നേരായ മാര്‍ഗങ്ങളെ
മറന്ന മനുജര്‍ക്കു
പാരിതില്‍ വഴികാട്ടാന്‍
വന്നവന്‍ ദൈവാത്മജന്‍
എന്നതാം സത്യം മറ-
ന്നവനെ ക്രൂശിക്കുവാ-
നന്ധകാരത്തില്‍ ചരി-
ച്ചീടുവോരുറപ്പിച്ചു.
സത്യത്തിന്നുറവിടം
യേശുവിന്‍ ഹൃദയമ-
ന്നത്യന്തം ശോകാഗ്‌നിയില്‍
മുഴുകിക്കഴിയവേ
ശിഷ്യരോടവനോതി
'എന്റെയുള്ളത്തിന്‍ ദുഃഖം
മൃത്യുവോളവുമെത്തി
എന്തു ഞാന്‍ ചെയ്തിടേണ്ടൂ.'
ഗദ്‌സെമനിയില്‍ വന്നു
യേശു കുമ്പിട്ടു മണ്ണില്‍
താതനാം ദൈവത്തോടു
പ്രാര്‍ഥിച്ചു കണ്ണീരോടെ
ചെന്നിണം വിയര്‍പ്പായി-
ട്ടൊഴുകി ശരീരത്തില്‍-
നിന്നുമാനേരം മനോ-
വ്യഥതന്‍ കാഠിന്യത്താല്‍.
'സാധ്യമെങ്കിലിപ്പാന-
പാത്രത്തെയെന്നില്‍നിന്നും
മാറ്റിയെന്‍ മാനസത്തെ
ശാന്തമാക്കീടേണമേ
ആതങ്കത്താലെയര്‍ഥി-
ച്ചീടുന്നു ഞാനെന്നാലും
ആകട്ടെയവിടുത്തെ
ഹിതംപോല്‍ തന്നെയെല്ലാം.'
വല്ലാതെയവശനായ്
ശിഷ്യരോടേവം ചൊല്ലി
'എല്ലാരുമുറക്കം വി-
ട്ടെനിക്കായ് പ്രാര്‍ഥിക്കുവിന്‍
ആത്മാവു സന്നദ്ധമാ-
ണെങ്കിലും ദുര്‍ബലമാ-
മെന്മേനിയാകെത്തളര്‍-
ന്നീടുന്നെന്നറിവൂ ഞാന്‍.'