും പ്രത്യാശയും പകരുന്ന ഒരു നിറസാന്നിധ്യമായി വിളങ്ങിനില്‍ക്കുന്നു. വാര്‍ധക്യത്തിലായിരിക്കുന്നവരെയും തങ്ങളുടെ ശൈശവത്തിന്റെ മൃദുലവികാരങ്ങളിലേക്കും പുളകിതനിനവുകളിലേക്കും കൈപിടിച്ചു  കൂട്ടിക്കൊണ്ടുപോകാന്‍ തക്ക സവിശേഷതകള്‍ നിറഞ്ഞതാണ് മാതൃസ്മരണകള്‍!
അമ്മ നന്മയാണ്, മേന്മയാണ്, പുണ്യമാണ്, ഉണ്മയാണ്, കരുതലാണ്, കാവലാണ്, സത്യമാണ്, സൗന്ദര്യമാണ്, സര്‍വംസഹയാണ് എന്നെല്ലാം കവികളും ചിന്തകരും വാനോളം പുകഴ്ത്തുന്നു. ആര്‍ഷഭാരതസംസ്‌കാരംതന്നെ മാതാപിതാ ഗുരുദൈവം  എന്നതാണല്ലോ. വി.  ബൈബിളും ഖുറാനും ഉപനിഷത്തുകളും തുടങ്ങി ഇതിഹാസങ്ങളും  പുരാണങ്ങളുംവരെയുള്ള മതഗ്രന്ഥങ്ങളും മാതാവിന് ദൈവതുല്യമായ പരിവേഷമാണു നല്‍കുന്നത്. മാതാക്കള്‍ തലമുറകളുടെ പാഠപുസ്തകങ്ങളാണ്. അവരുടെ കരുണയും വിനയവും വിശുദ്ധിയുമെല്ലാം  ഈ പ്രപഞ്ചത്തെ മനോഹരവും അര്‍ഥപൂര്‍ണവുമാക്കുന്നു! ഇത്രമാത്രം ദയാനിധികളും സ്‌നേഹമയികളുമായ അമ്മമാര്‍ക്കുവേണ്ടി ആഗോളതലത്തില്‍ മാറ്റിവച്ചിരിക്കുന്ന ദിനമാണ് എല്ലാ മേയ്മാസത്തിലെയും രണ്ടാമത്തെ ഞായറാഴ്ച. ഇതിന്റെ പിന്നില്‍ അക്ഷീണം പരിശ്രമിച്ച രണ്ടു സ്ത്രീരത്‌നങ്ങളെയുംകൂടി നാമിവിടെ സ്മരിക്കുകയും നമിക്കുകയും ചെയ്യേണ്ടത് അനിവാര്യംതന്നെ.
1872 ല്‍ സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായ അമേരിക്കന്‍ വനിത ജൂലിയാ വാര്‍ഡ്  ആണ് മാതൃദിനാഘോഷങ്ങളുടെ ആശയം മുന്നോട്ടുവച്ചതും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും ലോകത്തോടു വിളിച്ചുപറഞ്ഞതും. അതിനുവേണ്ടി തന്റെ തൂലിക പടവാളാക്കി കവിതകളും ലഘുലേഖകളും തയ്യാറാക്കി പ്രചരിപ്പിച്ചുകൊണ്ട് ജനങ്ങളെ ബോധവത്കരിക്കാന്‍ അവിശ്രാന്തം പരിശ്രമിച്ചു. മാത്രമല്ല, നിരവധി വേദികളില്‍ അമ്മമാരുടെ മഹത്ത്വവും ദൗത്യവും വിലയും നിലയും  ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഘോരഘോരം പ്രസംഗങ്ങള്‍ നടത്തി. എന്നാല്‍ 1910 ല്‍ 91-ാം വയസ്സില്‍ തന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാനാകാതെ ആ ധീരവനിത ഈ ലോകത്തോടു യാത്ര പറഞ്ഞു. എങ്കിലും ചരിത്രത്താളുകളില്‍ ജൂലിയാവാര്‍ഡ് ഇടംപിടിച്ചിട്ടുണ്ട്.
