മൂവാറ്റുപുഴയിലെ ഏയ്ഞ്ചല്‍ വോയ്‌സിന്റെ സ്ഥാപകന്‍ ഫാ. കുര്യാക്കോസ് കച്ചിറമറ്റം അന്തരിച്ചിട്ട് ഏപ്രില്‍ 22 ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു.
ഒരു സംഗീതജ്ഞന്‍, സംഗീതസംവിധായകന്‍, എഴുത്തുകാരന്‍, മികവുറ്റ പ്രസംഗകന്‍, കരിസ്മാറ്റിക് ധ്യാനപ്രഭാഷകന്‍ എന്നീ നിലകളില്‍ കേരളത്തില്‍ അറിയപ്പെടുന്ന ഫാ. കുര്യാക്കോസ് കച്ചിറമറ്റം തന്റെ ജീവിതംതന്നെ സംഗീതത്തിനായി സമര്‍പ്പിച്ചിരുന്നു. സംഗീതാത്മകജീവിതശൈലികൊണ്ട് തന്റെ വൈദികവൃത്തിയുടെ ഇഴകള്‍ കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. 1979 ല്‍ മൂവാറ്റുപുഴയില്‍ ആരംഭിച്ച ഏയ്ഞ്ചല്‍ വോയ്‌സ് അവസരം കിട്ടാത്ത അനേകം ഗായകര്‍ക്കു വേദികള്‍ ഒരുക്കി. അതിലൂടെ മലയാളികള്‍ അധിവസിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കന്‍ ഐക്യനാടുകളിലും യൂറോപ്യന്‍രാജ്യങ്ങളിലും മലയാളക്കരയുടെ പേരും പെരുമയും പ്രശസ്തിയിലേക്കുയുര്‍ത്തുന്നതിനു കഴിഞ്ഞു. വികാരിയായി ചുമതലയേറ്റ എല്ലാ പള്ളികളിലും, സാമൂഹികസാംസ്‌കാരിക മണ്ഡലങ്ങളിലുമായി ബന്ധപ്പെട്ട് ആത്മീയപ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്താന്‍ അച്ചനു കഴിഞ്ഞു. മീങ്കുന്നം പള്ളിയിലെ 'പീയാത്ത' എന്ന വിശ്വോത്തര കലാശില്പത്തിന്റെ നിര്‍മിതി അതിന്റെ നേര്‍സാക്ഷ്യമായി നിലനില്‍ക്കുന്നു.
പൗരോഹിത്യസ്വീകരണത്തിനു ശേഷം 1968 മാര്‍ച്ചില്‍, കോതമംഗലം കത്തീദ്രലില്‍ അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു ആദ്യനിയമനം. പിന്നീട് ഹൈറേഞ്ചിലെ പള്ളികളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചു. അവിടങ്ങളില്‍ ജീവിതസൗകര്യങ്ങള്‍ ഒന്നുംതന്നെ ഇല്ലായിരുന്നു. എങ്കിലും, ഇടവകയിലെ എല്ലാ ജനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് വികസനപ്രവര്‍ത്തനം നടത്തുവാന്‍ അദ്ദേഹത്തിനു സാധിച്ചു. ഏയ്ഞ്ചല്‍ വോയിസിനൊപ്പം നേതൃത്വം കൊടുത്ത മൂവാറ്റുപുഴ സംഗീതവിദ്യാലയം അനേകം പ്രതിഭകള്‍ക്കു ഉയിരേകി.
1978 ല്‍ അച്ചന്‍ മുന്‍കൈയെടുത്തു സ്ഥാപിച്ച മൂവാറ്റുപുഴയിലെ കെ.എം. ജോര്‍ജ് മെമ്മോറിയല്‍ ഐ.റ്റി.സി.ക്ക് 1997 ല്‍ കേരളത്തിലെ ഏറ്റവും മികച്ച ഐ.റ്റി.സി.ക്കുള്ള അംഗീകാരം ലഭിച്ചു. കൊച്ചിന്‍ കലാകേന്ദ്രത്തിലെയും, ഫാ. ആബേലിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട കലാഭവനിലെയും പ്രവര്‍ത്തനത്തില്‍ പലരും ഏയ്ഞ്ചല്‍ വോയ്‌സുമായി സഹകരിച്ചു പ്രവര്‍ത്തച്ചു. അച്ചന്റെ അവതരണഗാനത്തോടെയായിരുന്നു ദീര്‍ഘകാലം ഏയ്ഞ്ചല്‍ വോയ്‌സിന്റെ ഗാനമേള ആരംഭിച്ചിരുന്നത്. എം.ജി. ശ്രീകുമാര്‍, റിമി ടോമി, മിന്‍മിനി തുടങ്ങിയ നിരവധി പ്രമുഖ ഗായകര്‍ക്ക് ഏയ്ഞ്ചല്‍ വോയ്‌സ് വേദിയായി.
എറണാകുളം റ്റി.ഡി.എം. ഹാളില്‍ അച്ചന്‍ മുന്‍കൈയെടുത്ത് അവതരിപ്പിച്ച ഗാനമേള വലിയ വഴിത്തിരിവായിരുന്നു. ഫാ. ആബേലിനൊപ്പം എറണാകുളം കലാഭവനിലെ മുഴുവന്‍ കലാകാരന്മാരും അതില്‍ പങ്കെടുത്തു. ഗാനമേള കഴിഞ്ഞപ്പോള്‍ കലാകാരന്മാരെല്ലാം സ്റ്റേജില്‍ കയറിവന്ന് അനുമോദിച്ചതും ശ്രദ്ധേയമായി. കലാഭവനില്‍നിന്നുപോലും കലാകാരന്മാര്‍ അവസരം ചോദിച്ച് ഏയ്ഞ്ചല്‍ വോയ്‌സില്‍ എത്തിയത് അച്ചന്‍ അഭിമാനത്തോടെ പറയുമായിരുന്നു.
ജീവിതകാലമത്രയും സംഗീതത്തെ പ്രണയിച്ച വന്ദ്യനായ കുര്യാക്കോസച്ചന്റെ ഓര്‍മകള്‍ക്കു മുമ്പില്‍ കൂപ്പുകൈ!