ഒരു നല്ല അധ്യാപകന്‍ ഒരു മാതൃകാലോകത്തെ സംബന്ധിക്കുന്ന സങ്കല്പത്താല്‍ പ്രചോദിതനായിരിക്കണം എന്നു ഞാന്‍ കരുതുന്നു. ലോകത്തെ ഏറ്റവും വിശിഷ്ടരായ അധ്യാപകര്‍ ആരാണെന്നു ചോദിച്ചാല്‍ ഞാനാദ്യം ചൂണ്ടിക്കാണിക്കുന്നത് ശ്രീബുദ്ധനെയും ശ്രീയേശുവിനെയുമായിരിക്കും. അവരൊക്കെ പരമമായ ഒരു മാതൃകാരാജ്യത്തിന്റെ സങ്കല്പം മനസ്സില്‍ കണ്ടുകൊണ്ട് അതിലേക്കു വിദ്യാര്‍ത്ഥികളെ നയിച്ചുകൊണ്ടുപോകുന്നവരാണ്. ആ പ്രാഥമികഗുണം അധ്യാപകര്‍ക്കുണ്ടായേ തീരൂ.
രണ്ടാമതായി, ഒരു നല്ല അധ്യാപകന്‍ താന്‍ ദര്‍ശിച്ചുകൊണ്ടിരിക്കുന്ന മാതൃകാലോകത്തിലേക്ക് കുട്ടികളെ സദാ നടത്താന്‍ കഴിവുള്ളവനായിരിക്കണം. ഈ കഴിവ് അഥവാ യോഗ്യത ഒരതിര്‍ത്തിയോളം ജന്മസിദ്ധമാണ്. അതായത്, എനിക്കറിവുണ്ട്, അറിവു നേടിക്കൊണ്ടിരിക്കുന്നവനാണു ഞാന്‍, അതില്‍ നിരന്തരം ഞാന്‍ മുഴുകിക്കൊണേ്ടയിരിക്കും, ഈ അറിവ് എന്റെയുള്ളില്‍ വയ്ക്കാതെ, മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊണ്ടിരിക്കുന്നതില്‍ ഞാന്‍ വളരെയേറെ സംതൃപ്തിയനുഭവിക്കും എന്നൊക്കെയായിരിക്കണം അധ്യാപകന്റെ ചിന്ത. പ്രതിഫലമല്ല ഇവിടെ നോക്കേണ്ടത്. ഒരു വിദ്യാര്‍ത്ഥി നിഷ്‌കളങ്കമായ കണ്ണുകളോടെ, ഒരധ്യാപകന്റെ മുമ്പില്‍ ഇരിക്കുമ്പോള്‍, വിദ്യ അന്വേഷിക്കുന്ന ആ അര്‍ത്ഥിയുടെ ഹൃദയത്തിലേക്കു തനിക്കാവുന്നിടത്തോളം അറിവുകള്‍ - ചോദ്യം ചോദിക്കാന്‍ അവനെ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്ന അറിവുകള്‍ - പകര്‍ന്നുകൊണ്ടിരിക്കുന്നതില്‍ സംതൃപ്തിയനുഭവിക്കുന്ന സ്വഭാവഘടനയാണ് അടിസ്ഥാനപരമായി ഒരധ്യാപകനുണ്ടായിരിക്കേണ്ടത്.
ഞാന്‍ പ്രൈമറി ക്ലാസ്സിലും ഹൈസ്‌കൂള്‍ക്ലാസ്സിലും കോളജിലും പോസ്റ്റുഗ്രാജുവേഷന്‍ തലത്തിലും പഠിപ്പിച്ചിട്ടുള്ള ആളാണ്. കുറച്ചുകാലം ഗവേഷണവിദ്യാര്‍ത്ഥികളുടെ ഗൈഡുകൂടിയായിരുന്നു. പ്രൈമറി ക്ലാസ്സില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ എന്റെ ആദ്യശ്രമം പഠിക്കാന്‍ പ്രയാസമുള്ള കുട്ടികളാരൊക്കെ ഈ ക്ലാസ്സിലുണ്ട് എന്നു മനസ്സിലാക്കുകയായിരുന്നു. അവരെ ലക്ഷ്യമാക്കിയാണു ഞാന്‍ ക്ലാസ്സുകള്‍ എടുത്തുകൊണ്ടിരുന്നത്. കാരണം, അവര്‍ക്കു മനസ്സിലാകുമെങ്കില്‍ മറ്റെല്ലാവര്‍ക്കും മനസ്സിലാകും.