ജൂലിയാ വാര്‍ഡിന്റെ പിന്തുടര്‍ച്ചക്കാരിയായി വീണ്ടും ഈ  ദൗത്യം ഏറ്റെടുത്തത് ഫിലാഡെല്‍ഫിയായിലെ അന്നാ ജാര്‍വിസ് എന്ന ഫെമിനിസ്റ്റാണ്. അവളുടെ അമ്മയുടെ മരണം അവള്‍ക്കു താങ്ങാനാവാത്ത ദുഃഖമായി ഭവിച്ചു. മാതൃസ്‌നേഹത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കിയ അന്നാ ജാര്‍വിസ് മക്കള്‍ അമ്മമാര്‍ക്ക് അളവറ്റ സ്‌നേഹവും ആദരവും നല്‍കി സന്തോഷചിത്തരാക്കണമെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ തന്റെ ജീവിതംതന്നെ മാറ്റിവച്ചു. അവളുടെ ധീരമായ ചുവടുവയ്പുകള്‍ ഫലമണിഞ്ഞു. 1913 ല്‍ മദേഴ്‌സ് ഡേ ഔദ്യോഗികമായി അവധിദിനമായി പ്രഖ്യാപിക്കുകയും അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് 1914 മുതല്‍ എല്ലാ മേയ് 11 ഉം മദേഴ്‌സ് ഡേയായി ആഘോഷിക്കാനുള്ള ഔദ്യേഗികാംഗീകാരം നല്‍കുകയുമുണ്ടായി. ഇന്നു നാല്പത്തിയെട്ടോളം രാജ്യങ്ങളില്‍ മാതൃദിനാഘോഷങ്ങള്‍ പൊടിപൊടിക്കുന്നു. ആഗോളവത്കരണത്തിന്റെ ചുവടു  പിടിച്ചുകൊണ്ട്  ഇന്ത്യയിലും നമ്മുടെ കൊച്ചുകേരളത്തിലുമൊക്കെ മദേഴ്‌സ് ഡേ വലിയൊരാഘോഷമായി മാറിയിരിക്കുന്നു!
ഈ ഭൂമിയിലെ ഏതൊരു മനുഷ്യന്റെയും പ്രിയപ്പെട്ട സ്ത്രീ സ്വന്തം അമ്മതന്നെയാണ്. ഈ അമ്മയുടെ വേര്‍പാടാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയും. കാരണം, അര്‍ഥശൂന്യതയ്‌ക്കൊരു പരിഹാരമാകാന്‍ മറ്റൊരു വ്യക്തിക്കും സാധ്യമല്ല. മാതൃത്വം എന്നതുതന്നെ ഒരു കാരിസമാണ്. അതിന്റെ ആദ്യപടി ഒരു പെണ്‍കുഞ്ഞായി അമ്മയുടെ ഉദരത്തില്‍ പിറക്കുക എന്നുള്ളതാണ്. ഒരു സ്ത്രീജന്മത്തിന്റെ പരിണാമദശകള്‍ നോക്കൂ! മകള്‍, സഹോദരി, ഭാര്യ, അമ്മ, അമ്മായിയമ്മ, അമ്മൂമ്മ എന്നീ നിലകളിലെല്ലാം  അവള്‍ കടന്നുപോകേണ്ടിയിരിക്കുന്നു. മാതൃത്വമില്ലെങ്കില്‍  മനുഷ്യകുലമോ  അതിന്റെ നിലനില്‌പോ സാധ്യമല്ല.  ദൈവം രൂപകല്പന ചെയ്ത എല്ലാ സ്ത്രീകളിലും മാതൃത്വത്തിന്റെ സവിശേഷതകള്‍കൂടി പ്രകൃതിദത്തമായി ദൈവം നിക്ഷേപിച്ചിരിക്കുന്നു. മാതാവാകാനുള്ള ഉള്‍വിളി എല്ലാ മാസവും അവളുടെ ശരീരം ഓര്‍മപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഇന്നത്തെ ആധുനികസ്ത്രീകള്‍ ആ വിളിക്ക് പ്രശ്‌നപരിഹാരം നല്‍കാന്‍ ശ്രമിക്കാറില്ല. കാരണം, മാതൃത്വമെന്നത് ഒരു ഭാരവും തടസ്സവും ശല്യവുംമാത്രമല്ല, ഒരു നിര്‍ഭാഗ്യമായുംകൂടി കണക്കാക്കുന്നു. പ്രകൃതിവിരുദ്ധമായ ഇമ്മാതിരി മാറ്റങ്ങള്‍ക്കു സ്ത്രീകള്‍  വിധേയപ്പെട്ടുകൊണ്ട് മാതൃത്വത്തിനു കളങ്കം ചാര്‍ത്തുന്നുവെന്നത് ഇന്നിന്റെ മുഖമുദ്രയാണ്.
മാതൃത്വത്തിനു രണ്ടു തലങ്ങളുണ്ട്. കുഞ്ഞുങ്ങളെ പ്രസവിച്ചുവെന്നു കരുതി മാതൃത്വം പൂര്‍ണമാകുന്നില്ല. പ്രസവിക്കാത്ത സ്ത്രീകള്‍ അനേകം കുഞ്ഞുങ്ങളുടെ അമ്മസ്ഥാനം ഏറ്റെടുത്ത് അത് തപസ്യയാക്കി മാറ്റുന്നു. അവരാണ് സന്ന്യസ്തര്‍. വിദ്യാലയങ്ങളിലും ആതുരാലയങ്ങളിലും  അനാഥമന്ദിരങ്ങളിലുമെല്ലാം അവര്‍ അമ്മ എന്ന മധുരനാമത്തിലറിയപ്പെടുന്നു. എല്ലാ സ്ത്രീകളിലും മാതൃത്വത്തിന്റെ രക്ഷാകരരഹസ്യം മറഞ്ഞിരിക്കുന്നു. മാതൃത്വത്തിലൂടെ സ്ത്രീ രക്ഷിക്കപ്പെടുമെന്ന് വി. പൗലോസ് നമ്മെ ഓര്‍മപ്പെടുത്തുന്നു                (1 തിമോ. 2:15). മാതൃത്വത്തിന്റെ പട്ടുപോലെ മിനുസമുള്ളതും മനസ്സിനു സുഖം പകരുന്നതുമായ യാഥാര്‍ഥ്യങ്ങളെക്കുറിച്ചുള്ള വര്‍ണനകള്‍ കഴിഞ്ഞു. ഇതിനൊരു മറുവശംകൂടിയുണ്ട്. അനാകര്‍ഷകവും അരോചകവും പരുപരുത്തതുമായ ചില സത്യങ്ങളാണവ.