അധ്യാപകന്‍ ഒരിക്കലും കുട്ടികളെ ശിക്ഷിക്കാന്‍ പാടില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഞാന്‍ പഠിപ്പിച്ചിരുന്ന കാലത്ത്, വിദ്യാര്‍ത്ഥികളെ ആരെയും ശിക്ഷിച്ചിരുന്നില്ല, അവര്‍ തെറ്റു ചെയ്താല്‍പോലും. തെറ്റു ചെയ്തിട്ടുണെ്ടങ്കില്‍ മാപ്പുകൊടുക്കുകയാണ് ഒരു മാതൃകാധ്യാപകന്‍ ചെയ്യേണ്ടത്. ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ഒരപരാധവും ചെയ്യാതെ നിര്‍ദ്ദയമായി അധ്യാപകന്റെ തല്ലുകൊണ്ടിട്ടുണ്ട്. പക്ഷേ, അപ്പോള്‍ കരഞ്ഞുകൊണ്ടുപോവുകയല്ലാതെ, അതേപ്പറ്റി പരാതി പറയാനൊന്നും പോയിട്ടില്ല. അപ്പോള്‍ ഞാന്‍ വിചാരിച്ചിരുന്നത്, ഒരധ്യാപകനാകുമ്പോള്‍ (ചെറുപ്പത്തില്‍ത്തന്നെ എന്റെ ആഗ്രഹവും ലക്ഷ്യവും അധ്യാപകനാകണമെന്നായിരുന്നു) ഞാന്‍ ഒരിക്കലും കുട്ടികളെ വേദനിപ്പിക്കുകയില്ല, അവര്‍ക്കു ഞാന്‍ ഒരു മാതൃകാധ്യാപകനായിരിക്കും എന്നാണ്. അങ്ങനെയാണ് ഒരധ്യാപകന്‍ ആയിത്തീരേണ്ടത്.
കുട്ടികള്‍ക്ക് അവരുടെ സങ്കടങ്ങള്‍ അധ്യാപകരുടെ അരികില്‍വന്നു മനസ്സുതുറന്നു പറയാന്‍ കഴിയണം. അദ്ദേഹം അതു മനസ്സിലാക്കണം. ആ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ അദ്ദേഹത്തിനു സാധ്യമല്ലായിരിക്കാം, എങ്കിലും അദ്ദേഹം അതിനായി പരിശ്രമിക്കണം. സാന്ത്വനം കൊടുക്കാനാണ് കഴിയേണ്ടത്. ഒരധ്യാപകനില്‍ നിന്നു കുട്ടികള്‍ക്ക് ഇത്തരത്തില്‍ പ്രതീക്ഷിക്കാനും കഴിയണം. അധ്യാപകരെ പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും നല്ല വിദ്യാര്‍ത്ഥികളുമുണ്ടാകണം. നല്ല വിദ്യാര്‍ത്ഥിയുണ്ടാകുമ്പോഴാണ് നല്ല അധ്യാപകനും ഉണ്ടാവുന്നത്. അധ്യാപനത്തില്‍ കൂടുതല്‍ സമര്‍പ്പണം ചെയ്യാനും കര്‍മ്മനിരതരാകാനും അധ്യാപകരെ പ്രേരിപ്പിക്കുന്ന ഘടകം വിജ്ഞാനതൃഷ്ണയുള്ള വിദ്യാര്‍ത്ഥികളുടെ സാമീപ്യമാണ്.
എന്നെ ഒന്നാംക്ലാസ്സില്‍ പഠിപ്പിച്ച ഒരു സുഗതന്‍സാറിനെ ഞാന്‍ ആദരവോടെ ഓര്‍ക്കാറുണ്ട്. അന്നു ശിക്ഷയുള്ള കാലമാണല്ലോ. എല്ലാ ക്ലാസ്സിലും മേശപ്പുറത്ത് ഒരു ചൂരലുണ്ടാവും. ചെറിയ തെറ്റുകള്‍ക്കുള്‍പ്പെടെ ശിക്ഷ കൊടുക്കുകയാണു പതിവ്. സുഗതന്‍ മാഷ് ഒരിക്കലും കുട്ടികളെ തല്ലുകയില്ലായിരുന്നു. ചിരിച്ചുകൊണ്ടാണ് അദ്ദേഹം ക്ലാസ്സിലേക്കു വരുന്നതുതന്നെ. ഹൃദ്യമായ ഒരു അന്തരീക്ഷം അവിടെ ഉണ്ടാവുകയാണ്. ആരോഗ്യകരമായ ഒരു ബന്ധം അവിടെ ഉടലെടുക്കുകയാണ്. അദ്ദേഹം വല്ലപ്പോഴുമൊക്കെ ഞങ്ങള്‍ക്കു മിഠായി തരുമായിരുന്നു. ആ അധ്യാപകന്‍ ഒരുപാടു നല്ല കാര്യങ്ങള്‍ ലോകത്തെക്കുറിച്ചു പറഞ്ഞുതന്നിരുന്നു. സമൂഹത്തിലെ നീറുന്ന പ്രശ്‌നങ്ങളെക്കുറിച്ച്, ദാരിദ്ര്യദുഃഖത്തെക്കുറിച്ച് അങ്ങനെ പല കാര്യങ്ങളും... പാഠപുസ്തകത്തിനപ്പുറത്തേക്കു നീളുന്ന കാഴ്ചയുടെ വലിയൊരു ലോകം അദ്ദേഹം ഞങ്ങള്‍ക്കു തുറന്നുതരുമായിരുന്നു. അദ്ദേഹമാണ് ഒരു മാതൃകാധ്യാപകനായി എന്റെ ഓര്‍മ്മയിലുള്ളത്. അദ്ദേഹത്തെ ഞാന്‍ ഇപ്പോഴും മനസ്സില്‍ പൂജിക്കുന്നു.