പണ്ടൊക്കെ അമ്മമാര്‍ എട്ടും പത്തും പന്ത്രണ്ടും മക്കള്‍ക്കുവരെ ജന്മം നല്‍കിയിരുന്നു. സ്വഭാവത്തിലും ബുദ്ധിയിലും സിദ്ധിയിലുമെല്ലാം വ്യത്യസ്തരായ മക്കളെ അവരുടെ അഭിരുചിക്കും കഴിവുകള്‍ക്കുമനുസരിച്ച് ദൈവാശ്രയബോധത്തില്‍ വളര്‍ത്തി വലുതാക്കി. എന്നാല്‍, കാലം മാറി. ഒരു കുഞ്ഞുതന്നെ അധികം എന്നു കരുതുന്നവരും കുട്ടി വേണ്ടാ പട്ടി മതി എന്ന നിഗമനത്തില്‍ എത്തിനില്‍ക്കുന്നവരും നിരവധി. സ്വന്തം ഗര്‍ഭപാത്രം കൊലക്കളമാക്കി മാറ്റുന്ന രക്തരക്ഷസ്സുകളും ഇന്നിന്റെ നേര്‍ക്കാഴ്ചകളാണ്. മൃഗങ്ങള്‍പോലും തങ്ങളുടെ കുഞ്ഞുങ്ങളുടെ രക്ഷയ്ക്കുവേണ്ടി ജീവത്യാഗം ചെയ്യുന്നത് പ്രകൃതി നല്‍കുന്ന പാഠമാണ്. അമ്മമാരുടെ സ്‌നേഹവാത്സല്യവും ശിക്ഷണസംരക്ഷണവും നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം അനുദിനം  വര്‍ധിക്കുന്നു. നാടെങ്ങുമുള്ള അമ്മത്തൊട്ടിലുകളും അനാഥാലയങ്ങളും വിരല്‍ചൂണ്ടുന്നത് വികലവും വികൃതവും കിരാതവുമായ മാതൃത്വത്തിലേക്കാണ്. ഈ അപ്രിയസത്യങ്ങള്‍ മറച്ചുവയ്ക്കുന്നതു ഭൂഷണമല്ല. നമ്മുടെ നാടിന്റെ ശോച്യാവസ്ഥയാണിത്.
ജീവിതസായാഹ്നത്തില്‍ തറവാട്ടുവീടിന്റെ ഉമ്മറത്തും വൃദ്ധസദനങ്ങളുടെ വാതില്‍പ്പടിയിലും വഴിയോരങ്ങളിലേക്കു കണ്ണുംനട്ടു നോക്കിനില്‍ക്കുന്ന വന്ദ്യവയോധികര്‍ മാതൃദിനാഘോഷങ്ങള്‍ക്കു മങ്ങലേല്പിക്കുമോ? അമ്മയുടെ ചൂടും ചൂരും ലഭിക്കാത്ത, മുലപ്പാലു നുകരാത്ത, താരാട്ടു കേള്‍ക്കാത്ത, എല്ലാ കുരുന്നുകളും മാതൃദിനസ്മരണയ്ക്ക് ഒരു വെല്ലുവിളിയാണോ? ഭയം വേണ്ട, ആശങ്കയും വേണ്ട. ഈ ഭൂമിയിലെ അമ്മയെക്കാള്‍ വിശുദ്ധിയും ശക്തിയും കരുണയും കരുതലും സ്‌നേഹവും സാന്ത്വനവും കോരിച്ചൊരിയുന്ന  ഒരു സ്വര്‍ഗീയ അമ്മ ഈ ഭൂമിയിലേക്ക് ഉറ്റുനോക്കുന്നുണ്ട്. അവളാണ് നസ്രസിലെ മറിയം. അവളോളം ദുഃഖങ്ങളും സഹനങ്ങളും വ്യഥകളും ഏറ്റെടുത്ത ഒരു സ്ത്രീജന്മം ഈ ഭൂമിയിലില്ല. ഒരു പെലിക്കന്‍പക്ഷിയെപ്പോലെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി സ്വന്തം ചങ്കു കുത്തിത്തുറന്ന്  ഹൃദയരക്തം ഊറ്റിക്കൊടുത്ത ഒരു അമ്മ! അവളുടെ കരം പിടിക്കാം. മാതൃസ്മരണകള്‍ പൂക്കുന്ന ഈ പുണ്യമാസത്തില്‍ മാതൃദിനംകൂടി ലയിക്കട്ടെ.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)